കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ സമുദായ സംഘടനയായ കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ 2023 മാര്‍ച്ച് 26ന് കൊച്ചി പള്ളുരുത്തിയില്‍ വന്‍ റാലിയോടെയും മഹാസമ്മേളനത്തോടെയും സമാപിക്കുകയാണ്. കെഎല്സിഎയ്ക്ക് അന്‍പത് ആണ്ടുകള്‍ നീണ്ട ചരിത്രമുണ്ട്. അതിനുമുമ്പ് മുക്കാല്‍ നൂറ്റാണ്ടുകാലം നീണ്ടുനിന്ന നിരവധി സാമൂഹിക പ്രക്രിയകളുടെ അനന്തരഫലമായിട്ടാണ് കെഎല്‍സിഎ രൂപംകൊള്ളുന്നത്. ആ ചരിത്രവും കെഎല്‍സിഎയുടെ നാള്‍വഴികളില്‍ ഉള്‍ച്ചേര്‍ക്കപ്പെടേണ്ടതാണ്.
1891
മലയാളി മെമ്മോറിയല്‍ പ്രസ്ഥാനം
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ പ്രക്ഷോഭങ്ങളില്‍ സമുദായം ശക്തമായ സാന്നിധ്യമായിരുന്നു. 1891ല്‍ സംഘടിപ്പിച്ച മലയാളി മെമ്മോറിയല്‍ പ്രസ്ഥാനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്കി.
1891
പള്ളിത്തോട് നസ്രാണി സമാജം
1903
അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സംഘം.
സെപ്റ്റംബര്‍ 22ന് നസ്രാണി ഭൂഷണം സമാജം എന്നു പേരു മാറ്റി.
1904
കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജനസഭ (വര്‍ഷം അതിനു മുമ്പും ആകാം).
1906
വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്
ലത്തീന്‍ സമുദായത്തിന്റെ നവീകരണത്തിനായി രചിച്ച ‘പരിഷ്കാരവിജയം’ നോവലിന്റെ കര്‍ത്താവ് വാര്യത്ത് ചോറി പീറ്റര്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.
1914
സംഘാതശക്തി പിറക്കുന്നു
1914ലാണ് ലത്തീന്‍ കത്തോലിക്കരുടെ സംഘാതശക്തിയായി വരാപ്പുഴ അതിരൂപതയിലെ കാത്തലിക് അസോസിയേഷന് പിറവിയെടുത്തത്.
1919
തദ്ദേശീയ മെത്രാനു വേണ്ടി പ്രമേയം
ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പാ 1919 നവംബര്‍ 30ന് പുറപ്പെടുവിച്ച ‘മാക്സിമും ഇല്ലൂദ്’ എന്ന ചാക്രികലേഖനമാണ് കാത്തലിക് അസോസിയേഷന് പ്രവര്‍ത്തനങ്ങളുടെ ദിശ തിരിച്ചുവിട്ടത്. തദ്ദേശീയ മെത്രാനെ ആവശ്യപ്പെട്ടുകൊണ്ട് പരിശുദ്ധ പാപ്പായ്ക്കു കൊടുക്കാനുള്ള നിവേദനം പ്രമേയരൂപത്തില്‍ കാത്തലിക് അസോസിയേഷന് യോഗത്തില്‍ ഷെവ. പ്രഫ. എല്‍.എം പൈലി അവതരിപ്പിച്ചത് മെത്രാപ്പോലീത്തയുടെയും വിദേശീയ വൈദികരുടെയും അനിഷ്ടത്തിനു കാരണമായി.
1931
കൊച്ചിന് ലാറ്റിന്‍ ക്രിസ്റ്റ്യന്‍ കോണ്‍ഫറന്‍സ്
1931 ഏപ്രില്‍ ഏഴിന് എറണാകുളത്തു ചേര്‍ന്ന ലത്തീന്‍ കത്തോലിക്കാ പ്രതിനിധി സമ്മേളനം കൊച്ചിന് ലാറ്റിന്‍ ക്രിസ്റ്റ്യന്‍ കോണ്‍ഫറന്‍സിനു രൂപം നല്കി. ഷെവ. എല്‍.എം പൈലി ആയിരുന്നു പ്രഥമ പ്രസിഡന്റ്. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ജനസംഖ്യാനുപാതികമായ സംവരണത്തിനായി 1931 ജൂലൈ 24ന് കൊച്ചി ദിവാനു നിവേദനം നല്കി.
