ജര്‍മന്‍ നാത് സി തടങ്കല്‍പ്പാളയങ്ങളിലെ ഹോളോകോസ്റ്റ് കൂട്ടക്കൊലയ്ക്കുശേഷം ആധുനിക യഹൂദ ചരിത്രത്തില്‍ ഒറ്റദിവസത്തെ ഏറ്റവും ദാരുണമായ കൂട്ടക്കുരുതിയാണ് ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ പലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണം. ഇസ്രയേലില്‍ ഭയാനകമായ സിവിലിയന്‍ കൂട്ടക്കൊല നടത്തി നൂറ്റമ്പതിലേറെ ഇസ്രയേലി പൗരരെ ബന്ദികളാക്കിയ ഹമാസിനെ ഗാസയില്‍ നിന്ന് തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ ‘അന്തിമയുദ്ധത്തിന്’ ഒരുങ്ങുന്നു.
വത്തിക്കാന്‍ സിറ്റി: ഇസ്രായേലില്‍ പലസ്തീന്‍കാരായ ഹമാസ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗാസ മുനമ്പില്‍ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി ഇസ്രയേല്‍ കനത്ത വ്യോമാക്രണം തുടരുകയും കരയുദ്ധത്തിന് ഗാസ അതിര്‍ത്തിക്കടുത്ത് വന്‍തോതിലുള്ള പടനീക്കത്തിന് ഒരുങ്ങുകയും ചെയ്യുമ്പോള്‍, മധ്യപൂര്‍വദേശത്ത് യുദ്ധമല്ല, നീതിയിലും ചര്‍ച്ചകളിലും സാഹോദര്യത്തിന്റെ ശക്തിയിലും സ്ഥാപിക്കപ്പെടുന്ന സമാധാനമാണ് ആവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിച്ചു.
‘തോറയുടെ ആനന്ദം’ (സിംഹട്ട് തോറ) എന്ന യഹൂദ തിരുനാള്‍ ദിനത്തില്‍ ഇസ്രയേലിലേക്ക് ആയിരകണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചുകൊണ്ട് ഗാസ അതിര്‍ത്തികടന്നെത്തിയ നൂറുകണക്കിന് ഹമാസ് സായുധസംഘങ്ങള്‍ നിരവധി കിബുത് സ് സമൂഹ പാര്‍പ്പിടകേന്ദ്രങ്ങളിലും പട്ടണങ്ങളിലും നടത്തിയ കൂട്ടക്കുരുതിയില്‍ 1,200 പേര് മരിച്ചു. തെക്കന്‍ ഇസ്രയേലില്‍ കിബുത്സ് റെയിമിനടുത്ത് നെഗേവ് മരുഭൂമിയില്‍ സൂപ്പര്‍നോവ സംഗീതനിശയില്‍ പങ്കെടുക്കാനെത്തിയ മൂവായിരത്തോളം യുവജനങ്ങളില്‍ മുന്നൂറോളം പേരെയാണ് വളഞ്ഞിട്ട് കശാപ്പുചെയ്തത്. സ്ത്രീകളും കുട്ടികളും വയോധികരും സൈനികരും ഉള്‍പ്പെടെ 150 പേരെ ബന്ദികളാക്കി ഗാസയിലേക്കു കടത്തിക്കൊണ്ടുപോയി. ‘ഇസ്രയേല്‍ യുദ്ധത്തിലാണ്’ എന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ നിന്ന് ഹമാസ് തീവ്രവാദികളെ തുടച്ചുനീക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ശനിയാഴ്ച ആരംഭിച്ച വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 326 കുട്ടികള്‍ ഉള്‍പ്പെടെ 1,100 പേര് കൊല്ലപ്പെട്ടു; 5,539 പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ ഇസ്രയേലിന്റെ വടക്കേ അതിര്‍ത്തിയില്‍ ലെബനോനില്‍ നിന്ന് ഇറാന് പക്ഷത്തെ ഹിസ്ബുല്ല തീവ്രവാദികള്‍ മിസൈല്‍ ആക്രമണം നടത്തിയതിന് ഇസ്രയേല്‍ സേന തിരിച്ചടി നല്കി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിപക്ഷ കക്ഷികളെ കൂടി ഉള്‍പ്പെടുത്തി എമര്‍ജന്‍സി ഗവണ്മെന്റിനു രൂപം നല്‍കിയിട്ടുണ്ട്.
കണ്ണീരോടെയാണ് ഇസ്രയേല്‍, പലസ്തീന് പ്രദേശങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ താന്‍ ശ്രവിക്കുന്നതെന്ന് ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തിലെ പൊതുദര്ശനത്തില് പാപ്പാ പറഞ്ഞു. ആക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ട്. അതേസമയം പലസ്തീന്‍കാര്‍ അധിവസിക്കുന്ന ഗാസ പ്രദേശത്തെ ജനങ്ങള്‍ കടന്നുപോകുന്ന ദുരിതാവസ്ഥയെക്കുറിച്ച് താന്‍ ഉത്കണ്ഠാകുലനാണെന്ന് പാപ്പാ പറഞ്ഞു. അവിടെയും നിരപരാധരായ നിരവധി മനുഷ്യരാണ് കൊല്ലപ്പെടുന്നത്. തങ്ങളുടെ ആഘോഷദിനം ഒരു വിലാപദിനമായി മാറുന്നത് കണേണ്ടിവന്ന ഇസ്രയേലി കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ബന്ദികളാക്കപ്പെട്ട ആളുകളെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
ഭീകരപ്രവര്‍ത്തനവും യുദ്ധവും ഒരു പ്രശ്നപരിഹാരത്തിലേക്കും നയിക്കുന്നില്ലെന്നും ഒട്ടനേകം നിരപരാധരുടെ മരണത്തിനും ദുരിതങ്ങള്‍ക്കും മാത്രമേ അത് ഇടവരുത്തുകയുള്ളുവെന്നും ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്ക അങ്കണത്തിലെ മധ്യാഹ്നപ്രാര്ഥനയില് പരിശുദ്ധ പിതാവ് സമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ഓര്‍മിപ്പിച്ചു. ”യുദ്ധം തോല്‍വിയാണ്. ഓരോ യുദ്ധവും ഒരു തോല്‍വിയാണ്,” പാപ്പാ ആവര്‍ത്തിച്ചു.
അക്രമങ്ങള്‍ക്ക് ഇരയായവരുടെ കുടുംബങ്ങള്‍ക്കും ഭീകരാനുഭവങ്ങളിലൂടെയും തീവ്രയാതനകളിലൂടെയും കടന്നുപോകുന്നവര്ക്കുമായി താന്‍ പ്രാര്‍ഥിക്കുകയും അവരെ തന്റെ സാമീപ്യം അറിയിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. ജപമാല മാസത്തില്‍, ലോകത്ത് യുദ്ധമേഖലകളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പരിശുദ്ധ മാതാവിനോട് പ്രത്യേകം പ്രാര്‍ഥിക്കാന്‍ പരിശുദ്ധ പിതാവ് വിശ്വാസികളെ ആഹ്വാനം ചെയ്തു.