തന്മയീഭാവത്തിന്റെ പകര്‍ന്നാട്ടങ്ങളുടെ തട്ടകം നാടകമാണ്. നാട്ടരങ്ങിലും ആള്‍ക്കൂട്ടത്തിനു നടുവിലെ തെരുവുനാടകങ്ങളിലും അലന്‍സിയര്‍ ലെ ലോപ്പസ് എന്ന നടന് പാകപ്പെടുത്തിയെടുത്ത മാനവ സംവേദനത്തിന്റെയും ആവിഷ്കാര ചാരുതയുടെയും നെറിയും ഉള്ളുണര്ച്ചയും സിനിമയുടെ മാസ്മരിക ചമല്ക്കാരപ്പൊലിമ തീണ്ടാതെ തന്റെ കഥാപാത്രങ്ങളില്‍ സന്നിവേശിപ്പിക്കുന്നതിലെ വൈഭവം കുറെക്കൂടി തീക്ഷ്ണമായി പ്രതിഫലിക്കുന്നതാണ് ജീവിതയാഥാര്ഥ്യങ്ങള്ക്കും പ്രത്യയശാസ്ത്ര വഞ്ചനകള്‍ക്കും നേരെയുള്ള ആ കലാകാരന്റെ നെഞ്ചൂക്കിന്റെ പ്രതികരണങ്ങള്‍. ഈ വര്‍ഷത്തെ (2022) സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ‘അപ്പന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച അലന്‍സിയറുമായുള്ള അഭിമുഖം.
അലന്‍സിയര്‍ ലെ ലോപ്പസ് 1965 ഡിസംബര്‍ 11ന് തിരുവനന്തപുരത്തെ പുത്തന്‍തോപ്പില്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിരുദം നേടി. കുട്ടിക്കാലത്തുതന്നെ നാടകാഭിനയം തുടങ്ങി. അക്കാലത്തുതന്നെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ചെറിയ നാടകസംഘം ആരംഭിച്ചു. തുടര്‍ന്നുള്ള കാലങ്ങളില്‍ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. കോളജ് പഠനകാലത്ത് നിരവധി നാടകസംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. സി.പി. കൃഷ്ണകുമാറിന്റെ നാടകസംഘത്തിലും കാവാലം നാരായണ പണിക്കരുടെ സോപാനം നാടകസംഘത്തിലും കെ. രഘുവിന്റെ നാടകയോഗം നാടകസംഘത്തിലും പ്രവര്‍ത്തിച്ചു. പിന്നീട് ടെലിവിഷന്‍ രംഗത്തെത്തി.
1998ല്‍ ദയ എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം, കന്യക ടാക്കീസ്, അന്നയും റസൂലും, വെടിവഴിപാട്, തൊണ്ടി മുതലും ദൃക്സാക്ഷിയും എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് 2017ലെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഫിലിം ഫെയര്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് അവാര്‍ഡ്, ഫ്ളവേഴ്സ് അവാര്‍ഡ്, സിപിസി സിനി അവാര്‍ഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ (2022) സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അപ്പന് എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
അഭിനയരംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും സമൂഹത്തിലെ പ്രശ്നങ്ങളോട് ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തി അലന്‍സിയര്‍ പ്രതികരിച്ചിരുന്നു. തെരുവുനാടകങ്ങള്‍ നടത്തിയാണ് സമൂഹത്തെ തന്റെ പ്രതിഷേധം അറിയിച്ചിരുന്നത്.
സുശീല ജോര്‍ജാണ് ഭാര്യ. മക്കള്‍: അലന് സാവിയോ ലോപ്പസ്, അലന് സ്റ്റീവ് ലോപ്പസ്.
ഈ വര്‍ഷത്തെ സംസ്ഥാന സിനിമാ പുരസ്കാരങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കു തന്നെയാണ് ലഭിച്ചതെന്നു കരുതുന്നുണ്ടോ?
തീര്‍ച്ചയായും അര്‍ഹതപ്പെട്ടവര്‍ക്കാണ് കിട്ടിയിരിക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം. പലര്‍ക്കും പല അഭിപ്രായങ്ങളൊക്കെ ഉണ്ടാകും. എന്റെ നിരീക്ഷണത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്കു തന്നെയാണ് കിട്ടിയിരിക്കുന്നത്.
സിനിമകളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയല്ലോ, ഇതുവരെയുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വേഷം ഏതായിരുന്നു?
എല്ലാ വേഷവും ഇഷ്ടപ്പെട്ടു തന്നെയാണ് ചെയ്തിരിക്കുന്നത്. ഒരു വേഷവും ഇഷ്ടപ്പെടാതെ ചെയ്യാന്‍ പറ്റില്ലല്ലോ. അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിനുള്ള ഇഷ്ടം കൊടുത്തു തന്നെയാണ് അഭിനയിക്കുന്നത്.
അഭിനയത്തോട് താല്പര്യവും സിദ്ധിയും ചെറുപ്പം മുതലേ ഉണ്ടായിരുന്നോ?
കുട്ടിക്കാലത്തു കണ്ട നാടകശീലങ്ങളാണ് അഭിനയത്തോടു താല്പര്യം തോന്നിപ്പിച്ചത്. എന്റെ അപ്പൂപ്പന്റെ പേരിലുള്ള ഒരു നാടക മത്സരം ഒരു ഗ്രന്ഥശാല നടത്തിയിരുന്നു. ആ നാടകങ്ങള്‍ കണ്ടിട്ടാണ് എനിക്ക് അവരെപ്പോലെ അഭിനയിക്കണമെന്നു തോന്നിയത്. ഞാന്‍ സ്കൂളില്‍ പോയി നാടകങ്ങളിലെ രംഗങ്ങള്‍ അഭിനയിച്ചു കാണിക്കുകയുമൊക്കെ ചെയ്തു. അങ്ങനെയാണ് നാടകത്തോട് ഒരു അഭിനിവേശം തോന്നിയത്.
സിദ്ധി എങ്ങനെ വന്നു എന്നു ചോദിച്ചാല്‍ ദൈവത്തോട് ചോദിക്കണം.
താങ്കളുടെ അനായാസമായ അഭിനയത്തിന് ഏതെങ്കിലും വിധത്തിലുള്ള പരിശീലനമോ, നിരീക്ഷണങ്ങളോ ഉണ്ടായിട്ടുണ്ടോ?
കൃത്യമായ ഒരു പ്ലാനിങ്ങോടുകൂടിയല്ല ഞാന്‍ ഒരു അഭിനയത്തിലും പങ്കെടുത്തിട്ടുള്ളത്. പക്ഷേ നാടകത്തില്‍ അഭിനയിച്ച പരിശീനം വളരെ സഹായിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലേക്കും വേഷപ്പകര്‍ച്ച ചെയ്യാന്‍ പറ്റിയത് നാടകത്തിലെ ഈ പരിചയം കൊണ്ടാണെന്നാണ് എനിക്കു തോന്നുന്നത്. നാടക ഗുരുക്കന്മാരോടാണ് ഞാന്‍ അതിനു കടപ്പെട്ടിരിക്കുന്നത്.
വിദേശസിനിമകള്‍ കാണാറുണ്ടെങ്കില്‍ ഏതു സംവിധായകന്റെ സിനിമകളാണ് കൂടുതല്‍ താല്പര്യം?
ധാരാളം സിനിമകള്‍ കാണാറുണ്ട്. ഒരുപാട് ഫിലിം ഫെസ്റ്റിവെലുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇഷ്ടമുള്ള ഒരുപാടുപേരുണ്ട്. ഏറ്റവും ഇഷ്ടം ചാര്‍ളി ചാപ്ലിനെയാണ്.
മലയാളത്തില്‍ കഴിവുറ്റ അഭിനേതാക്കളുടെ നീണ്ടനിരതന്നെ ഉണ്ടായിട്ടുണ്ട്. സത്യനും, ശങ്കരാടിയും, അടൂര്‍ഭാസിയും, ഗോപിയും, തിലകനും, ജഗതിയും, ഇന്നസെന്റും, നെടുമുടി വേണുവും മറ്റും. ഇവരുടെ അഭിനയ ജീവിതങ്ങളെ എങ്ങിനെ വിലയിരുത്തുന്നു?
