96 പേജുള്ള ചെറിയ ഒരു ജീവചരിത്രപുസ്തകമുണ്ട് മലയാളത്തില്‍. ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതിയത്. ഒരു ജനതയുടെ സാംസ്കാരിക കലാചരിത്രം രചിക്കാനായി സ്വന്തം ജീവിതം വെയിലിനും വിധിക്കും വിട്ടുകൊടുത്ത ഒരു അസാധാരണ മനുഷ്യന്റെ ജീവചരിത്രം. ആലപ്പി വിന്‍സെന്റിന്റെ ജീവചരിത്രം. അതുകൊണ്ടുതന്നെ ഈ ജീവചരിത്രത്തിനും ആ അസാധാരണത്വമുണ്ട്. പതിവ് ജീവിതം പറച്ചിലുകളുടെ ഘടനാശൈലികളില് നിന്നും വിട്ടുമാറി വിന്‍സെന്റിന്റെ ജീവിതം അയാളുടെ സ്വപ്നങ്ങളും അതിന്റെ സാക്ഷാത്കാരശ്രമങ്ങളും വിജയങ്ങളും പരാജയങ്ങളും ആത്മഹര്‍ഷങ്ങളും ദുഖങ്ങളും ഒക്കെയായി ഫോക്കസ്ഡ് ആവുന്നു. ഒരു ക്യാമറ സൂക്ഷ്മമായി ഫോക്കസ് ചെയ്യുന്നതു പോലെ.
വിസ്മൃതിയാണ് നമ്മള്. അതിലാണ് നമ്മള് ജീവിക്കുന്നതും ആനന്ദം കൊള്ളുന്നതും, രമിക്കുന്നതും. ഭൂതകാലം മറന്നു നാം വര്‍ത്തമാനത്തിന്റെ തുടക്കങ്ങളിലേക്കും വിസ്മൃതിയുടെ ആനന്ദം നീട്ടിത്തുടങ്ങി.
ക്ഷണികതകളിലേക്കു ചുരുങ്ങുന്ന ഓര്‍മ്മയായി നാം. പക്ഷേ, നാം മറക്കരുതാത്ത ചിലതുണ്ട്; ചിലരുണ്ട്. അതിലൊരാളാണ്. നേട്ടങ്ങളൊന്നുമില്ലാത്ത മലയാളസിനിമയ്ക്കു വേണ്ടി സ്വയം ജീവിതം ബലിയാക്കിയ ആലപ്പി വിന്‍സെന്റ്.
മൂന്ന് പ്രധാന കാര്യങ്ങളാണ് മലയാള സിനിമയുമായി ബന്ധപ്പെടുത്തി ആലപ്പി വിന്‍സെന്റിന്റെ സംഭാവനകളായി നമുക്ക് കണ്ടെത്താവുന്നത്. ഒന്ന്: സംസാരിക്കുന്ന ആദ്യത്തെ മലയാളചലച്ചിത്രത്തിന്റെ നിര്‍മിതി. രണ്ട്: മലയാള ചലച്ചിത്രം മലയാളമണ്ണില്‍ തന്നെ സൃഷ്ടിച്ച് അതിന്റെ കുത്തക മാറ്റിയതാണ്. മലയാള സിനിമാ ചരിത്രത്തിലെ ആ ഘട്ടത്തിന് തുടക്കം കുറിക്കുന്നത് തിരുവനന്തപുരത്ത് സുബ്രഹ്മണ്യം മെറിലാന്‍ഡ് സ്റ്റുഡിയോ ആരംഭിക്കുന്നതിലൂടെയാണ്. കേരളത്തിലെ കലാകാരന്മാര്ക്കും സാങ്കേതിക വിദഗ്ധര്‍ക്കും കൂടുതല്‍ അവകാശവും സ്വാതന്ത്ര്യവും കിട്ടത്തക്ക വിധത്തില്‍ അവരുടേതായി സഹകരണ അടിസ്ഥാനത്തില്‍ ഒരു സ്റ്റുഡിയോ ആരംഭിച്ചതാണ് മൂന്നാമത്തെ നാഴികക്കല്ല്. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഈ മൂന്ന് കാര്യങ്ങളും അതിന് നേതൃത്വം നല്കിയ ആലപ്പി വിന്‍സെന്റിന്റെ ജീവചരിത്രവും മനോഹരമായി രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് ‘ആലപ്പി വിന്‍സന്റ്: മലയാള സിനിമയുടെ സ്നാപകന്’.
