‘പത്തുരൂപ വിപ്ലവം’ എന്നാണ് കേരളത്തിലെ കുടുംബശ്രീ സംരംഭത്തിന്റെ ഓമനപ്പേര്. പത്തു രൂപയുമായി മീന്‍കച്ചവടത്തിനിറങ്ങി, പഠിച്ചുയര്‍ന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ വിപ്ലവത്തിന്റെ കഥ പറയുന്നു ഡോ. ഫ്രാന്‍സിസ് മുക്കത്ത്. കൊച്ചി രൂപതയിലെ സാന്തോം ഇടവകാംഗമായ ഫ്രാന്‍സിസ് സാര്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ഇക്കണോമിക്സ് അസിസ്റ്റന്റ് പ്രഫസറാണ്. പഠിച്ചുയരണം എന്ന നിശ്ചയദാര്‍ഢ്യത്തിനു കുടപിടിച്ചത് മീന്‍കച്ചവടവും കപ്പലണ്ടി വില്‍പ്പനയും വസ്ത്രങ്ങള്‍ തേച്ചുകൊടുക്കലും.
ഈ ലോകം പാവപ്പെട്ടവരുടേതുകൂടിയാണെന്ന് ചവിട്ടിക്കയറിവന്ന വഴികളിലേക്കു നോക്കി ഫ്രാന്‍സിസ് സാര്‍ അഭിമാനത്തോടെ പറയുമ്പോള്‍ കൈപിടിച്ചു കൂടെയുണ്ട്, സ്പെഷ്യല്‍ സ്കൂള്‍ അധ്യാപികയായ ഭാര്യ സിന്‍സിയും മക്കള്‍ എല്‍നിനോയും എല്വിനും.
വീട്ടിലെ ലൈറ്റും ഫാനും സൂക്ഷിച്ചുപയോഗിക്കാന്‍ പഠിക്കുന്നിടത്താണ് എന്നും എന്റെ അധ്യാപനത്തിലെ സിലബസിന്റെ തുടക്കം.
ചാക്കോമാഷ് റീലോഡഡ്
45-ാം വയസില്‍ സൈക്കിള്‍ ചവിട്ടുപഠിക്കാനിറങ്ങിയ അപ്പനാണ് എന്റെ ഹീറോ. ആദ്യം അപ്പന് സൈക്കിളിന്റെ കാരിയറില്‍ മണ്ണുചാക്കുവച്ചു ചവിട്ടി പഠിച്ചു. പിന്നെ അതു മീന്കുട്ടയായി മാറ്റി എന്നുമാത്രം. എന്റെ പത്താം വയസിലാണ് ഞാന്‍ എന്റെ ‘അപ്പനെ’ കണ്ടെത്തുന്നത്. തോപ്പുംപടി സൗദിയിലെ ചെമ്മീന്‍ പീലിങ് ബിസിനസ് പൊളിഞ്ഞ കാലത്താണ് പുതിയൊരു തൊഴില്‍ കണ്ടെത്താന്‍ അപ്പന് ഇറങ്ങിയത് എന്ന അപ്പന്റെ ജീവിതകഥയുടെ പിന്നാമ്പുറം മൂത്ത ജ്യേഷ്ഠനില്‍ നിന്നാണ് ഞാനറിയുന്നത്. പറക്കമുറ്റാത്ത അഞ്ചു മക്കളെ വളര്‍ത്താനുള്ള ഒരപ്പന്റെ ചങ്കുറപ്പ്. എഴുത്തും വായനയും അറിയാത്ത, ഒരു കൈത്തൊഴിലും പഠിച്ചിട്ടില്ലാത്ത ചാക്കോ എന്ന എന്റെ അപ്പന് ഞങ്ങള്‍ അഞ്ചു മക്കളെ വളര്‍ത്താന്‍ മീന്‍കുട്ടയുമായി ഇറങ്ങിയ കഥ കേട്ട എനിക്ക് അപ്പനോട് വീരാരാധനയായിരുന്നു.
