തിരുവനന്തപുരം:28ാമത് ഐഎഫ്എഫ്കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത പോളിഷ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
യൂറോപ്യന്‍ സിനിമയിലെ അതികായനായ സനൂസിയുടെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്ട്രാക്റ്റ്, ദ സ്പൈറല്‍, ഫോറിന് ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 15ന് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
നാടകസംവിധായകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. 1969-ലാണ് തന്റെ ആദ്യത്തെ ഫീച്ചർ ഫിലിം ക്രിസ്റ്റോഫ് സനൂസി സംവിധാനം ചെയ്തത്. 1972-ൽ സംവിധാനം ചെയ്ത ഇല്യൂമിനേഷൻ നിരവധി പുരസ്കാരങ്ങൾ നേടി. 2012 നവംബറിൽ ഗോവ അന്തർദേശീയ ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു.
യൂറോപ്യൻ ഫിലിം അക്കാദമി ബോർഡ്, പോളിഷ് അക്കാദമി ഓഫ് സയൻസ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിക്കുന്നു. ദ സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽസ് (1969), ബിഹൈൻഡ് ദ വോൾ (1971), കാമോഫ്ലാഷ് (1977), വീക്കെൻഡ് സ്റ്റോറീസ് (1996), സപ്ലിമെന്റ് (2001), റീവിസിറ്റഡ് (2009) തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളിൽ ചിലതാണ്. ഗോൾഡൻ ലെപ്പേർഡ് പുരസ്കാരം, ലൊകാർണോ,1974 – ഇല്യൂമിനേഷൻ, മികച്ച സംവിധായകനുള്ള പുരസ്കാരം, കാൻ,1980 – ദ കോൺസ്റ്റന്റ് ഫാക്ടർ, സ്പെഷ്യൽ ജൂറി പുരസ്കാരം – ടോക്കിയോ,1996 – അറ്റ് ഫുൾ ഗാലപ്പ്, ഗോൾഡൻ ലയൺ പുരസ്കാരം, വെനീസ്,1984 – എ ഇയർ ഓഫ് ദ് ക്വയറ്റ് സൺ തുടങ്ങിയവ നേടിയിട്ടുണ്ട്.