1931
കൊല്ലം മഹാസമ്മേളനം
അഡ്വ. ജേക്കബ് അറക്കലിന്റെ നേതൃത്വത്തില്‍ 1930 സെപ്റ്റംബറില്‍ കൊല്ലത്ത് സമ്മേളനം ചേര്‍ന്നു. റാഫേല്‍ റോഡ്രിക്സിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സമിതി നിലവില്‍ വന്നു.
മേയ് 6, 7 തീയതികളില്‍ കൊല്ലത്തു സംഘടിപ്പിച്ച സമ്മേളനത്തില്‍ തിരുവിതാംകൂര്‍ ലത്തീന്‍ കത്തോലിക്ക മഹാജനസഭ ഔപചാരികമായി നിലവില്‍ വന്നു. തിരുവിതാംകൂര്‍ പ്രതിനിധിസഭയില്‍ ലത്തീന്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് 1932 സെപ്റ്റംബര്‍ നാലിന് മഹാരാജാവിനു നിവേദനം നല്കി. 1933 ജനുവരി 25ന് പാസ്സാക്കിയ പ്രമേയം നിവര്‍ത്തന പ്രക്ഷോഭത്തെ പിന്തുണച്ചു.
1932
പിന്തുടര്ച്ചാവകാശമുള്ള മെത്രാപ്പോലീത്ത
എറണാകുളത്ത് ഇന്നത്തെ കേരള ഹൈക്കോടതിക്കു സമീപമുള്ള ആര്‍ച്ച്ഡയോസിസന്‍ ക്ലബ്ബില്‍ വച്ച് എഴുതി തയ്യാറാക്കിയ പ്രമേയവുമായി നേതാക്കളെത്തുമ്പോള്‍ അഭിവന്ദ്യ എയ്ഞ്ചല്‍ മേരി പിതാവ് എതിരേ വരുന്നു. പ്രമേയം കയ്യില്‍ പിടിച്ചുകൊണ്ട്, പിതാവിനോട് ഞങ്ങളെ അനുഗ്രഹിക്കണമെന്നു പ്രഫ. പൈലിയും കൂട്ടരും അപേക്ഷിക്കുകയും പിതാവ് അവരെ ആശീര്‍വദിക്കുകയും ചെയ്തു. ആ പ്രമേയത്തിന്റെ വിജയസാക്ഷാത്കാരമാണ് 1932 നവംബര്‍ 29ന് ഫാ. ജോസഫ് അട്ടിപ്പേറ്റിയെ പിന്തുടര്ച്ചാവകാശമുള്ള മെത്രാപ്പോലീത്തയായി (കോദ്യുത്തോര് ആര്‍ച്ച്ബിഷപ്) നിയമിച്ചുകൊണ്ടുള്ള റോമിന്റെ തീട്ടൂരം. പ്രതികൂല സാഹചര്യത്തില്‍, നാട്ടുകാരനായ മെത്രാനെ വേണമെന്നു പറയാനും പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും ആര്‍ജ്ജവമുള്ള സംഘാതശക്തിയായിരുന്നു കാത്തലിക് അസോസിയേഷന്.
1935
നിവര്‍ത്തന പ്രക്ഷോഭം
1935ല്‍ തിരുവിതാംകൂര്‍ ലത്തീന്‍ കത്തോലിക്ക മഹാജനസഭ നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതിന്റെ ഫലമായി ജനസംഖ്യാനുപാതികമായ സംവരണം സര്‍ക്കാര്‍ സര്‍വീസില്‍ ലഭ്യമാകാനുള്ള സാധ്യതയൊരുങ്ങി. നിയമസഭകളിലും സീറ്റുകള്‍ ലഭിച്ചു. അന്ന് തിരുവിതാംകൂറില്‍ എട്ടു ലക്ഷം കണക്കില്‍ ഉണ്ടായിരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് എട്ട് നിയമസഭാ സാമാജികരെ ലഭിക്കാന്‍ ഇതുവഴി സാധിച്ചു.
