രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ സമുന്നത ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയെ എട്ടു വര്‍ഷത്തേക്ക് പാര്‍ലമെന്റില്‍ നിന്ന് അകറ്റിനിര്‍ത്തുക ഇത്ര എളുപ്പമാണെന്ന് നരേന്ദ്ര മോദിയോ അമിത് ഷായോ സ്വപ്നത്തില്‍ പോലും നിനച്ചിട്ടുണ്ടാവില്ല. ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് രണ്ടുവര്‍ഷത്തെ തടവ്; ലോക്സഭാംഗത്വത്തിന് അയോഗ്യത കല്പിക്കാനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയും അതാണ്. കര്‍ണാടകയിലെ കോലാറില്‍ 2019-ലെ തിരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തി ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടുകൊല്ലം ജയില്‍ശിക്ഷ വിധിച്ച് 24 മണിക്കൂറിനുള്ളില്‍ വയനാട് എംപിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. 2004-ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ലോക്സഭാംഗമായതു മുതല്‍ താമസിച്ചുവരുന്ന ഡല്‍ഹി തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതിയായ 15-ാം നമ്പര്‍ ബംഗ്ലാവ് ഒഴിയാനും രാഹുലിന് നോട്ടീസ് ലഭിച്ചു. അന്പത്തിരണ്ടുകാരനും അവിവാഹിതനുമായ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറെ നിര്‍ണായകവും നാടകീയവുമായ ഒരു വഴിത്തിരിവാണിത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഒന്‍പതു വര്‍ഷത്തിലേറെ ജയില്‍ശിക്ഷ അനുഭവിച്ച ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പ്രപൗത്രനാണ് രാഹുല്‍.
സ്വാതന്ത്ര്യസമരകാലത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ഓര്‍മയുണര്‍ത്തി എല്ലാ വിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സാമൂഹിക മുന്നേറ്റത്തിന്റെ അലയൊലിയാണ് കന്യാകുമാരിയില്‍ നിന്ന് ശ്രീനഗറിലേക്ക് 4,000 കിലോമീറ്റര്‍ നീണ്ട, 150 ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ഉയര്‍ന്നുകേട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉയിര്ത്തെഴുന്നേല്പിന്റെ രണഭേരി വേറിട്ടുകേട്ട പ്രതിയോഗികള്‍ ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടി, പുതിയ ആക്രമണതന്ത്രങ്ങള്‍ രൂപപ്പെടുത്തി.
ലണ്ടനില്‍ കേംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളില്‍ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ശ്രവിക്കാന്‍ പഠിക്കുമ്പോള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ ക്ഷണിക്കപ്പെട്ട രാഹുല്‍ ഗാന്ധി വിദേശത്ത് രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് മാപ്പു പറയണം എന്നാവശ്യപ്പെട്ട് ഭരണപക്ഷം തന്നെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന അസാധാരണ പ്രക്ഷുബ്ധാവസ്ഥയില്‍ നിന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ ക്ലൈമാക്സ്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സിലും ഹാവഡ് യൂണിവേഴ്സിറ്റിയിലും ഫ്ളോറിഡ റോളിന്‍സ് കോളജിലും കേംബ്രിജ് ട്രിനിറ്റി കോളജിലും പഠിച്ച രാഹുല്‍ ഡെവലപ്മെന്റ് സ്റ്റഡീസിലാണ് കേംബ്രിജില്‍ നിന്ന് എംഫില്‍ നേടിയത്. അക്കാദമിക, ബൗദ്ധിക സംവാദതലങ്ങളെക്കുറിച്ച് പ്രത്യേകിച്ച് ധാരണയൊന്നുമില്ലാത്ത ദേശീയവാദികള്‍ ആരോപിക്കുന്നത്, അവര്‍ ഇത്രയും കാലം ‘പപ്പു’ എന്നു വിളിച്ച് ആക്ഷേപിച്ചുവന്ന രാഹുല്‍ യുകെയില്‍ മോദിയുടെ ഇന്ത്യയെ വല്ലാതെ ഇകഴ്ത്തിക്കാട്ടി എന്നാണ്.
