ആലപ്പുഴയിലെ കാട്ടൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നൂറുവര്‍ഷം മുന്‍പ്, ദീര്‍ഘദര്‍ശിയായ ഒരു വൈദികന്റെ കഠിനാധ്വാനത്തിന്റെ പിന്‍ബലത്തില്‍, തീക്ഷ്ണമതികളായ 14 യുവതികളുടെ അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെ കരുത്തില്‍, കടുകുമണിക്കുള്ളിലെ വിസ്മയം പോലെ രൂപമെടുത്ത ഒരു കൊച്ചു സന്ന്യാസസഭ ഇന്ന് ലോകമെങ്ങും പടര്‍ന്ന്, സുവിശേഷത്തിന്റെ ഫലവൃക്ഷമായി വളര്‍ന്നതിനെ കൃപയെന്നു മാത്രമേ വിളിക്കാനാകൂ. അനുസ്യൂതമൊഴുകുന്ന ദൈവകൃപയുടെ നൂറുവര്‍ഷങ്ങള്‍! 1924 ജനുവരി 29ന് ഔദ്യോഗികമായി സ്ഥാപിതമായ ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ നൂറാം ജന്മദിനത്തിന്റെ നിറവിലാണ്. കൃതജ്ഞതാനിര്‍ഭരമായ ഈ നല്വേളയില്, വിസിറ്റേഷന്‍ സഭയുടെ ചൈതന്യവും കര്‍മമേഖലകളും സംഭാവനകളും ഇവിടെ സഹര്‍ഷം സംഗ്രഹിക്കട്ടെ.
സഭയുടെ ആദ്ധ്യാത്മിക പൈതൃകം
സ്നേഹത്തില്‍ ജ്വലിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ഹൃദയത്തെപ്പോലെ ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും അസ്ത്രദ്വയങ്ങളാല് മുറിയപ്പെട്ട്, ആത്മപരിത്യാഗത്തിന്റെ മുള്ളുകളാല്‍ ഹാരാവൃതമായി, കുരിശില്‍ സ്വയം മരിച്ച്, ഈശോയെ ജീവിക്കാനാണ് ഓരോ വിസിറ്റേഷന്‍ സന്ന്യാസിനിയും സമര്പ്പിതയായിരിക്കുന്നത്. നസ്രത്തിലെ കന്യകയുടെ വിനയാന്വിതമായ പരസ്നേഹമാണ് (charity in humility) വിസിറ്റേഷന്‍ സഭയുടെ ആത്മീയ സിദ്ധി (charism). മറിയം എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ രണ്ടു സഹോദരിമാരും ഒരുമിച്ച്, പരിശുദ്ധാത്മാവില്‍ ദൈവത്തെ സ്തുതിച്ചു, പരസ്പരം സ്നേഹം പങ്കുവെച്ചു, പരിചരിച്ചു. രണ്ടുപേര്‍ക്കും വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. വന്ധ്യത നിമിത്തം നേരിട്ട അപമാനവും വിവാഹം കഴിക്കാതെ ഗര്‍ഭം ധരിച്ചതിന്റെ പ്രശ്നങ്ങളും പങ്കുവെച്ചുകൊണ്ട് അവര്‍ പരസ്പരം സാന്ത്വനവും ധൈര്യവും പകര്‍ന്നു. ഇരുവരും വ്യക്തിപരമായി ആത്മീയ അനുഭവത്തിന്റെ നിറവിലായിരുന്നു. ദൈവപൈതല്‍ ഉള്ളില്‍ വളരുന്നതിന്റെ സന്തോഷം അവര്‍ പരസ്പരം പങ്കുവെച്ചനുഭവിച്ചു. മൂന്നു മാസം ഒരുമിച്ചു പാര്ക്കവേ, ആത്മീയ സംസാരവും പങ്കുവെക്കലും സ്നേഹപരിചരണവും വഴി അവര്‍ വ്യക്തിപരമായ ആത്മീയ അനുഭവത്തില്‍ ആഴപ്പെടുകയും അത് പരസ്പരം പരിപോഷിപ്പിക്കുകയും ചെയ്തു.
ലുക്കായുടെ സുവിശേഷത്തിലെ ഈ ആത്മീയ ഒത്തുവാസമാണ് സന്ദര്‍ശന സഭയിലെ അദ്ധ്യാത്മികതയുടെ ഉറവിടം. സ്നേഹക്കൂട്ടായ്മയും പങ്കുവെക്കലും ആദിമ ക്രൈസ്തവരുടെ ഏറ്റവും വലിയ ആത്മീയസാക്ഷ്യമായിരുന്നു. വിസിറ്റേഷന്‍ സഭയിലെ ഓരോ സന്ന്യാസഭവനത്തിലും സഭാമക്കള്‍ പ്രാര്‍ത്ഥനയിലും സ്നേഹത്തിലുമുള്ള ഈ ഒത്തുചേരലില്‍ നിന്നു ചൈതന്യം ഉള്‍ക്കൊള്ളുകയും, എന്നില്‍ ഈശോ ജീവിക്കട്ടെ (Live + Jesus) എന്ന വ്യക്തിപരമായ ആത്മീയതയില്‍ ആഴപ്പെടുകയും, അതിനോടൊപ്പം ഇടവകയുടെയും പ്രാദേശിക സഭയുടെയും വൈവിധ്യമാര്‍ന്ന ആദ്ധ്യാത്മിക ശുശ്രൂഷകളില്‍ നിറമനസ്സോടെ കര്‍മനിരതരാകുകയും ചെയ്യുന്നു.
