ആള്‍ക്കൂട്ടം ക്രിമിനലുകളാകുന്നതിന്റെ പേരാണോ ജനാധിപത്യം? ഭരണം കൈയാളുന്ന ക്രിമിനലുകളുടെ ഇരകളായി ജീവിക്കുക എന്നതാണോ പൗരന്മാരുടെ വിധി? ഒരു മൈനോറിറ്റിക്ക് ജനാധിപത്യത്തിലെ മജോറിറ്റിയെ കൊള്ളയടിക്കാനുള്ള ലൈസന്‍സാണോ അധികാരം? ജനാധിപത്യത്തിന്റെ പിടിവള്ളി വോട്ടുചെയ്യുന്നതില്‍ മാത്രമാണോ? പിന്നെ ഒന്നും ശ്രദ്ധിക്കേണ്ടതില്ലേ? കൊടുമുടികയറിയവര്ക്ക് കേറ്റിവിട്ടവരെ കാണാന്‍ മാവേലി നടത്തംപോലും വേണ്ടെന്നായോ? വിലയിരുത്തപ്പെടാത്ത ഒന്നും ജനാധിപത്യത്തിനു ചേരില്ല.
രാഹുല്‍ഗാന്ധി പറഞ്ഞു, മോദിയും അദാനിയും ഒന്നുതന്നെ. ഇപ്പോള്‍ കേരളം പറയുന്നു മോദിയും പിണറായിയും ഒന്നുതന്നെ.
മോദി രാജ്യത്തെ അദാനിക്കു വില്‍ക്കുന്നു എന്നാണ് രാഹുല്‍ ആരോപിക്കുന്നത്. കേരളത്തെ പാര്‍ട്ടിക്കാര്‍ക്കും കുത്തകകള്‍ക്കും പിണറായി വില്‍ക്കുന്നു എന്നതാണ് കേരളത്തിന്റെ ആരോപണം.
സംരക്ഷിക്കാന്‍ ഏല്പ്പിച്ചവയൊക്കെയും വിറ്റുതുലയ്ക്കുന്നതിന്റെ പേരാണോ ഭരണം. കേരളത്തിലെ സര്‍ക്കാരിന്റെ ഒരിടപാടും സുതാര്യമല്ലാതായി. എല്ലാം ബിനാമി ഇടപാടുകളാണ്. ഊരാളുങ്കല്‍ സൊസൈറ്റി പോലുള്ള സംവിധാനങ്ങളുടെ പിന്നില്‍ ആരാണെന്നും എന്താണെന്നും ഇപ്പോള്‍ എല്ലാവര്ക്കും അറിയാം. പി.എസ്.സി പോലുള്ള സംവിധാനങ്ങളെ നോക്കുകുത്തികളാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് ആര്‍ക്കാണറിയാത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു പോലും കൈയിട്ടുവാരുന്നു. ഇഷ്ടക്കാര്‍ക്കും സഖാക്കള്‍ക്കും വീതം വയ്ക്കാനുള്ളതാണോ ദുരിതാസ്വാസ നിധി. ടി.വിയില്‍ ദുരിതാശ്വാസ നിധിയിലേക്കു സഹായിച്ച പ്രവാസികളുടെ ഇമിശവും സങ്കടവും കേല്ക്കാനിടയായി. അതിലൊരാള്‍ വിളിച്ചു പറഞ്ഞു. ഇടതുപക്ഷത്തിനു വോട്ടു ചെയ്തതില്‍ ഖേദിക്കുന്നു.
അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും മേച്ചില്‍ സ്ഥലമായിരിക്കുകയാണു കേരളം. സവിശേഷമായി കേരളത്തിന്റെ ടൂറിസം മേഖല. തീരദേശത്ത ്ടൂറിസത്തിന്റെ പേരില്‍ നടപ്പാക്കുന്ന കാര്യങ്ങളെല്ലാം തന്നെ ബിനാമി ഇടപാടുകളായി മാറിയിരിക്കുന്നു. ജനം വല്ലാണ്ട് കബളിപ്പിക്കപ്പെടുന്നു. ആദിവാസികള്‍ക്കായുള്ള ഫണ്ടും മത്സ്യത്തൊഴിലാളി മേഖലയിലെ ഫണ്ടും കൊള്ളയടിക്കുകയാണ്. വിഴിഞ്ഞത്തെ ദുരന്തവും ദുരിതവും വിവരണാതീതമാണ്. വല്ലാര്‍പാടം ഇപ്പോഴും അനീതിയുടെ പ്രതീകമായി നിലകൊള്ളുന്നു. മാരാരിക്കുളത്ത് കടല്ക്കരയില് കച്ചവടം നടത്തിയിരുന്ന തീരവാസികളെ ഓണാഘോഷത്തിന്റെ പേരില്‍ പൊളിപ്പിക്കുകയും പകരം സംവിധാനം നാളിതുവരെ നല്‍കാതിരിക്കുകയും ചെയ്യുന്നു. തീരം മുഴുവന്‍ കുത്തകകള്‍ക്കു വിറ്റിട്ട് ടൂറിസവും വികസനവും കൊണ്ടുവരുന്നു എന്ന് പൊള്ളത്തരം വിളമ്പുന്നു. ആലപ്പുഴയുടെ തീരത്ത് കടല്‍പ്പാല സമുച്ചയവും മറ്റും വരുന്നു. തീരവാസികളുമായി ഒരുചര്‍ച്ചയും നടന്നിട്ടില്ല. കടലിന്റെ അവകാശികളെ പുറത്താക്കിക്കൊണ്ട് ഒരു വികസനം ജനാധിപത്യമായിരിക്കില്ല. തീരവാസികള്‍ക്ക് വികസനത്തിനിടയില്‍ എന്തെങ്കിലും പങ്കാളിത്തം ഉണ്ടാകുമോ. ഇത്തരം അവസരങ്ങളില്‍ തീരവാസികളോടു ചര്‍ച്ചചെയ്യേണ്ടേ? പ്രദേശവാസികളെ കുടിയൊഴിപ്പിച്ചിട്ട് കുത്തകകളെ തീരത്തു കൊണ്ടുവരികയാണ്. തീരദേശഹൈവേയും സി.