1936
നാടാര്‍ കാത്തലിക്ക് സമാജം രൂപീകരിച്ചു.
1939
കൊച്ചി സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്റ്റ്യന്‍ കോണ്‍ഗ്രസ്
1939ല്‍ എറണാകുളം പള്ളുരുത്തിയില്‍ നടന്ന സമ്മേളനം സംഘടനയുടെ പേര് കൊച്ചി സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്റ്റ്യന്‍ കോണ്‍ഗ്രസ് എന്നാക്കി മാറ്റി. സത്യനാദം പത്രാധിപര്‍ പി.സി. വര്‍ക്കിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 1939ല്‍ ലത്തീന്‍ കത്തോലിക്കരുടെ അവകാശ സംരക്ഷണത്തിനായി ഒരു മഹാസമ്മേളനം കൊല്ലത്ത് ചേര്‍ന്നു. തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്റ്റ്യന്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ ഒരു സംഘടന രൂപംകൊണ്ടു. സ്വാതന്ത്ര്യസമരസേനാനിയും പില്ക്കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗവുമായ റാഫേല്‍ റോഡ്രിഗ്യൂസ് ആയിരുന്നു മുഖ്യസംഘാടകന്‍.
1946
കാത്തലിക്ക് യൂത്ത് അസോസിയേഷന്
എ.എ പ്രസന്റേഷന് ഡയസിന്റെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കൊല്ലം വരെയുള്ള പ്രദേശത്ത് കാത്തലിക്ക് യൂത്ത് അസോസിയേഷന് രൂപീകരിച്ചു. കൊച്ചി, മലബാര്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
1947
ഉത്തരതിരുവിതാംകൂര് ലാറ്റിന്‍ ക്രിസ്റ്റ്യന്‍ അസോസിയേഷന്
വരാപ്പുഴ അതിരൂപതയിലെ 22 ഇടവകകള്‍ തിരുവിതാംകൂറിലായിരുന്നു. മഹാജനസഭയുടെ പ്രവര്‍ത്തനം ഈ ഭാഗത്തേക്ക് എത്തിച്ചേരാത്തതു മൂലം ഉത്തരതിരുവിതാംകൂര് ലാറ്റിന്‍ ക്രിസ്റ്റ്യന്‍ അസോസിയേഷന് കൂനമ്മാവ് കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി. അലക്സാണ്ടര്‍ വാകയിലിന്റെ അധ്യക്ഷതയില്‍ 1947 മേയ് 18നു ചേര്‍ന്ന പ്രഥമയോഗം തോമസ് കാനപ്പിള്ളിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. തിരുകൊച്ചിയുടെ രൂപീകരണത്തോടെ ഈ സംഘടനയുടെ പ്രസക്തി ഇല്ലാതായി.
1949
ആനി മസ്ക്രീന് മന്ത്രിസ്ഥാനം
ആനി മസ്ക്രീനെ തിരുക്കൊച്ചി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതില്‍ പ്രതിഷേധിച്ച് 1949 ജൂണില്‍ വിവിധ സ്ഥലങ്ങളില്‍ സമരം നടത്തി. അതിന്റെ ഫലമായി ആനി മസ്ക്രീനു മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചു.
1956
എറണാകുളം സമ്മേളനം
കേരള സംസ്ഥാന രൂപീകരണത്തിനു മുന്നോടിയായി പൊതുവായ ഒരു സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 മേയ് 27ന് സരസകവി വി.എസ് ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് ചേര്‍ന്ന സമ്മേളനം ഏഴംഗ സമിതിയെ തിരഞ്ഞെടുത്തു.