സന്ന്യാസ സഭകളില്‍ കഠിന തപശ്ചര്യകള്‍ നിലനിന്നിരുന്ന പതിനാറാം നൂറ്റാണ്ടില്‍, സ്വയമനനിഗ്രഹവും മാധുര്യപൂര്ണമായ ഉപവിയും പുലരുന്ന ജീവിതത്തിലൂടെ വിശുദ്ധി കൈവരിക്കാന്‍ വിശുദ്ധ ഫ്രാന്‍സിസ് ദ സാലസ് പ്രചോദിപ്പിച്ചു. സ്വര്‍ഗീയ മധ്യസ്ഥരായ വിശുദ്ധ ഫാന്‍സിസ് ദ സാലസിന്റെയും വിശുദ്ധ ജെയിന് ദ ഷന്താളിന്റെയും ആത്മീയതയും ജീവിതദര്‍ശനവും അടിസ്ഥനമാക്കി, പ്രാര്‍ത്ഥനാ നിര്‍ഭരമായ ഉപവിയുടെ ജീവിതചര്യ എന്ന അടിത്തറയില്‍ ദൈവദാസന് സെബാസ്റ്റ്യന്‍ ലോറന്‍സ് കാശ്മീര്‍ പ്രസന്റേഷനച്ചന്‍ പണിതുയര്‍ത്തിയതാണ് ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ. ഈശോ ജീവിക്കട്ടെ എന്ന മുദ്രാവാക്യം ഹൃദയത്തില്‍ പേറിക്കൊണ്ട്, എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കുകയെന്ന വിശുദ്ധ ഫ്രാന്‍സിസ് ദ സാലസിന്റെ മനോഭാവം ഉള്‍ക്കൊണ്ട്, സ്വന്തം അദ്ധ്യാത്മികതയും മറ്റുള്ളവരുടെ ആത്മീയ-ഭൗതിക വളര്‍ച്ചയും ലക്ഷ്യം വച്ച് വിസിറ്റേഷന്‍ സഭ മുന്നേറുന്നു.
ദൈവദാസന് സെബാസ്റ്റ്യന്‍ പാതിരി
സെബാസ്റ്റ്യന്‍ പാതിരി എന്നു തീരമക്കള്‍ വിളിച്ചിരുന്ന വല്യച്ചന്, വിദ്യാസമ്പന്നമായ കുലീന കുടുംബത്തില്‍ 1867 ഓഗസ്റ്റ് 10-ന് ജനിച്ചു. സെമിനാരി പഠനകാലത്ത് ലത്തീന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ് ഭാഷകളില്‍ പ്രാവീണ്യം നേടി. ഗോവയിലെ റഷോല് സെമിനാരിയില്‍ പഠിച്ച് വൈദികനായ ശേഷം, ബാച്ലര് ഓഫ് ഡിവിനിറ്റി (ബി.ഡി) ബിരുദവും പൂര്‍ത്തിയാക്കിയത് അക്കാലത്തെ അസാധാരണ നേട്ടമായിരുന്നു. നാട്ടിലെത്തി, സെമിനാരി അധ്യാപകനായി വൈദിക ശുശ്രൂഷ ആരംഭിച്ച വല്യച്ചന്, ഉടനെതന്നെ തീരദേശത്തിന്റെയും സമുദായത്തിന്റെയും ഉയര്‍ച്ചയ്ക്കുവേണ്ടി കര്‍മനിരതനായി.
സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ തലങ്ങളില്‍ ഏറെ പിന്നിലായിരുന്ന തീരദേശ സമൂഹത്തിന്റെ സമഗ്രവികസനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അടിസ്ഥാന സൗകര്യങ്ങളായ റോഡുകള്‍, പാലങ്ങള്‍, സ്കൂളുകള്‍, പോസ്റ്റ് ഓഫീസുകള്‍, തൊഴില്‍ പരിശീലനം, സ്ത്രീകള്‍ക്ക് നെയ്ത്തുതറ എന്നിങ്ങനെ ജനക്ഷേമകരമായ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ വല്യച്ചന് മുന്‍കൈയെടുത്തു. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ ഉന്നമനം (അന്ത്യോദയ) വഴി വേണം സര്‍വ്വരുടെയും വികസനം (സര്‍വ്വോദയ) എന്ന ഗാന്ധിയന്‍ ദര്‍ശനം ഗാന്ധിജിയുടെ സമകാലികനായ വല്യച്ചന്റെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയായി. ‘ഈ ചെറിയവരില്‍ ഒരുവന്’ എന്ന യേശുദര്ശനമാണ് ദൈവദാസന്റെ വികസന കാഴ്ചപ്പാടിനെ ‘അന്ത്യോദയ’ത്തില്‍ അധിഷ്ഠിതമാക്കിയത്. ബുദ്ധിശാലിയും ആത്മീയനും സേവനതല്പരനുമായ അദ്ദേഹം 1903-ല്‍ തുടങ്ങിവച്ച നസ്രാണി ഭൂഷണ സമാജം സാമൂഹിക ഉന്നമന പ്രവര്‍ത്തനങ്ങളുടെ വേദിയായിമാറി, ഒരു നൂറ്റാണ്ടിനിപ്പുറം ഇന്നും നിലനില്ക്കുന്നു. ഈ സമാജത്തിന്റെ കീഴില്‍ അദ്ദേഹം സ്ഥാപിച്ചതാണ് ആലപ്പുഴയിലെ ആദ്യ ഇംഗ്ലീഷ് വിദ്യാലയമായ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി മിഡില്‍ സ്കൂളും ബോര്‍ഡിങ്ങും സെന്റ് സെബാസ്റ്റ്യന്‍സ് മലയാളം എല്‍.പി. സ്കൂളും. പിന്നീട് കാട്ടൂരിലും സ്കൂള്‍ തുടങ്ങി. സമുദായത്തിന്റെ മുന്നേറ്റത്തിനായി ‘സമുദായ സേവിനി’ എന്ന വാര്‍ത്താപത്രം തുടങ്ങുകയും ചെറുഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തീരദേശത്തിന്റെ ഉന്നമനം, വിദ്യാഭ്യാസവും സ്ത്രീശക്തീകരണവും വഴിയാണെന്ന ഉറച്ച ബോധ്യത്തില്‍ അദ്ദേഹം തുടങ്ങിവെച്ച സംരംഭങ്ങളില്‍ സുപ്രധാനമാണ് ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ.