ആര് ഇസെഡ് റെഗുലേഷനുമെല്ലാം തീരവാസികളെ കുടിയൊഴിപ്പിക്കാനായി പ്രയോജനപ്പെടുത്തുകയാണ്. എല്ലാം രഹസ്യ അജണ്ടകള്‍. ആരോടും ഒരുചോദ്യവും പറച്ചിലുമില്ല. തീരം മുഴുവന്‍ കുത്തകകള്‍ക്കു വില്‍ക്കുകയാണ്. വളരെ ബോധപൂര്‍വം ആസൂത്രിതമായി തീരം കോണ്‍കര്‍ ചെയ്യപ്പെടുന്നു. ആഴക്കടല്‍ ഫിഷിങ്ങിനു കൊണ്ടുവരുന്ന കപ്പലുകള്‍ പത്തുപേര്‍ വിതമുള്ള സൊസൈറ്റികള്‍ക്കു നല്കുമെന്നു പറഞ്ഞിട്ട് പത്തുപേരു വീതമുള്ള പാര്‍ട്ടിക്കാര്‍ക്കു നല്‍കാനൊരുങ്ങുന്നു. മത്സ്യങ്ങള്‍ക്കു ജീവിക്കാന്‍ കടല്‍ വേണം. അതുപോലെ തീരവാസികള്‍ക്കു ജീവിക്കാനുള്ള ആവാസവ്യവസ്ഥയാണു കടല്‍ത്തീരം. അവിടെ നിന്നു പിഴുതെറിഞ്ഞാല്‍ മീന്‍പിടുത്തക്കാരനു പിന്നെ ജീവിതമില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതു ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. കടലുംകാടും ഒന്നാണ്. മലയോരമേഖലയില്‍ ബഫര്‍സോണ്‍ വിഷയത്തിന്റെ പേരില്‍ ജനങ്ങളെ പിഴുതെറിയുന്നത് ഭരണഘടന ലംഘനമാണ്. ഭരണഘടനയിലെ അനുച്ഛേദം 21 സുപ്രീം കോടതി വ്യാഖ്യാനിക്കുന്നതിനിടയില്‍ ശുദ്ധവായു, ശുദ്ധജലം പോലും ജീവിക്കാനുള്ള അവകാശത്തില്‍ പെടുത്തിയിരിക്കുന്നു. തൊഴിലും തൊഴിലിടങ്ങളും തകര്‍ക്കപ്പെടുന്നതും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. തീരജനതയെ തീരത്തുനിന്ന് തൂത്തെറിയാനും മലയോര ജനതയെ അവിടെ നിന്ന് ആട്ടിപ്പായിക്കാനും ബോധപൂര്‍വ്വം അജണ്ടകള്‍ രൂപം കൊണ്ടിരിക്കുന്നു. തീരങ്ങളിലും ഓരങ്ങളിലും കഴിയുന്നവരുമായി കൂടി ആലോചിക്കാതെ മറ്റാര്‍ക്കോ വേണ്ടി വികസനത്തിന്റെ പേരില്‍ വലിയ വികസന പദ്ധതികള്‍ക്കു രൂപം കൊടുത്തിരിക്കുന്നു. ഇത് ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശത്തിന്റെ ധ്വംസനമാണ്.
പേരുമാറ്റ കാവിവല്‍ക്കരണത്തിനു തിരിച്ചടി
ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്ന് വളരെ ഗൗരവമുള്ള ഒരുജഡ്ജുമെന്റു വന്നു. ജസ്റ്റിസ് കെ.എം. ജോസഫ്, ബി.വി.നാഗരത്ന എന്നിവര്‍ ഉല്‍പ്പെട്ട ഡിവിഷന് ബഞ്ചിന്റേതാണുവിധി. രാജ്യത്തെ സുപ്രധാന റോഡുകളുടേയും, ചരിത്ര, മത ബന്ധമുള്ള സ്ഥലങ്ങളുടേയും പേരുമാറ്റത്തിനു നടപടി വേണമെന്നാവശ്യപ്പെട്ടെത്തിയ ബി.ജെ.പി. നേതാവ് അഡ്വ. അശ്വനി കുമാര്‍ ഉപധ്യായയ്ക്കെതിരേ കര്‍ശന വിമര്‍ശനമുയര്‍ത്തി കോടതി. ആ അപേക്ഷ തള്ളിക്കൊണ്ട് സ്വാര്‍ഥത വെടിഞ്ഞ് രാജ്യത്തെക്കുറിച്ചു ചിന്തിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കാന്‍ പോലും കോടതി അനുവദിച്ചില്ല. ഹിന്ദുത്വം മഹത്തരമായ ജീവിതരീതിയാണ്, അതില്‍ മതഭാന്തില്ല എന്ന് കോടതി പരാതിയുമായെത്തിയവരെ ഉപദേശിച്ചു.