തൃശ്ശൂർ: പ്രധാനമന്ത്രിയുടെയും വൻ താരനിരയുടെയും സാന്നിധ്യത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹവേദിയിലെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ എട്ടേ മുക്കാലോടെ വിവാഹചടങ്ങ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് ക്ഷേത്രം.
തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വധൂവരൻമാർക്കണിയാനുള്ള മാല പ്രധാനമന്ത്രിക്ക് നൽകി. തുടർന്ന് പ്രധാനമന്ത്രിയാണ് വരനും വധുവിനും മാല കൈമാറിയത്.അല്പനേരം ചടങ്ങിന്റെ കാരണവ സ്ഥാനം അലങ്കരിച്ചായിരുന്നു പ്രധാനമന്ത്രി മണ്ഡപത്തിൽ നിന്നിറങ്ങിയത്. ഇതേ സമയം മറ്റു മണ്ഡപത്തിലെ വധൂവരൻമാരെയും പ്രധാനമന്ത്രി ആശിർവദിച്ചു.
സുരേഷ്ഗോപിയും നടനും മകനുമായ ഗോകുല്‍ സുരേഷും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളായിരുന്നു വധു ഭാഗ്യാസുരേഷിനെ മണ്ഡപത്തിലേക്ക് ആനയിച്ചത്. വധുവരന്മാരായ ഭാഗ്യയ്ക്കും ശ്രേയസിനും മധുരവും നല്കി.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം ഗുരുവായൂരിലെത്തി. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി വിശ്രമത്തിനുശേഷമാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.