സത്യന് സാറിനോട് ഒരുപാട് ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് അച്ഛനും അമ്മയും സിനിമ കാണിക്കാന്‍ കൊണ്ടു പോകുമ്പോള്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട നടന് സത്യന് സാറായിരുന്നു. സത്യന് സാര്‍ എന്റെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ നടനാണ്. അദ്ദേഹത്തെപ്പോലെ അഭിനയിക്കണമെന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. അതുപോലെ ഗോപി ആശാന്, തിലകന് ചേട്ടന്, വേണുച്ചേട്ടന് തുടങ്ങിയവരുടെ അഭിനയവും വളരെ ഇഷ്ടമായിരുന്നു. വേണുച്ചേട്ടനൊക്കെ എന്റെ ജീവിതത്തില്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. അവരെല്ലാം അവരവര്ക്കുകിട്ടിയ കഥാപാത്രങ്ങള്‍ക്ക് ജീവന് കൊടുത്ത മനുഷ്യരാണ്. ഒരു ജീവനില്‍ നിന്നും മറ്റൊരു ജീവനിലേക്കു പരകായ പ്രവേശം നടത്തിയ മനുഷ്യരാണ് നിങ്ങളീ പരമാമര്ശിച്ച നടന്മാരെല്ലാം.
സുകുമാരി, മീന, കെപിഎസി ലളിത, ശാരദ, ഉര്‍വശി, ശോഭന എന്നിങ്ങനെ മികച്ച അഭിനേത്രികളും ഉണ്ടായിരുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പക്ഷേ, മലയാള സിനിമയില്‍ വേണ്ടത്ര പ്രധാന്യം ഇപ്പോഴും ലഭിക്കുന്നുണ്ടോ?
മികച്ച നടിമാരും മലയാളത്തിലുണ്ടായിട്ടുണ്ട്. ഞാന്‍ ഉര്‍വശിചേച്ചിയുടെ കൂടെ ഒരു പടത്തിലാണ് അഭിനയിച്ചത്. അവരുടെ പല പടങ്ങളും കണ്ടിട്ട് ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട്. പക്ഷേ അത്രയും മികവുറ്റ ഒരു നടിയുടെ കൂടെ ഞാന്‍ അഭിനയിക്കുമ്പോള്‍ എത്ര അനായാസമായിട്ടാണ് ഒരു കഥാപാത്രത്തിലേയ്ക്ക് അവര്‍ പ്രവേശിക്കുന്നതെന്നു കണ്ടുകഴിഞ്ഞാല്‍ അദ്ഭുതപ്പെട്ടു നിന്നിട്ടുണ്ട്. ഷൂട്ടിംഗിനിടയില്‍ എത്ര സരസമായിട്ടും രസകരമായിട്ടും മറ്റുള്ളവരോട് സംസാരിക്കുകയും പെരുമാറുകയും ചെയ്തിട്ട് അടുത്ത നിമിഷം ആക്ഷന്‍ പറയുമ്പോള്‍ ആ കഥാപാത്രത്തിന്റെ ഭാവത്തിലേക്കു ഓടിക്കയറിപ്പോകുന്ന ഒരുവഴി എങ്ങനെ സാധ്യമാകുന്നു എന്നു ഉര്വ്വവശിചേച്ചിയ്ക്കു പോലും അറിയില്ലാ എന്ന് എനിക്കു തോന്നുന്നു. ഒരു ആക്ടേഴ്സിനും ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ പറ്റില്ല. ലളിത ചേച്ചിയുമായി രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഭരതന് സാറിന്റേയും ലളിതചേച്ചിയുടേയും മകന് സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത ‘ചതുര’ത്തില്‍ എനിക്കു അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി. ഞാന്‍ പ്രിഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എന്റെ വലിയ ആഗ്രഹമായിരുന്നു ഭരതന് സാറിന്റെ പടത്തില്‍ അഭിനയിക്കണമെന്നത്. ഭരതന് സാറിന്റെ ചിത്രങ്ങളിലെ വേണുചേട്ടന്റേയും ഗോപിച്ചേട്ടന്റേയും പെര്‍ഫോമന്‍സുകള്‍ കാണുമ്പോള്‍ ആ വലിയ, മഹാരഥനായ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്നു സ്വാഭാവികമായും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതിനുള്ള ഭാഗ്യം ലഭിച്ചില്ല. പക്ഷേ മകന്റെ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു.
