ഹിന്ദിഹൃദയഭൂമിയില്‍ നേര്‍ക്കുനേരേയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് ബിജെപിയുടെ വെന്നിക്കൊടി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും പാറുമ്പോള്‍ ജയഘോഷങ്ങളുടെ അധിനാഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. മൂന്നു സംസ്ഥാനങ്ങളിലെയും അത്യുജ്വല വിജയം, അഞ്ചുമാസത്തിനകം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ഹാട്രിക് വിജയത്തിന്റെ ഗാരന്റിയാണെന്ന് മോദി ഉദ്ഘോഷിക്കുന്നു. തന്റെ മഹീമഹേന്ദ്ര വൈഭവവും മഹിമാതിരേക പ്രഭാവവും കൊണ്ട് മോദി ഇന്ത്യയുടെ ജനാധിപത്യ ചരിത്രഗതിയെ അദ്ഭുതകരമായി മാറ്റുന്നതെങ്ങനെ എന്ന അതിശയവര്ണനയിലാണ് സ്തുതിപാഠകര്‍.
ഉത്തരേന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രമേ കോണ്‍ഗ്രസ് ഭരണം അവശേഷിക്കുന്നുള്ളൂ എന്ന യാഥാര്‍ഥ്യം ബിജെപി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ദേശീയതയുടെ അപ്രതിഹത മുന്നേറ്റത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, കേന്ദ്രത്തില്‍ മോദിയുടെ രണ്ടാമൂഴം തുടങ്ങും മുന്‍പ്, കോണ്‍ഗ്രസ് സ്വന്തമാക്കിയ സംസ്ഥാനങ്ങളാണ് മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ കോണ്‍ഗ്രസ് മന്ത്രിസഭ 15 മാസം പൂര്‍ത്തിയാക്കും മുന്‍പേ, ഗ്വാളിയോര്‍ രാജകുടുംബത്തിലെ ജ്യോതിരാദിത്യ സിന്ധ്യയെയും 22 വിമത എംഎല്‍എമാരെയും മറുകണ്ടംചാടിച്ച് ബിജെപി വീണ്ടും അധികാരത്തിലേറിയതാണ്. മധ്യപ്രദേശില്‍ നാലുവട്ടം മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായിരിക്കെ, കര്‍ണാടക മാതൃകയില്‍ കോണ്‍ഗ്രസ് ഇത്തവണ അതിഗംഭീര തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 230 അംഗ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് (163 സീറ്റ്) ബിജെപി ഏറ്റവും തിളക്കമാര്‍ന്ന വിജയം നേടിയത്. കോണ്‍ഗ്രസിന് കിട്ടിയത് കേവലം 66 സീറ്റ്.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി ചൗഹാനെയും രാജസ്ഥാനില്‍ മുന്‍മുഖ്യമന്ത്രി വിജയരാജെ സിന്ധ്യയെയും ഛത്തീസ്ഗഢില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനെയും മറ്റു പ്രാദേശിക നേതാക്കളെയും പിന്നിലേക്കു മാറ്റിനിര്‍ത്തി സ്പോട്ട്ലൈറ്റ് മോദിയിലേക്ക് തിരിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം തിരഞ്ഞെടുപ്പു പ്രചാരണം മൈക്രോമാനേജ് ചെയ്തത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്ത്തികാണിച്ചില്ല. മോദി മാത്രമാണ് താരം, മോദിയുടെ ‘ഗാരന്റി’ മതി വോട്ടര്‍മാര്‍ക്ക്!
രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളിലെ 20 – 60 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് മാസംതോറും 1,250 രൂപ നല്കുന്ന മുഖ്യമന്ത്രി ചൗഹാന്റെ ലാഡ്ലി ബഹനാ പദ്ധതിയുടെ ഗുണഭോക്താക്കളായ 1.32 കോടി സ്ത്രീകള്‍ മധ്യപ്രദേശിലെ ബിജെപി വിജയത്തെ ഏറെ സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നുണ്ട്.
