സ്പെയിന്‍കാരനായ കൊളംബസ് സാന്റാമരിയ എന്ന കപ്പലില്‍ ആദ്യമായി എത്തിയതു ഭൂഖണ്ഡത്തിന്റെ കിഴക്കേതീരുത്തുള്ള ബഹാമാ ദ്വീപിലാണ്. നീന, പിന്റോ എന്നീ കപ്പലുകളും 39 നാവികരും കൊളംബസിന് അകമ്പടിയുണ്ടായിരുന്നു. അത് അമേരിക്കയിലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ തുടക്കവും തനത് അമേരിക്കന്‍ ജനതയുടെ വിനാശത്തിന്റെ ആരംഭവുമായിരുന്നു.
നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളും തൊപ്പിയും പാദുകങ്ങളുമണിഞ്ഞു വെള്ളക്കാരായ കൊളംബസിന്റെ സംഘം വന്നടുത്തപ്പോള്‍ കൗതുകത്തോടും സന്തോഷത്തോടും കൂടിയാണു നിഷ്കളങ്കരായ അമരിന്ത്യക്കാര്‍ കടല്‍തീരത്ത് ഓടിച്ചെന്ന് അവരെ സ്വീകരിച്ചത്. അവര്‍ അതിഥികള്‍ക്കു വെള്ളവും പഴങ്ങളും കിഴങ്ങുകളും നല്കി.
എന്നാല്‍, നിഷ്കളങ്കരും നിരായുധരുമായ അറവാക്കുകളെ(അമരിന്ത്യക്കാരുടെ മറ്റൊരു പേര്) തങ്ങളുടെ വാളിന്റെ മൂര്‍ച്ചയും സംഹാരശേഷിയും അനുഭവിപ്പിച്ച് ഭയപ്പെടുത്തി അടിമകളാക്കുകയും കീഴടങ്ങാത്തവരെ കാട്ടിലേക്കു പലായനം ചെയ്യിക്കുകയുമാണു അതിഥികള്‍ ചെയ്തത്.
അമേരിക്കന്‍ യാത്ര- കാഴ്ചകള്‍, അനുഭവങ്ങള്‍ എന്നാണ് ഈയാത്രാ പുസ്തകത്തിന്റെ ശീര്‍ഷകം.
ഋതുക്കളും താനേ അടയുകയും തുറക്കുകയും ചെയ്യുന്ന ചിത്രപ്പണികളുള്ള വാതിലുകളാണ്. അമേരിക്കയിലെ ഓരോ ഋതുപരിണാമങ്ങളും തനിമയോടെ പ്രകടമാകുന്ന ഗ്രാമനഗരവഴികള് ഒരു സഞ്ചാരി എന്നതിലുപരി ഒരു ചിത്രകാരന്റെ കണ്ണിലൂടെ ജോസഫ് പനയ്ക്കല്‍ പകര്‍ത്തുന്നു. ഉയര്‍ന്ന ധാര്‍മികതയും ധാരണാശക്തിയുമുള്ള ചിത്രകാരന്. അമേരിക്കയോട് സ്നേഹവും ആദരവും തോന്നുംവിധം അവിടത്തെ സാംസ്കാരികവൈവിധ്യങ്ങളെ നമ്മിലേക്ക് സംക്രമിപ്പിക്കാന്‍ എഴുത്തിലൂടെ അദ്ദേഹത്തിന് കഴിയുന്നു. അതേസമയം അമേരിക്കയെ നിഷ്പ്രഭമാക്കുന്ന ചരിത്രസത്യങ്ങളും പങ്കുവയ്ക്കുന്നുണ്ട്. കൊളംബസ് ഡേ ആചരിക്കുന്നവരെ കാണുന്നതോടൊപ്പം കൊളംബസ് വിരുദ്ധരുടെ ശബ്ദത്തിനും കാതോര്‍ക്കുന്നു. താങ്ക്സ് ഗിവിങ് ഡേ, ഹാലോവീന്‍ ഡേ എന്നിവയോടൊപ്പം ട്രംപ് പ്ലാസയിലെ ചൂതുകളിയും രസകരമാണ്. കറുത്ത വര്‍ഗക്കാരുടെ അടിമത്തവും വിമോചനചരിത്രവും എഴുത്തുകാരന് വിസ്മരിക്കുന്നില്ല.
