രണ്ടാഴ്ചകൾക്ക് മുൻപ് മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട് എം. എം. ലോറൻസിനെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു കവിത പ്രസിദ്ധീകരിച്ചു തോട്ടി. ഏറെ ചർച്ചകൾക്ക് ആ കവിത വഴി തുറന്നു. മനുഷ്യരുടെ വിസർജ്യം ചുമക്കുന്ന തോട്ടിപ്പണിക്കാർ ഒരുകാലത്ത് കൊച്ചിയിലുണ്ടായിരുന്നു. അവരെ സംഘടിപ്പിച്ച നേതാവാണ് എം എം ലോറൻസ്. “തോട്ടി” ഉയർത്തിയ ആരവങ്ങൾക്ക് വിരാമമിടുന്നതിനു മുൻപ് സഖാവ് എം. എം. ലോറൻസിന്റെ ആത്മകഥ “ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ” പുറത്തിറങ്ങി. അതീവ കൗതുകത്തോടെ തിരുവനന്തപുരം KLIBFൽ (നിയമസഭാ പുസ്തകോത്സവം) നിന്ന് അത് വാങ്ങി.
എറണാകുളത്തേക്കുള്ള മടക്കയാത്രയുടെ ഇന്ധനമായി ലോറൻസ് ചേട്ടന്റെ ആത്മകഥ. പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് എൻ.എസ്. മാധവനാണ്
ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ കഥയാണ് ലോറൻസിന്റെ ആത്മകഥ . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ലോറൻസിന് 18 വയസ്സായിരുന്നു. പ്രായപൂർത്തിക്കു മുമ്പേ പ്രക്ഷുബ്ദവും സംഭവബഹുലവുമായ പല ദശകങ്ങൾക്ക് അദ്ദേഹം ദൃക്സാക്ഷി മാത്രമായിരു നില്ല. ആ കാലത്ത് നടന്ന പല സംഭവങ്ങളിലും ഭാഗഭാക്കും കൂടി യായിരുന്നു. കൊച്ചിയിൽ ആരംഭിച്ച ജീവിതം കേരളം ഭരിച്ചിരുന്ന മുന്നണിയുടെ ചുക്കാൻ ഒരുകാലത്ത് നിയന്ത്രിച്ചു. പാർലമെന്റ് അംഗം എന്ന നിലയിൽ അദ്ദേഹം വിശാലമായ ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെയും ഭാഗമായി. വിദേശസഞ്ചാരങ്ങളിലൂടെ ലോകത്തെയും കണ്ടറിഞ്ഞു. അങ്ങനെ പല തലത്തിലുള്ള സ്മരണകളാൽ വിഭവസമ്യദ്ധമായ ഈ പുസ്തകത്തെ അവതരിപ്പിക്കാൻ എനിക്ക് ഏറെ ചാരിതാർത്ഥ്യമുണ്ട്. (അവതാരികയിൽ എൻ.എസ് മാധവൻ).
