മനുഷ്യരുടെ വേദനകള്‍ ക്യാമറയുടെ വിഷയമാക്കുന്ന കുറെ കലാകാരന്മാര് ലോകത്തു രൂപപ്പെട്ടു എന്നത് പുതിയ കാലത്തിന്റെ ഒരു സന്തോഷമാണ്. കടുത്ത അനീതികളും വംശീയാതിക്രമങ്ങളും മതത്തിന്റെ പേരിലുള്ള മേല്ക്കയറ്റങ്ങളും ഈ ക്യാമറകളെ ഭയപ്പെടാന്‍ തുടങ്ങി. മനുഷ്യത്വ വിരുദ്ധതയുടെ ഏറ്റവും പ്രകടമായ രൂപമാണ് യുദ്ധം. ഈ കുറിപ്പ് എഴുതുമ്പോഴും യുദ്ധം ഒഴുക്കുന്ന ചോര ഓരോ പ്രഭാതങ്ങളിലും വര്‍ത്തമാനപത്രങ്ങള്‍ എന്റെ വീട്ടുവരാന്തയില്‍ തൂവുന്നുണ്ട്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, വേരുകളും ജീവനും സ്വത്തും സ്വത്വവും മാത്രമല്ല അവിടെ ഉന്മൂലനം ചെയ്യപ്പെടുന്നത്. അവകാശങ്ങളും അന്തസ്സും കൂടെയാണ്.
യുദ്ധത്തെ വെറുക്കുന്നവര്‍ക്ക് നെഞ്ചോട് ചേര്‍ക്കാവുന്ന പ്രണതയുടെ ഒരു പുസ്തകമുണ്ട്. ‘യുദ്ധത്തിന്റെയും പലായനത്തിന്റെയും അധോതലക്കുറിപ്പുകള്‍’. സി.വി. രമേശന്റെ ഈ പുസ്തകത്തില്‍ നിരപരാധിത്വത്തിന്റെ ചോര ഊറിക്കിടപ്പുണ്ട്. ഇറാനിലെയും സമീപപ്രദേശങ്ങളിലെയും പടനിലങ്ങളില്‍ എന്തിനെന്നറിയാതെ ഷെല്ലുവീണു ചിതറിപ്പോയ കുഞ്ഞുങ്ങളുടെ ചോര. കൂടെയുള്ളവരുടെ മാനം സംരക്ഷിക്കാന്‍ പട്ടാളക്കാര്‍ക്കുവേണ്ടി മരണത്തിന്റെ മരവിപ്പോടെ കിടന്നുകൊടുക്കേണ്ടിവരുന്ന സ്ത്രീകളുടെ അന്തസ്സിന്റെ ചോര, ചലച്ചിത്രങ്ങളുടെ നേര്‍സാക്ഷ്യങ്ങളായി ഈ പുസ്തകങ്ങളുടെ താളുകളിലുണ്ട്.
എല്ലാ പുസ്തകങ്ങളും എല്ലാ വായനകളും രസകരമായ മാനസികാനുഭവങ്ങള്ക്കല്ല. സിനിമയുടെ യുദ്ധവിരുദ്ധ ഭാഷയും പ്രതിരോധവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നതും.
പുസ്തകത്തിലെ ആദ്യവിഭാഗം, തകരുന്ന ജീവിതങ്ങളുടെ തിരശ്ശീല കാഴ്ചകളില്‍, ലോകസിനിമയില്‍ ഏറെ ചര്‍ച്ചാവിഷയമായതും, 2020ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി പുരസ്കാരം നേടിയതുമായ ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഇസ് എ റിസറക്ഷന്’, ഹിന്ദിയിലെ പുതിയ ചിത്രം ‘രാം സിങ്ങ് ചാര്‍ലി’, ഓസ്കര് ചിത്രം ‘ജോക്കര്‍’, കൊഞ്ചലോവ്സ്കിയുടെ ‘പാരഡൈസ്’, റഷ്യയിലെ യുവ ചലച്ചിത്രകാരന് കാന്റെ മിര്‍ ബലഗോവിന്റെ ക്ളോസ്സ്നെസ്സ്’, മജീദ് മജീദിയുടെ ‘ക്ളൗഡ്സ് ഓഫ് മേയ്’ തുടങ്ങിയ ചിത്രങ്ങള്‍ ആവിഷ്ക്കരിക്കുന്ന തകരുന്ന ജീവിതകാഴ്ചകളാണ് പരിശോധിക്കുന്നത്.
അടുത്ത വിഭാഗം, സ്ത്രീജീവിതങ്ങളിലെ ദുരന്തകാഴ്ചകളില് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും ദുരന്തങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളാണ് വിശകലനം ചെയ്യുന്നത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ ബീന്‍ പോള്‍, ഇന്‍ സിറിയ, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് എന്നിവയിലെ സ്ത്രീപക്ഷസമീപനങ്ങള് ഇവിടെ വായിക്കാം.