വിസിറ്റേഷന്‍ സഭയുടെ തുടക്കം
ദൈവദാസന്റെ അഭ്യര്‍ത്ഥനപ്രകാരം, കോട്ടയം മെത്രാന് മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ, കോട്ടയം വിസിറ്റേഷന്‍ സഭയിലെ രണ്ടു സഹോദരികള്‍, സന്യാസാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കാന് ആലപ്പുഴയിലെ കാട്ടൂരില്‍ എത്തി. വല്യച്ചന്റെ കുടുംബ സ്വത്തിലുള്ള, കാട്ടൂരിലെ ഇന്ന് ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നില്ക്കുന്ന സ്ഥലം മഠം പണിയാന്‍ നല്കി. ഫ്രാന്‍സിലെ വിസിറ്റേഷന്‍ സഭാ സ്ഥാപകരായ വിശുദ്ധ ഫ്രാന്‍സിസ് ദ സാലസിന്റെയും വിശുദ്ധ ജെയിന് ദ ഷന്താളിന്റെയും ആദ്ധ്യാത്മിക സിദ്ധി സ്വീകരിച്ചിരുന്ന കോട്ടയം വിസിറ്റേഷന്‍ സഹോദരിമാരുടെ നിയമാവലി ഉപയോഗിച്ച്, സെബാസ്റ്റ്യന്‍ പ്രസന്റേഷനച്ചന്‍ സഭയുടെ നിയമാവലി തയ്യാറാക്കി. കൊച്ചി രൂപതയുടെ അഭിവന്ദ്യ ജോസ് ബെന്റോ മാര്‍ട്ടിന്‍സ് റിബെയ്രൊ പിതാവിന്റെ രേഖാമൂലമുള്ള അനുമതിയും അനുഗ്രഹവും നേടി, 1924 ജനുവരി 29-ന് വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ തിരുനാള്‍ ദിവസം കാട്ടൂര്‍ ഇടവകയില്‍ വിസിറ്റേഷന്‍ സഭ സ്ഥാപിതമായി.
കുടുംബപാരമ്പര്യവും സാമ്പത്തിക ഭദ്രതയുമുള്ള ഭവനങ്ങളില്‍ നിന്ന് സഭയില്‍ ചേര്‍ന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ആറ് സന്ന്യാസാര്‍ത്ഥിനികള്‍ 1930-ല്‍ പ്രഥമ വ്രതവാഗ്ദാനം ചെയ്തു. ആറുവര്‍ഷത്തെ സേവന കാലം പൂര്‍ത്തിയാക്കി, 1930 ഡിസംബര്‍ 29-ന് കോട്ടയം വിസിറ്റേഷന്‍ സഹോദരിമാര്‍ തിരികെ പോകുമ്പോള്‍, കാട്ടൂര്‍ മഠത്തില്‍ അര്ത്ഥിനികളുള്പ്പെടെ 14 പേരുണ്ടായിരുന്നു. വല്യച്ചന് വീടുകള്‍ കയറിയിറങ്ങി പിടിയരിപ്പിരിവ് നടത്തിയും തെങ്ങുകെട്ടിയും ധര്‍മ്മം വാങ്ങിയും കത്തുകളെഴുതി സഹായം തേടിയും അവര്‍ക്ക് താങ്ങായി. സഭയ്ക്കുവേണ്ടിയുള്ള അലച്ചിലുകള്‍ക്കിടയില്‍ ന്യുമോണിയ പിടിപെട്ട്, 1936 ജൂണ്‍ 13-ന് ദൈവദാസന് സ്വര്‍ഗ്ഗത്തിലേക്ക് വിളിക്കപ്പെട്ടു. വല്യച്ചന്റെ വിയോഗം വരുത്തിയ അനാഥത്വവും സാമ്പത്തിക ഞെരുക്കവും മറികടന്ന്, ഹോളിഫാമിലി മഠത്തിലെ 14 സഹോദരിമാര്‍ ദൈവപരിപാലനയില്‍ നിലകൊണ്ടു. 1945-ല്‍ കൊച്ചിയുടെ അഭിവന്ദ്യ ജോസ് വിയേര ആല്വേര്ണസ് പിതാവ് രൂപതാ സഭയായി പ്രഖ്യാപിച്ചതോടെ, വിസിറ്റേഷന്‍ സഭ സത്വരം വളര്‍ന്നു. കേരളത്തിനപ്പുറം, ഉത്തര ഇന്ത്യയിലേക്കും ഇന്ത്യയ്ക്കപ്പുറം, ജര്‍മ്മനി, ഇറ്റലി, ആഫ്രിക്ക, സുഡാന്, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു. 2003 ഏപ്രില്‍ 2-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ പൊന്തിഫിക്കല്‍ പദവിയിലേക്ക് സഭയെ ഉയര്‍ത്തി.