1961
അലക്സാണ്ടര്‍ പറമ്പിത്തറ സ്പീക്കര്‍
1961 നവംബര്‍ 12ന് എറണാകുളത്ത് സമുദായ അവകാശപ്രഖ്യാപന സമ്മേളനം ബി.എം. പീറ്ററിന്റെ നേതൃത്വത്തില്‍ നടത്തി. അതിന്റെ തുടര്‍ച്ചയായിട്ടാണ് അലക്സാണ്ടര്‍ പറമ്പിത്തറ സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മരിയാര്‍പുതം പി.എസ്.സി. അംഗമായി നിയമിക്കപ്പെട്ടു.
1967
കാത്തലിക് അസോസിയേഷന്
രൂപീകരണത്തിന് വേദിയൊരുങ്ങുന്നു
1967 അവസാനം അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് എറണാകുളത്തെത്തിയ കാത്തലിക് യൂണിയന് ഓഫ് ഇന്ത്യ പ്രസിഡന്റ് രത്നസ്വാമിയുടെ അഭിമുഖം കേരളടൈംസില്‍ പ്രസിദ്ധീകരിച്ചു. ഫാ. ജോര്‍ജ് വെളിപ്പറമ്പിലും പത്രാധിപര്‍ എം.എല്‍ ജോസഫും ചേര്‍ന്ന് തയ്യാറാക്കിയ അഭിമുഖത്തില്‍, അല്മായ സംഘടനകളുടെ രൂപീകരണം മുഖ്യവിഷയങ്ങളില്‍ ഒന്നായിരുന്നു. ഈ അഭിമുഖമാണ് വരാപ്പുഴ അതിരൂപതയിലെ കാത്തലിക് അസോസിയേഷന് രൂപവത്കരണത്തിന് മുഖ്യപ്രേരകമായത്. 1967 ഒക്ടോബറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡോ. ഇ.പി ആന്റണി കണ്‍വീനറായി അസോസിയേഷന് രൂപീകരണത്തിനുള്ള ആദ്യനടപടികള്‍ ഉണ്ടായി.
1970
നെട്ടൂര്‍ കമ്മീഷന് റിപ്പോര്‍ട്ടും
അവകാശ സംരക്ഷണ സമിതി രൂപീകരണവും
നെട്ടൂര്‍ പി. ദാമോദരന്‍ അധ്യക്ഷനായ പിന്നാക്ക സമുദായ സംവരണ കമ്മീഷന് സി. അച്യുതമേനോന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെയാണ് ലത്തീന്‍ കത്തോലിക്കരുടെ സംവരണം നാലു ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനവും രണ്ടു ശതമാനവുമായി വെട്ടിക്കുറച്ചത്. സമുദായത്തിന്റ ജനസംഖ്യ സഭാതലത്തില്‍ പറഞ്ഞുവച്ചിരുന്നത് അന്ന് 9,26,363 എന്നായിരുന്നു. എന്നാല്‍, 7.13 ലക്ഷം മാത്രമാണ് ഈ സമുദായമെന്നും അവര്‍ക്ക് കുറഞ്ഞ സംവരണം മതിയെന്നുമുള്ള നെട്ടൂര്‍ പി. ദാമോദരന്‍ കമ്മീഷന്റെ കണ്ടെത്തല്‍ വിവാദമായി. ഇതിനെതിരേ കൊല്ലം, ആലപ്പുഴ ഉള്‍പ്പെടെ വിവിധ രൂപതകളില്‍ ലത്തീന്‍ സമുദായത്തിന്റെ പ്രതിഷേധസ്വരമുയര്‍ന്നു. ഈ ഘട്ടത്തില്‍, കാത്തലിക് യൂണിയന് ഓഫ് ഇന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന ഡോ. ഇ.പി ആന്റണിയുടെ നേതൃത്വത്തില്‍ വിവിധ രൂപതകളില്‍ യോഗം ചേര്‍ന്നു. ആലപ്പുഴയില്‍ ചേര്‍ന്ന ലത്തീന്‍ രൂപതകളുടെ പ്രതിനിധി സമ്മേളനം സംവരണാവകാശം സംരക്ഷിക്കുന്നതിന് അവകാശ സംരക്ഷണ സമിതി രൂപവത്കരിച്ചു. ഈ അവകാശ സംരക്ഷണ സമിതിയുടെ ചിന്തകളിലും ചര്‍ച്ചകളിലും നിന്നാണ് ലത്തീന്‍ കത്തോലിക്കര്‍ ഒന്നിച്ചുനില്‍ക്കണം എന്ന മഹത്തായ ആശയത്തില്‍ ഒരു സംഘടന സംസ്ഥാനതലത്തില്‍ അനിവാര്യമാണെന്ന പൊതുബോധത്തിന് വിത്തുപാകിയത്. ”ലത്തീന്‍ ലക്ഷം ഏഴല്ല, ലക്ഷം ഞങ്ങള്‍ 13; ഒരൊറ്റ ശബ്ദം, ഒരൈക്യ ശക്തി, അതാണ് ഞങ്ങട കെഎല്‍സിഎ” എന്നതായിരുന്നു അന്നത്തെ പ്രധാന മുദ്രാവാക്യം.
