ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ പ്രസിഡന്റായി തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ നടന്ന 36-ാമത് ജനറല്‍ ബോഡി യോഗത്തിന്റെ ഇന്നത്തെ (ഫെബ്രുവരി 6) സെഷനിലാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിബിസിഐയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനം നാളെ സമാപിക്കും.
മദ്രാസ്-മൈലാപ്പൂര് ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് അന്തോണിസാമിയെ ആദ്യ വൈസ് പ്രസിഡന്റും ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസിനെ രണ്ടാമത്തെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ തോമസ് കുട്ടോയെ സെക്രട്ടറി ജനറലായും തിരഞ്ഞെടുത്തിട്ടുണ്ട്.
1951 ഡിസംബര്‍ 13ന് ജനിച്ച ആര്‍ച്ചുബിഷപ് ആന്‍ഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 2007 മാര്‍ച്ച് 18-ന് അദ്ദേഹം അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സില്‍ ഉപദേശകന് കൂടിയാണ് മാര്‍ ആന്‍ഡ്രൂസ്.