തിരുവനന്തപുരം: വിദേശ സര്‍വകലാശാല വിഷയത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. വിദേശ സര്‍വകലാശാലകളുടെ വാണിജ്യ താത്പര്യമടക്കം പരിശോധിച്ച ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി പറഞ്ഞു.
വിഷയത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദേശസർവകലാശാലകള്‍ കേരളത്തില്‍ എത്തുന്നതിന്റെ സാധ്യതകള്‍ ആരായും എന്നാണ് ധനകാര്യവകുപ്പ് മന്ത്രി പറഞ്ഞത്. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രഗവണ്മെന്റ് വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളും നടപ്പിലാക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്.
വിദേശ സര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍ വാണിജ്യപരമായ താത്പര്യങ്ങള്‍ അവര്‍ക്കുണ്ടോയെന്നും കുട്ടികള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും. ഇടതുപക്ഷത്തിന്റെ നയങ്ങളെപ്പറ്റി മാധ്യമങ്ങള്‍ വേവലാതിപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിലെ എസ്എഫ്ഐയുടെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.