അഞ്ചുകൊല്ലം കൂടുമ്പോള്‍ ജനങ്ങള്‍ ഭരണകക്ഷിയെ മാറ്റുന്ന പതിവുള്ള രാജസ്ഥാനില്‍, കോണ്‍ഗ്രസിന്റെ വന്‍ ക്ഷേമപദ്ധതികളും ‘ഏഴു ഗാരന്റികളും’ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസ് 69 സീറ്റില്‍ ഒതുങ്ങി; ബിജെപി 115 സീറ്റുമായി തകര്‍പ്പന്‍ വിജയം ആഘോഷിച്ചു. ഛത്തീസ്ഗഢില്‍ ശ്രീരാമന്റെ വനയാത്രാ പാതയും ശ്രീരാമന്റെ അമ്മ കൗസല്യയുടെ ക്ഷേത്രവും ഉള്‍പ്പെടെ പല ‘മൃദുഹിന്ദുത്വ’ പദ്ധതികളും കാര്ഷികതൊഴിലാളികള്ക്കും ആദിവാസികള്‍ക്കും നിരവധി ക്ഷേമ പാക്കേജുകളുമായി മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ നേട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ നില ഭദ്രമാണെന്നായിരുന്നു പ്രവചനങ്ങള്‍. മഹാദേവ് ബുക്ക് ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് ഹവാല പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ബഘേലിനെതിരായ ഇഡി അന്വേഷണത്തിലെ മൊഴിപകര്‍പ്പും റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ ആരോപണങ്ങളും കൊണ്ട് തിരഞ്ഞെടുപ്പു പ്രചാരണം കൊഴുപ്പിച്ച ബിജെപി ഛത്തീസ്ഗഢിലെ 90 അംഗ നിയമസഭയില്‍ 54 സീറ്റിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന് 35 സീറ്റാണ് ലഭിച്ചത്.
കര്‍ണാടകയില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന് തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതിന്റെ ഗുണഫലങ്ങള്‍ വച്ചുകൊണ്ട് മധ്യപ്രദേശില്‍ കമല്‍നാഥിന്റെയും രാജസ്ഥാനില്‍ ഗെലോട്ടിന്റെയും ഛത്തീസ്ഗഢില്‍ ബഘേലിന്റെയുംമേല് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അര്‍പ്പിച്ച വിശ്വാസം മൂന്നിടത്തും വലിയ തിരിച്ചടികള്‍ക്ക് ഇടവരുത്തി. മധ്യപ്രദേശില്‍ കമല്‍നാഥ് സൃഷ്ടിച്ച ആശയകുഴപ്പങ്ങള്‍ ഗുരുതരമായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ റാലിയില്‍ ദിഗ് വിജയ് സിങ് പങ്കെടുത്തില്ല. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന 28 കക്ഷികളുടെ ബിജെപിവിരുദ്ധ ദേശീയ മുന്നണിയായ ‘ഇന്ത്യ’ സഖ്യത്തിലെ സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയെയും പ്രാദേശിക കക്ഷികളായ വിന്ധ്യ ജനതാ പാര്‍ട്ടി, ഗോണ്ഡ് വനാ ഗണതന്ത്ര പാര്‍ട്ടി എന്നിവയെയും അകറ്റിനിര്‍ത്തി. ഭോപ്പാലില്‍ ‘ഇന്ത്യ’ സഖ്യം റാലി നടത്തുന്നതിനെ കമല്‍നാഥ് എതിര്‍ത്തു.
രാജസ്ഥാനില്‍ 2018-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന സച്ചിന് പൈലറ്റിനെ ഉപമുഖ്യമന്ത്രി പദത്തില്‍ ഒതുക്കിയതിന്റെ പേരില്‍ അഞ്ചുവര്‍ഷമായി തുടര്‍ന്നുവന്ന ആഭ്യന്തര കലാപത്തിന്റെ പരിണതിയായും ഗെലോട്ടിന്റെ പരാജയത്തെ വിലയിരുത്താം.
ഗുജ്ജര്‍ പിന്നാക്ക വിഭാഗത്തിന്റെ നേതാവായ പൈലറ്റിന്റെ സ്വാധീന മേഖലയായ കിഴക്കന്‍ രാജസ്ഥാനിലെ 31 അസംബ്ലി മണ്ഡലങ്ങളില്‍ 14 എണ്ണം പാര്‍ട്ടിക്കു നഷ്ടപ്പെട്ടു. സിപിഎം, ഭാരതീയ ആദിവാസി പാര്‍ട്ടി, രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടി എന്നിവയുടെ സെക്യുലര്‍ വോട്ടുകള്‍ വിഭജിക്കപ്പെട്ടു. 25 ലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കുന്ന ചിരഞ്ജീവി ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള ഗെലോട്ടിന്റെ വന്‍ ജനപ്രിയ പദ്ധതികള്‍ അവഗണിക്കപ്പെട്ടു.
