നിസ്സഹായരായ രണ്ടു സ്ത്രീകളെ പട്ടാപ്പകല്‍ വിവസ്ത്രരാക്കി വലിയൊരു ജനക്കൂട്ടം ആര്‍ത്തുവിളിച്ച് ഗ്രാമവീഥിയിലൂടെ അപമാനിച്ചാനയിച്ച് പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യുന്നതിന്റെ 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ രാജ്യത്തെ നടുക്കി. മനസ്സാക്ഷിയുള്ള ആരിലും ഉല്‍ക്കടവ്യഥയും ഭയാവേഗവും സംഭ്രമവും വൈകാരിക ആഘാതവും സൃഷ്ടിക്കുന്ന ആ ദൃശ്യങ്ങള്‍ മണിപ്പുരിലെ ന്യൂനപക്ഷ കുക്കി ക്രൈസ്തവ ഗോത്രവിഭാഗങ്ങള്‍ രണ്ടരമാസമായി അനുഭവിക്കുന്ന ഭയാനകമായ വംശീയപീഡനങ്ങളുടെ ഒരു നേര്‍ചിത്രമാണ്. ആ ട്വിറ്റര്‍ ഫുട്ടേജ് കണ്ട് ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണിയെയും സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെയും കോടതിയില്‍ വിളിച്ചുവരുത്തി, ഭരണഘടനാധിഷ്ഠിത ജനാധിപത്യസംവിധാനമുള്ള രാജ്യത്ത് സ്ത്രീകളെ വംശീയ ഏറ്റുമുട്ടലിന്റെ ഇരകളാക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടിവരുമെന്നും താക്കീതു നല്‍കിയതിനെ തുടര്‍ന്നാണ് മണിപ്പുര്‍ കലാപത്തെ സംബന്ധിച്ച് ഇതുവരെ ഒരക്ഷരം ഉരിയാടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 79 ദിവസത്തെ മൗനം ഭഞ്ജിച്ചത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കേ, ജനാധിപത്യ രീതിയില്‍ രാജ്യത്തെ ജനപ്രതിനിധികളെ അഭിമുഖീകരിച്ച് മണിപ്പുരിലെ സംഭവങ്ങളെക്കുറിച്ച് സഭയില്‍ ഔദ്യോഗിക പ്രസ്താവന നടത്തുന്നതിനു പകരം പാര്‍ലമെന്റ് മന്ദിരത്തിനു വെളിയില്‍ വച്ചാണ് മാധ്യമങ്ങളിലൂടെ, ”മണിപ്പുരിലെ പെണ്മക്കള്ക്കു” നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ തന്റെ ഹൃദയത്തില്‍ വേദനയും ക്രോധവും നിറയുകയാണെന്നും ഏതൊരു സമൂഹത്തിനും ലജ്ജാകരമായ ഈ സംഭവം നമ്മുടെ രാഷ്ട്രത്തിലെ 140 കോടി ജനങ്ങളെ നാണംകെടുത്തിയിരിക്കയാണെന്നും പറഞ്ഞത്.
ബിജെപി ഭരിക്കുന്ന മണിപ്പുരിലെ വര്ഗീയകലാപത്തെക്കുറിച്ചോ അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചോ പ്രത്യേക പരാമര്ശമൊന്നുമില്ലാതെ, മണിപ്പുരി ജനതയ്ക്ക് ഒരു സമാശ്വാസ സന്ദേശവും നല്‍കാതെ, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പ്രശ്നത്തെ സാമാന്യവത്കരിക്കാനാണ് മോദി ശ്രമിച്ചത്.
സ്ത്രീകളെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്തത് പൊലീസ്
മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ കാങ്പോക്പിയിലെ ബി ഫെയ്നോം എന്ന കുക്കി ഗോത്ര ഗ്രാമം ഇക്കഴിഞ്ഞ മേയ് നാലിനു പുലര്‍ച്ചെ മെയ്തെയ് ജനക്കൂട്ടം ആക്രമിച്ചപ്പോള്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടവരില്‍ ഇരുപത്തൊന്നുകാരിയായ യുവതിയും 42 വയസുള്ള മറ്റൊരു വനിതയുമാണ് പിന്നീട് മണിക്കൂറുകളോളം ”അജ്ഞാതരായ സായുധ സംഘം” എന്നു പൊലീസ് എഫ്ഐആറില്‍ വിശേഷിപ്പിക്കുന്ന വംശവെറി പൂണ്ട അധമന്മാരുടെ നിഷ്ഠുര ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായത്. യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച അന്‍പത്താറുകാരനായ അച്ഛനെയും 19 വയസുള്ള സഹോദരനെയും തല്ലിക്കൊന്നുതള്ളിയശേഷമാണ് അവളെയും കൂടെയുണ്ടായിരുന്ന നാലു കുട്ടികളുടെ അമ്മയായ സ്ത്രീയെയും ഉടുവസ്ത്രമഴിച്ച് ശരീരമാസകലം പിച്ചിപ്പറിച്ചും ദണ്ഡനമേല്പിച്ചും കുറെദൂരം നടത്തിക്കൊണ്ടുപോയി പരസ്യമായി ബലാത്കാരത്തിന് ഇരകളാക്കിയത്. കൈക്കുഞ്ഞുമായി മറ്റൊരു യുവതിയെയും അക്രമികള്‍ പിടികൂടിയിരുന്നു. അക്രമി സംഘത്തിലെ ആരോ പകര്‍ത്തിയ വീഡിയോയില്‍ ഈ യുവതിയെ കാണാനില്ല.