ഹിന്ദുത്വ ദേശീയതയുടെ ജനകീയ വികാരത്തില്‍ നിന്ന് ഭൂരിപക്ഷ ജനസമ്മതിയുടെ ഔദ്യോഗിക പരിവേഷത്തോടെ സമഗ്രാധിപത്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇന്ത്യയിലെ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ഘടനകള്‍ പൊളിച്ചെഴുതപ്പെടുകയാണ്. രാജ്യത്ത് ജനാധിപത്യം കടുത്ത സമ്മര്‍ദത്തിലാണ്. പാര്‍ലമെന്റ്, മാധ്യമങ്ങള്‍, ജുഡീഷ്യറി, തിരഞ്ഞെടുപ്പു കമ്മിഷന് – ജനാധിപത്യസംവിധാനത്തിലെ സുപ്രധാന സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളും സ്വതന്ത്രമായ നിലനില്പും അട്ടിമറിക്കപ്പെടുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മോദി ഭരണകൂടം രാഷ്ട്രീയ പ്രതിയോഗികളെ നിരന്തരം വേട്ടയാടുന്നു: ചുരുക്കത്തില്‍ ഇത്തരം കാര്യങ്ങള്‍ രാഹുല്‍ കേംബ്രിജ് പ്രഭാഷണത്തില്‍ സൂചിപ്പിച്ചുവെന്നത് നേരാണ്.
ഗൗതം അദാനിയുടെ കമ്പനികളിലെ നിക്ഷേപങ്ങളെക്കുറിച്ച് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, അദാനി സാമ്രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി വഹിച്ച പങ്കിനെക്കുറിച്ച് രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്തതിനാലാണ് ഭരണപക്ഷം തനിക്കെതിരേ അവകാശലംഘന ആക്ഷേപം ഉന്നയിച്ച് സഭയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. അദാനിയുടെ പേരിലുള്ള വ്യാജ കമ്പനികളിലേക്ക് 20,000 കോടി രൂപ നിക്ഷേപിച്ചത് ആരാണെന്നത് ഉള്‍പ്പെടെ രാഹുലിന്റെ ചോദ്യങ്ങളുടെ പ്രസക്തഭാഗങ്ങളെല്ലാം പാര്‍ലമെന്റ് രേഖകളില്‍ നിന്നു നീക്കം ചെയ്തു. തന്റെ ഭാഗം സഭയില്‍ വിശദീകരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയില്ല എന്ന പരാതിയും രാഹുല്‍ ഉന്നയിക്കുന്നുണ്ട്. അദാനി പ്രശ്നം സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. മോദി-അദാനി ബന്ധത്തിന്റെ ആഴങ്ങളിലേക്ക് രാഹുല്‍ കടക്കാനൊരുങ്ങുമ്പോഴാണ് സൂറത്തില്‍ ജുഡീഷ്യറിയുടെ ഭാഗത്ത് അപ്രതീക്ഷിത നീക്കങ്ങളുണ്ടാകുന്നത്.
അനില്‍ അംബാനിയെ ഇടനിലക്കാരനാക്കി ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ രാജ്യത്തിന് 41,000 കോടി രൂപ നഷ്ടം വരുത്തി എന്ന ആരോപണവുമായി കോണ്‍ഗ്രസ് മോദിയെ നേരിട്ട 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിലാണ് കോലാറില്‍ രാഹുല്‍ ”ആക്ഷേപകരമായ രീതിയില്‍” നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിങ്ങനെ മൂന്നു മോദിമാരെ ഒറ്റശ്വാസത്തില്‍ പരാമര്‍ശിച്ചത്. കര്‍ണാടകയിലെ ആ രാഷ്ട്രീയ പ്രസംഗത്തില്‍ നിന്നുള്ള ഒരു വരി ലോകത്തിലെ എല്ലാ മോദിമാര്‍ക്കും അപകീര്‍ത്തികരമാണെന്ന മട്ടിലാണ് ഗുജറാത്തിലെ മുന്‍മന്ത്രിയും സൂറത്ത് വെസ്റ്റിലെ ബിജെപി എംഎല്‍എയുമായ പൂര്‍ണേശ് മോദി സൂറത്തില്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. റഫാല്‍ ജെറ്റുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിന് സുപ്രീം കോടതിയില്‍ രാഹുല്‍ നിരുപാധികം മാപ്പുചോദിച്ച സാഹചര്യം ഇതിന്റെ പശ്ചാത്തലത്തിലുണ്ട്. ഇത്തരത്തില്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രാഹുലിനെതിരെ 15 അപകീര്‍ത്തിക്കേസുകള്‍ നിലവിലുണ്ട്!