ഇക്കുറി തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വിജയം നേടാനായത് തെലങ്കാനയില്‍ മാത്രമാണ്. തെലങ്കാന രൂപവത്കരണത്തിനായുള്ള സഹനസമരങ്ങളുടെ വീരനായകന് കെ. ചന്ദ്രശേഖര്‍ റാവുവും കുടുംബവും കഴിഞ്ഞ പത്തുവര്‍ഷമായി അടക്കിവാഴുന്ന ആ സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേറുകയാണ് കോണ്‍ഗ്രസ്. ആകെ 119 സീറ്റുള്ള ഇവിടെ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എന്നു പുനര്‍നാമകരണം ചെയ്ത റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി ഇത്തവണ 39 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 64 സീറ്റുണ്ട്. കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഐ ഒരു സീറ്റില്‍ വിജയിച്ചു. കര്‍ണാടകയില്‍ ഭരണം നഷ്ടപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനാകാത്ത ബിജെപി തെലങ്കാനയില്‍ ബിആര്‍എസുമായി നീക്കുപോക്കിനു ശ്രമിച്ചിരുന്നു. റാവുവിന്റെ പ്രഖ്യാപിത ശത്രുവായ ബിജെപി സംസ്ഥാന പ്രസിഡന്റ് ബണ്ടി സഞ്ജയിനെ മാറ്റി കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡിയെ നിയോഗിച്ചത് ഇതുമായി ബന്ധപ്പെട്ടാണ്. 2018-ലെ ഒരു സീറ്റില്‍ നിന്ന് ബിജെപിയുടെ സീറ്റ് നില എട്ടായി ഉയര്‍ന്നിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള മോഹത്താലാണ് റാവു തന്റെ പ്രാദേശിക പാര്‍ട്ടിയുടെ പേരിലെ ‘തെലങ്കാന’ മാറ്റി ‘ഭാരത്’ എന്നാക്കിയത്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവുമില്ലെങ്കിലും ദേശീയ ബദല്‍ സൃഷ്ടിക്കാനിറങ്ങിയ റാവുവിന്റെ കുടുംബവാഴ്ചയ്ക്കും അഴിമതിക്കുമെതിരായ തീവ്രമായ ജനവികാരവും തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെയും സംസ്ഥാനത്തുടനീളം പദയാത്ര നടത്തിയ മല്ലു ഭട്ടി വിക്രമാര്‍ക എന്ന കരുത്തനായ ദലിത് നേതാവിന്റെയും പോരാട്ടവീര്യവുമാണ് കോണ്‍ഗ്രസിനെ വിജയത്തിലേക്കു നയിച്ചത്.
വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമില്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ലാല്‍ഡുഹോമ നയിക്കുന്ന സൊറാം പീപ്പിള്‍സ് മൂവ്മെന്റ് (സെഡ്പിഎം) അട്ടിമറി വിജയം നേടിയത് കേന്ദ്രത്തില്‍ ബിജെപിയുമായി സഖ്യമുണ്ടെങ്കിലും സംസ്ഥാനത്ത് മോദിയുമായി വേദി പങ്കിടുകയില്ലെന്ന് ശഠിക്കുന്ന മുഖ്യമന്ത്രി സോറാംതാംഗയുടെ മിസോ നാഷണല്‍ ഫ്രണ്ടിനൊപ്പം (എംഎന്‍എഫ്) കഴിഞ്ഞ 35 വര്‍ഷമായി മാറിമാറി അധികാരത്തിലേറിയിരുന്ന കോണ്‍ഗ്രസിനെയും തൂത്തെറിഞ്ഞുകൊണ്ടാണ്. നവാഗതരായ സെഡ്പിഎം 27 സീറ്റുകള്‍ നേടി. എംഎന്‍എഫ് 10 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസാകട്ടെ ഏറ്റവും ദയനീയ പരാജയം നേരിട്ടു – ഒരു സീറ്റു മാത്രമാണ് ആ ദേശീയ പാര്‍ട്ടിക്ക് നേടാനായത്.