വനപ്രദേശത്തു നിന്ന് സുരക്ഷിതകേന്ദ്രത്തില്‍ എത്തിക്കാമെന്നു പറഞ്ഞ് തങ്ങളെ കൊണ്ടുപോയ പൊലീസുകാര്‍, മലമുകളില്‍ നിന്ന് കൊള്ളയടിച്ച ആടുമാടുകളൊക്കെയുമായി ഇറങ്ങിവന്ന മെയ്തെയ് അക്രമിക്കൂട്ടത്തിന് തങ്ങളെ വിട്ടുകൊടുത്ത് മാറിനിന്നുവെന്നാണ് അതിക്രമങ്ങള്‍ക്ക് ഇരയായ മുതിര്‍ന്ന സ്ത്രീ പിന്നീട് ചുരാചാന്ദ്പുരിലെ ദുരിതാശ്വാസകേന്ദ്രത്തില്‍ വച്ച് വെളിപ്പെടുത്തിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി പോരാടിയ ആര്‍മി സുബേദാറുടെ ഭാര്യയാണ് ഇവര്‍. യുവതിയുടെ അച്ഛനെ ആദ്യം അടിച്ചുവീഴ്ത്തിയത് പൊലീസിന്റെ സാന്നിധ്യത്തിലാണ്. വഴിയോരത്ത് കിടന്നിരുന്ന ഒരു പൊലീസ് വാഹനത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും ഡ്രൈവറെയും കണ്ട് പെങ്ങളെ അതില്‍ കയറ്റി അക്രമികളില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അവളുടെ അനുജനെ അവര്‍ വകവരുത്തിയത്. കിഴക്കന്‍ താഴ് വാരത്തെ തൗബാലിലെ നോങ്പോക് സെക്മെയ് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകും വഴി സ്റ്റേഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ വച്ച് ആയിരത്തോളം വരുന്ന ജനക്കൂട്ടം വളഞ്ഞ് സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി എന്നാണ് പൊലീസിന്റെ ഭാഷ്യം.
തോക്കുചൂണ്ടി തങ്ങളുടെ ഉടുതുണി അഴിപ്പിച്ച് നൃത്തം ചെയ്യിച്ചുവെന്നും പതിനഞ്ചു വയസ് തോന്നിക്കുന്നവര്‍ വരെ തങ്ങളെ പീഡിപ്പിച്ച ക്രൂരമൃഗങ്ങളെപോലുള്ളവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നുമാണ് മുതിര്‍ന്ന സ്ത്രീ പറഞ്ഞത്. അക്രമസംഭവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം, മേയ് 18ന് കാങ്പോക്പിയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ ഗ്രാമമുഖ്യന്റെ സഹായത്തോടെ രണ്ടു സ്ത്രീകളുമെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. (മറ്റൊരു സ്റ്റേഷന് അതിര്‍ത്തിയില്‍ നടന്ന കേസ് രജിസ്റ്റര്‍ ചെയ്യുന്ന രീതിയാണ് ‘സീറോ’ എഫ്ഐആര്‍). ലൈംഗികപീഡനം സംബന്ധിച്ച മെഡിക്കല്‍ പരിശോധനയൊന്നും നടത്തിയില്ല. ഇരകളില്‍ നിന്നോ സാക്ഷികളില്‍ നിന്നോ മൊഴിയെടുത്തില്ല. കേസ് രജിസ്റ്റര്‍ ചെയ്ത ഓഫിസര്‍ ഇന്‍-ചാര്‍ജിനെ രണ്ടു ദിവസത്തിനകം സ്ഥലംമാറ്റി. ജൂണ്‍ 21ന് ആണ് സംഭവം നടന്ന സ്ഥലത്തെ നോങ്പോക് സെക്മെയ് പൊലീസിന് കേസ് ട്രാന്‍സ്ഫര്‍ ചെയ്തത്. ”തെളിവുകള്‍” ഇല്ലായിരുന്നതിനാല്‍ നടപടിയൊന്നുമെടുക്കാന്‍ കഴിഞ്ഞില്ല എന്നാണ് തൗബാല്‍ ജില്ലയിലെ പൊലീസ് സൂപ്രണ്ട് സച്ചിദാനന്ദ സൊയ്ബാം വിശദീകരിച്ചത്.
