ബജ്രംഗ് ബലി കീ ജയ് വിളിച്ച് വോട്ടു ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്നഡിഗരെ ഉത്തേജിപ്പിക്കുകയും ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പോളിങ് ബൂത്തില്‍ ഊഴം കാത്തുനില്ക്കുമ്പോഴും ഹനുമാന് ചാലിസ ചൊല്ലുകയും ചെയ്തു.
പക്ഷേ, കര്‍ണാടകയില്‍ ഉയിര്ത്തെഴുന്നേല്പിന്റെ സഞ്ജീവനി മുഴുവനും വീണുകിട്ടിയത് കോണ്‍ഗ്രസിനാണ്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ സാമുദായിക വിദ്വേഷം പരത്തി സംഘര്‍ഷങ്ങള്‍ക്കും കലാപത്തിനും വഴിതെളിക്കുന്ന ബജ്രംഗ് ദളിനെ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കും എന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചതിനെ ഏറ്റുപിടിച്ച്, ഹനുമാന്ഭക്തരെ ജയിലില്‍ അടയ്ക്കാന്‍ പോകുന്നു എന്ന മുറവിളിയുമായി ഹിന്ദുത്വ വികാരം ഉണര്‍ത്താനാണ് പ്രധാനമന്ത്രി റാലികളിലെല്ലാം ബജ്രംഗ് ബലി മന്ത്രം ഉരുക്കഴിച്ചത്.
പുരാതന വിജയനഗര സാമ്രാജ്യത്തിലെ ഹംപിയില്‍ ഹനുമാനഹള്ളിയിലെ അഞ്ജനാദ്രി പര്‍വതം ഹനുമാന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നു. അയോധ്യയിലെ ജയ് ശ്രീറാം വിളിയുടെ പ്രതിധ്വനിയായി കര്‍ണാടകയില്‍ ബജ്രംഗ് ബലി ഭജനം കൊണ്ട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അദ്ഭുതം സംഭവിക്കുമെന്ന് മോദി വിശ്വസിച്ചിരിക്കാം. ബെംഗളൂരുവില്‍ 36.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്ഷോ ഉള്‍പ്പെടെ ആറ് രാജകീയ എഴുന്നള്ളത്തും 19 കൂറ്റന്‍ റാലികളുമൊക്കെയായി മോദിയുടെ അദ്വിതീയ വശ്യപ്രഭാവത്തില് ജനം മയങ്ങിവീഴും എന്ന മിഥ്യാസങ്കല്പം അസന്ദിഗ്ദ്ധമായി തകര്‍ത്തെറിയുന്നതാണ് കര്‍ണാടകയിലെ ജനവിധി. വിദ്വേഷ രാഷ്ട്രീയത്തിന്റെ മോദി ബ്രാന്‍ഡ് തിരസ്കരിക്കപ്പെടുമ്പോള്‍, ദക്ഷിണേന്ത്യ ബിജെപി മുക്തമാവുകയാണ്. ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഒരിക്കലും കൈവന്നിട്ടില്ലെങ്കിലും തെക്കേ ഇന്ത്യയില്‍ ബിജെപിക്ക് അധികാരം ”പിടിച്ചെടുക്കാനായ” ഏക സംസ്ഥാനം കര്‍ണാടകയാണ്.
സമീപകാലത്തൊന്നും കാണാത്തവണ്ണം 224 അംഗ വിധാന്‍സഭയില്‍ 135 സീറ്റുകള്‍ നേടി, തീരദേശത്തും ബെംഗളൂരു നഗരമേഖലയിലുമൊഴികെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും എല്ലാ ജനവിഭാഗങ്ങളിലും ശക്തമായ ചലനം സൃഷ്ടിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുകയാണ്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 38 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി ഉയര്‍ന്നു, ബിജെപിയെക്കാള്‍ ഏഴു പോയിന്റ് അധികം. തങ്ങളുടെ വോട്ടുവിഹിതം (36%) നിലനിര്‍ത്താനായെങ്കിലും കോണ്‍ഗ്രസിനു ലഭിച്ചതിന്റെ പകുതിയില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്: 66 സീറ്റുകള്‍. 2018-ല്‍ 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബിജെപി.