അയല്‍സംസ്ഥാനമായ മണിപ്പുരില്‍ ബിജെപി ഗവണ്മെന്റ് വംശീയമായി വേട്ടയാടുന്ന കുക്കി-സോ ക്രൈസ്തവ ഗോത്രവര്‍ഗക്കാരെയും അയല്‍രാജ്യമായ മ്യാന്മറില് പട്ടാളഭരണകൂടത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷ തേടി അതിര്‍ത്തികടന്നെത്തുന്ന ചിന് ഗോത്രവര്‍ഗക്കാരെയും സഹോദരവംശജരെന്ന നിലയില്‍ സ്വാഗതം ചെയ്യുന്നതില്‍ രാഷ്ട്രീയഭേദമില്ലാതെ ഒറ്റക്കെട്ടായി നില്ക്കുന്ന മിസോകളുടെ നാട്ടില്‍ ബിജെപിക്ക് രണ്ടു സീറ്റ് നേടാനായി എന്നത് ശ്രദ്ധേയമാണ്. ഏഴുമാസമായി ശമിക്കാത്ത മണിപ്പുരിലെ വംശീയ കലാപം കണ്ടില്ലെന്നു നടിക്കുന്ന പ്രധാനമന്ത്രി മോദിയും അമിത് ഷായും മിസോറമിലെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്നു വിട്ടുനിന്നു. 2018-ലെ തിരഞ്ഞെടുപ്പില്‍ ബുദ്ധമതക്കാരായ ചക്മ വിഭാഗക്കാര്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് ബിജെപിക്ക് ഒരു എംഎല്‍എയെ കിട്ടിയിരുന്നു. സൈഹ ജില്ലയില്‍ മാരാ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് പ്രാമുഖ്യമുള്ള രണ്ടു മണ്ഡലങ്ങളിലാണ് ഇത്തവണ ബിജെപി ജയിച്ചത്. എംഎന്‍എഫിനെ പോലെ സെഡ്പിഎമ്മും ബിജെപിയുടെ ചട്ടുകമാകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.
പൊതുതിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ, ഈ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ കനത്ത ആഘാതത്തില്‍ നിന്ന് കരകയറുക അത്ര എളുപ്പമല്ലെന്ന് കോണ്‍ഗ്രസിനെ ആരും ഓര്‍മിപ്പിക്കേണ്ടതില്ല.
ബിഹാറിലും ഝാര്‍ഖണ്ഡിലും തമിഴ്നാട്ടിലും ഭരണത്തില്‍ കൂട്ടുകക്ഷിയാണെങ്കിലും ഹിമാചല്‍ പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ മാത്രം ഭരണമുള്ള കോണ്‍ഗ്രസിന്റെ ‘ഇന്ത്യ’ സഖ്യത്തിലെ നേതൃപദവിയും വെല്ലുവിളി നേരിടുന്നുണ്ട്. പഞ്ചാബിലും ഡല്‍ഹിയിലും ഭരണത്തിലിരിക്കുന്ന തങ്ങളാണ് വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയെന്ന് ആം ആദ്മി അവകാശപ്പെടുന്നു.
20 വര്‍ഷം മുന്‍പ്, 2003-ല്‍ കോണ്‍ഗ്രസ് ഇന്നത്തെപോലെ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് അസംബ്ലി തിരഞ്ഞെടുപ്പില്‍ തോറ്റു. അത്തവണ ഡല്‍ഹി അസംബ്ലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. എന്നാല്‍ 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് കോണ്‍ഗ്രസാണ്. ഏതാനും മാസം മതി വോട്ടറുടെ മനസുമാറാന്‍. 2018-ല്‍ ബിജെപി ഈ മൂന്നു അസംബ്ലി തിരഞ്ഞെടുപ്പിലും തോറ്റെങ്കിലും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഹിന്ദി മേഖലയിലെ മറ്റു സംസ്ഥാനങ്ങളിലും തകര്പ്പിന് വിജയം നേടിയതും മറക്കരുത്.
ഡിസംബര്‍ മൂന്നിന് പ്രഖ്യാപിച്ച ഫലങ്ങളില്‍ നാലു സംസ്ഥാനങ്ങളിലെ മൊത്തം വോട്ടുനില തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിലുണ്ട്: ബിജെപിക്ക് 4,81,33,463 വോട്ട്, കോണ്‍ഗ്രസിന് 4,90,77,907 വോട്ടും. മൊത്തത്തില്‍ കോണ്‍ഗ്രസിന് ബിജെപിയെക്കാള്‍ 9.5 വോട്ട് കൂടുതല്‍ കിട്ടി! വോട്ടുവിഹിതം പരിശോധിച്ചാല്‍ രാജസ്ഥാനില്‍ ബിജെപിക്ക് 41.7 ശതമാനവും കോണ്‍ഗ്രസിന് 39.6 ശതമാനവുമാണ് – രണ്ടു ശതമാനത്തിന്റെ അന്തരം. ഛത്തീസ്ഗഢില്‍ ഇത് നാലു ശതമാനമാണ്: ബിജെപിക്ക് 46.3%, കോണ്‍ഗ്രസിന് 42.2%. മധ്യപ്രദേശിലാകട്ടെ ബിജെപിക്ക് എട്ടു ശതമാനം വോട്ടുവിഹിതം അധികമുണ്ട്: 48.6%, കോണ്‍ഗ്രസിന് 40%. വീണ്ടെടുക്കാന്‍ പറ്റാത്തവണ്ണം കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ അത്രകണ്ട് ചോര്‍ച്ചയുണ്ടായിട്ടില്ല എന്നു വ്യക്തം. തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 39.4% വരും. ബിജെപിക്ക് 13.9%.