വിസിറ്റേഷന്‍ സഭ ഇന്ന്
ആലപ്പുഴയിലെ വിസിറ്റേഷന്‍ സഭ ഇന്ന്, ഇന്ത്യയിലും വിദേശത്തുമായി, മൂന്നു പ്രൊവിന്‍സുകളും ആഫ്രിക്കന്‍ റീജനുമുള്പ്പെടെ, 26 രൂപതകളില്‍ 69 മഠങ്ങളിലായി, 462 സന്ന്യാസിനികളുടെ കുടുംബമാണ്. സഭയെ നയിക്കുന്നത് സുപ്പീരിയര്‍ ജനറല്‍ മദര്‍ ലീല ജോസ്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സ്, മദര്‍ ട്രീസ ചാള്‍സ്, സിസ്റ്റര്‍ കുസുമം പീറ്റര്‍, സിസ്റ്റര്‍ ജസീന്ത തോമസ് എന്നിവരാണ്. ദൈവകൃപാ സമൃദ്ധിയുടെ നൂറിന്റെ നിറവില്‍ ചരിത്ര താളുകള്‍ മറിക്കുമ്പോള്‍, വിവിധ കര്‍മതലങ്ങളില്‍ സഭാമക്കള്‍ ധീരമായ ഇടപെടലുകളും ക്രിയാത്മക ചലനങ്ങളും നടത്തിയതിന്റെ തങ്കത്തിളക്കമുള്ള ധാരാളം ഓര്‍മ്മകള്‍ ചുരുള്‍ നിവരുന്നു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, മിഷന് പ്രവര്‍ത്തനം, നിരാലംബര്‍ക്ക് അഭയകേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലനം, ഇടവകപ്രവര്‍ത്തനങ്ങള്‍ തുടങ്ങി അനവധി സേവന മേഖലകളില്‍ സന്ദര്‍ശന സഹോദരികള്‍ കര്‍മനിരതരാണ്.
വിദ്യാഭ്യാസ രംഗത്ത്
കൊന്ത നമസ്കാരം ചൊല്ലാന്‍ പഠിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള വിദ്യാഭ്യാസമായി എന്ന ചിന്ത നിലനിന്നിരുന്ന ഒരു കാലത്ത്, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ രക്ഷ കൈവരൂ എന്ന വിപ്ലവചിന്തയുമായി ദൈവദാസന് സെബാസ്റ്റ്യനച്ചന്‍ ധീരമായ ചുവടുകളോടെ മുന്നിട്ടിറങ്ങി. കുടുംബ സ്വത്തില്‍ തന്റെ ഓഹരി തന്നെ സഭയുടെ ആദ്യവിദ്യാലയ സ്ഥാപനത്തിനു വേണ്ടി നല്കി. അച്ചന്റെ വിശുദ്ധ സാന്നിധ്യത്തിന്റെ അടയാളമെന്നോണം, ഒരു നൂറ്റാണ്ടിനിപ്പുറം, കാട്ടൂരിലെ ഈ ആദ്യ വിദ്യാലയം മലയാളം (സ്റ്റേറ്റ്) മീഡിയത്തില്‍, സീനിയര്‍ സെക്കന്‍ഡറി ലെവല്‍ വരെ ഇന്നും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. അജ്ഞതയുടെ കൂരിരുള്‍ നീക്കി അറിവിന്റെ വാതായനങ്ങള്‍ സാധാരണക്കാരനുവേണ്ടി തുറന്നിട്ട വിസിറ്റേഷന്‍ സഭ, ക്രൈസ്തവ ആദര്‍ശങ്ങളില്‍ അടിയുറച്ച ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ രംഗത്തേക്ക് സാവകാശം ഇറങ്ങി. സഭയുടെ ആദ്യകാലം മുതല്‍ ഓരോ കോണ്വെന്റിനോടും ചേര്‍ന്ന് ഒരു നഴ്സറി സ്കൂള്‍ ഉണ്ടായിരുന്നു, കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച്, എല്‍പി സ്കൂള്‍, യുപി സ്കൂള്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിങ്ങനെ സഭയുടെ വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നു.