ജൂണ്‍ ആദ്യവാരത്തില്‍തന്നെ ചില മാധ്യമപ്രവര്‍ത്തകര്‍ ഇരകളെ നേരിട്ടു കണ്ട് വിവരങ്ങള്‍ ശേഖരിച്ച് വാര്‍ത്ത പുറത്തുവിട്ടിരുന്നു. കുക്കി സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തി കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ അക്രമിസംഘത്തിന്റെ പക്കലുണ്ടിരുന്നെങ്കിലും മണിപ്പുരില്‍ മേയ് മൂന്നു മുതല്‍ ഇന്റര്‍നെറ്റ് സര്‍വീസ് വിച്ഛേദിക്കപ്പെട്ടിരുന്നതിനാല്‍ അത് ഏതാനും മെയ്തെയ് രാഷ്ട്രീയ നേതാക്കള്‍ ഒഴികെ മറ്റാരുമായും പങ്കുവയ്ക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ജൂലൈ 20ന്, പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പായി മെയ്തെയ് പക്ഷത്തുനിന്നുതന്നെ അതു പുറത്തുവന്നതോടെയാണ് മണിപ്പുരിലെ വംശീയകലാപത്തിന്റെ ഏറ്റവും ജുഗുപ്സാവഹമായ ”യുദ്ധക്കുറ്റങ്ങളുടെ” ഇരുണ്ട സത്യങ്ങളിലൊന്ന് പുറംലോകം കാണുന്നത്.
വീഡിയോ കണ്ടപ്പോഴാണ് താന്‍ അതിക്രമങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും, തല്‍ക്ഷണം സ്വന്തം നിലയ്ക്കു കേസെടുക്കാന്‍ തീരുമാനിക്കുകയും കുറ്റവാളികളെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചിലിന് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിക്കാന്‍ ഉത്തരവിടുകയും ചെയ്തുവെന്നും പ്രതികള്‍ക്ക് വധശിക്ഷതന്നെ നല്കാന് വേണ്ടതൊക്കെ ചെയ്യുമെന്നുമാണ് മെയ്തെയ് പക്ഷക്കാരനായ മണിപ്പുരിലെ ബിജെപി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് പ്രസ്താവിച്ചത്.
നുഴഞ്ഞുകയറ്റക്കാരെ തടയാനുള്ള ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനത്തിലെ പരിശോധനകള്‍ക്കായി കലാപത്തിനു തൊട്ടുമുന്‍പായി കൊണ്ടുവന്ന മുഖം തിരിച്ചറിയാനുള്ള എഫ്ആര്‍എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോയില്‍ നിന്ന് കുറ്റവാളികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്ന് മണിപ്പുര്‍ പൊലീസ് പറഞ്ഞതുപോലെ 24 മണിക്കൂറിനകം 32 വയസുള്ള ഒരു കാര്വര്ക്ക്ഷോപ്പുകാരനെയും മൂന്നു കൂട്ടാളികളെയും അറസ്റ്റു ചെയ്തു.
വ്യാജവീഡിയോയില്‍ നിന്ന് തുടക്കം
മണിപ്പുരിലെ ഭൂരിപക്ഷ മെയ്തെയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിന്മേല് നടപടി സ്വീകരിക്കുന്നതിനെതിരേ സംസ്ഥാനത്തെ ന്യൂനപക്ഷ നാഗാ, കുക്കി ഗോത്രവിഭാഗങ്ങളുടെ വിദ്യാര്‍ഥി സംഘടന ആഹ്വാനം ചെയ്ത സമാധാനപരമായ ജനകീയ റാലി നടന്ന ഇക്കഴിഞ്ഞ മേയ് മൂന്നിന്, കുക്കി മേഖലയായ ചുരാചാന്ദ്പുരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മെയ്തെയ് വിഭാഗത്തില്‍ പെട്ട നഴ്സിങ് വിദ്യാര്‍ഥിനിയുടേത് എന്ന പേരില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ ഒരു മൃതദേഹത്തിന്റെ വ്യാജവീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് ബിജെപി ഭരണകൂടത്തിന്റെ പിന്തുണയുള്ള മെയ്തെയ് സായുധസംഘങ്ങള്‍ തലസ്ഥാന നഗരമായ ഇംഫാലിലും താഴ് വാരത്തോടു ചേര്‍ന്നുള്ള മലയോര കുക്കി ഗ്രാമങ്ങളിലും വ്യാപകമായ കൊള്ളയും കൊള്ളിവയ്പും ആരംഭിച്ചത്. 2022 നവംബറില്‍ ഡല്‍ഹിയില്‍ മാതാപിതാക്കള്‍ ദുരഭിമാനത്തിന്റെ പേരില്‍ കൊലപ്പെടുത്തി ഉത്തര്‍പ്രദേശിലെ മഥുര എക്സ്പ്രസ് ഹൈവേയില്‍ തള്ളിയ ആയുഷി ചൗധരി എന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രമാണ് ആ വ്യാജവീഡിയോയിലുള്ളതെന്ന് മണിപ്പുര്‍ പൊലീസ് കണ്ടെത്തിയപ്പോഴേക്കും, രണ്ടു ദിവസം അനിയന്ത്രിതമായി ആളിപ്പടരാനുള്ള എല്ലാ സാഹചര്യവും ഒരുക്കപ്പെട്ടപോലെ കുക്കി ക്രൈസ്തവ ഗോത്രക്കാരെ ലക്ഷ്യം വച്ചുകൊണ്ടുള്ള കലാപം താഴ് വാരത്തും മലയോരങ്ങളിലും പടര്‍ന്നിരുന്നു.