1972
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്
പിറവിയെടുക്കുന്നു
1972 മാര്‍ച്ച് 26ന് എറണാകുളത്തു സമ്മേളിച്ച ലത്തീന്‍ രൂപതകളുടെ പ്രതിനിധികള്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് രൂപവത്കരിച്ചു. ഷെവ. കെ.ജെ ബെര്‍ലി പ്രസിഡന്റ്, ഡോ. ഇ.പി ആന്റണി ജനറല്‍ സെക്രട്ടറി, ജി.എം ഫെരിയ വൈസ് പ്രസിഡന്റ്, ഫാ. ജോര്‍ജ് വെളിപ്പറമ്പില്‍ ആധ്യാത്മിക ഉപദേഷ്ടാവ് തുടങ്ങിയവര്‍ നേതൃത്വം നല്കിയ കെഎല്‍സിഎ എന്ന സംഘടന വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കേളന്തറ ഉദ്ഘാടനം ചെയ്തു. ഈ സമിതിയുടെ നേതൃത്വത്തില്‍ ആദ്യധര്ണ സംവരണ വിഷയത്തില്‍ തിരുവനന്തപുരത്തു നടന്നു.
1972
വിദ്യാഭ്യാസ അവകാശ സംരക്ഷണ ഉന്നതാധികാര സമിതി
1972ലെ കോളജ് സമരമാണ് കെഎല്‍സിഎയുടെ പ്രവര്‍ത്തനവഴിയിലെ മറ്റൊരു നാഴികക്കല്ല്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന വിവിധ സമുദായങ്ങള്‍ ഒത്തുചേര്‍ന്നു രൂപീകരിച്ച വിദ്യാഭ്യാസ അവകാശ സംരക്ഷണ ഉന്നതാധികാര സമിതിയുടെ ചെയര്മാന് ഷെവ. കെ.ജെ ബെര്ലിയായിരുന്നു. കോളജ് സമരവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ടത് ജനറല്‍ സെക്രട്ടറി ഇ.പി ആന്റണി, എന്‍.എസ്.എസ് പ്രസിഡന്റ് കളത്തില്‍ വേലായുധന് നായര്‍, മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ഫാ. ആന്റണി വള്ളമറ്റം എന്നിവരായിരുന്നു.
1974
ദ്വൈവാര്‍ഷിക സമ്മേളനം
1974 മാര്‍ച്ച് 22, 23,24 നു കെഎല്‍സിഎ യുടെ പ്രഥമ ദ്വൈവാര്‍ഷിക സമ്മേളനം ഫോര്‍ട്ട്കൊച്ചിയില്‍ നടന്നു. സമാപനദിവസം പള്ളുരുത്തി വെളിയില്‍ നിന്നും ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് നടത്തിയ നാലു മണിക്കൂര്‍ നീണ്ടുനിന്ന പ്രകടനത്തില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു.