ഇന്ന്, കേരളത്തിലും ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തുമായി സഭയുടെ സ്വന്തമായി 10 വിദ്യാലയങ്ങളുണ്ട്. കാട്ടൂരിലെ പ്രഥമ വിദ്യാലയം കൂടാതെ, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ മികവു നിലനിര്‍ത്തുന്ന ഇംഗ്ലീഷ് മീഡിയം (സിബിഎസ്ഇ) വിദ്യാലയങ്ങളാണ് കാട്ടൂരിലെ ഹോളി ഫാമിലി വിസിറ്റേഷന്‍ സ്കൂള്‍, പുന്നപ്രയിലെ സെന്റ് മേരിസ് വിസിറ്റേഷന്‍ സ്കൂള്‍, കൊച്ചിയില്‍ മുപ്പത്തടത്തെ സെന്റ് ജോണ്‍സ് വിസിറ്റേഷന്‍ സ്കൂള്‍, തിരുവനന്തപുരം വലിയതുറയിലെ സെന്റ് ആന്റണിസ് വിസിറ്റേഷന്‍ സ്കൂള്‍, മണ്ണൂരിലെ സെന്റ് ജോസഫ്സ് വിസിറ്റേഷന്‍ സ്കൂള്‍, വിതുരയിലെ ഹോളി ട്രിനിറ്റി വിസിറ്റേഷന്‍ സ്കൂള്‍, ഹരിയാനയിലെ ലിറ്റില്‍ ഫ്ളവര്‍ വിസിറ്റേഷന്‍ സ്കൂള്‍, ഇന്‍ഡോര്‍ ബെതനാവറിലെ സെന്റ് ജോസഫ്സ് വിസിറ്റേഷന്‍ സ്കൂള്‍, ആഫ്രിക്കയിലെ സെന്റ് സേവ്യര്‍സ് വിസിറ്റേഷന്‍ സ്കൂള്‍ തുടങ്ങിയവ. കൂടാതെ, സാമൂഹിക പുരോഗതിക്ക് അനുസൃതമായി സഭ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്ത് മുന്നേറുന്നു. ഉദാഹരണത്തിന്, കാട്ടൂരില്‍ ഗ്രാജുവേഷന് കോഴ്സുകളോടു ചേര്‍ന്ന്, മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്ങും മറ്റു യോഗ്യതാപഠന ക്ളാസ്സുകളും നല്‍കിക്കൊണ്ട് കാലത്തിനൊപ്പം തീരദേശമക്കളെ ഉയര്‍ത്തുകയെന്ന ദൈവദാസന് സെബാസ്റ്റിയനച്ചന്റെ സ്വപ്നം സഫലമായിക്കൊണ്ടിരിക്കുന്നു. അര്‍ത്തുങ്കല്‍ ഹോസ്പിറ്റലിന്റെ ഭാഗമായി നഴ്സിംഗ് സ്കൂളും പ്രവര്‍ത്തിക്കുന്നു. പുതിയ സാധ്യതകളിലേക്കുള്ള ചുവടുവെപ്പെന്നോണം, തീരത്തു നിന്നും തീരങ്ങള്‍ക്കപ്പുറം വിദേശ പഠനത്തിന് ഒരുക്കുന്ന ജര്‍മന്‍ ഭാഷാപഠന പദ്ധതിയും തയ്യാറായിക്കഴിഞ്ഞു.
സാമൂഹ്യ സേവനങ്ങള്‍
മനുഷ്യസ്നേഹിയായ തെക്കേവീട്ടില്‍ ഫാ. ആന്‍ഡ്രൂസിന്റെ തീക്ഷ്ണതയില്‍, 1944 ഫെബ്രുവരി 2-ന് ഫോര്‍ട്ട്കൊച്ചിയില്‍ ആരംഭിച്ച സെന്റ് ജോസഫ്സ് വെയ്ഫ്സ് ഹോം എന്ന പേരിലുള്ള വൃദ്ധമന്ദിരം സഭയുടെ സാമൂഹ്യസേവന ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പാണ്. ആരുമില്ലാത്തവര്‍ക്ക് എല്ലാമാകുന്ന വിസിറ്റേഷന്‍ സഭയുടെ ഈ സംരംഭം സാമൂഹ്യ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമാംവിധം ഇന്നും കേരളത്തിലെ വയോധികരുടെ തണല്‍മരമാണ്. സാമ്പത്തിക ഭദ്രത ഉള്ളവര്‍ക്കും ആരുമില്ലാതാകുമ്പോള്‍ അഭയകേന്ദ്രമായി കലവൂരിലെ പ്രസന്റേഷന് ആരാം നിലകൊള്ളുന്നു.
ആതുരശുശ്രുഷാ രംഗത്ത്, സഭയുടെ ആദ്യകാലം മുതല്‍ ഓരോ സ്ഥലത്തെയും ആവശ്യമനുസരിച്ച് നിരവധി ഡിസ്പെന്‍സറികള്‍ നടത്തിപ്പോരുന്നു. 1966-ല്‍ അര്‍ത്തുങ്കലില്‍ തുടങ്ങിയ ഡിസ്പെന്‍സറി പിന്നീട് 1972-ല്‍ അംഗീകൃത ആശുപത്രിയായി പുരോഗമിച്ച്, ഇന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി സേവനം തുടരുന്നു. എല്ലാ വിഭാഗങ്ങളിലും നേതൃത്വം വഹിക്കുന്നത് പരിശീലനം നേടിയ വിസിറ്റേഷന്‍ സഹോദരികള്‍ തന്നെയാണ്. ഡോ. സിസ്റ്റര്‍ ക്രിസ്റ്റീന ജോണ്‍ (പീഡിയാട്രീഷ്യന്‍), ഡോ. സിസ്റ്റര്‍ ഗ്രെറ്റ മൈക്കിള്‍ (ഗൈനക്കോളജിസ്റ്), ഡോ. സിസ്റ്റര്‍ റോഷിന് കുന്നേല്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്) എന്നിവരുടെ സേവനം സ്തുത്യര്‍ഹമാണ്. കൂടാതെ, ഡോ. സിസ്റ്റര്‍ ടീന, സിസ്റ്റര്‍ അഗ്നല്‍, സിസ്റ്റര്‍ അനെറ്റ് എന്നിവരും വൈദ്യശാസ്ത്ര ബിരുദങ്ങള്‍ നേടി പ്രഗല്ഭരായി വരുന്നു. ഹോസ്പിറ്റലിന്റെ കാര്യക്ഷമതയുടെ മുഖമുദ്രയായി നഴ്സിംഗ് സ്കൂളും (സെന്റ് സെബാസ്റ്റ്യന്‍ വിസിസ്റ്റേഷന് സ്കൂള്‍ ഓഫ് നഴ്സിംഗ്) പ്രവര്‍ത്തിക്കുന്നു. കൂടാതെ, തിരുവനന്തപുരത്ത് മരിയനാടില്‍ സെന്റ് ആന്റണിസ് ആശുപത്രിയും 2021 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളിലും ആതുര സേവനത്തിലും വയോധിക ശുശ്രൂഷയിലും നിരവധി വിസിറ്റേഷന്‍ സഹോദരിമാര്‍ പ്രവര്‍ത്തിക്കുന്നു.