ഇംഫാലില്‍ നാഗാ ഗോത്ര വിഭാഗങ്ങളുടേത് ഒഴികെ, ഇംഫാലിലുള്ള ക്രൈസ്തവ ആരാധനാലയങ്ങളും – ക്രൈസ്തവരായ മെയ്തെയ് വിഭാഗക്കാരുടേതും ഇതില്‍ ഉള്‍പ്പെടും – ക്രൈസ്തവ സ്ഥാപനങ്ങളും ക്രിസ്ത്യാനികളുടെ വീടുകളും കടകളും ബിസിനസ് കേന്ദ്രങ്ങളുമെല്ലാം കൃത്യമായി ആക്രമിക്കപ്പെട്ടു. (ഇസ്രയേലില്‍ നിന്ന് 2,700 വര്‍ഷങ്ങള്‍ക്കു മുന്‍പ് അസീറിയന്‍ ആധിപത്യത്തിന്റെ നാളുകളില്‍ ചിതറിപ്പോയ പത്തു യഹൂദ ഗോത്രങ്ങളിലൊന്നായ ബെനെയ് മെനഷെ സന്തതിപരമ്പരയില്പെട്ടവര് എന്ന് അവകാശപ്പെട്ട് വാഗ്ദത്തഭൂമിയായ ഇസ്രയേലിലേക്ക് ‘അലിയ’ (തിരിച്ചുപോക്ക്) പ്രതീക്ഷിച്ചു കഴിയുന്ന മണിപ്പുരിലെ ഒരുപറ്റം യഹൂദരുടെ സിനഗോഗുകളും വാസസ്ഥലങ്ങളും ഇക്കൂട്ടത്തില്‍ നശിപ്പിക്കപ്പെട്ടു. യഹൂദരുടെ ‘ദാവീദിന്റെ നക്ഷത്ര’ ചിഹ്നവും ക്രൈസ്തവരുടെ കുരിശും വേര്‍തിരിച്ചറിയാന്‍ സനാമഹി-ഹൈന്ദവ വിശ്വാസികളായ മെയ്തെയ് അക്രമിസംഘങ്ങള്‍ക്കു കഴിയാത്തതാവാം കാരണം!)
മേയ് മൂന്നാം തീയതി രാത്രി മണിപ്പുരിലെ തെക്കുകിഴക്കന്‍ മേഖലയിലെ മലയോരപ്രദേശങ്ങളിലെ പത്ത് കുക്കി ഗ്രാമങ്ങളില്‍ കൂട്ടംചേര്ന്നെത്തി വീട്ടുപകരണങ്ങളും ഇലക്ട്രോണിക് സാമഗ്രികളും വാഹനങ്ങളും ആഭരണങ്ങളും പണവും ധാന്യവും വിളകളും പണവും പന്നിയും പശുവും ആടുകളും കോഴിയും താറാവും ജംഗമവസ്തുക്കളുമെല്ലാം പങ്കിട്ടെടുത്ത് വീടുകള്‍ക്കെല്ലാം തീവച്ച മെയ്തെയ് സായുധസംഘങ്ങള്ക്കൊപ്പം പലയിടത്തും സംസ്ഥാന പൊലീസ് കമാന്‍ഡോകളും ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഇംഫാലിലെ പൊലീസ് ട്രെയ്നിങ് കോളജിലെ ആയുധപ്പുരയിലെയും പല സ്റ്റേഷനുകളിലെയും ആധുനിക ആയുധശേഖരത്തില്‍ നിന്ന് എകെ 47 റൈഫിള്‍, എസ്എല്‍ആര്‍, ഇന്‍സാസ്, 303 റൈഫിള്‍സ് തുടങ്ങി വേണ്ടതെല്ലാം കൈക്കലാക്കിയാണ് അരംബായ് തെങ്ഗോല്‍, മെയ്തെയ് ലീപുന്‍ തീവ്രവാദി കേഡറുകളുടെ നേതൃത്വത്തില്‍ ജനക്കൂട്ടം താഴ് വരയിലെയും മലയോരത്തെയും കുക്കി സമൂഹത്തിന്റെ വാസസ്ഥലങ്ങള്‍ വളഞ്ഞത്.
മെയ്തെയ് ആള്‍ക്കൂട്ട അതിക്രമണങ്ങള്‍ക്ക് ഇരകളായ സ്ത്രീകളുടെയും കൊല്ലപ്പെട്ടവരുടെയും യഥാര്‍ഥ കണക്കും വിവരവും ഇതേവരെ ആര്‍ക്കും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നോങ്പോക് സെക്മെയ് കൂട്ടബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ജൂലൈ നാലു വരെ 5,995 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറു സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായതിനെക്കുറിച്ച് ‘ദ് പ്രിന്റ്’ ജൂണ്‍ 12ന് ്റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
മണിപ്പുര്‍ കലാപത്തില്‍ കുക്കി ഗോത്രവര്‍ഗക്കാര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളുടെ യഥാര്‍ഥ ചിത്രം ഇന്റര്‍നെറ്റ് നിരോധനം മൂലം പുറത്തുവരാത്ത സാഹചര്യമുണ്ടെങ്കിലും, കുക്കി വനിതകളെ നഗ്നരാക്കി തെരുവിലൂടെ അപമാനിച്ച് പരേഡ് ചെയ്യിപ്പിച്ചതിന്റെയും ബലാത്കാരം ചെയ്തതിന്റെയും വീഡിയോ പുറത്തുവിട്ടതിലൂടെ ഇരകളെ വീണ്ടും ദ്രോഹിക്കുകയാണെന്നും അവരുടെ സുരക്ഷിതത്വത്തിന് അത് ഭീഷണിയാണെന്നും കുക്കി ഗോത്ര മുഖ്യന്മാരുടെ ഫോറം കുറ്റപ്പെടുത്തുന്നു.