1974
സംവരണ സമുദായ മുന്നണി
കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ ഏകോപനത്തിന് ആദ്യം നേതൃത്വം നല്‍കിയത് കെഎല്‍സിഎ ആണ്. 1974 ഒക്ടോബര്‍ 20ന് എറണാകുളത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ 30 സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. എന്‍. ശ്രീനിവാസന് പ്രസിഡന്റായും ഇ.പി. ആന്റണി ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
1982
ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ്
ഓഗസ്റ്റ് 15ന് കൊല്ലത്ത് ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷനിലാണ് രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാനുള്ള തീരുമാനമുണ്ടായത്. ബിഷപ് ഡോ. ജോസഫ് ജി. ഫെര്‍ണാണ്ടസാണ് ഈ സമ്മേളനം ഉദ്ഘാടനം ചെയ്തത്. അതിനുമുമ്പ് എല്ലാ രൂപതകളിലും കണ്‍വെന്‍ഷനുകള്‍ നടത്തി. ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ് എന്ന ലത്തീന്‍ സമുദായത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്മാന് ഷെവ. കെ.ജെ ബെര്‍ലിയും ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. സി.വി ആന്റണിയുമായിരുന്നു. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പും സഭാപിതാക്കന്മാരുടെ മേലുണ്ടായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും, ഒപ്പം ചിതറിനിന്ന സമൂഹത്തെ ഒന്നിപ്പിക്കാന്‍ സമുദായ നേതാക്കള്‍ക്ക് പൂര്‍ണമായും കഴിയാഞ്ഞതും മൂലം ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ് (ഐഎല്‍സി) അതിന്റെ ബാലാരിഷ്ടതകളോടെ ഓര്‍മയായി.
1984
എറണാകുളം മണ്ഡലത്തില്‍ ഐഎല്‍സി മത്സരിക്കുന്നു
1984ല്‍ ഐഎല്‍സി സ്ഥാനാര്‍ഥിയായി എറണാകുളം മണ്ഡലത്തില്‍ അഡ്വ. സി.എ ആന്റണി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന് നേടാനായത് 12,067 വോട്ടുകളാണ് (രണ്ടു ശതമാനം). മൊത്തം വോട്ടിന്റെ അഞ്ചു ശതമാനം നേടിയിരുന്നെങ്കില്‍ ലത്തീന്‍ സമുദായത്തിന്റെ രാഷ്ട്രീയവിധി മറ്റൊന്നാകുമായിരുന്നു.
2001
നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട്
ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്ന കാലഘട്ടത്തില്‍ 4,370 സര്‍ക്കാര്‍ തസ്തികകള്‍ ലത്തീന്‍ സമുദായത്തിന് ലഭിച്ചിട്ടില്ല എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വേണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ ശക്തമായ സമരമാര്‍ഗങ്ങളുമായി മുന്നിട്ടിറങ്ങി. സെക്രട്ടേറിയറ്റിനു മുന്നില്‍ ആഴ്ചകളോളം സമരം നടത്തുകയുണ്ടായി.
2019
തീരനിയന്ത്രണ വിജ്ഞാപനം
തീരനിയന്ത്രണ വിജ്ഞാപനം (സിആര്‍സെഡ്) ദ്വീപുകളിലെ നിര്‍മ്മാണ നിരോധന ദൂരപരിധി 50 മീറ്റര്‍ എന്നത് 20 മീറ്ററാക്കി കുറച്ചത് കെഎല്‍സിഎ സര്‍ക്കാരില്‍ നിവേദനം നല്‍കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതുകൊണ്ടാണ്. സ്വാമിനാഥന് കമ്മീഷന് മുന്‍പാകെ നിവേദനം സമര്‍പ്പിക്കുകയും ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
2011
ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ്
1947നു മുന്‍പ് ജനിച്ചതായുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ലത്തീന്‍ കത്തോലിക്ക സമുദായാംഗമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ എന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ കെഎല്‍സിഎ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ബിഷപ്പുമാരുടെ കത്ത് സഹായകരമായ ഒരു രേഖയാക്കി വില്ലേജ് ഓഫീസര്‍മാരുടെ അന്വേഷണത്തിന് ഉപയോഗിക്കാം എന്ന ഉത്തരവ് ഇറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് കെഎല്‍സിഎയുടെ ഇടപെടല്‍ കൊണ്ടാണ്.