മനസിന്റെ ആരോഗ്യം നഷ്ടപ്പെട്ടാല്‍ കുടുംബാംഗങ്ങളില്‍ നിന്നുപോലും ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് അഭയമേകാന്‍ മദര്‍ മേരി കാരോളൈന്‍ 2010-ല്‍ കലവൂരില്‍ സ്നേഹഭവന് എന്ന മാനസിക പുനരധിവാസ കേന്ദ്രം ആരംഭിച്ചു. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റത്തുനിന്നു വരെയുള്ള നിരാശ്രയരും നിരാലംബരുമായ മാനസിക രോഗികളായ സ്ത്രീകള്‍ക്ക് ചികിത്സയും മാന്യമായ ജീവിതസൗകര്യവും ഒരുക്കുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായി നിലകൊള്ളുന്നു. മാത്രവുമല്ല, നിര്‍ധനകുടുംബങ്ങളില്‍ നിന്നുള്ള മാനസിക രോഗികള്‍ക്ക് സൗജന്യ ചികിത്സയും നല്കിവരുന്നു. സ്നേഹഭവനോടു ചേര്‍ന്ന്, 2020 മുതല്‍ കൗണ്‍സലിംഗ് സെന്ററും പ്രവര്‍ത്തിക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറല്‍ ബിരുദം നേടിയ ഡോ. സിസ്റ്റര്‍ റോഷിന് കുന്നേല്‍ വിദഗ്ദ്ധ മനഃശാസ്ത്ര ചികിത്സയും കൗണ്‍സലിംഗ് സേവനവും നല്കിവരുന്നു. കൂടാതെ, ഓണ്‍ലൈനിലൂടെ മാനസികാരോഗ്യ മേഖലയില്‍ വിദഗ്ദ്ധ സഹായം നല്‍കുന്നതിനായി കെയര്‍ ഓഫ് മൈന്‍ഡ്സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സിസ്റ്ററിന്റെ കിഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.
തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങള്‍ സഭയുടെ എല്ലാ ഭവനങ്ങളിലും തന്നെ എക്കാലവും പ്രവര്‍ത്തിച്ചുവരുന്നു. പഴയകാലങ്ങളില്‍ ടൈപ്പ് റൈറ്റിംഗ് സെന്റേഴ്സ്, തയ്യല്‍ ക്ലാസ് സെന്റേഴ്സ് തുടങ്ങിയവയിലൂടെ നിരവധി സ്ത്രീശക്തീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തുപോന്നു. വിവാഹം, ഭവന നിര്‍മാണം, വിദ്യാഭ്യാസം, ചികിത്സ മുതലായ ആവശ്യങ്ങള്‍ക്കായി സഭയുടെ വിവിധ സഹായ പദ്ധതികളിലൂടെ സഹായഹസ്തം നീട്ടുന്നു. സേവ് എ ഫാമിലി, വിസിറ്റേഷന്‍ ഫാമിലി വെല്‍ഫെയര്‍ സ്കീം തുടങ്ങിയ പദ്ധതികളിലൂടെ ഇന്നും ഉദാര സേവനം കാഴ്ചവെക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ നൂതനമായ ചുവടുവെപ്പുകള്‍ക്ക് വിസിറ്റേഷന്‍ സഹോദരികളെ പ്രചോദിപ്പിച്ചു. തല്‍ഫലമായി, കമ്പ്യൂട്ടര്‍ സെന്റേഴ്സ് (കാട്ടൂര്‍), കുട നിര്‍മാണം (വട്ടയാല്‍), തയ്യല്‍ സ്ഥാപനങ്ങള്‍ (പുന്നപ്ര), വസ്ത്ര വിപണിയിലുള്ള ചെറുതൊഴില്‍ പദ്ധതികള്‍ (മാരാരിക്കുളം) തുടങ്ങിയ വിസിറ്റേഷന്‍ സ്ഥാപനങ്ങള്‍ ഇന്നും ഒട്ടേറെ യുവജനങ്ങള്‍ക്ക് തുണയായി പ്രവര്‍ത്തിക്കുന്നു.