അടുത്ത ഭാഗമായ സംവിധായകര്‍; സിനിമകളില്‍, ലോകപ്രസിദ്ധ സംവിധായകര്‍ ആന്ദ്രേ കൊഞ്ചലോവ്സ്കി, ബുദ്ധദേബ് ദാസ് ഗുപ്ത, ഫ്ളോ ഹര്ട്ടി, ആഗ്നസ് വര്‍ദ, റോയ് ആന്ഡേഴ്സന്, ജാഫര്‍ പനാഹി, ചാര്‍ലി ചാപ്ളിന്‍ എന്നിവരുടെ ചലച്ചിത്രസംഭാവനകളിലെ സവിശേഷതകള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്.
ഡോക്യുമെന്ററിയുടെ ഒരു നൂറ്റാണ്ട് ആഘോഷിക്കുന്ന അവസരത്തില്‍ ലോകം കണ്ട ആദ്യ ഡോക്യുമെന്ററി, ഫ്ലോഹര്ട്ടിയുടെ നാനുക് ഓഫ് ദ നോര്‍ത്ത് വിശദമായി ഇവിടെ പരിശോധിക്കുന്നുണ്ട്.
സമാഹാരത്തിലെ പ്രധാന വിഭാഗമായ പുരസ്കാരചിത്രങ്ങളില് ഫ്രഞ്ച് ചിത്രമായ ‘ലെ മിറാബിളെ’, തമാനെയുടെ എറ്റവും പുതിയ മറാത്തി ചിത്രം ‘ദ ഡിസിപ്പിള്‍’, മറ്റി ദിയോപിന്റെ അഭയാര്‍ത്ഥി ചിത്രം ‘അറ്റ്ലാന്ഡിക്സ് ‘, നൂറി ബില്ഗെ ജിലാന്റെ പുതിയ രചന ‘ദ വൈല്‍ഡ് പിയര്‍ ട്രീ’, ചിലിയന്‍ സംവിധായകന് പാബ്ളോ ലാറെയിന്റെ എമ’, ഇസ്രയേല്‍ ചിത്രം ‘സിനോസിംസ്’ എന്നിവ വിശദമായി പരിശോധിക്കുന്നു.
മനുഷ്യരുടെ വേദനകള്‍ തിരശ്ശീലയില്‍ പകര്ത്തിയിടാനായി സംവിധായകര്‍ നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. വീട്ടുതടങ്കലിന്റെ അസ്വാതന്ത്ര്യത്തിനിടയില് നിന്നും വിശ്രുത സിനിമകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ജാഫര്‍ പാനഹിയെപ്പറ്റിയുള്ള അറിവുകള്‍ വായനക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കും. ആദ്യ ഡോക്യുമെന്ററി എന്ന് വിശേഷിപ്പിക്കാവുന്ന റോബെര്‍ട്ട് ഫ്ളഫാര്ട്ടിയുടെ ‘നാനൂക് ഓഫ് ദ നോര്‍ത്ത് ‘ എന്ന ചിത്രത്തിന്റെ കഥ ഈ പുസ്തകത്തിലെ ഏറ്റവും സവിശേഷമായ അധ്യായമാണ്. ഫ്ളഹാര്ട്ടി ഇഗ്ളു സമൂഹത്തിനോടൊപ്പം ജീവിച്ച് സാഹസികമായ ശ്രമങ്ങളിലൂടെയാണ് നാനൂക് പൂര്‍ത്തിയാക്കിയത്. ഏറെ വിവാദങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ള സിനിമയാണിത്. ആഗ്നസ് വര്‍ദ, റോയ് ആന്ഡേഴ്സണ്, ജാക്കി കൂഗന്‍ (ചാപ്ലിന്റെ ദ കിഡ് എന്ന സിനിമയിലെ ബാല താരം), ആന്ദ്രേ കൊഞ്ചലാവ്സ്കി തുടങ്ങിയവരുടെ സിനിമാ ജീവിതത്തിലൂടെയുള്ള യാത്രകള്‍ ശ്രദ്ധേയങ്ങളാണ്. 2019 – 20 കാലങ്ങളില്‍ പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രമേളകളായ കാന്‍, ബെര്‍ലിന്‍, ടൊറോണ്ടോ എന്നിവിടങ്ങളില്‍ ഉന്നത പുരസ്കാരങ്ങള്‍ നേടിയ സിനിമകളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ പുസ്തകം അവസാനിക്കുന്നത്.
കലാകാരന്മാര് അത്രമേല്‍ മനുഷ്യരെ സ്നേഹിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന പുസ്തകം.