ഇത്തരം നാലു കേസുകള്‍ കൂടി ഉണ്ടെന്ന് മണിപ്പുരിലെ 10 കുക്കി-സോ എംഎല്‍എമാര്‍ – ഇവരില്‍ ഏഴുപേര്‍ ഭരണപക്ഷത്തെ ബിജെപിക്കാരാണ് – ഇന്നലെ വെളിപ്പെടുത്തി: എച്ച് ഖോപിബുങ്ങില് നിന്നുള്ള രണ്ട് കുക്കി-സോ സ്ത്രീകള്‍ ഇംഫാലിലെ കൊനുംഗ് മമാംഗില് ബലാത്സംഗത്തിന് ഇരകളായി. ഇംഫാലിലെ ഉരിപോക്കിലെ സ്വന്തം വീട്ടില്‍വച്ച് ഒരു സ്ത്രീയും രണ്ട് പെണ്മക്കളും അതിക്രമങ്ങള്‍ക്ക് ഇരകളായി കൊല്ലപ്പെട്ടു. ചെക്കോണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഒരു സ്ത്രീ രണ്ടുവട്ടം ലാങ്ഗോലിലും നഗാരിയന് ഹില്ലിലും ബലാത്സംഗത്തിന് ഇരയായി. മാനസിക അസ്വാസ്ഥ്യമുള്ള ഒരു കുക്കി സ്ത്രീയെ ഇംഫാലില്‍ വെടിവച്ചുകൊന്നു.
ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായ ചില സ്ത്രീകളുടെ സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മേയ് അഞ്ചിന് ഇംഫാലിലെ കാര്‍വാഷ് ഷോപ്പില്‍ വച്ച് ഏതാണ്ട് 24 വയസുള്ള രണ്ടു കുക്കി യുവതികളെ ഏഴുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുകൊന്നു. അവരുടെ നീണ്ട മുടി പറിച്ചെടുത്ത് മുറിയില്‍ ചിതറിയിരുന്നു.
ചുരാചാന്ദ്പുരില്‍ ഇരുപത്തിരണ്ടുകാരിയായ കുക്കി മെഡിക്കല്‍ വിദ്യാര്‍ഥിനി മെയ് നാലിന് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി. അവളുടെ മുഖത്തും ദേഹമാസകലവും ക്ഷമതമേറ്റു. മൂന്നു പല്ലുകള്‍ നഷ്ടപ്പെട്ട് ബോധമറ്റുവീണ അവളെ പിന്നീട് ഇംഫാലിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ലൈംഗികാതിക്രമത്തിന് മെഡിക്കല്‍ പരിശോധനയൊന്നും നടത്തിയില്ല.
മേയ് 15ന് ഇംഫാലിലെ ഒരു മുസ്ലിം കുടുംബത്തില്‍ അഭയം തേടിയിരുന്ന പതിനെട്ടുകാരിയായ കുക്കി പെണ്‍കുട്ടിയെ എടിഎമ്മില്‍ നിന്ന് രണ്ടു കാറുകളിലെത്തിയ അരംബായ് തെങ്ഗോല്‍ സംഘം തട്ടിക്കൊണ്ടുപോയി. പിന്നീട് ഒരു മലയോരത്ത് തള്ളിയ ആ പെണ്‍കുട്ടി താഴേക്ക് ഉരുണ്ട് ഒരു നാഗാ ഗ്രാമത്തിലെത്തി രക്ഷപ്പെടുകയാണുണ്ടായത്.
കൊടിയ അതിക്രമങ്ങള്‍ക്ക് ഇരകളായ സ്ത്രീകള്‍ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കാകുലരായും ജീവന് അപകടത്തിലാകും എന്ന ഭയത്താലും തങ്ങള്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ ധൈര്യമില്ലാതെ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസകേന്ദ്രങ്ങളിലും പുറത്തും കഴിയുന്നുണ്ടെന്ന് മണിപ്പുരില്‍ ജൂണ്‍ മാസാവസാനം വസ്തുതാന്വേഷണപഠനം നടത്തിയ സിപിഐയുടെ നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വിമെന്‍ ജനറല്‍ സെക്രട്ടറി ആനി രാജയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സൂചിപ്പിക്കുകയുണ്ടായി. മണിപ്പുരില്‍ നടക്കുന്നത് ഭരണകൂടം സ്പോണ്സര് ചെയ്ത കലാപമാണെന്ന പരാമര്‍ശത്തിന്റെ പേരില്‍ ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മണിപ്പുര്‍ പൊലീസ് കേസെടുത്തിരുന്നു. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്കി അവരുടെ അറസ്റ്റ് തടയുകയായിരുന്നു.