അഞ്ചാം ക്ലാസുകാരന്റെ ആദ്യത്തെ ബിസിനസ്
അഞ്ചാം ക്ലാസുകാരനായിരുന്ന ഞാന്‍ അങ്ങനെ അപ്പന്റെ സഹായിയായി. വൈകീട്ട് സ്കൂള്‍ ബെല്ലു കേട്ടാല്‍ പുസ്തകക്കെട്ടുമായി ഞാന്‍ ഓടി അത്തിപ്പൊഴി മാര്‍ക്കറ്റിലെത്തും. ഇരുട്ടുവോളം അപ്പനെ കച്ചവടത്തില്‍ സഹായിക്കും. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് അപ്പന് കണ്ണ് ഓപ്പറേഷന് വേണ്ടിവന്നത്. അന്നൊക്കെ മൂന്നു മാസം അനങ്ങാതെ വീട്ടിലിരിക്കണം. അതായിരുന്നു എന്റെ ബിസിനസ് അരങ്ങേറ്റക്കാലം എന്നു പറയാം. കപ്പലണ്ടി വാങ്ങി, വീട്ടില്‍ കൊണ്ടുവന്നു വറുത്ത് കൊണ്ടുനടന്നു വില്‍ക്കും. ഒരു ദിവസം രണ്ടു രൂപ കിട്ടും. അവധിക്കാലത്ത് എല്ലാ ദിവസവും കപ്പലണ്ടി വിറ്റ് ഞാനുണ്ടാക്കിയ അറുപതു രൂപ സമ്പാദ്യമായിരുന്നു എന്റെ ആദ്യത്തെ മൂലധനം. അങ്ങനെ സ്വരുക്കൂട്ടിയ പണം കൊണ്ടാണ് ഞാന്‍ പത്താം ക്ലാസ് വരെ പഠിച്ചുകയറിയത്.
ആരോഗ്യക്കുറവ് യോഗ്യതയായപ്പോള്
ദൈവാനുഗ്രഹം… നല്ല ഫസ്റ്റ് ക്ലാസ് മാര്‍ക്കുവാങ്ങി പത്തു പാസായി. പഠനം തുടരണം എന്ന് എനിക്കു വലിയ ആഗ്രഹം. എന്റെ ജ്യേഷ്ഠന്മാരെയും അനുജനെയും വരെ അപ്പന് കൈത്തൊഴില്‍ പഠിക്കാന്‍ വിട്ടു. പഴയ നിയമത്തിലെ ജോസഫിനെപ്പോലെ എല്ലാ തൊഴിലില്‍ നിന്നും അപ്പന് എന്നെ മാറ്റിനിര്‍ത്തി. നേര്‍ത്തുമെലിഞ്ഞ്, ഒരു നിക്കര്‍ മാത്രം ഇട്ടു നടന്നിരുന്ന, വേണ്ടത്ര ആരോഗ്യമില്ലാതിരുന്ന ‘യോഗ്യത’ കൈമുതലാക്കിയിരുന്ന ഞാന്‍ അങ്ങനെ പഠനം തുടരാന്‍ തീരുമാനിച്ചു.
തേപ്പുപെട്ടിയും ഇംഗ്ലീഷ് പഠനവും
കൊച്ചിന് കോളജിലാണ് പ്രീഡിഗ്രിക്കു ചേര്‍ന്നത്. മലയാളം മീഡിയംകാരന് കോളജിലെ ഇംഗ്ലീഷ് ക്ലാസിലിരുന്ന് വെള്ളം കുടിച്ചുപോയി. തോറ്റുകൊടുക്കാന്‍ മനസില്ലായിരുന്നു. വീട്ടിനടുത്തുള്ള ചില മീന്‍കച്ചവടക്കാരുടെ വീട്ടില്‍ ചെന്നു പറഞ്ഞു: ”നിങ്ങളുടെ വസ്ത്രങ്ങള്‍ ഞാന്‍ തേച്ചുതരാം. എനിക്കു നൂറു രൂപ തരണം.” ഒരു വസ്ത്രത്തിന് 50 പൈസ കണക്കില്‍ രണ്ടു മാസം തേപ്പുപണി നടത്തി, ഞാന്‍ കടം വീട്ടി. ആ കാശുകൊണ്ട് ഇംഗ്ലീഷിനു ട്യൂഷനു ചേര്‍ന്നാണ് ഞാന്‍ പരീക്ഷ പാസായത്.
പഠിക്കും മുന്‍പേ പ്രയോഗിച്ച സാമ്പത്തികശാസ്ത്രം
ഇനി ഡിഗ്രിക്കു ചേരണം; പണം വേണം. എന്താ വഴി?
