1979 – ൽ ദൈവപുത്രൻ എന്ന പേരിൽ ഒരു എൽ. പി. റെക്കോർഡ് പുറത്തിറങ്ങി.
രചന, സംഗീതം, ആലാപനം, ഓർക്കസ്ട്രേഷൻ, റെക്കോർഡിങ് തുടങ്ങി എല്ലാ തലങ്ങളിലും മികവ് പുലർത്തി പുറത്തിറങ്ങിയ ആദ്യത്തെ മലയാളം ക്രിസ്തീയ ഭക്തി ഗാനസമാഹാരമെന്ന് ഇതിനെ വിശേഷിപ്പിക്കാം.
റെക്കോർഡ് ശേഖരിക്കുകയും ഇപ്പോഴും അനലോഗ് ഓഡിയോ പതിവായി കേൾക്കുകയും ചെയ്യുന്നവർ ഏറ്റവും മെന്മയേറിയ റെക്കോർഡ് ആയി ഈ ആൽബത്തെ വിലയിരുത്തുന്നു.
ഇതിലെ പാട്ടുകൾ എല്ലാം ഇന്നും ജനപ്രിയങ്ങളാണ്.
ഉണ്ണിയെ കയ്യിലേന്തി ( വർഗീസ് മാളിയേക്കൽ /എം. ഇ. മാനുവേൽ / യേശുദാസ് )
കർമലസുമമേ (നെൽസൺ /ജോബ് & ജോർജ് / ജെൻസി )
സത്യസ്വരൂപാ ജഗത്പിതാ (ഫാ. ജോസഫ് മനക്കിൽ / ജോബ് & ജോർജ് / യേശുദാസ് )
മഞ്ഞിൽ കുളിച്ച മലമുകളിൽ (ഫാ.പനച്ചിക്കൽ / ജോബ് & ജോർജ് / ജെൻസി )
സദാ മന്ദഹാസം ( ഫാ. മൈക്കിൾ പനക്കൽ / ജോബ് &ജോർജ് /യേശുദാസ്)
വിമലേ അംബികേ (ആർച്ച്ബിഷപ് ഡോ. കോർണിലിയസ് ഇലഞ്ഞിക്കൽ / ജോബ് &ജോർജ് /യേശുദാസ് )
നിത്യകവാടമേ തുറന്നാലും (ഫാ. മാത്യു മൂത്തേടം / ജോബ് & ജോർജ് /യേശുദാസ് )
വാനത്തിൽ വാഴുന്ന റാണി (ആർച്ച്ബിഷപ്പ് ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽ / ജോബ് & ജോർജ് / ജെൻസി )
നിത്യത തീർക്കുന്ന നിമിഷങ്ങളേ (ഫാ. പനച്ചിക്കൽ / ജോബ് & ജോർജ് / യേശുദാസ് )
എന്നീ ഗാനങ്ങളാണ് സമാഹാരത്തിൽ ഉള്ളത്.
ഈ ആൽബത്തിന്റെ പിന്നണി പ്രവർത്തകർക്ക് ഓരോ കഥ പറയാനുണ്ട്. വിമലേ അംബികേ എന്ന മരിയ ഭക്തിഗാനം ആർച്ച് ബിഷപ് കോർണേലിയസിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമായിരുന്നു. വിജയപുരം രൂപതയുടെ കത്തീദ്രൽ ദേവാലയമായ വിമലഗിരി പള്ളിയാണ് ഈ പാട്ടെഴുതാൻ പിതാവിന് പ്രേരണയായത്. സദാമന്ദഹാസം എന്ന ഗാനം യേശുദാസ് കച്ചേരികളിൽ പതിവായി പാടുന്ന പാട്ടാണ്.
ഈ ആൽബത്തിന്റെ റെക്കോർഡിങ്ങിൽ മുഴവൻ സമയം ഉണ്ടായിരുന്ന റെക്സ് ഐസക്സ് ആ ഓർമ്മകൾ പങ്കു വയ്ക്കുന്നു.
