തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തിനും തീരജനതയ്യ്ക്കും ഏല്പിക്കുന്ന ആഘാതത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ട് ലോകമത്സ്യത്തൊഴിലാളി ദിനത്തിൽ പ്രകാശനം ചെയ്യും. നവംബർ 21 ചൊവ്വാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്, ടി. എൻ ഗോപകുമാർ ഹാളിൽ വച്ച് നടക്കുന്ന ലോകമത്സ്യത്തൊഴിലാളി ദിനാചരണത്തോടനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. രാമചന്ദ്ര ഗുഹയിൽ നിന്നും സമര സമിതി നേതാക്കൾ ആദ്യപ്രതി ഏറ്റുവാങ്ങും.
പഠന സമിതി അദ്ധ്യക്ഷൻ ഡോ. കെ. വി. തോമസ് പഠനത്തിൽ നിന്നും ലഭിച്ച കണ്ടെത്തലുകളുടെ സംക്ഷിപ്തരൂപം അവതരിപ്പിക്കും.സമര സമിതി കൺവീനർ ഫാ. യൂജിൻ പെരേര സ്വഗതം പറയുന്ന സമ്മേളനത്തിൽ പഠന സമിതിയംഗം ഡോ. ജോൺ കുര്യൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തും. പ്രശസ്ത മാധ്യമ പ്രവർത്തകൻ ആർ. രാജഗോപാൽ, ഗവേഷക സിന്ധു മരിയ നെപ്പോളിയൻ തുടങ്ങിയവർ പഠന റിപ്പോർട്ടിന്മേലുള്ള പ്രതികരണം നടത്തും. അഖില കേരള ധീവര സഭയിലെ വി. ദിനകരൻ, ജാക്സൺ പൊള്ളയിൽ, അഡ്വ. ഷെറി ജെ. തോമസ് തുടങ്ങിയവർ ലോക മത്സ്യത്തൊഴിലാളി ദിന സന്ദേശം നൽകും. തുടർന്ന് നടക്കുന്ന ചോദ്യോത്തര ചർച്ചയിൽ പ്രൊബീർ ബാനർജി, സരിത ഫെർണാണ്ടസ്, ഡോ. ടെറി മച്ചാഡോ, ഡോ. കെ. ജി. താര, ഡോ. ജോൺസൻ ജാമറ്റ് തുടങ്ങിയവർ പങ്കെടുക്കും.
മത്സ്യത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരത്തിൽ സർക്കാരിനോട് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി പഠന സമിതി രൂപീകരിച്ച് വിദഗ്ദ്ധ പഠനം നടത്തുകയെന്നത്. എന്നാൽ സർക്കാർ ഏകപക്ഷീയമായി മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഒഴിവാക്കി എം. ഡി കുടാലെയുടെ അദ്ധ്യക്ഷതയിൽ നാലംഗ സമിതിയെ നിയോഗിച്ചു. ഈ സാഹചര്യത്തിലാണ് സമര സമിതി ഡോ. കെ. വി തോമസ് അദ്ധ്യക്ഷനായ ജനകീയ പഠന സമിതിക്ക് രൂപം നൽകിയതും ഇപ്പോൾ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതും. എന്നാൽ സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ പ്രവർത്തനം എങ്ങുമെത്താതെ നിൽ ക്കുകയാണ്. ഇതേ സമീപനം തന്നെയാണ് സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളിലും മത്സ്യത്തൊഴിലാളികൾ നേരിടുന്നത്. കാലാകാലങ്ങളിൽ മാറി മാറി വരുന്ന സർക്കാരുകൾ മത്സ്യത്തൊഴിലാളികളുടെ പ്രശ്നനങ്ങളിൽ കാണിക്കുന്ന അലംഭാവവും അവഗണനയും വിഴിഞ്ഞം തുറമുഖ വിഷയത്തിലും തുടരുന്നു.