പ്രായാധിക്യം മൂലം മീന്‍കച്ചവടം നിര്‍ത്തിയ അപ്പന്റെ അടുത്തു ഞാന്‍ ചെന്നു: ”അപ്പാ, അപ്പന്റെ സൈക്കിള്‍ എനിക്കു തരണം.” എന്റെ ആഗ്രഹത്തിന്റെ തീവ്രത അറിയാവുന്ന അപ്പന് സൈക്കിള്‍ താക്കോല്‍ കൈയില്‍ വച്ചുതന്നു; നിശബ്ദമായ ഒരു പ്രാര്‍ഥനാശംസയോടെ. പഴയ തേപ്പുപണിയില് നിന്നു മിച്ചം പിടിച്ചു ബാക്കിയുണ്ടായിരുന്ന പത്തു രൂപയുമായി ഞാന്‍ സൈക്കിളെടുത്തിറങ്ങി. ഹാര്‍ബറില്‍ പോയി മീനെടുത്ത് വീട്ടില്‍ കൊണ്ടുവന്ന് ഉണക്കി, പായ്ക്കറ്റിലാക്കി, കടകളില്‍ കൊണ്ടുപോയി വില്‍ക്കും. സത്യത്തില്‍ പഠനമായിരുന്നു പാര്‍ട്ട് ടൈം. കൂടുതല്‍ സമയവും കച്ചവടത്തിലായിരുന്നു. മിച്ചം പിടിച്ച പണം കൊണ്ട് പഠനം മെച്ചപ്പെടുത്തി. അങ്ങനെ ഞാന്‍ ഇക്കണോമിക്സ് ബിരുദധാരിയായി.
സൗജന്യ ട്യൂഷനും എന്നെ കണ്ടെത്തലും
പിന്നെ, ജോലിക്കുള്ള അന്വേഷണമായി. ഒരു പരസ്യ കമ്പനിയില്‍ 600 രൂപ ശമ്പളത്തില്‍ ജോലി തരപ്പെടുത്തി. ആറു വര്‍ഷം അവിടെ തുടര്‍ന്നു. അക്കാലത്താണ് സൗദിപള്ളി വികാരിയച്ചന്, കാറ്റക്കിസം അധ്യാപകനാകാന്‍ വിളിക്കുന്നത്. അവിടത്തെ ചുറ്റുപാടുകളുമായി പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഞാന്‍ അച്ചനോടു പറഞ്ഞു:
”അച്ചാ, കടലോരത്തെ വീടുകളില്‍ പഠനം മുടങ്ങിപ്പോകുന്ന കുട്ടികളുണ്ട്. അവര്‍ക്കായി സൗജന്യമായി ട്യൂഷന് എടുക്കാന്‍ ഞാന്‍ തയ്യാറാണ്.”
”ഫ്രാന്‍സിസിന് എന്റെ എല്ലാ പിന്തുണയുമുണ്ടാകും, ധൈര്യമായി തുടങ്ങിക്കോ…” അച്ചന്റെ പച്ചക്കൊടിയും കിട്ടി, പള്ളിമേട ട്യൂഷന് സെന്ററായി. കാറ്റക്കിസത്തിലെ ആറ് സഹാധ്യാപകരെയും കൂട്ടി ട്യൂഷന് ക്ലാസ് തുടങ്ങി. എന്റെ ശമ്പളത്തില്‍ നിന്ന് 100 രൂപ വീതം അവര്‍ക്ക് ഓരോ മാസവും കൊടുക്കുമായിരുന്നു. അക്കാലത്താണ് ഞാന്‍ എന്നെത്തന്നെ കണ്ടെത്തുന്നത്: ”എനിക്ക് അധ്യാപകനാകാനുള്ള കഴിവുണ്ട്!”
