തീരം ഇപ്പോള്‍ പ്രബുദ്ധമാണ്, സംഘടിതമാണ്. പണ്ടത്തെപ്പോലെ അട്ടിപ്പേറായി ആര്‍ക്കും വോട്ടുചെയ്യില്ല. സ്ഥാനാര്‍ത്ഥികളെ പഠിച്ച് അര്‍ഹരായവരെ ജയിപ്പിക്കാനും അനര്‍ഹരെ തോല്‍പ്പിക്കാനും തീരത്തിനു കഴിയും. അത്രയ്ക്കു സംഘടിതരും പ്രബുദ്ധരുമാണ്് ഇന്ന് തീരദേശവാസികള്‍. അതിനാല്‍ ഞങ്ങളെ പരിഗണിച്ചാല്‍ ഞങ്ങളും പരിഗണിക്കും. ഞങ്ങളെ പരിഗണിക്കുന്നില്ലെങ്കില്‍ ഞങ്ങളും പരിഗണിക്കില്ല.
ജനാധിപത്യം നിലനില്ക്കുന്നതു തിരഞ്ഞടുപ്പുകളിലൂടെയാണ്. നീതിപൂര്‍വ്വകമായ തിരഞ്ഞെടുപ്പുകളാണ് ജനാധിപത്യത്തിന്റെ ആത്മാവ്. തിരഞ്ഞടുപ്പുകള്‍ നീതിപൂര്‍വ്വകമാകാന്‍ ഭരണാധികാരികളും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും അങ്ങേയറ്റം ആത്മാര്‍ത്ഥത കാണിക്കുകയും ജാഗ്രത പാലിക്കുകയും വേണം. പാര്‍ലമെന്റു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരാര്‍ത്ഥികളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇക്കാര്യത്തിലും ജനാധിപത്യ പ്രക്രിയ നടക്കേണ്ടതുണ്ട്. ഇപ്പോള്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ അങ്ങേയറ്റം സാങ്കേതിക മികവോടും പ്രൊഫഷണലായുമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പഠനങ്ങള്‍ക്കായി സ്റ്റ്രാറ്റജിസ്റ്റുകള് നിയോഗിക്കപ്പെടുന്നുണ്ട്. കോൺഗ്രസിന്റെ സ്റ്റാറ്റജിസ്റ്റായ സുനില്‍ കണികോലൂവിന്റേതായി വന്ന ഒരു വാര്‍ത്ത ഏഷ്യാനെറ്റു പുറത്തുവിട്ടിരുന്നു. ആലപ്പുഴയില്‍ ഇടതുപക്ഷം ആരിഫിനെത്തന്നെ മത്സരിപ്പിക്കുമെന്നും കോഗ്രസ്സുകാര്‍ ഷാനിമോള്‍ ഉസ്മാനെയോ ഷുക്കൂറിനേയോ അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരുമുസ്ലീം സ്ഥാനാര്‍ത്ഥിയെയോ പരിഗണിക്കണമെന്ന് ഉപദേശിച്ചുവത്രേ. അദ്ദേഹത്തിന് ഈ ആശയം ഏതു പഠനത്തിന്റെ വെളിച്ചത്തില്‍ ലഭിച്ചുവെന്നറിയില്ല. ആലപ്പുഴയില്‍ ലത്തീന്‍ കത്തോലിക്കര്‍ നായന്മാരെപ്പോലെതന്നെ നിര്‍ണായകശക്തിയാണ്. ഈ രണ്ടു സമുദായങ്ങളെയും മറികടക്കാന്‍ മാത്രം എന്തുശേഷിയാണ് നിര്‍ദ്ദേശിക്കപ്പെട്ടത്? സമുദായത്തിനുള്ളത് എന്ന് കടപുറത്താളുകൾ ചോദിച്ചു തുടങ്ങി.
ജാതിമത പരിഗണനകളോടെ മൊത്തം സ്ഥനാര്ത്ഥികളേയും നിശ്ചയിക്കുന്ന രീതിവന്നാല്‍ അത് ഇന്ത്യപോലൊരു രാജ്യത്ത് ആത്മഹത്യാപരമാകും.
