കൊച്ചി: എറണാകുളം:നഗരത്തിനു പുതുമയായി പൈതൃക വേഷധാരികളുടെ സംഗമം. കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ പൈതൃകം 2023എന്നപേരിൽ പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവർ എറണാകുളത്ത് സംഗമിച്ചു . ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പൈതൃകസംഗമത്തില്‍ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷത വഹിച്ചു . അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ അനുഗഹ പ്രഭാഷണവും നടത്തി. ആലപ്പുഴ കൃപാസനം ഡയറക്ടര്‍ ഫാ.വി.പി.ജോസഫ് വലിയവീട്ടില്‍ പൈതൃകഭാഷണം നടത്തി .
ഹൈബി ഈഡന് എം.പി, ടി.ജെ. വിനോദ് എം.എല്‍.എ., കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ്, വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎല്‍സിഎ വരാപ്പുഴ അതിരൂപത ഡയറക്ടര്‍
ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എല്‍സി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേർന്നു. അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബാബു ആന്റണി നന്ദിയും പറഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്നും ആരംഭിച്ച പൈതൃക ഘോഷയാത്രയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പരമ്പരാഗത വേഷത്തില്‍ അണിനിരന്നു. പൈതൃക ക്രിസ്ത്യന്‍ കലാരൂപങ്ങളായ ചവിട്ടുനാടകവും മാര്‍ഗം കളിയും പരിചമുട്ടുകളിയും ഘോഷയാത്രയില്‍ അവതരിപ്പിച്ചു . അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വേഷവിധാനങ്ങളും കലാരൂപങ്ങളും ഭക്ഷണ വിഭവങ്ങളും
പുതുതലമുറക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ പൈതൃകം പരിപാടിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സി.ജെ. പോള്‍, ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ എന്നിവര്‍ പറഞ്ഞു. പഴമയുടെ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും പൈതൃക കലാപരിപാടികളും ഉണ്ടായിരുന്നു .