കോണ്‍ഗ്രസ് മുന്നിലെത്തുമെങ്കിലും തൂക്കുസഭയ്ക്കാണ് സാധ്യത എന്നു ചില എക്സിറ്റ്പോള്‍ സര്‍വേ ഫലങ്ങള്‍ പ്രവചിച്ചപ്പോള്‍, കോണ്‍ഗ്രസിന് ഭരിക്കാനുള്ള ഭൂരിപക്ഷമായ 113 സീറ്റു കിട്ടിയാലും ഭരണത്തുടര്‍ച്ചയ്ക്കായി തങ്ങള്‍ക്ക് ‘പ്ലാന്‍ ബി’ ഉണ്ടെന്ന് യാതൊരു ഉളുപ്പുമില്ലാതെ ബിജെപി മന്ത്രിമാര്‍തന്നെ പറയുന്നുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ 2018-ല്‍ അധികാരത്തിലേറിയ ജനതാദള്‍ (സെക്യുലര്‍) നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആവിഷ്കരിച്ച ‘ഓപ്പറേഷന് കമല്‍’ മോഡല്‍ കുതിരക്കച്ചവടമാകണം ആ പ്ലാന്‍ ബി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കോടികള്‍ കാട്ടി വിലയ്ക്കുവാങ്ങിയും കേന്ദ്ര ഏജന്‍സികളെ ഇറക്കി ഭീഷണിപ്പെടുത്തിയും റിസോര്‍ട്ടുകളില്‍ കനത്ത ബന്തവസില്‍ തടഞ്ഞുവച്ചും ജനവിധി അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുന്ന നികൃഷ്ട തന്ത്രം 2019-ല്‍ കര്‍ണാടകയില്‍ വിജയിച്ചത് കോണ്‍ഗ്രസില്‍ നിന്ന് 14 എംഎല്‍എമാരും ജെഡി-എസില്‍ നിന്ന് മൂന്ന് എംഎല്‍എമാരും മറുകണ്ടംചാടിയപ്പോഴാണ്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മണിപ്പുരിലും ഗോവയിലും ഇതേ ഓപ്പറേഷനിലൂടെയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘഡി ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ ഗവര്‍ണറുടെ ഒത്താശയോടെ ബിജെപി നടപ്പാക്കിയ ‘പ്ലാന്‍ ബി’ നിയമവിരുദ്ധമായിരുന്നെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് കര്‍ണാടക ഫലപ്രഖ്യാപനത്തിനു തൊട്ടുമുന്പായത് യാദൃഛികം. രാഷ്ട്രീയ ധാര്‍മികത ബിജെപിക്ക് ബാധകമല്ലാത്തതിനാല്‍ മഹാരാഷ്ട്രയില്‍ അവര്‍ നിയമവിരുദ്ധമായി അധികാരത്തിലേറ്റിയ ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ സുപ്രീം കോടതിയുടെ വാക്കുകേണ്ട് രാജിവച്ചിറങ്ങുകയില്ലല്ലോ.
നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയാല്‍ ബിജെപിയെ തറപറ്റിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് കര്‍ണാടകയില്‍ തെളിയിച്ചിരിക്കുന്നു.
പ്രാദേശിക പാര്‍ട്ടിയായ ജെഡി-എസ് കരകയറാനാകാത്തവണ്ണം കനത്ത തിരിച്ചടി നേരിട്ടു. വീണ്ടും കിങ്മേക്കറാകും എന്നു പ്രതീക്ഷിച്ചിരുന്ന കുമാരസ്വാമിയുടെ അവസരവാദ രാഷ്ട്രീയത്തിന്റെയും കുടുംബാധിപത്യത്തിന്റെയും തകര്‍ച്ച കൂടിയാണിത്. വൊക്കലിഗ ഭൂരിപക്ഷ മണ്ഡലമായ രാമനഗരത്തില്‍ കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമി തോറ്റു. അമ്മ അനിത കുമാരസ്വാമി കഴിഞ്ഞ തവണ സ്വന്തമാക്കിയ മണ്ഡലമാണിത്. ജെഡി-എസിന്റെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിച്ചിരുന്ന ഓള്‍ഡ് മൈസൂരു മേഖലയില്‍ പോലും പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലാണ് കുമാരസ്വാമി.
