ജെയിംസ് അഗസ്റ്റിന്
സംഗീതത്തിന് ലഭിക്കുന്ന പരമോന്നത ബഹുമതിയാണ് ഗ്രാമി അവാര്‍ഡ്. സംഗീതത്തിന്റെ ഓസ്കര് എന്നാണ് ഗ്രാമി അവാര്‍ഡുകളെ വിശേഷിപ്പിക്കുന്നത്. 2024 ഫെബ്രുവരി 4 നു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഗ്രാമിയുടെ തിളക്കമേറ്റു വാങ്ങിയവരില്‍ അഞ്ചു ഇന്ത്യക്കാരുമുണ്ടായിരുന്നു. സാക്കീര്‍ ഹുസൈന്, ശങ്കര്‍ മഹാദേവന്, ഗണേഷ് രാജഗോപാലന്‍, സെല്‍വ ഗണേഷ് വിനായക് റാം, രാകേഷ് ചൗരസ്യ എന്നിവരാണ് ഇന്ത്യന്‍ സംഗീതപതാക ലോകത്തിന്റെ മുന്നില്‍ പ്രൗഢിയോടെ ഉയര്‍ത്തിയത്. ഇവരില്‍ സാക്കിര്‍ ഹുസൈന് മൂന്നും രാകേഷ് ചൗരസ്യയ്ക്കു രണ്ടും അവാര്‍ഡുകള്‍ ലഭിച്ചു.
ഗ്രാമി അവാര്‍ഡ്
അമേരിക്കയിലെ റെക്കോര്‍ഡിങ് അക്കാദമി 1959 മുതല്‍ സംഗീതലോകത്തെ മികച്ച പ്രതിഭകള്‍ക്കും സംഘങ്ങള്‍ക്കും നല്കുന്ന അവാര്‍ഡാണ് ഗ്രാമി അവാര്‍ഡ്. ഗ്രാമഫോണ്‍ എന്നത് ചുരുക്കിയാണ് ഗ്രാമി ആയത്. അവാര്‍ഡിന് പേരിടാന്‍ വേണ്ടി നടത്തിയ മത്സരത്തില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് ആളുകളില്‍ മുന്നൂറ് പേരാണ് ഗ്രാമി എന്ന പേര് നിര്‍ദ്ദേശിച്ചത്. അമേരിക്കയില്‍ നിന്നു പ്രഖ്യാപിക്കുന്ന കലാരംഗത്തെ ഏറ്റവും ഉന്നതമായ നാലു പുരസ്കാരങ്ങളില് ഒന്നാണ് ഗ്രാമി. അക്കാദമി അവാര്‍ഡ് (സിനിമാ), എമി അവാര്‍ഡ് (ടെലിവിഷന്‍), ടോണി അവാര്‍ഡ് (തീയറ്റര്‍) എന്നിവയാണ് മറ്റു മൂന്നു അവാര്‍ഡുകള്‍.
സമ്മാനമായി ലഭിക്കുന്നത് സ്വര്‍ണനിറത്തിലുള്ള ഗ്രാമഫോണിന്റെ മാതൃകയിലുള്ളൊരു കൊച്ചു ട്രോഫി മാത്രം. സമ്മാനത്തുകയില്ല.
പക്ഷേ, ഗ്രാമി അവാര്‍ഡ് നേടുന്നതോടു കൂടി ലോകം മുഴുവന്‍ ആ കലാകാരനിലേക്കു കണ്ണു പായിക്കും. ഓസ്കറിനെ പോലെ ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന് കിട്ടുന്നതു പോലും വലിയ നേട്ടമായാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ നിന്നു ആദ്യമായി ഗ്രാമി അവാര്‍ഡ് ഏറ്റു വാങ്ങിയത് സിത്താര്‍ മാന്ത്രികനായിരുന്ന ഭാരത് രത്ന പണ്ഡിറ്റ് രവിശങ്കറാണ് (1968). ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ തവണ ഗ്രാമി അവാര്‍ഡ് നേടിയിട്ടുള്ളത് പണ്ഡിറ്റ് രവിശങ്കര്‍ (5), സുബിന് മേത്ത (5), സാക്കിര്‍ ഹുസൈന് (5) എന്നിവരാണ്. ഏറ്റവും കൂടുതല്‍ ഗ്രാമി അവാര്‍ഡ് നേടിയ റെക്കോര്‍ഡ് ബിയോണ്‍സ് എന്ന അമേരിക്കന്‍ ഗായികയ്ക്കാണ്. 32 ഗ്രാമി പുരസ്കാരങ്ങളാണ് ബിയോണ്‍സിന്റെ അലമാരയിലുള്ളത്. ബാന്‍ഡുകളില്‍ 22 ഗ്രാമി നേടിയ ഐറിഷ് ഗ്രൂപ്പായ യു 2 മുന്നില്‍ നില്ക്കുന്നു.