സമുദായ പഠനങ്ങള്‍ക്കപ്പുറം ഓരോ പ്രദേശത്തിന്റേയും പ്രാദേശികവിഷയങ്ങള്‍ പഠിച്ചവതരിപ്പിക്കുകയും ആ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള ആളുകളെ കണ്ടെത്തി മത്സരിപ്പിക്കുകയുമാണു വേണ്ടത്. എറണാകുളത്ത് മത്സ്യമേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാനസര്‍ക്കാരിന്റേയും അനേകം സ്ഥാപനങ്ങളുണ്ട്. അവിടെ പ്രവര്‍ത്തിക്കുന്ന പലരും കടലുംമീനും കണ്ടുകൂടാത്തവരാണ്. അവിടെയൊക്കെയും പ്രവര്‍ത്തിക്കേണ്ടത് മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരാണ്. അതുപോലെ ഒരു പ്രദേശത്തിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരെ ജാതിമത പരിഗണനയുടെ പേരില്‍ അവതരിപ്പിക്കുന്നത് ജനാധിപത്യപരമാവില്ല.
തീരദേശത്തിന്റെ പ്രശ്നങ്ങളില്‍ ചിലതെങ്കിലും സൂചിപ്പിക്കാതിരിക്കാനാവില്ല. കാര്യങ്ങള്‍ സങ്കീര്‍ണവും ഗൗരവമുള്ളവയുമാണ്.
1.തീരസംരക്ഷണം ഇന്ന് അതീവഗുരുതരമാണ്
തീരം സംരക്ഷിത ഭിത്തികെട്ടി പരിപാലിക്കേണ്ടതാണ്. എല്ലാവര്‍ഷവും മഴക്കാലത്ത് കടലുകയറി അനേകംവീടുകള് നഷ്ടപ്പെടാറുണ്ട്. കടല്‍ക്ഷോഭം പ്രകൃതിക്ഷോഭമായി കണക്കാക്കുന്നില്ല എന്നു പറഞ്ഞ് ഇത്തരം സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം നല്‍കാറില്ല.
2.കടല്സുരക്ഷയ്ക്ക് മുഖ്യസ്ഥാനം നല്‍കണം
കടലില്‍വച്ച് എന്തെങ്കിലും അപകടം ഉണ്ടായാല്‍ രക്ഷിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ തീരത്തില്ല. അര്ത്തുങ്കിലുളള കോസ്റ്റല്‍ പൊലീസിന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഒരുബോട്ടുപോലുമില്ല. കടലില്‍വച്ച് മരണപ്പെട്ടാല്‍ ശരിയായ കോമ്പന്‍സേഷനും കൊടുക്കാറില്ല.
3.തീരം തീരവാസികളുടേതാണ്
കടല്‍ത്തീരത്ത് പുറംപോക്കുപോലുമില്ല. കടല്‍ത്തീരം മൊത്തം മിന്പിടത്തക്കാരുടേതാണ്. അവരുടെ കൈയില്‍ ഇപ്പോഴും പട്ടയവും പ്രമാണവുമുള്ള ഭൂമിയാണ് ഇപ്പോഴും കടലില്‍ കിടക്കുന്നത്. അതിനാല്‍ അതും ഇതും കടലെടുത്തുപോകുന്ന സ്ഥലത്തിന് സര്‍ക്കാര്‍ കോമ്പന്‍സേഷന്‍ ന്ലകേണ്ടതാണ്.
4.വീട് വെയ്ക്കാനുള്ള തടസങ്ങൾ നീക്കണം
സിആര്‍ഇസെഡ് കടലെടുത്തുപോയ ഞങ്ങളുടെ സ്ഥലത്താണ് സിആര്‍ഇസെഡിന്റെ പേരില്‍ വീടുവെയ്ക്കാനും മറ്റും തടസങ്ങള്‍ സര്‍ക്കാരുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
5. ഒരു ഭവന നിർമാണ പദ്ധതി ഉണ്ടാകണം
ഭവനപദ്ധതി മുന്‍കാലങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമായുണ്ടായിരുന്ന ഭവനനിര്‍മ്മാണ പദ്ധതികളൊന്നും ഇപ്പോള്‍ നിലവിലില്ല. കേരളസമൂഹത്തില്‍ ഏറ്റവുംകൂടുതല്‍ ഭവനപ്രതിസന്ധികള് നേരിടുന്ന ഈ സമൂഹത്തിനു മാത്രമായി ഒരു ഭവന നിര്‍മ്മാണ പദ്ധതിയുണ്ടാകേണ്ടതാണ്.