ഗോവധ നിരോധനം, മതപരിവര്‍ത്തന നിരോധന നിയമം, ഹിജാബ് നിരോധനം, ഏക സിവില്‍ കോഡ് തുടങ്ങി ന്യൂനപക്ഷ വേട്ടയും വര്‍ഗീയ ധ്രുവീകരണവും മുഖമുദ്രയാക്കിയ ബിജെപിയുടെ ബൊമ്മൈ സര്‍ക്കാര്‍ പോകുന്ന പോക്കില്‍ മുസ്ലിം സമുദായത്തിന്റെ നാലു ശതമാനം ഒബിസി സംവരണ ക്വാട്ട റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്കു രണ്ടു ശതമാനം വീതം വീതിച്ചുനല്കി. കേരളത്തിലും കര്‍ണാടകയിലും മുസ്ലിംകള്ക്ക് മതത്തിന്റെ പേരില്‍ പ്രത്യേക സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാദിക്കുന്നത്. ഇസ് ലാം ആണ് മതമെന്നും, മുസ് ലിം സമുദായത്തില്‍ പല ജാതിശ്രേണികളുമുണ്ടെന്നും അദ്ദേഹത്തിന് അറിഞ്ഞുകൂടാത്തതാകില്ല. വിഷയം കോടതിയുടെ പരിഗണനയിലാണ്. എന്തായാലും മുസ് ലിം സംവരണ ക്വാട്ട പുനഃസ്ഥാപിക്കുമെന്നും ലിംഗായത്ത്, വൊക്കലിഗ സംവരണ വിഹിതം ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിട്ടുണ്ട്. സംവരണ തോത് 75 ശതമാനമാക്കാനാണ് നീക്കം.
ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും പ്രാദേശിക വിഷയങ്ങളിലൂന്നിയുമാണ് കോണ്‍ഗ്രസ് ഭരണമാറ്റത്തിനായി ജനപിന്തുണ തേടിയത്. ബിജെപിയുടെ ‘ഡബിള്‍ എന്ജിന്’ സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ‘പേസിഎം’, ‘40% കമ്മിഷന് സര്‍ക്കാര്‍’, ‘അഴിമതി റേറ്റ് കാര്‍ഡ്’ തുടങ്ങിയ പരസ്യപ്രചാരണം ധാരാളമായിരുന്നു. സംസ്ഥാനത്തെ ക്ഷീരകര്‍ഷക ഫെഡറേഷന്റെ ഉത്പന്നമായ നന്ദിനി പാലിന് ഭീഷണിയായി അമിത് ഷായുടെ പിന്തുണയോടെ ഗുജറാത്തിലെ അമുല്‍ ഫ്രെഷ് പാലും തൈരും ബെംഗളൂരു വിപണിയിലിറക്കാന്‍ നടത്തിയ ശ്രമങ്ങളെ ചെറുക്കുന്നത് ഉള്‍പ്പെടെ പ്രാദേശിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു.
മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ തന്നെ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന ‘അഞ്ച് ഗാരന്റികള്‍’ ജനക്ഷേമത്തിനു നല്കുന്ന മുന്‍ഗണനയുടെ അടയാളമാണ്. കുടുംബനാഥയായ സ്ത്രീകള്‍ക്ക് ഓരോ മാസവും 2,000 രൂപ സഹായം (ഗൃഹലക്ഷ്മി), ബിരുദധാരികളായ 25 വയസുവരെയുള്ള തൊഴില്‍രഹിതര്‍ക്ക് മാസം 3,000 രൂപയും ഡിപ്ലോമയുള്ളവര്‍ക്ക് 1,500 രൂപയും സഹായം (യുവനിധി), ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ അരി സൗജന്യം (അന്ന ഭാഗ്യ), 200 യൂണിറ്റുവരെ സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യയാത്ര (ശക്തി) എന്നീ ഉറപ്പുകള്‍ക്കു പുറമെ, ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് 500 ലിറ്റര്‍ ഡീസല്‍ നികുതിയില്ലാതെ നല്‍കാനും ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 6,000 രൂപ അലവന്‍സ് ഉറപ്പാക്കാനും, വിദ്യാര്‍ഥികള്‍ക്കും വയോധികര്‍ക്കും യാത്രയ്ക്ക് ഫ്രീ പാസ് നല്‍കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്തിന് പ്രതിവര്‍ഷം 62,000 കോടി രൂപയുടെ അധികഭാരം വരുത്തുന്ന പദ്ധതികളാണിവ. 10 ലക്ഷം തൊഴില്‍, സര്‍ക്കാര്‍ വകുപ്പുകളില്‍ 2.5 ലക്ഷം ഒഴിവുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനസമ്മതിയും പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ കുരുത്തുറ്റ നേതൃത്വവും പാര്‍ട്ടിയുടെ പ്രാദേശിക സംഘടനാബലവും വിജയത്തിന്റെ മുഖ്യഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. ചിക്കമഗലൂരില്‍ ഇന്ദിരാ ഗാന്ധിയെയും ബെല്ലാരിയില്‍ സോണിയാ ഗാന്ധിയെയും ജയിപ്പിച്ച പാരമ്പര്യമുള്ള നാടാണ് കര്‍ണാടക. നാട്ടുകാരനായ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെയും പങ്ക് കുറച്ചുകാണാനാവില്ലെങ്കിലും അവര്‍ ഇവിടെ പിന്നില്‍നിന്നു നയിക്കുകയായിരുന്നു. ബിജെപി സര്‍ക്കാര്‍ ഇഡിയെ വിട്ട് ശിവകുമാറിനെ കള്ളപ്പണക്കേസില്‍ അറസ്റ്റുചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചപ്പോള്‍ സോണിയാ ഗാന്ധി അദ്ദേഹത്തെ ജയിലില്‍ ചെന്നുകണ്ട് ഹൈക്കമാന്‍ഡിന്റെ പിന്തുണ അറിയിച്ചത് അദ്ദേഹം ഏറെ വികാരവായ്പോടെ അനുസ്മരിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും ക്ലെയിം അത്ര ലളിതമായി ഒത്തുതീര്‍പ്പാക്കാനാവില്ല.
ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ക്കു നേതൃത്വം നല്‍കാനുള്ള കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ക്ക് കൂടുതല്‍ ആധികാരികത നല്‍കുന്നതാണ് കര്‍ണാടകയില്‍ ബിജെപിയുടെമേല്‍ നേടിയ വന്‍ വിജയം. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ഇക്കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മതനിരപേക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ബിജെപിയുടെ വിഭജനതന്ത്രങ്ങളെ അതിജീവിക്കാനാവും എന്ന സന്ദേശമാണ് കര്‍ണാടകയിലെ വിജയത്തിന്റെ ഫലശ്രുതി.
സ്ഥിതിഗതികള്‍ വിലയിരുത്താനായി അടിയന്തരമായി കേന്ദ്രമന്ത്രിസഭായോഗം വിളിച്ചുകൂട്ടാനോ സമാധാനത്തിനുവേണ്ടി ഒരു ആഹ്വാനം നടത്താനോ മോദി ശ്രമിച്ചതായി സൂചനയൊന്നുമില്ല. ദ് കേരള സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാന്‍ഡ സിനിമയെ കേരളത്തില്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് മുസ് ലിം തീവ്രവാദികളോടുള്ള ആഭിമുഖ്യം കൊണ്ടാണെന്ന് ആക്രോശിച്ച് വര്‍ഗീയവിദ്വേഷം ആളിപ്പടര്‍ത്താനും കര്‍ണാടകയില്‍ ബജ്രംഗ് ബലിയെ ആയുധമാക്കി ഹിന്ദുത്വവികാരം ഇളക്കിവിടാനുമായിരുന്നു ശ്രമം.