1929 ജൂൺ 15ന് കൊച്ചി രാജ്യത്ത് ലോറൻസ്ചേട്ടൻ ജനിച്ചു. മാടമാക്കൽ അവിരയും മറിയവും ആണ് മാതാപിതാക്കൾ. എറണാകുളം സെൻറ് ആൽബർട്ട് സ്കൂൾ, മുനവിറുൾ ഇസ്ലാം സ്കൂൾ എന്നിവിടങ്ങിലായി സ്കൂൾ വിദ്യാഭ്യാസം നടത്തി. ജീവിതത്തിൽ ഏറെ സ്വാധീനിച്ച മൂത്ത സഹോദരൻ എബ്രഹാം മാടമാക്കൽ കവിയും പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്നു അദ്ദേഹത്തിന്റെ മാതൃക സ്വീകരിച്ച് പൊതുജീവിതത്തിലേക്കുള്ള വഴി തെരഞ്ഞെടുത്തു. തോട്ടിത്തൊഴിലാളികൾ തുറമുഖ തൊഴിലാളികൾ ട്രാൻസ്പോർട്ട്, മർച്ചന്റ്. ഫിഷിങ് തൊഴിലാളികൾ തുടങ്ങി ഒട്ടനവധി തൊഴിലാളി സംഘടനകൾക്ക് നേതൃത്വം നൽകി സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം.കേന്ദ്രകമ്മിറ്റി അംഗം എൽഡിഎഫ് കൺവീനർ. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പതിനേഴാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായ ലോറൻസ് ചേട്ടൻ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ അക്രമണ കേസിൽ 22 മാസം ജയിൽവാസം അനുഭവിച്ചു. അടിയന്തരാവസ്ഥക്കാലത്തും വിവിധ സമരങ്ങളുടെ ഭാഗമായും ആറു വർഷം കൂടി ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
2014ൽ അന്തരിച്ച ചെല്ലാനംകാരി ബേബിയെ1959 മെയ് 25ന് നടമേൽ പള്ളിയിൽ വച്ച് ലോറൻസ്ചേട്ടൻ ജീവിത പങ്കാളിയാക്കി.സജീവ്, സുജാത,അബി, ആശ എന്നിവരാണ് മക്കൾ. കൊച്ചിയിൽ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചപ്പോൾ ലോറൻസ് ചേട്ടൻ പത്രപ്രവർത്തനത്തിലും വ്യാപൃതനായി. എറണാകുളം പ്രസ് ക്ലബിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അദ്ദേഹമായിരുന്നു.1967ൽ പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ലോറൻസ് ചേട്ടന്റെ നേതൃത്വത്തിലാണ് 1968ൽ സിപിഎമ്മിന്റെ അഖിലേന്ത്യാ സമ്മേളനം (ആറാം പാർട്ടി കോൺഗ്രസ് ) എറണാകുളത്ത് നടന്നത്.
1967 നവംബർ ഒന്നിനാണ് കൊച്ചി കോർപ്പറേഷൻ രൂപീകരിച്ചത്. 1969ൽ കൊച്ചിൻ കോർപ്പറേഷനുകളിലേക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി ഉണ്ടാക്കി സിപിഎം മത്സരിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ മറ്റൊരു മുന്നണിയും ഉണ്ടായിരുന്നു. പാർട്ടി നിർദ്ദേശപ്രകാരം രണ്ട് ഡിവിഷനുകളിൽ എം. എം. ലോറൻസ് മത്സരിച്ചു എളംകുളത്തും തമ്മനത്തും . എളംകുളത്ത് വി.വി. മൈക്കിളിനോട് തോറ്റെങ്കിലും തമ്മനത്ത് വിജയിച്ചു.
തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത് സിപിഎം നേതൃത്വം കൊടുത്ത മുന്നണിക്കാണ്. എന്നിട്ടും മേയർ തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. കൂറുമാറ്റം അക്കാലത്തും ഉണ്ടായിരുന്നു.
അതിനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നത് ഇങ്ങനെ: “മേയർ തെരഞ്ഞെടുപ്പിന്റെ തലേദിവസം, ഞാൻ മേയർ ആകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി മെമ്പർ അഡ്വ. എം.എം. അബ്ദുൾ ഖാദറിന്റെ (ജസ്റ്റിസ് പരീത് പിള്ളയുടെ സഹോദരൻ) വകയായി വലിയൊരു വിരുന്ന് എറണാകുളം ഗ്രാൻഡ് ഹോട്ടലിൽ നടത്തി.
ഒരു വർഷത്തേക്ക് ആണ് മേയറെ തെരഞ്ഞെടുക്കുന്നത്. കേരളം ഒട്ടാകെ വളരെ പ്രാധാന്യത്തോടെ കണ്ട കൊച്ചിയിലെ ആദ്യ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുദിനം എത്തി. കാനൻ ഷെഡ് റോഡിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് ജയിച്ച കൗൺസിലർമാർ ജാഥയായി കോർപ്പറേഷൻ ഓഫീസിലേക്ക് വന്നുചേർന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന കോർപ്പറേഷൻ ഓഫീസിലേക്ക് പശ്ചിമകൊച്ചിയിൽനിന്നും ധാരാളം ആളുകൾ എത്തിച്ചേർന്നു. എന്നോട് വലിയ സ്നേഹവും ആരാധനയും ഉണ്ടായിരുന്ന നിരവധി ആളുകൾ ആ ഭാഗത്ത് ഉണ്ടായിരുന്നു. പടക്കവും മുല്ലപ്പൂമാലയുമായി എല്ലാവരും വിജയപ്രതീക്ഷയോടെ വന്നുകൂടി.
