Browsing: Editorial

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ 70 ശതമാനം വരുന്ന എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അധ്യാപക നിയമന നിരോധനത്തിനും, സ്ഥിരനിയമനം ലഭിക്കാതെയും ദിവസവേതനം പോലും കിട്ടാതെയും പ്രതിസന്ധിയിലായ ആയിരക്കണക്കിന് അധ്യാപകരുടെ ദുരിതങ്ങള്‍ക്കും അറുതിവരുത്തുന്നതാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ചിന്റെ മാര്‍ച്ച് നാലിലെ ഉത്തരവ്.

മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിച്ച ‘വഖഫ്’  അവകാശവാദത്തില്‍ കുടുങ്ങിയ ഭൂമിയുടെ കാര്യത്തില്‍ ‘വസ്തുതാപഠനം നടത്തി യഥാര്‍ഥ ഭൂവുടമകളുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്നതിന്’ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന് നിയമപരമായ നിലനില്പില്ലെന്ന് ഹൈക്കോടതി വിധിച്ചതോടെ ജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്കും ആശങ്കകള്‍ക്കും ആഴമേറുകയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യുമെന്ന ബിജെപി മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രഖ്യാപനം ഇക്കാലത്ത് ഒരു പരിഷ്‌കൃത സമൂഹത്തിനും ഉള്‍ക്കൊള്ളാനാവാത്ത അനര്‍ത്ഥക വിഡംബനമാണ്. ലോക വനിതാ ദിനത്തില്‍ സ്ത്രീശക്തിയെ ആദരിക്കുന്നതിന് ഭോപാലില്‍ പ്രതീകാത്മകമായ പല പ്രകടനങ്ങളും ആവിഷ്‌കരിക്കുന്നതിനിടയിലാണ് മോഹന്‍ യാദവ് ന്യൂനപക്ഷ വിരുദ്ധ മതവികാരം ഇളക്കിവിടുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിനെ പോലും നിഷ്പ്രഭനാക്കാന്‍ തനിക്കു കഴിയുമെന്ന് തെളിയിച്ചത്.

1945-നു ശേഷം യൂറോപ്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റവും വിനാശകരമായ സൈനികാധിക്രമവും അധിനിവേശവുമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചിട്ടുള്ള യുക്രെയ്ന്‍ യുദ്ധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തില്‍, ഇരകളെ പഴിച്ചുകൊണ്ട് യുദ്ധക്കുറ്റവാളിയും സാമ്രാജ്യത്വമോഹിയും സ്വേച്ഛാധിപതിയും അമേരിക്കയുടെയും പാശ്ചാത്യലോകത്തിന്റെയും മുഖ്യശത്രുവുമായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പക്ഷത്തുചേര്‍ന്ന് യൂറോപ്പിനെയും ലോകത്തെയും അമേരിക്കന്‍ ജനതയെയും ഞെട്ടിക്കുകയാണ് ട്രംപ്.

സംസ്ഥാന ആരോഗ്യമേഖലയിലെ മുന്‍നിര പ്രവര്‍ത്തകരായ ആശാ വര്‍ക്കര്‍മാര്‍ അതിജീവന പോരാട്ടത്തിലാണ്. കേരളത്തിന്റെ സാമൂഹ്യ സുരക്ഷാകവചം കാത്തുരക്ഷിക്കുന്ന സ്ത്രീകളുടെ ശ്രേഷ്ഠ ശ്രേണിയില്‍ – കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കുന്നവര്‍, അംഗനവാടി ടീച്ചര്‍മാര്‍, കിടപ്പുരോഗികള്‍ക്ക് സാന്ത്വനശുശ്രൂഷ ചെയ്യുന്നവര്‍, ബഡ്‌സ് സ്‌കൂളില്‍ ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്നവര്‍ തുടങ്ങിയവരോടൊപ്പം – സമൂഹത്തിനായി നിസ്തുല സന്നദ്ധസേവനം ചെയ്യുന്ന ഈ സഹോദരിമാരുടെ അനന്യമഹിമയും അവരുടെ കഷ്ടപ്പാടുകളും തിരിച്ചറിയുന്നവരെല്ലാം തന്നെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ 17 ദിവസങ്ങളായി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന രാപ്പകല്‍ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള പ്രധാന കാര്യദര്‍ശിയെയും രണ്ടു സഹകാര്യക്കാരെയും നിയമിക്കുന്ന പ്രക്രിയയും അവരുടെ സേവനവേതനവ്യവസ്ഥകളും കാലാവധിയും മറ്റും സംബന്ധിച്ച് മോദി സര്‍ക്കാര്‍ 2023 ഡിസംബറില്‍ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഒരുപറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ, പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ് ഗൗനിക്കാതെ ”തിടുക്കത്തില്‍, പാതിരാവില്‍” തിരഞ്ഞെടുത്ത ചീഫ് ഇലക് ഷന്‍ കമ്മിഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറും, ഇലക് ഷന്‍ കമ്മിഷണര്‍ (ഇസി) വിവേക് ജോഷിയും വിഘ്‌നമൊന്നും കൂടാതെ ചുമതലയേറ്റു.

