പശ്ചിമേഷ്യയിലുണ്ടാകുന്ന ചലനങ്ങളെല്ലാം അന്താരാഷ്ട്ര തലത്തില്‍ വലിയ കൊടുങ്കാറ്റുകള്‍ പിറക്കാന്‍ കാരണമാകുന്നുണ്ട്. ഏറ്റവുമൊടുവില്‍ ഇസ്രായേല്‍ – ഹമാസ് യുദ്ധം പലസ്തീനിന്റെയും ഇസ്രായേലിന്റെയും മണ്ണില്‍ ചോരപ്പുഴ ഒഴുക്കുകയാണ്. ആയിരങ്ങള്‍ കൊല്ലപ്പെടുന്നു. മനുഷ്യര്‍ കൂട്ടമായി പലായനം ചെയ്യുന്നു. യു.എന്‍. സമിതികള്‍ കൊണ്ടുവരുന്ന പ്രമേയങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ചേരിതിരിഞ്ഞ് അംഗീകരിക്കുകയും ചെറുക്കുകയും ചെയ്യുന്നു. മനുഷ്യാവകാശ സംഘടനകളും ആഗോളസഹായസന്നദ്ധപ്രവര്ത്തകരും മുറിവേറ്റവരെയും പലായനം ചെയ്യുന്നവരെയും സഹായിക്കാന്‍ ജീവന് പണയംവച്ചും രംഗത്തെത്തിയിരിക്കുന്നു. പലസ്തീന്-ഇസ്രായേല്‍ പ്രശ്നം ദീര്‍ഘമായ ചരിത്രമുള്ളതും സങ്കീര്ണവുമായിരിക്കേ, ചേരിതിരിഞ്ഞ് ആക്രോശങ്ങള്‍ മുഴക്കുന്നവര്‍ പലരും കഥയറിയാതെ ആട്ടം കാണുന്നുവെന്നതാണ് വാസ്തവം. കാലത്തിനു പിറകോട്ടു സഞ്ചരിച്ച് ചരിത്രത്തിലുണ്ടായ മുറിവുകളെയും വീഴ്ചകളെയും തിരുത്തിയെഴുതി ഏറ്റവും പഴയതുപോലാക്കാന് ശ്രമിക്കുന്നത് ഏതായാലും നിലവില്‍ നടപ്പുള്ള കാര്യമല്ലാതിരിക്കേ, അടിയന്തരമായി ചെയ്യാവുന്നത് മനുഷ്യപക്ഷത്തുനിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്.
ലോകരാഷ്ട്രങ്ങള്‍, നേതാക്കള്‍, ഏറ്റവും പുതിയ ഈ സംഭവവികാസത്തില്‍ പകച്ചുനില്ക്കേ, പലരും എരിതീയില്‍ എണ്ണ ഒഴിക്കേ, വത്തിക്കാന്‍ എടുത്ത നിലപാട് മനുഷ്യപക്ഷത്തുള്ളതും ശ്രേഷ്ഠവുമാണ്. പാപ്പാ മൂന്നു വാക്കുകളാണ് പ്രശ്നപരിഹാരത്തിനുള്ള താക്കോലായി ലോകത്തിനുമുന്നില്‍ വച്ചത്
– നീതി
– സംഭാഷണം
– ധൈര്യപൂര്ണമായ സാഹോദര്യം
ഇസ്രായേലിന്റെ വിദേശകാര്യമന്ത്രി വത്തിക്കാന്റെ നിലപാടിനെ വിമര്‍ശിക്കുകയും തള്ളിക്കളയുകയും ചെയ്യുമ്പോഴും അറബ് ലോകം പ്രത്യാശയോടെ പാപ്പായുടെ നിര്‍ദ്ദേശങ്ങളെ കാണുന്നുണ്ട്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കായി വത്തിക്കാന്‍ മാധ്യസ്ഥ്യം ഏറ്റെടുക്കണമെന്നും യു.എന്‍. അംഗങ്ങളായ രാഷ്ട്രങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും ചില അറബ് രാഷ്ട്രനേതാക്കള്‍ പാപ്പായോട് അഭ്യര്‍ഥിക്കുകയുണ്ടായി. ഇസ്രായേല്‍-പലസ്തീന് രാഷ്ട്രങ്ങള്‍ ഒരുമയോടെ സമാധാനത്തില്‍ കഴിയുന്ന ദിനങ്ങള്‍ക്കുവേണ്ടി വത്തിക്കാന്‍ നല്കിയ പ്രാര്‍ഥനാദിനം എന്ന ആഹ്വാനം യഥാര്‍ഥത്തില്‍ പാപ്പാ നിര്‍ദേശിക്കുന്ന നീതി, സംഭാഷണം, ധൈര്യപൂര്ണമായ സാഹോദര്യം എന്നീ മൂന്നു വാക്കുകളുടെ വ്യാഖ്യാനം തന്നെയാണ്.