കുടുംബത്തിലെ ദു:സ്ഥിതിയും നിയമബിരുദം സമ്പാദിക്കുന്നതിനുള്ള ശ്രമം പാളിപ്പോയതിന്റെ വ്യഥയുമായാണ് പി.വി. സേവ്യര്‍ നാടുവിടുന്നത്. സഹോദരിയുടെ കയ്യില്‍ നിന്ന് വാങ്ങിയ 15 രൂപയുമായി എറണാകുളത്തു നിന്ന് മദ്രാസിലേക്ക് തീവണ്ടി കയറുമ്പോള്‍ ആ യുവാവിന്റെ മനസ്സില്‍ ഭാവിയെക്കുറിച്ച് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. എന്നാല്‍ 1937 ജൂണ്‍ 29 രാത്രി മൂന്നാം ക്ലാസ് തീവണ്ടി മുറിയില്‍ ആ ചെറുപ്പക്കാരന്റെയും മലയാള സിനിമയുടെയും ഭാവി ആരുമറിയാതെ നിര്‍ണയിക്കപ്പെടുകയായിരുന്നു. ജേഷ്ഠസഹോദരന് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ നാടകവേദിയില്‍ നിന്ന് ഹൃദ്യസ്ഥമാക്കിയിരുന്ന ഗാനങ്ങള്‍ അറിയാതെ യുവാവ് മൂളി തുടങ്ങി. പതുക്കെ പതുക്കെ അതൊരു സ്വകാര്യ ഗാനമേള ആയിതീര്‍ന്നു. യാത്രക്കാര്‍ മിക്കവരും ഉറക്കമായിരുന്നെങ്കിലും ഒരാള്‍ ആ യുവാവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സേലത്തെ മോഡേണ്‍ തീയേറ്റേഴ്സ് മാനേജര്‍ പി.ആര്. വി. ശങ്കര്‍. വിന്‍സെന്റില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിനുശേഷം ശങ്കര്‍ അദ്ദേഹത്തെ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവര്‍ ആരംഭിക്കാന്‍ പോകുന്ന മലയാള സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജോലി വിന്‍സെന്റിന് നല്കി.
1937 ഓഗസ്റ്റ് 16ന് (1113 ചിങ്ങം 1) മോഡേണ്‍ തിയേറ്റര്‍ സ്റ്റുഡിയോയില്‍ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്റെ ഷൂട്ടിങ് ആരംഭിച്ചു. ഒരു ക്ലബ്ബിലെ ആഘോഷമാണ് രംഗം. എല്ലാവരും ബിയര്‍ കുടിക്കണം. ആദ്യം റിഹേഴ്സലാണെന്നും അപ്പോള്‍ ബിയര്‍ നിറച്ച ഗ്ലാസ് ചുണ്ടോട് അടുപ്പിക്കുകമാത്രം ചെയ്താല്‍ മതിയെന്നും ഡയറക്ടര്‍ പറഞ്ഞെങ്കിലും റിഹേഴ്സലില്ത്തന്നെ ഗ്ലാസെല്ലാം കാലിയായി. ഡയറക്ടര്‍ നൊട്ടാണി ഇംഗ്ളിഷില്‍ പറഞ്ഞത് അവര്‍ക്ക് മനസിലാകാതെ പോയതാണ് കാര്യം. 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടനുസരിച്ച് പ്രവിശ്യാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ സമയമായിരുന്നു. മദ്രാസ് പ്രവിശ്യയില്‍ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വന്നിരുന്നു.
രാജാജിയുടെ സ്വന്തം സ്ഥലമാണ് സേലം. രാജ്യത്താദ്യമായി സേലം ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ രാജാജി തീരുമാനിച്ചു. അത് നടപ്പാകുന്നതിന്റെ തലേന്നായിരുന്നു ഷൂട്ടിങ്. അതുകൊണ്ട് ബിയര്‍ ധാരാളം കരുതിയിരുന്നു. റീടേക്ക് നടന്നു. ഗുഡ് ലക്ക് ടു എവരിബഡി എന്ന ആശംസയോടെ വിന്‍സെന്റ് ബിയര്‍ ഗ്ലാസ് കാലിയാക്കുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്.
മലയാള സിനിമ ആദ്യമായി സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു. അത് ലേഖനം ചെയ്യപ്പെട്ടത് വിന്‍സെന്റിന്റെ ശബ്ദത്തില്‍. അതിനുവേണ്ടി ക്യാമറയില്‍ പതിഞ്ഞ മുഖവും അദ്ദേഹത്തിന്റേതു തന്നെ.
അന്ന് വിന്‍സെന്റിന് 28 വയസായിരുന്നു പ്രായം.