ഞാനിപ്പോഴും സിദ്ധാര്‍ത്ഥിനോടു പറയും, അവനൊരു മകനുണ്ട്. അവന്റെ പടത്തില്‍ കൂടി അഭിനയിച്ചിട്ടുവേണം എനിക്കു വിടവാങ്ങാന്‍ എന്ന്.
മലയാളസിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കിട്ടുന്നുണ്ടോ എന്നു പറഞ്ഞാല്‍ പ്രാധാന്യമുണ്ട് എന്നു തന്നെ പറയണം. പ്രാധാന്യമില്ലാതെ സ്ത്രീകള്‍ക്ക് ഇവിടെ ജീവിക്കാന്‍ പറ്റില്ലല്ലോ. അവര്‍ക്കു പ്രാധാന്യമുള്ളതുകൊണ്ടാണ് ‘ഉള്ളൊഴുക്ക്’ എന്നപോലെയുള്ള സിനിമകള്‍ ഉണ്ടാകുന്നത്. ആ സിനിമ വരാനിരിക്കുന്ന സിനിമയാണ്. അതില്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തുമാണ് അഭിനയിക്കുന്നത്. എല്ലാ സിനിമകളിലും സ്ത്രീകള്‍ക്ക് പ്രാമുഖ്യം വേണമെന്നു നിര്‍ബന്ധമില്ല. എല്ലാ വിഷയങ്ങളും സ്ത്രീ വിഷയം പറയണമെന്നില്ല. സമൂഹത്തിലെ വിഷയങ്ങള്‍ പറയണം. അതില്‍ സ്ത്രീകളുമുണ്ട്. അവര്‍ അതിന്റെ ഭാഗമാണ്. സൊസൈറ്റി എങ്ങിനെയാണോ സ്ത്രീകളോട് കാണിക്കുന്നത് ആ പ്രാമുഖ്യം തന്നെയാണ് സിനിമയിലും കാണിക്കുക. അല്ലാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണിക്കുന്നതുപോലെയൊന്നും ഇവിടെ കാണിക്കാന്‍ പറ്റില്ല. സ്ത്രീ വിഷയങ്ങള്‍ സംസാരിക്കാനായിട്ട് എന്തുകൊണ്ട് ഡബ്ല്യുസിസിക്കാര്ക്കു സിനിമ ഉണ്ടാക്കിക്കൂടാ!
തിരക്കഥകളേക്കാള്‍ സിനിമ ചിത്രീകരിക്കുന്ന രീതിക്കും സാങ്കേതിക മികവിനുമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ സ്ഥാനമെന്നു തോന്നുന്നുണ്ടോ?
തിരക്കഥ ഒരു വിത്താണ്. ഉദാഹരണത്തിന്, രാജീവ് രവിയുടെ സിനിമകളില്‍ തിരക്കഥ അദ്ദേഹം എഴുതി വച്ചിരിക്കുന്നത് ഒരു നടനിലേക്കു അദ്ദേഹം സന്നിവേശിപ്പിക്കുന്നതില്‍ പ്രത്യേകതയുണ്ട്. നിങ്ങള്‍ എഴുതി വച്ചിരിക്കുന്ന ഡയലോഗ് മറക്കുക എന്നു അദ്ദേഹം പറയും. എന്നിട്ടു എങ്ങനെയാണ് നിങ്ങള്‍ ഈ കഥാപാത്രങ്ങളെ ആത്മാവിലേക്കു സന്നിവേശിപ്പിക്കുന്നതെന്നു മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. തിരക്കഥയില്‍ എഴുതി വച്ചിരിക്കുന്ന സംഭാഷണങ്ങള്‍ അതേപടി പഠിച്ചു പറയണമെന്നൊന്നുമില്ല. അത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. അടൂര്‍ ഗോപാലകൃഷ്ണന് സാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍, അദ്ദേഹത്തിനു ഒരു കൃത്യമായ നിഷ്ഠയുണ്ട്. അദ്ദേഹം പറയുന്ന അതേ ടോണില്‍ അതേ ഫുള്സ്റ്റോപ്പില് നമ്മള് സംസാരിക്കണം. എം.പി സുകുമാരന്‍ നായര്‍ക്കും അതേ ശീലമാണ്. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. സംവിധാന രംഗത്ത് ഒരു ആക്ടര്‍ ഉപയോഗിക്കേണ്ടത് സംവിധായകന്റെ താല്പര്യമാണ്. അതിനു വഴങ്ങിക്കൊടുക്കുക എന്നതാണ് നടന്റെ രീതി.