മൃതദേഹങ്ങള്‍ ഇപ്പോഴും മോര്‍ച്ചറിയില്‍
ഡേവിഡ് എന്ന കുക്കി യുവാവിനെ തലയറുത്തുകൊന്നതും, അസം റൈഫിള്‍സ് ബാരക്കില്‍ അഭയം തേടിയിരുന്ന കുക്കി കുടുംബത്തിലെ ഏഴുവയസുള്ള കുട്ടിക്ക് പുറത്തുനിന്നുള്ള മെയ്തെയ് സംഘത്തിന്റെ വെടിവയ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഇംഫാലിലെ ആശുപത്രിയിലെത്തിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും രണ്ട് പൊലീസ് വാഹനങ്ങളുടെയും അകമ്പടിയോടെ പോയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി കുട്ടിയെയും മെയ്തെയ് വംശജയായ അമ്മയെയും ബന്ധുവായ സ്ത്രീയെയും ചുട്ടുകൊന്നതും കോടതി രേഖകളില്‍ പരാമര്‍ശിക്കുന്നത് വംശീയസംഘര്‍ഷങ്ങളുടെ അന്തരീക്ഷം കൂടുതല്‍ വളഷാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന സൊളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചിട്ടുള്ളത്. ഒരു പ്രത്യേക സമൂഹം ആക്രമിക്കപ്പെടുന്നു എന്നത് പുറംലോകം അറിയരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുള്ളതു പോലെ തോന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കരുതെന്ന നയത്തില്‍.
കുക്കി എംഎല്‍എമാരുടെ സംയുക്ത പ്രസ്താവനയില്‍ കലാപത്തില്‍ കൊല്ലപ്പെട്ട 114 കുക്കി-സോ ഗോത്രവിഭാഗക്കാരുടെ കണക്ക് പറയുന്നുണ്ട്. കലാപത്തിന്റെ ആദ്യത്തെ അഞ്ചു ദിനങ്ങളില്‍ കൊല്ലപ്പെട്ട 70 പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും മറ്റു ചില മോര്‍ച്ചറികളിലുമാണ്. അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി ജൂലൈ 11ന് ഉത്തരവിട്ടിരുന്നു.
സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ഏപ്രില്‍ 30ന് പോസ്റ്റിട്ടതിന് അറസ്റ്റിലായ ഹാങ്ലാല്മുവാന് വെയ്ഫെയ് എന്ന 21കാരനായ കോളജ് വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. കോടതിയില്‍ നിന്ന് ജയിലിലേക്കു കൊണ്ടുപോകുമ്പോള്‍ മെയ്തെയ് ജനക്കൂട്ടം കൊന്നുവെന്നാണ് മേയ് അഞ്ചിന് വീട്ടുകാരെ പൊലീസ് അറിയിച്ചത്. മൃതദേഹം വിട്ടുനല്കിയിട്ടില്ല. കസ്റ്റഡിമരണത്തിനു നല്കിയ പരാതിയില്‍ അന്വേഷണവും നടത്തിയിട്ടില്ല.
ഇംഫാല്‍ ഈസ്റ്റില്‍ നാഗാ ഗോത്രവര്‍ഗക്കാരിയെ ആളുമാറി കൊന്ന്, തിരിച്ചറിയാതിരിക്കാന്‍ വെടിവച്ച് മുഖം വികൃതമാക്കിയ സംഭവത്തില്‍ ഇതുവരെ കലാപത്തില്‍ നിഷ്പക്ഷത പാലിച്ചുവന്ന നാഗാ വിഭാഗത്തിന്റെ തിരിച്ചടി ഭയന്ന് സര്‍ക്കാര്‍ ഉടനടി കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും അക്രമത്തിന് ഇരയായ സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. അതേസമയം, വീടുകളും വസ്തുവകകളും ജീവനോപാധികളും നഷ്ടപ്പെട്ട് ഉടുതുണിയല്ലാതെ മറ്റൊന്നുമില്ലാതെ വാസസ്ഥലങ്ങളില്‍ നിന്നു പലായനം ചെയ്യേണ്ടിവന്ന, കൊടിയ അതിക്രമങ്ങള്‍ക്ക് ഇരകളായ കുക്കി ക്രൈസ്തവര്‍ക്ക് പുനരധിവാസ വാഗ്ദാനമല്ലാതെ ഒരു നഷ്ടപരിഹാരവും ഇതേവരെ നല്കിട്ടില്ല. ദുരിതാശ്വാസകേന്ദ്രത്തില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ പോലും സര്‍ക്കാര്‍ വിവേചനം കാട്ടുന്നു എന്നാണ് പരാതി.