ജോലിക്കായി പഠനവും പഠിക്കാനൊരു ജോലിയും
‘ടീച്ചര്‍ വിളി’ തിരിച്ചറിഞ്ഞ ഉടനെ ജോലി രാജി വച്ച് ബി.എഡിനു ചേര്‍ന്നു. സാമൂഹ്യശാസ്ത്രത്തില്‍ ബി.എഡ് തീര്‍ന്നപ്പോള്‍, നുള്ളിപ്പെറുക്കി സ്വരുക്കൂട്ടിയിരുന്ന പണവും തീര്‍ന്നിരുന്നു. കുറച്ചുകാലം അടുത്തുള്ള പാരലല്‍ കോളജില്‍ ജോലി ചെയ്ത് കുറച്ചു കാശുണ്ടാക്കി. അതുമായി ചെന്ന് കളമശേരി സെന്റ് പോള്‍സില്‍ ഇക്കണോമികിസ് എം.എയ്ക്കു ചേര്‍ന്നു. പഠനം കഴിഞ്ഞു. ഇനി വീണ്ടും ജോലി അന്വേഷണം. തോപ്പുംപടി സെന്റ് തോമസ് വിമന്‍സ് കോളജിലെത്തി പാരലല്‍ കോളജ് അധ്യാപകനായി വേഷമണിഞ്ഞു. മണിക്കൂറിനു 12 രൂപ. അപ്പോഴേക്കും ടീച്ചര്‍ ഉദ്യോഗം നന്നായി വഴങ്ങി. ഒരു വര്‍ഷം മാലദ്വീപില്‍ പോയി. 2013ല്‍ ദൈവാനുഗ്രഹം എന്റെ വഴിക്കു വീണ്ടും വന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ എംഎ അനുവദിച്ചു കിട്ടിയപ്പോള്‍, അവിടെ ഗസ്റ്റ് ലക്ചററായി അവസരം കിട്ടി.
കൂലിയില്ലാത്ത ജോലിയും കൂലിക്കായുള്ള ജോലിയും
2014ല്‍ ദൈവാനുഗ്രഹം വഴിനിറഞ്ഞു പെയ്തത് മാനേജര്‍ ആന്റണി അറക്കല്‍ അച്ചന്റെ തീരുമാനത്തിലൂടെയായിരുന്നു (ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആല്‍ബര്‍ട്സിന് അംഗീകൃത കോഴ്സ് അനുവദിച്ചപ്പോള്‍). പെര്‍മനന്റ് പോസ്റ്റിലേക്ക് അച്ചന് തിരഞ്ഞെടുത്തത് എന്നെ. 42-ാം വയസിലെ അവസാന അവസരം അങ്ങനെ എന്നെ തേടിവന്നു പുണര്‍ന്നു എന്നു പറയാം.
എന്നിട്ടും ആറര വര്‍ഷം ശമ്പളമില്ലാതെ ജോലിയെടുക്കേണ്ടിവന്നു. 48-ാം വയസിലാണ് ആദ്യമായി സര്‍ക്കാര്‍ ശമ്പളം കൈയില്‍ വാങ്ങിക്കാനായത്. ഈ ആറര വര്‍ഷവും ഉച്ചകഴിഞ്ഞ് മൂന്നു മണിയാകുമ്പോള്‍ ആല്‍ബര്‍ട്സില്‍ നിന്നിറങ്ങി വീണ്ടും കുഞ്ഞുനാളിലെപ്പോലെ ഞാന്‍ ഓടും. എന്നും രാത്രി ഒന്‍പതുമണിവരെ പല വീടുകളില്‍ പോയി ട്യൂഷനെടുത്തു കിട്ടിയ പണം കൊണ്ടാണ് ഞാന്‍ കുടുംബം പുലര്‍ത്തിയത്.