സൂറത്ത് കോടതിയില്‍ ”മുഴുവന്‍ തെളിവും” ഹാജരാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരന് തന്നെ ഇടക്കാലത്ത് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. പുതിയൊരു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് രംഗപ്രവേശം ചെയ്തതിനെ തുടര്‍ന്നാണ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നീക്കി അടിയന്തരമായി കേസില്‍ തീര്‍പ്പുണ്ടാക്കിയത്.
മോദി എന്ന കുലപ്പേരുള്ളവര് മുന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെടെ പല സമുദായങ്ങളിലും മതങ്ങളിലുമുണ്ട് എന്നതാണ് യാഥാര്‍ഥ്യം; അവരെ പ്രത്യേകിച്ച് ഒരു സമുദായമായി കണക്കാക്കാനാവില്ല. എന്നാല്‍ രാഹുല്‍ മോദി സമുദായത്തെ അപമാനിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. അത് കുറച്ചുകൂടി വിപുലീകരിച്ച്, രാഹുല്‍ ഇതര പിന്നാക്കവിഭാഗക്കാരെ മൊത്തത്തില്‍ അപമാനിച്ചുവെന്നാണ് ബിജെപിയുടെ വ്യാഖ്യാനം.
ഇത്തരം അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ വിധിക്കുന്നത് അത്യപൂര്‍വമാണ്. രണ്ടുവര്‍ഷത്തില്‍ കുറഞ്ഞ തടവുശിക്ഷയാണെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനത്തിന് ഒന്നും സംഭവിക്കുമായിരുന്നില്ല. പരമാവധി ശിക്ഷ വിധിക്കാന്‍ മാത്രം അത്രയ്ക്ക് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണോ ഈ കേസിന് ആധാരം? അപകീര്‍ത്തി ക്രിമിനല്കുറ്റമാകുമ്പോള് അത്
ജനാധിപത്യത്തില്‍ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണമായി മാറുന്നു.
ഭാഷ ഒരു മനുഷ്യന്റെ ആത്മാവിന്റെ ജാലകമാണെങ്കില്, നരേന്ദ്ര മോദിയുടെ ഭാഷ ഇരുളിന്റെ ഹൃദയമാണ് വെളിപ്പെടുത്തുന്നതെന്ന് ഒരു നിരീക്ഷണമുണ്ട്.
ജനാധിപത്യബോധമുള്ള നല്ലൊരു ഭരണകര്‍ത്താവ് ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാതെ നേരിട്ട് ഉത്തരങ്ങള്‍ പറയും. ടെലിപ്രോംപ്റ്റര്‍ വച്ചുള്ള ‘മന് കീ ബാത്ത്’ ആത്മഭാഷണമല്ലാതെ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ശരിയായ അര്‍ഥത്തില്‍ ഒരു പത്രസമ്മേളനം പോലും മോദി നടത്തിയിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ നിന്ദയും പരിഹാസവും ആസ്വാദ്യകരമാക്കുന്ന പ്രത്യേക ശൈലിയില്‍ അദ്ദേഹം അഭിരമിക്കുന്നു.