സന്ദേശവാഹകനെ വെടിവയ്ക്കുന്നു
മണിപ്പുരില്‍ കുക്കി-സോ ഗോത്രവര്ക്കാര്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് രാജ്യം ഭരിക്കുന്ന പാര്‍ട്ടി തികഞ്ഞ നിസ്സംഗത പാലിക്കുമ്പോള്‍, കുറച്ചുകാലമായി മോദിയെ വാഴ്ത്തിപ്പാടാന് പരസ്പരം മത്സരിച്ചുവരുന്ന ദേശീയ മുഖ്യധാരാ ടെലിവിഷന്‍ ചാനലുകളും മറ്റു മാധ്യമങ്ങളും തൗബാല്‍ ജില്ലയിലെ നോങ്പോക് സെക്മെയ് പൊലീസ് സ്റ്റേഷന് പരിധിയില്‍ കുക്കി സ്ത്രീകളെ വിവസ്ത്രരാക്കി പരസ്യപ്രദര്‍ശനം നടത്തി ബലാത്കാരം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുന്നതു കണ്ട് ഞെട്ടി ഉണര്‍ന്നപ്പോള്‍, ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയതിന്റെ പേരില്‍ ട്വിറ്ററിനെതിരെ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. വിവാദ വീഡിയോ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു.
യുദ്ധക്കുറ്റം എന്ന് മനുഷ്യാവകാശങ്ങളും വംശകലാപങ്ങളും രാജ്യാന്തര ക്രിമിനല്‍ കോടതി നടപടികളും സംബന്ധിച്ച രാജ്യാന്തര ഉടമ്പടികളില്‍ നിര്‍വചിക്കുന്ന കൊടിയ അതിക്രമത്തിന്റെ തെളിവാണ് മണിപ്പുരില്‍ നിന്ന് ട്വിറ്റര്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. വര്ഗീയസംഘര്ഷമുള്ള മേഖലയില്‍ സ്ത്രീകളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയത് അതിഗൗരവമായ ഭരണഘടനാലംഘനവും മനുഷ്യാവകാശധ്വംസനവുമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സ്ത്രീശരീരം ഒരു സമുദായത്തോടു പ്രതികാരം ചെയ്യാനുള്ള ഉപകരണമായി മാറുന്നു എന്നത് തികച്ചും അസ്വീകാര്യമാണ്. മണിപ്പുരില്‍ നിന്നുള്ള വീഡിയോയില്‍ തെളിഞ്ഞുകാണുന്ന അസ്വാസ്ഥ്യജനകമായ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിക്കുന്നുണ്ട്.
ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക
മണിപ്പുരില്‍ ആഭ്യന്തര കലാപം ആളിപ്പടരുമ്പോള്‍ പ്രധാനമന്ത്രി മോദി അമേരിക്കയിലും ഈജിപ്തിലും ഫ്രാന്‍സിലും യുഎഇയിലും വന്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ലോകനേതാവെന്ന തന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സ്തുതിപാഠകര്‍ ദേശീയ മാധ്യമങ്ങളിലൂടെ അനുയായികളെ ആവേശംകൊള്ളിച്ചുകൊണ്ടിരിക്കെ, ഇന്ത്യന്‍ ഭരണകൂടത്തിന് അസ്വാരസ്യം സൃഷ്ടിക്കുന്ന ചില നയതന്ത്ര ഇടപെടലുകള്‍ പുറത്തുനിന്നുണ്ടായി.
മണിപ്പുരിലെ സംഭവവികാസങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരപ്രശ്നമാണെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ അവിടത്തെ ജനങ്ങളെ സഹായിക്കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്സെത്തിയുടെ പ്രസ്താവന കണ്ണുതുറപ്പിക്കുന്നതായിരുന്നു.
മണിപ്പുരിലേത് സ്ട്രാറ്റജിയുടെ കാര്യമല്ല, അത് തികച്ചും മാനുഷിക പ്രശ്നമാണ്. അവിടെ സംഭവിക്കുന്ന ജീവഹാനിയുടെയും മാനുഷിക ദുരിതങ്ങളുടെയും ആഘാതം മനസിലാക്കാന്‍ ഇന്ത്യക്കാരനാകണമെന്നില്ല എന്നാണ് അംബാസഡര്‍ ഗാര്സെത്തി പറഞ്ഞത്.
ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റീല്‍ ഡേയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി പാരിസിലേക്കു തിരിക്കുമ്പോള്‍ ഫ്രാന്‍സിലെ സ്ട്രാസ്ബൂറില് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തില്‍, ഇന്ത്യയിലെ ന്യൂനപക്ഷ ഗോത്രവര്‍ഗ, മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയും ലൈംഗികാതിക്രമങ്ങള്‍ക്ക് അവര്‍ ഇരകളാകുകയും ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയായിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിലെ 705 അംഗങ്ങളില്‍ 80 ശതമാനം വരുന്ന അഞ്ച് ഗ്രൂപ്പുകള്‍ – യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, പ്രോഗ്രസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ്സ് ആന്‍ഡ് ഡെമോക്രാറ്റ്സ്, റിന്യൂ ഗ്രൂപ്പ്, യൂറോപ്യന്‍ കണ്‍സര്‍വേറ്റീസ് ആന്‍ഡ് റിഫോമിസ്റ്റ്സ് എന്നിവ ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തില്‍ മതന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യാനുള്ള ബിജെപിയുടെ വംശീയദേശീയതാവാദ നയങ്ങളെ അതിശക്തമായി അപലപിക്കുന്നുണ്ട്.