സമൂഹത്തില്‍ നാം ജീവിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനിവാര്യമാണോ? ഒരു സിനിമാ നടന് അതിന് പരിമിതികളുണ്ടാകില്ലേ? ഒരു രാഷ്ട്രീയപാര്ട്ടിക്കെതിരേ പരാതി കൊടുക്കാന്‍ കണ്ണുകെട്ടി പൊലീസ് സ്റ്റേഷനില്‍ ചെന്നിരുന്നല്ലോ. ഇതു പ്രതിഷേധമാണോ, പ്രതിരോധമാണോ?
തീര്‍ച്ചയായിട്ടും സമൂഹത്തോട് ഉത്തരവാദിത്വമുള്ളവരായിരിക്കണം കലാകാരന്മാരെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്തിനാണ് നിങ്ങള്‍ കണ്ണാടിക്കൂട്ടില്‍ താമസിക്കുന്നത് ? നിങ്ങള്‍ക്ക് ഈ ബഹുമാനവും സ്ഥാനങ്ങളും സമ്പത്തും തന്നത് ഈ സമൂഹമല്ലേ, ആ സമൂഹത്തോട് ഉത്തരവാദിത്വം കാണിക്കേണ്ടവരാണ് സിനിമാ നടന്മാരും എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. പ്രതിഷേധം, അതു ഒരു പാര്ട്ടിക്കുമെതിരേയല്ല. കേന്ദ്രം ഭരിക്കുന്ന ഒരു കക്ഷിയുടെ നേതാവില്‍ നിന്നു വരുന്ന, അതും കേരളം പോലുള്ള സമൂഹത്തില്‍ വന്നിട്ട് നിങ്ങളുടെ വീട്ടില്‍ കയറി കണ്ണു കുത്തിപ്പൊട്ടിക്കും എന്നു പറയുന്നത്, അത് പേടിപ്പെടുത്തുന്നതാണ്. ഇപ്പോള്‍ മണിപ്പൂരിലെ കാര്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ, അറിഞ്ഞുകൊണ്ടിരിക്കുകയല്ലേ, അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് ആ ഭീഷണി ശരിയല്ല. എന്റെ കണ്ണിനു സംരക്ഷണം നല്കാന് ഉത്തരവാദപ്പെട്ടത് ഇവിടുത്തെ പൊലീസ് ഡിപ്പാര്‍ട്ടുമെന്റാണ്. അങ്ങനെയാണ് ആ പൊലീസ് സ്റ്റോഷനിലേയ്ക്കു ചെല്ലുന്നത്. എന്റെ കണ്ണിനു സംരക്ഷണം നല്‍കണം. ഞാന്‍ ഒരു അഭിപ്രായം പറഞ്ഞാല്‍, വീട്ടില്‍ കയറി കണ്ണു കുത്തിപ്പൊട്ടിക്കുക എന്നല്ല ഉത്തരവാദപ്പെട്ട രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ഭീഷണി മുഴക്കി പോകേണ്ടത്. അതു തെറ്റാണെന്നും അവരില്‍ നിന്ന് എന്റെ കണ്ണിനു സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഞാന്‍ അവിടെ പോയത്. അല്ലാതെ ഒരു പാര്‍ട്ടിക്കും എതിരല്ല. ഞാന്‍ രാജ്യസ്നേഹമാണ് പ്രകടിപ്പിച്ചത്. രാജ്യവിരുദ്ധതയല്ല, സാമൂഹ്യദ്രോഹമല്ല ഞാന്‍ ചെയ്തത്.
താങ്കളുടെ തെരുവുനാടകങ്ങള്‍ പോലെയുള്ള ചില അവതരണങ്ങള്‍ സമൂഹത്തിന്റെ കണ്ണുതുറക്കാന്‍ സഹായിച്ചിട്ടുണ്ടോ?