6. ടൂറിസം സാധ്യത ചർച്ചകളിൽ ഉൾപെടുത്തുക
തീരദേശത്ത് ടൂറിസത്തിന്റെ പേരില്‍ അനേകം പദ്ധതികളെക്കുറിച്ച് കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ പലവേദികളില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അതിലൊന്നും മീന്പിടുത്തക്കാരനോടു ചര്‍ച്ചചെയ്യുന്നില്ല. പകരം മീന്‍പിടുത്തക്കാരെ തീരത്ത് നിന്നും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മീന്‍പിടുത്തക്കാരെ സഹായിക്കേണ്ടതുണ്ട്.
7. ഹാര്‍ബറുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുക
വഞ്ചിയിറക്കാനും അടുപ്പിക്കാനും മറ്റുമായി മുമ്പത്തെപ്പോലെ ഇപ്പോള്‍ എവിടേയും സാധിക്കുന്നില്ല. അതിനാല്‍ ഹാര്‍ബറുകള്‍ അതിവേഗം സ്ഥാപിക്കപ്പെടേണ്ടതാണ്.
8.വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണം
വിദ്യാഭ്യാസ സൗകര്യങ്ങള്‍ തീരത്തെക്കുട്ടികള്ക്കെല്ലാം പഠിച്ചുകയറാന് പാകത്തില്‍ എല്ലായിടത്തും ഹയര്സെക്കന്ഡറികളില്ല. ദൂരസ്ഥലങ്ങളില്‍ പോയി അവര്‍ക്കു പഠിക്കാനാവില്ല. കുഫോസ് പോലുള്ള സ്ഥാപനങ്ങളുടെ എക്സ്റ്റന്‍ഷന്‍ സെന്റുകളെങ്കിലും തീരദേശങ്ങളില്‍ വേണ്ടതാണ്.
9.തീരദേശജനതയ്ക്കു വേണ്ടത് നക്കാപ്പിച്ച ആനുകൂല്യങ്ങളല്ല
താക്കോല്‍ സ്ഥാനങ്ങളില്‍ ഈ സമൂഹത്തില്‍ നിന്നുള്ളവരെ പ്രത്യേകം പരിഗണിക്കണം. പി.എസ്.സി, ഹൈക്കോടതിജഡ്ജിമാര്‍, കോര്പറേഷന് ചെയര്മാന്മാര് തുടങ്ങിയ തസ്ഥികകളിലേക്കു പരിഗണിക്കാന്‍ പ്രാപ്തിയുള്ളവര്‍ ഇപ്പോള്‍ തീരത്തുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തീരദേശത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ പ്രത്യേകം പരിഗണിക്കണം. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സ്ത്രികള്‍ക്കു റിസര്‍വേഷന്‍ കൊടുക്കുന്നതു പോലെ മത്സ്യത്തൊഴിലാളില്‍ നിന്നുള്ള നേതാക്കളെ പ്രത്യേകം പരിഗണിക്കണം.
10. നഷ്ടപരിഹാരതുക അനുവദിക്കണം
കാലാവസ്ഥാവ്യതിയാനത്തിന്റെ ഇക്കാലത്ത് കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളില്‍ നഷ്ടപരിഹാരതുക അനുവദിക്കണമെന്ന് മനുഷ്യാവകാശകമ്മീഷന്റെ വിധിയുള്ളതാണ്. അതുപക്ഷേ ഫലപ്രദമായി നടപ്പാക്കുന്നില്ല.
11. മത്സ്യത്തിന് ന്യായമായ വില കിട്ടണം
ഇത്ര കഷ്്ടപ്പെട്ടു പിടിച്ചുകൊണ്ടുവരുന്ന മീന്‍ ന്യായമായ വിലയക്കു വില്‍ക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കപ്പെടണം.