ശക്തി എന്ന ബാന്‍ഡിന്റെ ‘THIS MOMENT ‘ എന്ന ആല്‍ബത്തിനാണ് ഇന്ത്യന്‍ സംഘത്തിനു ഗ്രാമി ലഭിക്കുന്നത്. ശക്തി എന്ന ബാന്‍ഡിനു തുടക്കമിട്ടത് ബ്രിട്ടീഷ് സംഗീതജ്ഞനായ ജോണ്‍ മക്ലോഗ്ലിനാണ്. ഇന്ത്യന്‍ സംഗീതത്തിന്റെ ആഴവും വിസ്തൃതിയും മനസ്സിലാക്കിയിരുന്ന ജോണ്‍ 1973ലാണ് അന്നു തബലയിലെ രാജകുമാരന് സാക്കിര്‍ ഹുസൈന്, വയലിന് വിധ്വാന് എല്‍. ശങ്കര്‍, അമാനുഷിക വേഗത്തില്‍ ഘടം ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങള്‍ വായിക്കുന്ന വിക്കു വിനായക് റാം എന്നിവരെ കൂട്ടുപിടിച്ചു ശക്തി എന്ന സംഘം രൂപീകരിക്കുന്നത് .
പിന്നീട് 1997ല്‍ മാന്‍ഡലിന്‍ വിദഗ്ദ്ധന് യു. ശ്രീനിവാസ്, ഗായകന് ശങ്കര്‍ മഹാദേവന്, സെല്‍വ ഗണേഷ് എന്നിവര്‍ സംഘത്തില്‍ ചേരുന്നു. കര്‍ണാടിക്- ഹിന്ദുസ്ഥാനി സംഗീതവും ജാസ് പാശ്ചാത്യസംഗീതവും സമന്വയിപ്പിക്കുന്ന ആല്‍ബങ്ങളും സ്റ്റേജ് ഷോകളുമായി ബാന്‍ഡ് പ്രശസ്തിയിലേക്കുയര്‍ന്നു.
ഇന്ത്യയുടെ അഭിമാനമായ പുല്ലാങ്കുഴല്‍ വിദഗ്ധനായ രാകേഷ് ചൗരസ്യയും രണ്ടു അവാര്‍ഡുകള്‍ നേടി. ബാന്‍ജോ വാദകനായ അമേരിക്കന്‍ സംഗീതജ്ഞന് ബെല ഫ്ളെക്ക്, ഡബിള്‍ ബേസ് വാദകനായ എഡ്ഗര്‍ മേയര്‍ എന്നിവരുമായി ചേര്‍ന്ന് പുറത്തിറക്കിയ ആല്‍ബങ്ങള്‍ക്കാണ് രാകേഷിനും സാക്കിരിനും രണ്ടു ഗ്രാമി അവാര്‍ഡുകള്‍ ലഭിക്കുന്നത് .
ആസ് വി സ്പീക്, പാഷ്തോ എന്നിവയാണ് ആല്‍ബങ്ങള്‍. 39 തവണ നാമനിര്‍ദ്ദേശം ലഭിക്കുകയും 17 ഗ്രാമി അവാര്‍ഡുകള്‍ നേടുകയും ചെയ്ത പ്രതിഭയാണ് ബേല ഫ്ലെക്ക്. ഇന്ത്യയുടെ മഹാ പ്രതിഭകളായ പണ്ഡിറ്റ് രവിശങ്കറും സുബിന് മേത്തയും സാക്കിര്‍ ഹുസൈനും തെളിച്ച പാതയിലൂടെ എ. ആര്. റഹ്മാനും ഇപ്പോള്‍ ശങ്കര്‍ മഹാദേവനും ഗ്രാമി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഈ നേട്ടങ്ങള്‍ ലിഡിയന് നാദസ്വരത്തെപ്പോലുള്ള കുഞ്ഞു നക്ഷത്രങ്ങള്‍ക്ക് കൂടുതല്‍ പ്രകാശവും പ്രചോദനവും നല്‍കും.