നീതിക്കുവേണ്ടിയുള്ള സംഭാഷണങ്ങള്‍ തുടങ്ങേണ്ടത് സ്നേഹിക്കുവാനുള്ള ധൈര്യത്തില്‍ നിന്നാണെന്ന പാപ്പായുടെ പക്ഷം മാനവികതയെപ്പറ്റിയുള്ള പുത്തന്‍ ദര്‍ശനമാണ്.
ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ രൂപീകരണവും അതിലേയ്ക്കു നയിച്ച ചരിത്രസംഭവങ്ങളും പലസ്തീനയില്നിന്ന് പലവിധത്തില്‍ കുടിയിറങ്ങേണ്ടിവന്ന ജനസമൂഹങ്ങളുടെ ചരിത്രവും ചേര്‍ന്ന് രോഷത്തിന്റെയും പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും കണ്ണീരിന്റെയും ചോരയുടെയും നിറങ്ങള്‍ ചാര്ത്തിയെഴുതപ്പെട്ട ചരിത്രത്താളുകള്‍, അത്രവേഗത്തില്‍ ആശയതലത്തില്പ്പോലും മാറ്റിയെഴുതുക എളുപ്പമല്ല. മുറിവുകള്‍ തുറന്നിരിക്കേത്തന്നെ സ്നേഹിക്കണമെങ്കില് അപാരമായ ധൈര്യം ഒരാള്‍ ആര്‍ജ്ജിക്കേണ്ടിവരും എന്ന് പാപ്പാ പറയുന്നു. സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന ഇയാളെ, ഈ സമൂഹത്തെ വിശ്വാസത്തിലെടുക്കാം എന്ന് ഗാരന്റിയൊന്നും ഇല്ലാതിരിക്കുമ്പോള്‍ പോലും മനസ്സിന്റെ തുറവിയോടെ വര്‍ത്തമാനങ്ങള്‍ തുടങ്ങാം എന്ന് ഒരാള്‍ ധൈര്യമുള്ളയാളാകണം എന്ന മനുഷ്യസങ്കല്പ്പം പുതിയതാണ്. മാനവചരിത്രത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള നയതന്ത്ര ചര്‍ച്ചകളെല്ലാം മനുഷ്യരോഷത്തെയും ഓരോ ചേരിയിലെയും അവകാശവാദങ്ങള്‍ കണക്കിലെടുത്തുംകൊണ്ട്, സമയം സുഖപ്പെടുത്തുമെന്ന തത്വത്തിലൂന്നിയും, ബാക്കിയെല്ലാം കാലം തെളിയിക്കുമെന്ന വിധമുള്ള ഞാണിന്മേല് കളികളാണെങ്കില്‍, അതിലേയ്ക്ക്, സ്വയം മുറിവേല്ക്കാന് ധൈര്യപ്പെടുന്ന സ്നേഹത്തിന്റെ ഒരു ഘടകം കൂടി ചേര്‍ക്കണമെന്ന് പാപ്പാ പറയുന്നു. കലങ്ങിമറിയുന്ന രാഷ്ട്രതന്ത്രങ്ങളുടെ കാലത്ത് ഇമ്മാതിരി ഉട്ടോപ്യന്‍ സ്വപ്നങ്ങള്‍ നടക്കുമോ എന്ന് ശങ്കിക്കുന്ന പ്രായോഗമതികള്ക്ക് മറ്റൊരു ബദല്‍ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാനില്ലായെന്നതാണ് വാസ്തവം.