എറണാകുളം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ തെരഞ്ഞടുപ്പുയോഗം തുടങ്ങി. പാർട്ടിയുടെ ഭാഗത്തുനിന്നും എന്റെ പേരും മറുഭാഗത്തുനിന്നും എ. എ. കൊച്ചുണ്ണി മാസ്റ്ററുടെ പേരും നിർദ്ദേ ശിക്കപ്പെട്ടു. രഹസ്യവോട്ട് ആയിരുന്നു. അതിനാവശ്യമായ ബാലറ്റ് പേപ്പറും അവിടെ തയ്യാറാക്കിയിരുന്നു.
വോട്ടിങ് നടന്നു. വോട്ട് എണ്ണിയപ്പോൾ കൊച്ചുണ്ണി മാസ്റ്റർക്കും എനിക്കും വോട്ടുകൾ തുല്യം, 12-12 അതിനെത്തുടർന്ന് നറുക്കിടാൻ കലക്ടർ നിർദേശിച്ചു. നറുക്കെടുപ്പിൽ കൊച്ചുണ്ണി മാസ്റ്റർ ആണ് വിജയിച്ചത്. ആരും പ്രതീക്ഷിക്കാത്ത സംഭവം.
1988ലെ പെരുമൺ ട്രെയിൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും മെഹബൂബ്, പി.ജെ. ആന്റണി, ശങ്കരാടി എന്നിവരൊത്തുള്ള കലാ പ്രവർത്തനവും ആത്മകഥയിലെ രസകരമായ അധ്യായങ്ങളാണ്. സിനിമാ പ്രേമവും ഫേസ് ബുക്കിലെ സാന്നിദ്ധ്യവും ലോറൻസ് ചേട്ടൻ ഇവിടെ വെളിപ്പെടുത്തുന്നു.
തുടർന്ന് തിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള ഓർമ്മകളാണ്.1980ല് ഇടുക്കിയിൽ നിന്ന് കേരള കോൺഗ്രസിലെ ടി.എസ് ജോണിനെ തോൽപ്പിച്ച് ഇന്ത്യൻ പാർലമെന്റിലേക്ക് എം.എം.ലോറൻസ് തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ പാർലമെൻറ് മണ്ഡലം ആയിരുന്നു ഇടുക്കി. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾക്ക് മണ്ഡലത്തിൽ മുഴുവനായി എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ മാണി – ജോസഫ് ഗ്രൂപ്പുകളുടെ ഭിന്നത ലോറൻസ്ചേട്ടനെ വിജയത്തിലെത്തിച്ചു.
തിരിഞ്ഞുനോക്കുമ്പോൾ എന്ന ചെറു അധ്യായത്തോടുകൂടിയാണ്ലോറൻസ് ഏട്ടൻ ആത്മകഥ അവസാനിപ്പിക്കുന്നത്. അതിലെ അവസാന വരികൾ ഇങ്ങനെയാണ് : “ഇതുവരെയുള്ള എന്റെ പൊതുജീവിതത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ സാധിച്ചതിലും നാടിനു വേണ്ടിയും ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടിയും പ്രവർത്തിക്കാൻ സാധിച്ചതിലും ഞാൻ സംതൃപ്തനാണ്. ഇതല്ലാതെ മറ്റൊന്നാകാൻ എനിക്ക് കഴിയുമായിരുന്നില്ല.”
ലളിതമായ ഭാഷയിൽ ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതരേഖ അതാണ് “ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ”.