ഇന്നത്തെ ആലപ്പുഴ ജില്ലയില്‍ 1909 ജൂലൈ 19ന് പൊള്ളയില് വിന്‍സെന്റിന്റെയും മാര്‍ഗരീത്തയുടെയും നാലു മക്കളില്‍ നാലാമനായി പില്ക്കാലത്ത് ആലപ്പി വിന്‍സെന്റ് എന്നറിയപ്പെട്ട സേവ്യര്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജേഷ്ഠസഹോദരനാണ് മലയാള നാടകവേദിയില്‍ ഉന്നത പ്രഭാവനായിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍. പത്താം ക്ലാസ് പാസായതിനുശേഷം വൈദിക പഠനത്തിന് ഗോവയിലേക്ക് പോയ ആളായിരുന്നു പൊള്ളയില് വിന്‍സെന്റ്. അദ്ദേഹത്തിന്റെ ഇളയ സഹോദരന് വസൂരി മൂലം മരിച്ചപ്പോള്‍ ആലംബഹീനയായ അമ്മ ബിഷപ്പിനോട് ആവശ്യപ്പെട്ട് മകനെ വീട്ടിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു. സെമിനാരിയില്‍ നിന്ന് വിടുതല്‍ പ്രാപിച്ചെങ്കിലും ബ്രഹ്മചര്യം ഉപേക്ഷിക്കാന്‍ വിന്‍സന്റ് തയ്യാറായില്ല. ബന്ധുമിത്രാദികളുടെ നിര്‍ബന്ധത്തിന് വഴങ്ങി നാല്‍പ്പതാമത്തെ വയസിലാണ് അദ്ദേഹം വിവാഹിതനായത്.
ഉത്തരവാദിത്ത ഭരണത്തിനുവേണ്ടി തിരുവിതാംകൂറില്‍ നടന്ന സമരങ്ങളിലും പങ്കാളിയായിരുന്നു ആലപ്പി വിന്‍സെന്റ്. 1944ല്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തല – അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച് തന്റെ മുപ്പത്തിയാറാമത്തെ വയസില്‍ ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം അംഗമായി. പ്രജാസഭയിലേക്കുള്ള മത്സരത്തില്‍ അദ്ദേഹത്തിന് തുണയായി നിന്നത് സാക്ഷാല്‍ ടി.വി. തോമസായിരുന്നു. സ്വതന്ത്ര തിരുവിതാംകൂറിന് വേണ്ടിയുള്ള ദിവാന് സര് സിപിയുടെ നീക്കത്തിനെതിരെ 1946ല്‍ ആലപ്പുഴ തത്തമ്പള്ളി മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിച്ച വിന്‍സെന്റിനെ അറസ്റ്റ് ചെയ്തു പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. തിരുവതാംകൂറിന്റെ പുറത്തേക്ക് കടത്തിവിട്ടു. പുന്നപ്ര വയലാര്‍ സംഭവത്തിനുശേഷം സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച അര്‍ദ്ധരാത്രിയില്‍ ആലപ്പുഴയില്‍ ആദ്യമായി ദേശീയപതാക ഉയര്‍ത്തിയത് കഥാപുരുഷനായിരുന്നു.
കൃത്യം 12 മണിക്ക് കിടങ്ങാംപറമ്പ് മൈതാനത്ത്. സുഹൃത്തുക്കളുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൂവര്‍ണ്ണക്കൊടി ഉയര്‍ത്തുമ്പോള്‍ വിന്‍സെന്റിന്റെ തൊട്ടടുത്ത് നിന്നവരില്‍ ഒരാള്‍ കുഞ്ചാക്കോ ആയിരുന്നു.
വിന്‍സന്റിന്റെ പ്രതാപകാലത്തെ കുറിച്ച് ഡോ. സെബാസ്റ്റ്യന്‍ പോള്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: കെപിഎസി എന്ന പ്രഖ്യാതമായ നാടക കമ്പനിയുടെ പ്രഥമ നാടകം എം.പി പോള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ആശംസാപ്രസംഗം നടത്തിയതും കലാനിലയം കൃഷ്ണന്‍നായരുടെ പത്രാധിപത്യത്തിലുള്ള തനിനിറം മാസികയുടെ ഉദ്ഘാടന ലക്കത്തിലെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടതും ആലപ്പി വിന്‍സെന്റ് ആയിരുന്നു.
എട്ട് അധ്യായങ്ങളില്‍ ഒതുങ്ങി നില്ക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യപതിപ്പിന് സിനിമാ സംവിധായകനായിരുന്ന ജേസി അവതാരിക എഴുതിയിരുന്നു. രണ്ടാം പതിപ്പില്‍ അതിനോടൊപ്പം സാജു ചേലങ്ങാടിന്റെ വിശദമായ പഠനവും ചേര്‍ത്തിട്ടുണ്ട്.
അപൂര്‍വ്വം ചില ലേഖനങ്ങളും സെബാസ്റ്റ്യന്‍ പോളിന്റെ പുസ്തകവും ഇല്ലായിരുന്നെങ്കില്‍ ആലപ്പി വിന്‍സെന്റ് എന്ന മനുഷ്യന് പൂര്‍ണമായും അന്ധകാരത്തില്‍ അകപ്പെട്ടുപോയേനെ.