ആയുധങ്ങള്‍ താഴെ വയ്ക്കുക, ഇനി കൊല്ലരുത് എന്ന് ഉറക്കെപ്പറയാന്‍ ധാര്മ്മികശേഷിയില്ലാത്ത കടലാസ് വിശ്വഗുരുക്കന്മാരുടെ കാലത്ത് ഫ്രാന്‍സിസ് എന്ന ഈ ജ്ഞാനവൃദ്ധന്റെ ദുര്‍ബലമായ സ്വരത്തിന് കൂടുതല്‍ തെളിമയും പ്രസക്തിയുമുണ്ട്.
പലസ്തീനും ഇസ്രായേലും രണ്ടു രാഷ്ട്രങ്ങളാണെന്ന വത്തിക്കാന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് പാപ്പായുടെ നിര്‍ദ്ദേശങ്ങള്‍ വന്നത്. വത്തിക്കാന്റെ ഈ നിലപാട് യാഥാര്‍ഥ്യബോധത്തോടെയുള്ളതാണ്. രണ്ടു രാഷ്ട്രങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളില്‍, ഇരുചേരിയിലുമെന്ന് കരുതുന്നവര്‍ തീവ്രവും ഭീകരവുമായ ഇടപെടലുകള്‍ നടത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളു എന്ന നിലപാടാണ് യാഥാര്‍ഥ്യബോധത്തോടെയുള്ള കാഴ്ചപ്പാട്. ചരിത്രത്തിലുടനീളം ഇസ്രായേല്‍ പക്ഷത്ത് തീവ്രമായ സയണിസ്റ്റ് നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ളവരും അതില്‍നിന്നും ഊര്‍ജ്ജം കൊണ്ടുവളര്‍ന്ന ‘ഹഗാന’ (സ്വയം രക്ഷാസേനയെന്ന് അര്‍ഥം) പോലുള്ള സംഘങ്ങളും ഇപ്പോഴും പല പേരുകളിലായി, പല കാലങ്ങളിലൂടെ കടന്ന് നിലനില്‍ക്കുന്നുണ്ട്. തുര്‍ക്കികളില്‍നിന്ന് പണംകൊടുത്ത് ഭൂമിവാങ്ങി ഇസ്രായേല്‍, ടെല്‍ അവീവ് നഗരം കെട്ടിപ്പൊക്കുന്ന കാലത്ത്, ‘ഹഗാന’ ഗ്രൂപ്പുകള്‍ നടത്തിയിട്ടുള്ള ഭീകരമായ ഇടപെടലുകള്‍ പലസ്തീന് ചരിത്രത്തിലെ രക്തപങ്കിലമായ ഏടുകളാണ്. ‘ഹഗാന’ പിന്നീട് ‘ഇര്‍ഗുന്‍’ എന്ന പേരില്‍ സംഘങ്ങളായി പിരിഞ്ഞുവെന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചോരപ്പുഴകളൊഴുക്കിയതും മറ്റൊരു ചരിത്രം. ഇതിനിടയില്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും അന്നത്തെ സോവിയറ്റ് യൂണിയന്റെയും രാഷ്ട്രീയ-സാമ്പത്തിക താല്പര്യങ്ങള് കൊണ്ടാടിയ പലസ്തീന് മണ്ണ് മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഭൂപടമായി മാറി. അറബ് രാഷ്ട്രങ്ങളുടെയും നേതാക്കളുടെയും വ്യക്തി