വിസിറ്റേഷന്‍ സഭയുടേതല്ലാത്ത ഇതര സ്ഥാപനങ്ങളിലും വിസിറ്റേഷന്‍ സഹോദരികള്‍ നേതൃത്വം നല്കി പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ രൂപതയിലെ സാന്ത്വന്‍ സ്പെഷ്യല്‍ സ്കൂളിന്റെ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ലിന്റ ജോസെഫിന്റെ സ്തുത്യര്‍ഹ സേവനം കേരളസമൂഹം എന്നും ഹൃദയത്തിലേറ്റുന്നു. തീരദേശ മക്കളുടെ ഉന്നമനത്തിനായി കേരളത്തിന്റെ വിവിധ തീരപ്രദേശങ്ങളില്‍ നിരവധി സിസ്റ്റേഴ്സ് നിസ്തുല സേവനം ചെയ്യുന്നു. ഇറ്റലിയില്‍, റോമിലെ ഉര്‍ബാനിയ പൊന്തിഫിക്കല്‍ കോളജില്‍ വൈദിക പരിശീലനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വൈദികാര്‍ത്ഥികളുടെ ഉന്നമനത്തിനായി വിസിറ്റേഷന്‍ സഹോദരികള്‍ പ്രവര്‍ത്തനനിരതരാണ്.
മിഷന് നാടുകളില്‍
സഭയുടെ മിഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ഒഡീഷയിലെ വില്ലേജുകളിലാണ്. ഒറ്റപ്പെട്ട വിദൂര ഗ്രാമങ്ങളില്‍ സാമൂഹ്യസേവനങ്ങളും, ആതുരശുശ്രൂഷയ്ക്കായി ഡിസ്പെന്‍സറികളും മൊബൈല്‍ ക്ലിനിക്കുകളും അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനായി സൗജന്യ ബോര്‍ഡിങ്ങുകളും സ്കൂളുകളും ഒരുക്കി സഹോദരികള്‍ മിഷന് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പിന്നീട്, ഹരിയാനയിലെ ഉള്‍ഗ്രാമങ്ങളിലും ഇതേ സേവനങ്ങള്‍ ഫലപ്രദമാക്കി. തുടര്‍ന്ന്, മധ്യപ്രദേശിലും രാജസ്ഥാനിലും, കൂടാതെ, ആഫ്രിക്കയിലും സുഡാനിലും സഭയുടെ മിഷന് പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി ജീവിതസാഹചര്യം പരിഗണിച്ച്, ബോര്ഡിങ്ങില് താമസിച്ചു പഠിക്കാന്‍ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ കാലഹരണപ്പെട്ടു തുടങ്ങിയെങ്കിലും, ഒഡീഷയിലും ആഫ്രിക്കയിലും പെണ്‍കുട്ടികളുടെ പഠനത്തിനുള്ള സൗജന്യ ബോര്‍ഡിങ്ങുകള്‍ സഭ ഇന്നും നിര്‍വിഘ്നം നടത്തിവരുന്നു. വിസിറ്റേഷന്‍ സഹോദരികള്‍ മിഷന് നാടുകളില്‍ ചെന്നിടത്തെല്ലാം രൂപതയുടെയും നാടിന്റെയും സ്ഥാപനങ്ങളിലും സംരംഭങ്ങളിലും സ്വന്തമെന്നപോലെ അര്‍പ്പണത്തോടെ സേവനം ചെയ്യുന്നു. ഉദാഹരണത്തിന്, ഒഡീഷ, ഹരിയാന, ഇന്‍ഡോര്‍, ജാബുവ, ഭോപ്പാല്‍, ജയ്പൂര്‍ എന്നീ രൂപതകളിലെ നിരവധി സ്കൂളുകളുടെ നേതൃത്വം ഏറ്റെടുത്ത് മികവുറ്റ നിലയിലേക്ക് ഉയര്‍ത്തി. അങ്ങനെ, മറിയത്തിന്റെ വിനയാന്വിത ഉപവി അനുകരിച്ച് സഹോദരികള്‍ എവിടെ നട്ടാലും അവിടെ പുഷ്പിക്കുന്ന നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക നല്കുന്നു.
സാംസ്കാരികം
ദൈവദാസനായ വല്യച്ചന് സാംസ്കാരിക രംഗത്ത് നൂറുവര്‍ഷം മുമ്പ് നല്കിയ സംഭാവനകളുടെ പൈതൃകം വിസിറ്റേഷന്‍ മക്കള്‍ സാംസ്കാരിക തലത്തില്‍ ഇന്നും തുടരുന്നു. പ്രസന്റേഷനച്ചന്റെ ആത്മീയ ചൈതന്യം പ്രചരിപ്പിക്കുന്നതുള്‍പ്പെടെ നിരവധി ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും ലേഖനങ്ങളും സഹോദരിമാരുടെ തൂലികകളില്‍ നിന്ന് പിറവികൊണ്ടിട്ടുണ്ട്. സിസ്റ്റേഴ്സ് പ്രസിദ്ധീകരിച്ച എടുത്തുപറയാവുന്ന ചില പുസ്തകങ്ങളാണ്, ‘സ്വര്‍ഗത്തിലേക്ക് വെക്കപ്പെട്ട ഗോവണി’ (സിസ്റ്റര്‍ മേരി ജോര്‍ജ്), ‘സുഗന്ധ സ്മൃതി’ (സിസ്റ്റര്‍ റോസ് സേവ്യര്‍), ‘സെബാസ്റ്റ്യന്‍ പ്രെസന്റേഷന് അച്ചനും