സംഘ്പരിവാര്‍ താല്പര്യങ്ങളാണ് ഭരണഘടനയേക്കാള്‍ വലുതെന്ന് പലവട്ടം വിവിധ വിധികളിലൂടെയും പരാമര്‍ശങ്ങളിലൂടെയും വെളിപ്പെടുത്തിയിട്ടുള്ള ചില ന്യായാധിപന്മാര് നിഷ്കളങ്കമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു.
2019 ജൂലൈ 27 ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് ഫേസ് ബുക്കില്‍ ഒരു പോസ്റ്റിട്ടു. ജസ്റ്റിസ് ചിദംബരേഷിനെതിരായ ആ പോസ്റ്റില്‍ അദ്ദേഹം ഇങ്ങനെ എഴുതി -‘ നമ്മുടെ നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. എന്നാല്‍, ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല. അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും എനിക്ക് യോജിക്കാനാവുന്നില്ല. പൂര്‍വജന്മ സുകൃതത്താല് ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന ജസ്റ്റിസ് ചിദംബരേഷിന്റെ വാദഗതികളോട് യോജിക്കാന്‍ സാധിക്കില്ല. വെജിറ്റേറിയാനായതുകൊണ്ടോ, കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ കഴിവുള്ളവരായതുകൊണ്ടോ ഒരാള്‍ വരേണ്യനാവുന്നില്ല. എല്ലാ സദ്ഗുണങ്ങളും സമ്മേളിച്ചിരിക്കുന്നത് ബ്രാഹ്മണനിലാണെന്ന വാദവും സാമൂഹ്യ യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല.
അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്നവര്‍ ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കയറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദലിതരേയും ആദിവാസികളേയുമാണ്. എന്ന് വി.എസ് പൊട്ടിത്തെറിക്കുമ്പോള്‍ ഓര്‍ക്കണം, അത് സ്വന്തം പാര്‍ട്ടിയുടെ സവര്‍ണ മേധാവിത്വത്തിനെതിരെ കൂടിയായിരുന്നു.
സാമ്പത്തിക സംവരണം എന്ന ആശയം പലവട്ടം പരീക്ഷിക്കപ്പെട്ടെങ്കിലും സുപ്രീം കോടതിയില്‍ സാമൂഹ്യനീതിയിലധിഷ്ഠിതമായ സംവരണത്തിനപ്പുറം പോകാന്‍ കഴിഞ്ഞില്ല. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന സാമ്പത്തിക സംവരണത്തെ ചോദ്യംചെയ്ത് 1992-ല്‍ ഇന്ദ്ര സാഹ്നി നടത്തിയ കേസില്‍ സാമ്പത്തിക സംവരണം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നു. 2019 ജനുവരി ഒന്‍പതിനാണ് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഉയര്‍ന്ന വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍-അനുബന്ധ തസ്തികകളിലും 10 ശതമാനം വരെ സംവരണം ഏര്‍പ്പെടുത്തുന്ന 103-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയത്. ഭരണഘടനയിലെ 15, 16 അനുച്ഛേദങ്ങളില്‍ ഇതിനായി 15(6), 16(6) എന്നീ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 15(6) പ്രകാരം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ ഉന്നമനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കാന് സര്‍ക്കാരുകള്‍ക്ക് അനുമതി നല്കി. എയ്ഡഡ്, അണ് എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ സംവരണം ഏര്‍പ്പെടുത്താം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കി. സര്‍ക്കാര്‍ ജോലികളിലെ നിയമനത്തിനായാണ് ആര്‍ട്ടിക്കിള്‍ 16(6) ഭേദഗതി. ജനുവരി 12ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇതു നിയമമായി. ഭരണഘടനയുടെ പതിനാറാം അനുഛേദത്തിലുള്ള സാമൂഹിക സംവരണത്തെ കുറിച്ചുള്ള പരിരക്ഷ തിരുത്താന്‍ മാത്രം മുന്നാക്ക വിഭാഗങ്ങളിലെ ഏതു സമുദായമാണ് സമൂഹത്തില്‍ നിന്ന് ബഹിഷ്കൃതരായിട്ടുള്ളത് എന്ന് സംവരണ വിരുദ്ധരായ ആര്‍എസ് എസ് ഇതുവരെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചിട്ടില്ല. ഇപ്പോഴിതാ, സംഘ്പരിവാര്‍ താല്പര്യങ്ങളാണ് ഭരണഘടനയേക്കാള്‍ വലുതെന്ന് പലവട്ടം വിവിധ വിധികളിലൂടെയും പരാമര്‍ശങ്ങളിലൂടെയും വെളിപ്പെടുത്തിയിട്ടുള്ള ചില ന്യായാധിപന്മാര് നിഷ്കളങ്കമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു.
ഭരണഘടനാഭേദഗതി സാമൂഹികമായി മുന്നാക്കമെത്തിയ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കിക്കൂടെയെന്നാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായ ചോദ്യം. ഏഴംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ ഈ നിരീക്ഷണം മുന്നോട്ട് വെച്ചത്.
സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും എസ്സി എസ്ടി സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയില്‍ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുമ്പോഴായിരുന്നു ഈ നിരീക്ഷണം.
ഒരാള്‍ക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാല്‍ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്. ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികള്‍ക്കോ മറ്റു സാമൂഹിക സാഹചര്യത്തില്‍ നിന്ന് മാറ്റം ഉണ്ടാകുമ്പോള്‍ പിന്നെ എന്തിനാണ് വീണ്ടും തലമുറകള്‍ക്ക് സംവരണം നല്‍കുന്നതെന്ന് വാദത്തിനിടെ ഭരണഘടനാ ബെഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആര് ഗവായ് ചോദിച്ചു. സുന്ദരമായ ചോദ്യങ്ങള്‍ !
വിഷയത്തില്‍ പ്രമുഖരാരും മിണ്ടിയിട്ടില്ല. എട്ടിന്റെ പണി വീട്ടുപടിക്കല്‍ എത്തിയിട്ടും റബ്ബറിന്റെ വില, നവകേരള ബസിന്റെ ധൂര്‍ത്ത്, പി.സി ജോര്‍ജിന്റെ നാക്ക്, ലീഗിന്റെ സീറ്റ് എന്നിങ്ങനെയുള്ള പ്രമാദമായ വിഷയങ്ങളില്‍ ചുറ്റിക്കറങ്ങി നമ്മുടെ നേതാക്കള്‍ നേരം കൊള്ളുകയാണ്.
പാവങ്ങള്‍ രക്ഷകനെ കാത്തിരിക്കുന്നു. ആ കാത്തിരിപ്പിന് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്.