” എറണാകുളത്ത് സി. എ. സി. യിൽ ഇരുന്നാണ് എല്ലാ പാട്ടുകളും തയ്യാറാക്കിയത്. പാട്ടുകളൊക്കെ തയ്യാറാക്കി യേശുദാസിനെ വിളിച്ചു. മദ്രാസിലേക്ക്ലേക്ക് പുറപ്പെട്ടോളൂ എന്നു അദ്ദേഹം പറഞ്ഞു. അതനുസരിച്ചു ഞങ്ങൾ മദ്രാസിലെത്തി. അന്നു പാട്ടുകാരും ഓർക്കേസ്ട്രക്കാരും ഒരുമിച്ചിരുന്നാണ് റെക്കോർഡിങ്ങ്. ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ മൂന്നു പേരൊഴികെ എല്ലാവരും എറണാകുളത്ത് നിന്നും വന്നു. ഞങ്ങൾ ഒരു ചെറിയ ലോഡ്ജിൽ മുറിയെടുത്തു. മൂന്നു ദിവസമായിട്ടും തിരക്കൊഴിയാത്തതിനാൽ യേശുദാസിനെ കിട്ടുന്നില്ല. ഫോണിലും കിട്ടിയില്ല. മദ്രാസിൽ കുറെപ്പേരുടെ താമസത്തിനും ഭക്ഷണത്തിനുമായി വലിയ തുക വേണം. അവസാനം അദ്ദേഹം പതിവായി പാടുന്ന സ്റ്റുഡിയോയിലേക്ക് ഞാനും സി എ സി യുടെ മാനേജർ ജോസഫ് ചേട്ടനും കൂടി പോയി. അവിടെ ചെന്നപ്പോൾ യേശുദാസ് ദേവരാജൻ മാസ്റ്ററിന്റെ ‘പനിനീർമഴ ‘ എന്ന പാട്ട് പാടുകയായിരുന്നു.
അങ്ങനെ ഞായറാഴ്ച വരാമെന്ന് സമ്മതിച്ചു. ശനിയാഴ്ച ഞങ്ങൾ ജെൻസിയുടെ മൂന്നു പാട്ടുകൾ റെക്കോർഡ് ചെയ്തു. ഞായറാഴ്ച രാവിലെ 10.30നു യേശുദാസ് വന്നു. ആറു പാട്ടുകൾ തുടർച്ചയായി പാടി. തിങ്കളാഴ്ച വെളുപ്പിന് എല്ലാം പാടിക്കഴിഞ്ഞു. പിന്നീട് കുറെ നാൾ കഴിഞ്ഞാണ് ഈ പാട്ടുകൾ പുറംലോകത്ത് എത്തുന്നത്. എടുത്തു പറയേണ്ട ഒരു കാര്യം സി എ സി ക്ക് ഇതിൽ നിന്നും സാമ്പത്തികനേട്ടം ഉണ്ടായില്ല എന്നതാണ്. പ്രാരംഭ ചെലവുകൾ എല്ലാം മുടക്കിയത് അന്നത്തെ സി. എ. സി. ഡയറക്ടർ ഫാ. മൈക്കിൾ പനക്കലായിരുന്നു. ഈ റെക്കോർഡിങ് ഞങ്ങൾക്ക് മധുരവും കയ്പ്പും നിറഞ്ഞതായിരുന്നു. എന്നാലും പാട്ടുകൾ എല്ലാം ജനം സ്വീകരിച്ചതിൽ ഇന്നും സന്തോഷവുമുണ്ട്. “
ഓരോ പാട്ടിനു പിന്നിലും കഷ്ടപാടുകളുൾടെ പിന്നാമ്പുറകഥകൾ ഉണ്ടാകും.
പലരുടെയും ക്ലേശങ്ങളുടെ ഫലമാണ് നമ്മൾ കേട്ടിട്ടുള്ള പല പാട്ടുകളും.