കോണ്‍ഗ്രസിന് അനുകൂലമായി ന്യൂനപക്ഷ വോട്ടിന്റെ ഏകീകരണം ശക്തമായി നടന്നു എന്നത് വ്യക്തമാണ്. കര്‍ണാടകയില്‍ മുസ് ലിംകളുടെ വോട്ടുവിഹിതം 13% വരും. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച 15 മുസ് ലിം സ്ഥാനാര്‍ഥികളില്‍ ഒന്പതുപേര് വിജയിച്ചു. ഗുല്‍ബര്‍ഗ നോര്‍ത്തില്‍ ജയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കനീസ് ഫാത്തിമ ഹിജാബ് പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ്. മുന്‍ മന്ത്രി ഖമര്‍ ഉല് ഇസ്ലാമിന്റെ ഭാര്യയാണ് കര്‍ണാടക നിയമസഭയിലെ ഈ ഏക മുസ് ലിം വനിതാ അംഗം. മുസ് ലിംകള്‍ക്ക് ഉപമുഖ്യമന്ത്രി പദവിയും മന്ത്രിസഭയില്‍ പ്രധാന വകുപ്പുകളും നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുസ് ലിം ജമാഅത്തും വഖഫ് ബോര്‍ഡ് ചെയര്‍മാനും സുന്നി ഉലമ ബോര്‍ഡും മറ്റും രംഗത്തുവന്നത് സംസ്ഥാനത്ത് താലിബനിസവും മതഭരണസംവിധാനവും തലപൊക്കുന്നതിന്റെ സൂചനയാണെന്ന ആക്ഷേപവുമായി സംഘപരിവാര്‍ ദേശീയതലത്തില്‍ വ്യാപകമായ സമൂഹമാധ്യമ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
കര്‍ണാടകയിലെ കോലാറില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി നാമധാരികളെ അപമാനിച്ചു എന്ന മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ കോടതി കുറ്റക്കാരനെന്നു വിധിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം നഷ്ടപ്പെട്ടതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പു പോരാട്ടമാണ് കര്‍ണാടകയിലേത്. ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞവര്‍ഷത്തെ ഐതിഹാസിക ഭാരത് ജോഡോ യാത്രയിലെ ഏറ്റവും നീണ്ട പാദങ്ങളിലൊന്ന് – 21 ദിവസം, 511 കിലോമീറ്റര്‍ – കര്‍ണാടക മണ്ണിലൂടെയായിരുന്നു. അന്ന് തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു വാക്കുപോലും രാഹുല്‍ പറഞ്ഞില്ല. എന്നാല്‍ സംസ്ഥാനത്തു നിലനിന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സാധാരണ ജനങ്ങളെ ഉണര്‍ത്തുന്നതിലും പാര്‍ട്ടിയുടെ അടിസ്ഥാനഘടകങ്ങളെ ചലിപ്പിക്കുന്നതിലും ആ യാത്ര വഹിച്ച പങ്ക് ഈ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായി. യാത്ര കടന്നുപോയ 21 അസംബ്ലി മണ്ഡലങ്ങളില്‍ 16 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവയില്‍ അഞ്ചു സീറ്റ് മാത്രമാണ് പാര്‍ട്ടിക്കു കിട്ടിയത്.
കോണ്‍ഗ്രസിന്റെ വിജയത്തെക്കുറിച്ച് രാഹുല്‍ പ്രതികരിച്ചത് ആ യാത്രയിലെ മുഖ്യസന്ദേശം അനുസ്മരിച്ചുകൊണ്ടാണ്:
വെറുപ്പിന്റെ കമ്പോളം അടച്ചു, സ്നേഹത്തിന്റെ കട തുറന്നു.