ന്യൂഡൽഹി : പ്രക്ഷോഭം ശക്തമാക്കി കർഷക സംഘടനകൾ. തങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് കേന്ദ്രസർക്കാരുമായി കൂടിക്കാഴ്ച നടത്തും . ഇന്നലെ ‘ഡൽഹി ചലോ’ പ്രതിഷേധം പുനരാരംഭിക്കുന്നതിനായി പഞ്ചാബ് – ഹരിയാന ശംഭു അതിർത്തിയിലെത്തിയ കർഷകരെ പിരിച്ചുവിടാൻ പൊലീസ് ഒന്നിലധികം തവണ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു.
എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കാനാണ് കർഷകർ ആഗ്രഹിക്കുന്നതെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദേർ പറഞ്ഞു. കേന്ദ്രം ഒരു പരിഹാരവുമായി വന്നാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ഒരു തരത്തിലുള്ള സംഘർഷവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ കണ്ണീർ വാതകവും മറ്റ് ശക്തികളും ഉപയോഗിക്കുന്നത് നിർത്തി സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് സർവാൻ സിങ് പന്ദർ ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്ത കർഷകരെ പിരിച്ചുവിടാനായി അവർക്ക് നേരെ പൊലീസ് സെൽഫ് ലോഡിങ് റൈഫിൾ ഉപയോഗിച്ച് പ്ലാസ്റ്റിക് റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ചതായി അദ്ദേഹം ആരോപിച്ചു.
രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുക എന്നത് കർഷകരുടെ ജനാധിപത്യ അവകാശമാണെന്ന് സമരത്തിന് പിന്തുണ അറിയിച്ച ശശി തരൂർ എം പി പറഞ്ഞു .മുൻ കർഷകസമരത്തിൽ നിന്ന് സർക്കാർ പാഠം പഠിക്കുകയും ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കുകയും ചെയ്യണമായിരുന്നു. കഴിഞ്ഞ തവണ സർക്കാർ കീഴടങ്ങുകയും പിൻവലിക്കുകയും ചെയ്യുന്നതിന് മുമ്പ് ഒരു വർഷത്തോളം നീണ്ട പ്രക്ഷോഭം വേണ്ടി വന്നു, ശശി തരൂർ പറഞ്ഞു.
അതേസമയം കേന്ദ്രത്തിനെതിരെ വിമർശനങ്ങളുമായി അഖിലേഷ് യാദവും രംഗത്ത് വന്നു. ബിജെപി സർക്കാർ കർഷകരെ കബളിപ്പിക്കുകയാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. ഒരു വശത്ത് അന്തരിച്ച കർഷക നേതാവ് ചൗധരി ചരൺ സിങ്ങിന് ഭാരതരത്ന നൽകി ആദരിച്ച കേന്ദ്രം മറുവശത്ത് പ്രതിഷേധിച്ച കർഷകർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകളും ലാത്തി വീശിയും തങ്ങളുടെ സ്വേച്ഛാധിപത്യം തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരതീയ ജനത പാർട്ടി എംപി സുധാംശു ത്രിവേദി ബുധനാഴ്ച ഉറപ്പുനൽകിയിരുന്നു. എന്നാൽ സാങ്കേതികമായി, സർക്കാരിന് ഇപ്പോൾ നിയമങ്ങൾ രൂപീകരിക്കാൻ കഴിയാത്തതിനാൽ ഒരു നിയമം വേണമെന്ന ആവശ്യം വിചിത്രമാണെന്നും എംപി പറഞ്ഞു.
സർക്കാരിന് ഇപ്പോൾ നിയമമുണ്ടാക്കാൻ കഴിയില്ല. ഇത് പറയുമ്പോൾ അവർ ഉന്നയിക്കുന്ന ആവശ്യം നിയമപരമായി പോലും ഇന്ന് സാധ്യമല്ലെന്ന് കരുതണം. അതുകൊണ്ടാണ് നമ്മുടെ രണ്ട് മന്ത്രിമാരും കർഷകരുമായി കൂടിക്കാഴ്ച നടത്തിയത്, ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്ന് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ് എന്നും സുധാംശു ത്രിവേദി കൂട്ടിച്ചേർത്തു.
12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്. കർഷക യൂണിയൻ നേതാക്കളായ ജഗ്ജീത് സിങ് ദല്ലേവാളിൻറെയും സർവാൻ സിങ് പന്ദേറിൻറെയും നേതൃത്വത്തിൽ സംയുക്ത കിസാൻ മോർച്ചയും പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുമാണ് ഇത്തവണ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.