രാഹുല്‍ ഗാന്ധിയെ മോദി ഗവണ്മെന്റ് വേട്ടയാടുമ്പോള്‍ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യ സാധ്യത വര്‍ധിക്കുകയാണ് എന്നത് ജനാധിപത്യവാദികള്‍ക്ക് ഉണര്‍വു പകരുകതന്നെചെയ്യും. തൃണമൂല്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്ര സമിതി, ആം ആദ്മി പാര്‍ട്ടി തുടങ്ങി കോണ്‍ഗ്രസിന്റെ മേല്‍ക്കൈ അംഗീകരിക്കാതിരുന്നവര്‍ ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി ഒത്തുകൂടി. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് രാജ്യവ്യാപകമായി കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ട്. സവര്‍ക്കറുടെ പേരില്‍ രാഹുലുമായി ഇടഞ്ഞുനിന്ന മഹാരാഷ്ട്രയിലെ ശിവസേനാ താക്കറെ വിഭാഗവും വിശാലസഖ്യത്തിനൊപ്പം ഉറച്ചുനില്പ്പുണ്ട്. ജനാധിപത്യത്തെ കാര്‍ന്നുതിന്നുന്ന രാഷ്ട്രീയ പകപോക്കലിന് ഡല്‍ഹിയില്‍ ആം ആദ്മി മന്ത്രിമാരായിരുന്ന സത്യേന്ദര്‍ ജയിനും മനീഷ് സിസോദിയയും മാത്രമല്ല ഇരകളാകുന്നത്. തെലങ്കാനയിലെ ബിആര്‍എസ് നേതാവ് കല്‍വകുണ്ടല കവിതയെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. സിബിഐ, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെയും കുടുംബത്തെയും ഇനിയും വെറുതെ വിടുന്ന ഭാവമില്ല. ഒന്നര മാസം മുമ്പ് ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ വിവരശേഖരണത്തിനെന്നു പറഞ്ഞ് ഡല്‍ഹി പൊലീസ് ഇതിനിടെ രാഹുലിന്റെ വസതിയില്‍ എത്തിയിരുന്നു. ‘മോദിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പോസ്റ്റര്‍ പതിച്ചതിന് രണ്ട് പ്രസ്സ് ഉടമകള്‍ ഉള്‍പ്പെടെ നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു; 44 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രധാനമന്ത്രിയുടെ ഒരു പരാമര്‍ശത്തിന് ട്വിറ്ററില്‍ മറുപടി കുറിച്ചതിന് കോണ്‍ഗ്രസ് വക്താവ് പവന് ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കി അറസ്റ്റു ചെയ്യുകയുണ്ടായി.
ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത്, പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ ഐക്യത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് നന്ദി പറയണം എന്നാണ്! പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വ്യക്തമായ മാര്‍ഗരേഖ ഉണ്ടാകണമെന്ന ആവശ്യവുമായി 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കയാണ്. കോല്‍ക്കത്തയില്‍ കേന്ദ്രത്തിനെതിരെ ധര്‍ണ നടത്തുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ബിജെപി എന്നെഴുതിയ ഒരു കൂറ്റന്‍ വാഷിങ് മെഷീനില്‍ കറുത്ത തുണി അലക്കാനിട്ട് അത് തൂവെള്ളയായി വെളുപ്പിച്ചെടുക്കുന്ന രംഗം അവതരിപ്പിക്കുന്നുണ്ട്. ബിജെപിയില്‍ ചേരുന്ന വമ്പന്‍ അഴിമതിക്കാരെ ഭരണകൂടം വിശുദ്ധരായി വെളുപ്പിച്ചെടുക്കുന്ന രീതിയാണ് ഇവിടെ ചിത്രീകരിക്കുന്നത്.
അപകീര്‍ത്തിക്കേസിന് ഇടയാക്കിയ തിരഞ്ഞെടുപ്പു റാലി നടന്ന കോലാറില്‍ നിന്നുതന്നെ, മേയ് 10ന് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയിലെ ‘സത്യമേവ ജയതേ’ റാലിക്കു തുടക്കം കുറിക്കാന്‍ രാഹുല്‍ വരുന്നുണ്ട്. ജയിലില്‍ പോയില്ലെങ്കില്‍ രാഹുല്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും നിയമസഭാ തിരഞ്ഞെടുപ്പും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പും നടക്കുന്നതിനു മുന്നോടിയായി ഗുജറാത്തില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്, ബിജെപി ഭരിക്കുന്ന യുപിയിലൂടെ, സത്യമേവ ജയതേ യാത്ര തുടരും. ‘മോദി-അദാനി ഭായ് ഭായ്’ മുദ്രാവാക്യം ഇനിയും കുറെക്കാലം ഇവിടെ മുഴങ്ങും!