ഇന്ത്യയില്‍ ബിജെപി ഭരണത്തില്‍ മനുഷ്യാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും സിവില്‍ സമൂഹവും ന്യൂനപക്ഷങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും നിരന്തരം ഭീഷണി നേരിടുകയാണെന്ന പ്രമേയം യൂറോപ്യന്‍ പാര്‍ലമെന്റ് ചര്‍ച്ചയ്ക്ക് എടുക്കരുതെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര താക്കീതു നല്‍കിയിരുന്നു. എന്നിട്ടും അവര്‍ പ്രമേയം ചര്‍ച്ച ചെയ്തു.
യൂറോപ്പിലെ ജനാധിപത്യ രാഷ്ട്രങ്ങള്‍ മണിപ്പുരിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്രാപിച്ചു. മണിപ്പുരില്‍ ചില മേഖലകളില്‍ ദുരിതാശ്വാസമെത്തിക്കുന്നതിലെ തടസങ്ങള്‍ നീക്കണമെന്നും സ്വതന്ത്ര നിരീക്ഷകരെ നിയോഗിക്കുകയും അതിക്രമങ്ങളെ സംബന്ധിച്ച് നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും വേണമെന്നും ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് പിന്‍വിലക്കുകയും ഇന്റര്‍നെറ്റ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും ഉന്നതതല സംയുക്ത നിരീക്ഷണ സമിതി രൂപവത്കരിക്കണമെന്നും പ്രമേയത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ കോളനിവാഴ്ചയുടെ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്നും, അവരുടെ ചര്‍ച്ചകള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിലുള്ള ഇടപെടലാണെന്നുമായിരുന്നു വിദേശകാര്യ വക്താവ് അരിന്ദാം ബാഗ്ചിയുടെ വിമര്‍ശനം.
മണിപ്പുരിലെ കലാപം ഇനിയും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടായിട്ടില്ല. പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തുകയും പ്രശ്നം അടിയന്തരമായി ചര്‍ച്ചയ്ക്കെടുക്കുകയും വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തെ പ്രതിരോധിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. മണിപ്പുരില്‍ ഭരണഘടനാ സംവിധാനവും ക്രമസമാധാനവും അപ്പാടെ തകര്‍ന്നിരിക്കെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനത്തെ പൊലീസും ബ്യൂറോക്രാറ്റുകളും മെയ്തെയ്, കുക്കി വംശീയ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ട സാഹചര്യത്തില്‍ നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ കേന്ദ്രത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിയോഗിക്കണമെന്നും മണിപ്പുരിലെ ഭരണകക്ഷികളിലെ ഒരു വിഭാഗം പോലും ആവശ്യപ്പെട്ടു തുടങ്ങിയിട്ട് നാളേറെയായി. രാജിക്കത്തുമായി രാജ്ഭവനിലേക്കു പുറപ്പെടാനിരുന്ന മുഖ്യമന്ത്രിയെ ആയിരകണക്കിന് മെയ്തെയ് അനുയായികള്‍ ഔദ്യോഗികവസതിയില്‍ തടഞ്ഞുവച്ച് രാജിക്കത്ത് കീറിക്കളയുന്ന നാടകം അരങ്ങേറിയത് സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും ഒരുമയുടെയും സന്ദേശവാഹകനായുള്ള രാഹുല്‍ ഗാന്ധിയുടെ മണിപ്പുര്‍ സന്ദര്‍ശനവേളയിലായിരുന്നു.
ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലുസീവ് അലയന്‍സ്) എന്ന പേരില്‍ 26 ദേശീയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു കൂടി ബിജെപിയുടെ വിഭജനരാഷ്ട്രീയത്തിനും ന്യൂനപക്ഷങ്ങളെ അപരവത്കരിക്കുന്ന ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കുമെതിരെ വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍, മണിപ്പുരിലെ വംശീയ അതിക്രമങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ദേശീയ ചര്‍ച്ചയ്ക്ക് വിഷയമാകുന്ന പാര്‍ലമെന്റ് ചര്‍ച്ചകളില്‍ ബിജെപി വിമുഖത കാട്ടുന്നത് സ്വാഭാവികം. എന്നാല്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചുയരുകയാണ്.
നൃശംസനീയ വംശഹത്യയുടെ ഭയാനക ദൃശ്യസാക്ഷ്യങ്ങള്‍ നിരോധിക്കാന്‍ ശ്രമിച്ചാലും, മണിപ്പുരിലെ കുറ്റവാളികള്‍ക്ക് മാപ്പില്ല എന്ന് പ്രധാനമന്ത്രിയും സംസ്ഥാനത്തെ മുഖ്യമന്ത്രിയും ഘോരഘോരം പ്രഖ്യാപിക്കുമ്പോഴും യഥാര്‍ഥ പ്രതികളെ രാജ്യം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന പച്ച പരമാര്‍ത്ഥം എത്ര തെളിമയോടെയാണ് തെരുവുകള്‍ തോറും ദേശവാസികള്‍ വിളിച്ചുപറയുന്നത്!