താല്പര്യങ്ങളും കാര്യങ്ങള്‍ വഷളാക്കി. വ്യത്യസ്ത ഉപദേശീയതകളുടെ സംഗമസ്ഥലത്തെ, അറബ് ദേശീയത എന്ന ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാന്‍ പിന്നീട് മതപരമായ താല്പര്യങ്ങളുടെ വരവോടെ കളമൊരുങ്ങി. അറബ് ദേശീയത ഏതെങ്കിലും മതപരമായ ഒന്നായിരുന്നില്ല ആദ്യകാല ചരിത്രത്തില്‍. പില്ക്കാലത്ത് രൂപപ്പെട്ട ഇറാന്റെയും ഖത്തറിന്റെയും ഷിയാ ദൈവശാസ്ത്ര താല്പര്യങ്ങളും അതിന്റെ രാഷ്ട്രീയ നിലപാടുകളും, അറബ് രാജ്യങ്ങളുടെ പലസ്തീന് വിഷയത്തില്‍ ദുര്‍ബലപ്പെട്ടുപോയ രാഷ്ട്രീയ കാഴ്ചപ്പാടുകളും എല്ലാം ചേര്‍ന്ന്, ഇസ്രായേലിന്റെ മറുപക്ഷത്ത് മതത്തിന്റെ പേരില്‍ത്തന്നെ തീവ്രനിലപാടുകാര്‍ ഭീകരതയ്ക്ക് കളമൊരുക്കി. ഈജിപ്തിന്റെ മണ്ണില്‍ വേരോട്ടമുണ്ടായിരുന്ന ഇഖ്മാനുലിന്റെ പോഷകസംഘടനയായി 1987-ല്‍ ഹമാസ് രൂപം കൊള്ളുമ്പോള്‍ പലസ്തീന്റെ ചരിത്രം മറ്റൊരു അധ്യായം തുറന്നു. ഇന്‍തിഫാദ എന്ന പോരാട്ട കാലങ്ങളും പി.എല്‍.ഒ. യുടെയും പി.എല്‍. ആര്‍മിയുടെയും കാലത്തെ രാഷ്ട്രീയത്തെ അട്ടിമറിച്ച് സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വച്ച് ഇരുപക്ഷത്തെയും തീവ്ര നിലപാടുകാര്‍ ഭീകരതയുടെ താവളമാക്കി പലസ്തീനായെന്ന ഇസ്രായേല്‍-പലസ്തീന് രാഷ്ട്രങ്ങളെ മാറ്റിയെന്നത് പില്ക്കാല ചരിത്രം. സമാധാനത്തിന്റെ ഒലിവ് ശാഖകളേന്തിയവര് കൊല്ലപ്പെട്ട ചരിത്രം വേറെ.
ഇസ്രായേലിന്റെ വരുതിക്കു നില്ക്കുന്ന പലസ്തീന് എന്ന രാഷ്ട്രം, എന്ന നിലയിലുള്ള തീവ്ര സയണിസ്റ്റ് നിലപാട് ഒരു ഭാഗത്തും, ഇസ്രായേല്‍ എന്ന ധമ്മികളെ (സംരക്ഷിതര്‍) നിലനിര്‍ത്തി അറബ് രാഷ്ട്രമായി പലസ്തീന് രൂപപ്പെടണം എന്ന ഹമാസ് നിലപാട് മറുവശത്തുമായി യുദ്ധവും കലാപവും ഭീകരതയും നിറഞ്ഞാടവേ, പാപ്പ ചോദിക്കുന്നു: ആയുധം താഴെവച്ച്, സ്നേഹിക്കാനുള്ള ധൈര്യം കാണിക്കാമോ എന്ന്. സാഹോദര്യത്തിന്റെ മേനി പറച്ചിലല്ല; Courageous Fraternity എന്ന നിലപാടാണ് പാപ്പാ മുന്നോട്ടുവയ്ക്കുന്നത്. അതായിരിക്കണം മനുഷ്യപക്ഷം.