വംശീയ വിഭജനത്തിന്റെ ബഫര്‍സോണ്‍ അതിരുകള്‍ ചോരകൊണ്ട് അടയാളപ്പെടുത്തി, മണിപ്പുരിലെ ഇംഫാല്‍ സമതലപ്രദേശത്തെ മെയ്തെയ് ഹിന്ദു-സനമാഹി ഭൂരിപക്ഷ ജനസമൂഹത്തെയും ചുറ്റുമുള്ള മലമ്പ്രദേശത്തെ കുക്കി-സോ-അമര്‍ ക്രൈസ്തവ ഗോത്രവര്‍ഗ ന്യൂനപക്ഷത്തെയും രണ്ടു ശത്രുരാജ്യക്കാരെപോലെ പരസ്പരം കൊന്നൊടുക്കാന്‍ പകയുള്ളവരാക്കി പരുവപ്പെടുത്തിയ മഹാദുരന്തവാഴ്ചയുടെ കാരണഭൂതന്‍, സംസ്ഥാനത്തെ പ്രഥമ ബിജെപി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, ഒടുവില്‍ സ്വന്തക്കാരാല്‍ പരിത്യക്തനായി നാണംകെട്ട് ഭരണഭാരമൊഴിയുന്നത് അവിടെ കഴിഞ്ഞ 21 മാസമായി അറുതിയില്ലാത്ത കലാപക്കെടുതികളുടെ കൊടുംയാതനകള്‍ അനുഭവിക്കുന്ന നിസ്സഹായരായ മനുഷ്യര്‍ക്ക് കുറച്ചെങ്കിലും സാന്ത്വനത്തിന് വകയാകും, നാടിന് സമാധാന പ്രത്യാശയ്ക്കുള്ള രാഷ് ട്രീയ വഴിത്തിരിവിനും.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് നടക്കുമ്പോള്‍, പ്രധാനമന്ത്രി മോദി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ‘മാനവവര്‍ഗത്തിന്റെ ഏറ്റവും വലിയ വിശ്വാസസംഗമം’  എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാകുംഭമേളയില്‍ പുണ്യനദികളായ ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി.

ലോകത്തിലെ പരമശക്തനായ ഭരണാധികാരിയുടെ സ്ഥാനാരോഹണ മഹോത്സവത്തിനിടെ, സുവിശേഷത്തിന്റെ ഹൃദയത്തില്‍ നിന്ന് പ്രവാചക ധീരതയോടെ, എന്നാല്‍ തീയും ഗന്ധകവുമില്ലാതെ സൗമ്യമായി, ആര്‍ദ്രതയോടെയും ആര്‍ജവത്തോടെയും അധികാരത്തോട് സത്യം തുറന്നുപറയുന്നതെങ്ങനെയെന്ന് വാഷിങ്ടണിലെ എപ്പിസ്‌കോപ്പല്‍ സഭയുടെ മേരിആന്‍ എഡ്ഗര്‍ ബഡി എന്ന വനിതാ മെത്രാന്‍ കാണിച്ചുതന്നത് സമഗ്രാധിപത്യ ശക്തികള്‍ക്കെതിരെ പോരാടുന്ന മനുഷ്യസ്നേഹികളെയെല്ലാം ആവേശഭരിതരാക്കുന്ന അനുപമ മാതൃകയാണ്.

കൊല്ലം തീരത്തുനിന്ന് 27 – 33 കിലോമീറ്റര്‍ പടിഞ്ഞാറായി ഏതാണ്ട് 48 – 62 മീറ്റര്‍ ആഴമുള്ള ജലപരപ്പിനടിയില്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തിയിട്ടുള്ള മണല്‍ നിക്ഷേപത്തിന്റെ മൂന്നു ബ്ലോക്കുകള്‍ ഖനനത്തിനായി കേന്ദ്ര ഖനി മന്ത്രാലയം സ്വകാര്യ സംരംഭകര്‍ക്കായി ലേലത്തിനു വച്ചിരിക്കുന്നു. കടലില്‍ 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി 302.42 ദശലക്ഷം ടണ്‍ മണല്‍ – കെട്ടിടനിര്‍മാണത്തിനും കോണ്‍ക്രീറ്റിങ്ങിനും പറ്റിയത് – ഖനനം ചെയ്യാനുള്ള ഖനന പാട്ടം അടക്കമുള്ള സംയുക്ത ലൈസന്‍സിനുവേണ്ടിയാണ് ഇ-ലേലം. ടെന്‍ഡര്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.