ഇന്ത്യ സഖ്യം കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ സീറ്റുകള്‍ പിടിച്ചെടുത്താല്‍ അത് വലിയ മാറ്റത്തിനു വഴിതെളിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലായി മൊത്തം 83 ലോക്സഭാ സീറ്റാണുള്ളത്. 2019-ലെ തിരഞ്ഞെടുപ്പില്‍ ഇവയില്‍ 65 സീറ്റുകള്‍ ബിജെപി സ്വന്തമാക്കി, ആറെണ്ണം മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. ഈ സീറ്റുനില നിലനിര്‍ത്താന്‍ ബിജെപിക്ക് അത്ര എളുപ്പമല്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍, 2024-ല്‍ മോദി അത്ര ഈസി ഹാട്രിക് വാക്കോവര്‍ പ്രതീക്ഷിക്കാമോ?
ജനുവരിയില്‍ ആയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന പൂജാകര്‍മങ്ങളില്‍ മുഴുകി പ്രധാനമന്ത്രി ഭക്തജനങ്ങളുടെ ഹൃദയം കവരും.
ആര്‍എസ്എസിന്റെ ഹിന്ദുത്വ രാഷ്ട്ര സങ്കല്പങ്ങള് സാക്ഷാത്കരിക്കപ്പെടുന്നത് എങ്ങനെയെല്ലാമാണ്! രാജസ്ഥാനില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ വര്‍ഗീയ വിദ്വേഷത്തിന് ഒരു നിയന്ത്രണവുമുണ്ടായില്ല. സംസ്ഥാനത്ത് ബിജെപിയുടെ ഏക മുസ്ലിം എംഎല്‍എ യൂനുസ് ഖാന് ടിക്കറ്റ് നിഷേധിച്ചുകൊണ്ട് പാര്‍ട്ടി ”കലാപകാരികളെയും ഭീകരവാദികളെയും പ്രീണിപ്പിക്കുന്ന” കോണ്‍ഗ്രസിനെ ഭര്‍ത്സിച്ചു. യുപിയിലെ ആദിത്യനാഥിനെ പോലെ രാജസ്ഥാനില്‍ തിജാരയിലെ മഹന്ത് ബാലക്നാഥിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അല്‍വാര്‍ എംപിയായിരുന്ന ബാലക്നാഥ് കോണ്‍ഗ്രസിന്റെ ഇമ്റാന് ഖാനെയാണ് തിജാര നിയമസഭാ മണ്ഡലത്തില്‍ തോല്പിച്ചത്. പൊഖ്റാനില്‍ കോണ്‍ഗ്രസ് എംഎല്‍എ സാലേ മുഹമ്മദിനെ തോല്പിച്ച ബാഡ്മേര്‍ താരാതരാ മഠാധിപന് മഹന്ത് പ്രതാപ് പുരി, വസുന്ധര രാജെ മന്ത്രിസഭയില്‍ ‘പശു’ മന്ത്രിയായിരുന്ന സിരോഹിയിലെ ഓട്ടാരാം ദേവാസി, ജയ്പുരിലെ ഹഥോജ് ധാമിലെ ബാലമുകുന്ദ് ആചാര്യ എന്നിങ്ങനെ മൂന്ന് ‘ബാബമാര്‍’ കൂടി ബിജെപി എംഎല്എമാരായുണ്ട്. ജയ്പുരിലെ ഹവാമഹലില്‍ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനമുണ്ടായി 24 മണിക്കൂറിനകം ബാലമുകുന്ദ് ആചാര്യ നഗരത്തിലെ പ്രധാനവീഥികളിലെ നോണ്‍-വെജ് വില്പനക്കാരെ അടിച്ചോടിക്കാന്‍ ഒരുപറ്റം അനുയായികളോടൊപ്പം ഇറങ്ങിയതിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇനി എന്തെല്ലാം കാണാനിരിക്കുന്നു!