ന്യൂയോര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലൊന്ന് ലോങ്ങ് ഐലന്‍ഡിലെ പിന്റാര് വിന്യാര്ഡാണ്. 1979ല്‍ ഡോ. ഹെറാഡോട്ടസ് സാന്സാമിനോസ് എന്ന വെള്ളക്കാരനാണ് ലോംഗ് ഐലന്റില്‍ പിന്റാര് വിന്യാഡ് തുടങ്ങിയത്. അന്ന് 30 ഏക്കറില്‍ ആരംഭിച്ച മുന്തിരിത്തോട്ടം ഇന്ന് 550 ഏക്കറായി വികസിപ്പിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ചതും വലുതുമാണ് ഇത്. അമേരിക്കയിലെ ഏറ്റവും വലിയ മുന്തിരിത്തോപ്പുകള്‍ കാലിഫോര്‍ണിയ സംസ്ഥാനത്തിലാണ്. ജോണ്‍ സ്റ്റെയിന് ബക്കിന്റെ വിഖ്യാത നോവലായ ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍’ (Grapes of wrath) കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടങ്ങളിലെ തൊഴിലാളികളെക്കുറിച്ചായിരുന്നു. പിന്റാര് വിന്യാഡില് നിന്നു പ്രതിവര്‍ഷം (700000) ഏഴുലക്ഷം ബാരല്‍ വൈന്‍ ഉല്പ്പാദിപ്പിക്കുന്നുണ്ടത്രെ.
വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും നിരീക്ഷണങ്ങളും പുസ്തകത്തില്‍ ജോസഫ് പനയ്ക്കല്‍ മാഷ് അവതരിപ്പിക്കുന്നുണ്ട്. അത് കൃത്യമായി കണ്ടെത്തി അവതാരികയില്‍ എന്‍.എം. പിയേഴ്സണ്‍ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഉദാഹരണം കുറിക്കാം. അനുജന് പോളിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ദിവസം ജോസഫ് സാര്‍ ആമിഷ് ജനവിഭാഗത്തിന്റെ വേറിട്ട ജീവിതാനുഭവങ്ങള്‍ കണ്ടറിയാന്‍ പോയി. ‘ലാന്‍കാസ്റ്റര്‍’ എന്ന സ്ഥലത്താണ് ആമിഷ് ജനത ജീവിക്കുന്നത്. ഇവിടം പഴയകാല ഗ്രാമത്തിന്റേതാണ്. പുതിയ സാങ്കേതിക വിദ്യകള്‍ അവര്‍ അവരുടെ ജീവിതത്തില്‍ നിന്ന് അകറ്റി നിറുത്തുന്നു. കാറുകളോ ലോറികളോ, ടൂവീലറോ മറ്റ് മോട്ടോര്‍ വാഹനങ്ങളോ അവര്‍ ഉപയോഗിക്കുന്നില്ല. വൈദ്യുതി ഉപയോഗിക്കുന്നില്ല. യന്ത്രങ്ങള്‍ മനുഷ്യന്റെ സ്വതസിദ്ധമായ കഴിവുകളെ നശിപ്പിക്കുന്നു എന്നതുകൊണ്ട് അവര്‍ അവ പൂര്‍ണ്ണമായി വര്‍ജ്ജിക്കുന്നു. സ്വതന്ത്രമായി അദ്ധ്വാനിച്ചു ജീവിക്കുന്നതില്‍ ആഹ്ലാദം കാണുന്നവരാണ് അവര്‍. അമേരിക്കയുടെ ആധുനിക ജീവിതത്തിനു മുന്നില്‍ ഒരു ബദല്‍ സംസ്കൃതിയാണ് ആമിഷുകളുടേത്.
പ്രവാസികളുടെ ആത്മഹര്‍ശങ്ങളും ആത്മനൊമ്പരങ്ങളും എന്ന അധ്യായത്തോട് കൂടിയാണ് അമേരിക്കന്‍ യാത്ര കാഴ്ചകള്‍ അനുഭവങ്ങള്‍ എന്ന പുസ്തകം പനക്കല്‍ മാഷ് ഉപസംഹരിക്കുന്നത്. പ്രവാസിയുടെ പുറംപകിട്ടിനപ്പുറം വ്യക്തി എന്ന നിലയില്‍ അയാള്‍ അനുഭവിക്കുന്ന ആന്തരിക വ്യഥകളുടെ നീറ്റലും പുകച്ചിലും അധികമാരും അറിയുന്നില്ല. അറിയാന്‍ ശ്രമിക്കാറില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം തൊഴിലാളിയും ഭക്ഷ്യക്ഷാമവും പട്ടിണി മരണവും വ്യാപിച്ചപ്പോള്‍ കേരളത്തില്‍നിന്ന് അസമില്‍ തൊഴില്തൊഴിലെടുക്കാന് പോയമലയാളികളുടെ കഥ മനക്കല് മാഷ് ഓര്‍മ്മപ്പെടുത്തുന്നു. ഇടശേരി എഴുതിയ അസാം പണിക്കാര് എന്ന കവിതയാണ് അതിന് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്.
നോവലിസ്റ്റ്, കഥാകൃത്ത്, ബാലസാഹിത്യകാരന്‍, പ്രബന്ധകാരന്, ചിത്രകാരന്, അധ്യാപകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് പനക്കല്‍ എഴുതിയ ‘അമേരിക്കന്‍ യാത്ര കാഴ്ചകള്‍ അനുഭവങ്ങള്‍’ സഞ്ചാരസാഹിത്യത്തില്‍ കണ്ടെത്താവുന്ന മികച്ച രചനകളിലൊന്നാണ്.