വിസിറ്റേഷന്‍ സഭയും’ (സിസ്റ്റര്‍ മേരി ബെനഡിക്ട്), ‘തീരത്തിന്റെ അപ്പസ്തോലന്’ (മദര്‍ മേരി കരോളിന്, സിസ്റ്റര്‍ ജസ്റ്റീന സെബാസ്റ്റ്യന്‍, ഡോ. സിസ്റ്റര്‍ റോഷിന് കുന്നേല്‍), ‘വീട്ടിലേക്കുള്ള വഴി’ (സിസ്റ്റര്‍ അഗസ്റ്റ ആന്റണി, കവിതാസമാഹാരം) ‘ആലപ്പുഴയുടെ അച്ചന്’ (ഡോ. സിസ്റ്റര്‍ റോഷിന്, കവിത ഓഡിയോവിഷ്വല്‍). കൂടാതെ, ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ക്രിയാത്മക സംഭാവനകള്‍ സഹോദരിമാര്‍ നല്കിവരുന്നു. വിസിറ്റേഷന്‍ സഭാ ബുള്ളറ്റിനിലൂടെയും സഹോദരിമാര്‍ ആശയങ്ങള്‍ കൈമാറുന്നു. ദേശീയ അന്തര്‍ദേശീയ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളില്‍, ഡോ. സിസ്റ്റര്‍ ലിസ്യു വര്‍ഗീസ് (ലൈബ്രറി സയന്‍സ്), ഡോ. സിസ്റ്റര്‍ റോഷിന് കുന്നേല്‍ ജോണ്‍ (ക്ലിനിക്കല്‍ സൈക്കോളജി) ശാസ്ത്രീയ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദ്ധ്യാത്മികം
പരിശുദ്ധ മറിയത്തിന്റെ സന്ദര്‍ശന ആത്മീയതയുടെ ചുവടുപിടിച്ച്, ഭവന സന്ദര്‍ശനത്തിലൂടെയും കുടുംബ കൂട്ടായ്മയിലെ പങ്കാളിത്തം വഴിയും, സഭയുടെ കുടുംബ നവീകരണ ദൗത്യത്തില്‍ വിസിറ്റേഷന്‍ സഹോദരികള്‍ സജീവമായി പങ്കുചേരുന്നു. കുടുംബങ്ങളെ സുവിശേഷവത്കരിക്കാനും, പ്രത്യേകിച്ച് സ്ത്രീകളെ ആത്മീയവും മാനസികവുമായി ശക്തിപ്പെടുത്താനും, വേദനിക്കുന്നവരെ കേള്‍ക്കാനും സാന്ത്വനം നല്‍കാനും, കുടുംബ ബന്ധങ്ങളെ ദൃഢപ്പെടുത്താനും ഈ സന്ദര്‍ശനങ്ങള്‍ വേദിയാകുന്നു. ആദ്യകാലങ്ങളില്‍ സഭ ഏറ്റവും കൂടുതല്‍ പ്രാമുഖ്യം കൊടുത്തത് വിശ്വാസപരിശീലന വേദിയായ മതബോധനത്തിലായിരുന്നു. ഓരോ ഇടവകയിലും ഇന്നുമത് സജീവമായി തുടരുന്നു. കൂടാതെ, സഭയിലെ നിശ്ശബ്ദ സേവകരായി, ഇടവകയുടെ ആത്മീയ ശുശ്രൂഷകളിലും, മറ്റെല്ലാ കര്‍മ്മമണ്ഡലങ്ങളിലും ഉത്സാഹത്തോടും അര്‍പ്പണമനോഭാവത്തോടും സഹോദരികള്‍ സജീവ സാന്നിധ്യമാകുന്നു. ആദ്ധ്യാത്മിക-മാനസിക ഉദ്ധാരണത്തിനായി ഇടവകകളെയും രൂപതയെയും കേന്ദ്രീകരിച്ച് നിരവധി സെമിനാറുകളും പരിശീലന ക്ലാസ്സുകളും നടത്തിവരുന്നു.
കര്‍ത്താവ് ഭവനം പണിയുമ്പോള്‍
ശതാബ്ദി നിറവില്‍ പിന്നോട്ടുള്ള നാള്വഴിയാത്രയില് കണ്ടെടുത്ത പ്രവര്‍ത്തന നിരതമായ സഭയുടെ നേര്‍കാഴ്ചകളെ ഈ താളുകളില്‍ അനാവരണം ചെയ്യുമ്പോള്‍, മുന്പോട്ടുള്ള സഞ്ചാരവഴികളില്‍ ദൈവകൃപയുടെ തണലില്‍ ദൈവഹിത പ്രകാരമുള്ളതും നൂതനവും കാലികവും വിശുദ്ധവുമായ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് ക്രിസ്തുവിന്റെ മുഖത്തെ ഈ ഭൂമിയില്‍ പ്രകാശിപ്പിക്കാന്‍ സ്വര്‍ഗീയ പിതാവ് വിസിറ്റേഷന്‍ സഭാതനയരെ അതിസമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ്! ”കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു” (സങ്കീ. 126: 3). ”നമ്മുടെ ദൈവമായ കര്‍ത്താവിന്റെ കൃപ നമ്മുടെമേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ! ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!” (സങ്കീ. 90: 17). സങ്കീര്‍ത്തകന്റെ ഈ പ്രാര്ത്ഥനകളോടൊപ്പം ഞങ്ങളുടെ ഹൃദയാഭിലാഷങ്ങളും പരിശുദ്ധ അമ്മവഴിയായി സ്വര്‍ഗീയ പിതാവിനു സമര്‍പ്പിക്കുന്നു. അവിടുത്തെ കൃപാകടാക്ഷം എന്നുമെപ്പോഴും സഭയോടൊപ്പം ഉണ്ടായിരിക്കട്ടെ!