എന്റെ തെരുവുനാടകങ്ങള്‍ കണ്ണു തുറപ്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍, കണ്ണു തുറന്ന് കാണേണ്ടത് സമൂഹമാണ്. ഈ കാലത്ത് മാത്രമല്ല എല്ലക്കാലത്തും അങ്ങിനെയാണ്. തെരുവുനാടകം കളിച്ചു നടന്നിരുന്ന സഫ്ദര്‍ ഹര്ഷ്മിയെ ചവിട്ടി, തല്ലിക്കൊന്നതും ഓര്‍ക്കുമല്ലോ. അദ്ദേഹം സമൂഹത്തിനുവേണ്ടി സംസാരിച്ചു. അദ്ദേഹത്തെ കൊന്നത് കോണ്‍ഗ്രസ് ഗുണ്ടകളാണ്. അതൊന്നും, അത്തരം കാര്യങ്ങളൊന്നും എനിക്കു പേടിയുള്ള കാര്യമല്ല. യേശുവിനെ ഭൂമിയിലേക്കു വിട്ടിട്ടു അദ്ദേഹത്തെ കുരിശില്‍ തറച്ച് കൊന്നപ്പോള്‍ പിതാവ് മകനെ മൂന്നാം ദിവസം ഉയര്പ്പിക്കാന് മറന്നു പോയില്ലല്ലോ, അത്രയേ ഉള്ളൂ കാര്യം.
സംവിധാന രംഗത്തേക്ക് കടക്കാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞിരുന്നു. മനസില്‍ ഒരു കഥയുണ്ടോ? ആരൊക്കെയായിരിക്കും അഭിനേതാക്കള്‍?
സംവിധാനത്തിനു ആഗ്രഹമൊക്കെയുണ്ട്. നാടകം കളിക്കുന്ന കാലത്തു തന്നെ ഉള്ളില്‍ ഒരു സംവിധാനത്തിനുള്ള ആഗ്രഹമുള്ളതുകൊണ്ടാണ് അഭിനയിക്കാന്‍ സാധിക്കുന്നത്. പക്ഷേ സിനിയ്ക്ക് ഒരു പ്രൊഡ്യൂസര്‍ വേണം. ചെയ്യാന്‍ പ്ലാനുണ്ട്. ചിലപ്പോള്‍ അടുത്തവര്‍ഷം സംഭവിച്ചേക്കാം. എന്റെ കുട്ടിക്കാലം മുതലുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു സിനിമയായിരിക്കുമത്. അതിലെ അഭിനേതാക്കള്‍ ഞാന്‍ തന്നെയാണ്. എന്റെ കുട്ടിക്കാലം ചെയ്യാന്‍ ഒരു പയ്യനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ മക്കള്‍ വളര്‍ന്നുപോയി. അല്ലെങ്കില്‍ അവരെ ആരെയെങ്കിലും കൊണ്ടു ചെയ്യിക്കാമായിരുന്നു.
ജീവിതത്തില്‍ അഭിനയിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ടോ?
ജീവിതത്തില്‍ അഭിനയിക്കാന്‍ പറ്റില്ല. അവസരങ്ങള്‍ വരാറുണ്ട്. വീട്ടില്‍ ചെന്നുകേറുമ്പോള്‍ ഭാര്യയും മക്കളും അടുത്തുകൂടി നടന്ന് മണം പിടിക്കും. അപ്പോള്‍ ഒന്നു അഭിനയിക്കും. മദ്യപിച്ചിട്ടുണ്ടോ എന്നു അറിയാനാണ്. ആ സമയത്ത് മദ്യപിച്ചിട്ടില്ല എന്നു കാണിക്കാന്‍ അഭിനയിക്കും. പിന്നെ സെറ്റില്‍ ചെല്ലുമ്പോള്‍ ഗുഡ്മോണിംഗ് എന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ ഞാന്‍ തിരിച്ചു പറയും. പക്ഷേ എന്തു ഗുഡ്മോണിംഗ് ആണ്, ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ഏറ്റവും നിശബ്ദമായി സഹിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുടെ ഇടയില്‍ എന്തു ഗുഡ്മോണിംഗ് ?