2014
വിദ്യാഭ്യാസ സംവരണം
ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിനും കൂടി സംവരണം ഏര്‍പ്പെടുത്തി പ്ലസ്ടു, വിഎച്ച്എസ്ഇ, ഡിഗ്രി കോഴ്സുകള്‍ക്കും പ്രഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും സംവരണം മൂന്നു ശതമാനമായി ഉയര്‍ത്തിയപ്പോള്‍ കെഎല്‍സിഎ പല തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചു. അതിന്റെ ഭാഗമായി പ്ലസ്ടു, പ്രഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കു മാത്രം ആംഗ്ലോ ഇന്ത്യനെക്കൂടി ഉള്‍പ്പെടുത്തി ലത്തീന്‍ കത്തോലിക്കര്‍ക്ക് സംവരണം ലഭിച്ചു. അതേസമയം ഡിഗ്രിക്കും പിജിക്കും ഒരു ശതമാനമാണ് സംവരണം. ഇതില്‍ മാറ്റം വരുത്താന്‍ ഇപ്പോഴും സമരരംഗത്താണ്.
2018
കെഎഎസ്
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പല സ്ട്രീമുകളായി തിരിച്ചതില്‍ സംവരണ വിഭാഗങ്ങള്‍ക്ക് നഷ്ടമുണ്ടാകുന്ന രീതിയില്‍ കാര്യങ്ങള്‍ വന്നപ്പോള്‍ അതിനെതിരെ പ്രത്യേക കാമ്പെയ്നുകള്‍ ആരംഭിക്കുകയും അതിനെത്തുടര്‍ന്ന് എല്ലാ സ്ട്രീമുകളിലും സംവരണ സമുദായാംഗങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുന്ന സംവിധാനത്തിലേക്ക് എത്തുകയും ചെയ്തു.
2020
ജെ.ബി കോശി കമ്മീഷന് നിയമനം
ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എംഎല്‍എ നിയമസഭയില്‍ സബ്മിഷന് അവതരിപ്പിച്ചു. കെഎല്‍സിഎയുടെ പഠനങ്ങള്‍ അനുസരിച്ചാണ് പി.ടി തോമസ് അന്ന് സബ്മിഷന് അവതരിപ്പിച്ചത്. അതിനെത്തുടര്‍ന്നാണ് കേരളത്തിലെ മുഴുവന്‍ ക്രൈസ്തവരുടെയും പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിച്ചത്. കമ്മീഷന് വന്നതിനു ശേഷം 500ലധികം വിവരാവകാശ രേഖകള്‍ കമ്മീഷന്റെ മുന്നില്‍ സമര്‍പ്പിക്കാന്‍ കെഎല്‍സിഎ മുന്നിട്ടിറങ്ങി.
2021
റോമന്‍ കാത്തലിക് സിറിയന്‍ കാത്തലിക് അല്ല
റോമന്‍ കാത്തലിക് എന്ന് രേഖകളിലുള്ള ലത്തീന്‍ കത്തോലിക്കര്‍ക്കു സമുദായ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സാഹചര്യത്തില്‍ കെഎല്‍സിഎ സര്‍ക്കാരിന് നിവേദനം നല്‍കിയതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം ലഭിച്ചു. ഇഡബ്ല്യുഎസിന് അര്‍ഹരായ സമുദായങ്ങളുടെ പട്ടിക തിരിച്ച് ഉത്തരവ് ഇറക്കിയപ്പോള്‍ 163-ാമത്തെ കോളത്തില്‍ സീറോ മലബാര്‍/സിറിയന്‍ കാത്തലിക് എന്ന കൃത്യമായ പേര് പരാമര്‍ശിക്കുകയും ചെയ്തു.