കൊല്ലം: എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചതിനെതിരേ നിലമേലില്‍ റോഡരികില്‍ ഒരു മണിക്കൂര്‍ നേരം കസേരയിട്ട് ഇരുന്ന് ഗവര്‍ണറുടെ പ്രതിഷേധം . ഇതിനിടെ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്ഗവര്ണറെ ഫോണില്‍ വിളിച്ച് അനുനയത്തിന് ശ്രമിച്ചു.
മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയില്‍ ഇത്തരമൊരു പ്രതിഷേധം അനുവദിക്കുമോ എന്ന് ഗവര്‍ണര്‍ ഡിജിപിയോട് ചോദിച്ചു. പ്രതിഷേധിച്ച എസ്എഫ്ഐക്കാര്ക്കെതിരേയുള്ള എഫ്ഐആറിന്റെ പകര്‍പ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.
പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി
എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെ റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി.
പ്രതിഷേധങ്ങൾക്കു പിന്നിൽ മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. തനിക്കെതിരേ പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.
ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ ഒരുക്കും
നിലമേലില്‍ വച്ച് നടന്ന അസാധാരണ സംഭവങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.
നിലമേലില്‍വച്ച് ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ 17 പേര്‍ക്കെതിരെയാണ് പോലീസ് കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
കേന്ദ്രസേനയെ ഇറക്കിയാലും സമരം മുന്നോട്ടെന്ന് എസ്എഫ്ഐ
എസ്എഫ്ഐ പ്രവര്‍ത്തകർക്കെതിരായ പോലീസ് നടപടിയിൽ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ.
തന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണ പറയുകയാണെന്ന് ആർഷോ കുറ്റപ്പെടുത്തി. ഗവർണർ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.