ഉള്ളില്‍ നിന്നുരുക്കിയെടുത്ത ഗവേഷണ വിഷയം
അപ്പന്റെ സൈക്കിളുമായി ഫിഷിങ് ഹാര്‍ബറില്‍ മീനെടുക്കാന് പോകുമ്പോള്‍ ഞാന്‍ കണ്ട കുറെ മുഖങ്ങള്‍ അന്നും ഇന്നും എനിക്കു മറക്കാനാവാത്തതായി നില്‍ക്കുന്നുണ്ട്. നാണയത്തുട്ടുകളുമായി വട്ടപാത്രങ്ങള് തലയില്‍ വച്ച് മീന്‍ വാങ്ങിക്കൊണ്ടുപോയി നടന്നു വില്ക്കാന് നിരനിരക്കുന്ന അമ്മച്ചിമാര്. അവരുടെ ഓരോരുത്തരുടെയും കഥകള്‍ ഞാന്‍ ഹൃദയം കൊണ്ടു കേട്ട് ഉള്ളില്‍ പതിച്ചുറപ്പിച്ചിരുന്നു. അധ്യാപകനായിട്ടും പഠനം നിര്‍ത്താതിരുന്ന ഞാന്‍, ഡോക്ടറേറ്റിനു ശ്രമിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിഷയം ഒരു പ്രശ്നമായിരുന്നില്ല. വീടിനു വേണ്ടി മീന്കുട്ടയെടുത്തു നടന്നു തേഞ്ഞുതീരുന്ന മാതൃജീവിതങ്ങളെക്കുറിച്ച് അവരുടെ പിന്തലമുറ എന്തു ചിന്തിക്കുന്നു എന്നതായിരുന്നു എന്റെ പഠനവിഷയം. അവിടെയുമുണ്ട് ഒരു ദൈവാനുഗ്രഹത്തിന്റെ വഴി. കൊച്ചിന് കോളജിലെ എന്റെ പഴയ ഒരു അധ്യാപകന് അജിത്ത് കുമാര്‍ സാര്‍ എനിക്കുവേണ്ടി ഒഴിച്ചിട്ടു കാത്തിരുന്ന സീറ്റിലാണ് ഞാന്‍ ഡോക്ടറേറ്റിനു ചേരുന്നത്. അങ്ങനെ 2022 ഒക്ടോബറില്‍ എംജി യൂണിവേഴ്സിറ്റിയില്‍ നിന്നു ഞാന്‍ ഡോക്ടറേറ്റ് നേടി.
‘ധനകാര്യ മന്ത്രിമാര്‍ക്ക് നല്ല നമസ്കാരം’
സിലബസിലില്ലാത്ത സാമ്പത്തികശാസ്ത്രം പഠിക്കാനാണ് എനിക്കിഷ്ടം. ആദ്യ ക്ലാസില്‍ത്തന്നെ ഞാന്‍ കുട്ടികളോടു പറയും ”ഇന്നു നിങ്ങള്‍ വീട്ടില്‍ പോയി ഒരു കാര്യം ചെയ്യണം: ‘ഞങ്ങളുടെ വീട്ടിലെ ധനകാര്യമന്ത്രീ’ എന്നു വിളിച്ച് സ്വന്തം അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം…” വീട്ടിലെ ലൈറ്റും ഫാനും സൂക്ഷിച്ചുപയോഗിക്കാന്‍ പഠിക്കുന്നിടത്താണ് എന്നും എന്റെ അധ്യാപനത്തിലെ സിലബസിന്റെ തുടക്കം. നമ്മള് അധ്വാനിച്ചുണ്ടാക്കുന്ന പണമാണ് നമുക്കായി അധ്വാനിക്കേണ്ടത് എന്നു പഠിപ്പിക്കും.
പാലിയേറ്റീവ് കെയറിനു പകരം ‘പാലിയേറ്റീവ് ഹിയറിങ്’ ആണ് ഞാന്‍ നേതൃത്വം കൊടുക്കുന്ന കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ രീതി. ‘പോക്കുവെയില്‍ വര്‍ത്തമാനങ്ങള്‍’ എന്ന പേരില്‍, മുതിര്‍ന്നവരെ കേള്‍ക്കാന്‍ വേണ്ടി എന്റെ കുട്ടികള്‍ വീടു സന്ദര്‍ശനം നടത്തും.
സന്തോഷിക്കുക… ലോകം സുന്ദരം…
ഞാന്‍ സന്തോഷവാനാണ്… ഈ ലോകം സുന്ദരമാണ് – ഈ രണ്ടു പഠനങ്ങളാണ് അടിസ്ഥാനപരമായി ജീവിതം എന്നെ പഠിപ്പിച്ചത്. കോളജില്‍ ഞാന്‍ ആരംഭിച്ച പരിപാടിയാണ് ‘ഹാപ്പിനസ് പ്രോഗ്രാം.’ അകത്തും പുറത്തുമുള്ള പലരും വന്ന് അവരോട് സന്തോഷജീവിതത്തിന്റെ അനുഭവകഥകള്‍ പങ്കുവയ്ക്കുന്ന പരിപാടി.
അറിവിനൊപ്പം അനുഭവങ്ങളിലും വളരുമ്പോള്‍ കുട്ടികള്‍ വിജയിക്കുന്നവരായി മാറും എന്നു ഞാന്‍ വിശ്വസിക്കുന്നു.