ബിജോ സിൽവേരി
കൈസര്‍ എന്ന ബഹുമാനപദം റോമന്‍ റിപ്പബ്ലിക്ക് വാണ ഏകാധിപതി ഗായുസ് യൂലിയുസാണ് ആദ്യമായി ഉപയോഗിച്ചത്. ആദ്യം വിളിപ്പേര് ആയി ഉപയോഗിച്ചിരുന്ന ഈ പദം പിന്നീട് ഒരു കുടുംബനാമമായും, എ.ഡി. 69നു ശേഷം ചക്രവര്‍ത്തിമാരുടെ പദവിയുടെ പേരായും മാറി. ‘ഡെര്‍ കൈസര്‍’ എന്നാല്‍ ദി എംപറര്‍ എന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടില്‍ കാല്പന്തിന്റെ കളിക്കളം അടക്കിവാണ ഫ്രന്‍സ് ബെക്കന്‍ബോവറെ ജര്‍മന്‍ ജനത ബഹുമാനിച്ചതും ഇതേ വാക്കുപയോഗിച്ച്; കളിക്കളത്തിലെ ചക്രവര്‍ത്തിക്കു ചേര്‍ന്ന വിശേഷണം.
ഫുട്ബോളില്‍ നിശ്ബദവിപ്ലവം അരങ്ങേറിയ അറുപതുകളിലായിരുന്നു ബെക്കന്‍ ബോവര്‍ ബൂട്ടണിഞ്ഞത്. കളിക്കളങ്ങള്‍ കൃത്രിമപ്പുല്ലിലേക്കും കളിതന്ത്രങ്ങള്‍ ശരവേഗത്തിലും പരീക്ഷണത്തിലേര്‍പ്പെട്ട കാലം. ഫോര്‍വേഡുകള്‍ മത്സരം നിയന്ത്രിച്ചിരുന്ന കാലം. മറ്റു കളിക്കാര്‍ക്ക് മാന്മാര്ക്കിങ്ങായിരുന്നു പ്രഥമ പരിഗണന. കൃത്യമായ പൊസിഷനുകളിലേക്ക് കളിക്കാര്‍ മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. ജര്മനിയ്ക്കു കുറകേ രണ്ടാം ലോകമഹായുദ്ധം പണിത വന്മതിലുള്ള കാലം. രാജ്യം അന്ന് രണ്ടായിരുന്നു. പശ്ചിമവും കിഴക്കും. പടിഞ്ഞാറന്‍ ജര്മനിക്കാരനായിരുന്നു ബെക്കന്‍ ബോവര്‍. മധ്യനിരയിലെ കളിക്കാരന്. പക്ഷേ ഇറ്റലിയെ പോലെ പ്രതിരോധത്തിന് ജര്‍മനിയും പ്രാധാന്യം നല്‍കിയതോടെ ബെക്കന്‍ ബോവര്‍ ഒരുപടി താഴേക്കിറങ്ങി; സെന്റര്‍ ഡിഫന്‍ഡര്‍ പൊസിഷനിലേക്ക്. അതൊരു കീഴ് പോട്ടിറക്കമായിരുന്നില്ല, മുന്നേറ്റമായിരുന്നു.
കളി നിയന്ത്രണം മധ്യനിരയിലേക്ക് കുടിയേറി തുടങ്ങിയ കാലം. അനങ്ങാപ്പാറ നയമുപേക്ഷിച്ച് ഡച്ച് ടീം ടോട്ടല്‍ ഫുട്ബോളിലേക്ക് തന്ത്രം മാറ്റിയ വിപ്ലവസമയം. അവര്‍ക്കെല്ലാം മറുപടി ജര്‍മനിയുടെ ‘ടാങ്കായി’ അറിയപ്പെട്ടിരുന്ന ബോവറായിരുന്നു. എതിര് ടീമിലെ ഒരു മുന്നേറ്റക്കാരനും തന്റെ ഗോള്‍വല ആക്രമിക്കാന്‍ പഴുതുനല്‍കാതെ ടാങ്ക് പ്രതിരോധം കാത്തു. പക്ഷേ, അവിടെ കൊണ്ടു തീര്‍ന്നില്ല. പ്രതിരോധക്കാരന് പന്തുമായി മുന്നേറി എതിര് ഗോള്‍പോസ്റ്റുവരെ പോകാന്‍ തുടങ്ങി. അത്തരത്തില്‍ 13 ഗോളുകളാണ് ബോവര്‍ ശത്രുവലയില് നിക്ഷേപിച്ചത്. ലിബറോ എന്നറിയപ്പെടുന്ന ആധുനിക ഫുട്ബോളിലെ സ്വീപ്പര്‍ പൊസിഷന്‍ വികസിപ്പിച്ചെടുത്തു അപ്പോഴേക്കും കൈസര്‍ എന്നറിയപ്പെട്ട ബെക്കന്‍ ബോവര്‍. മാന്‍ മാര്‍ക്കിങ് എന്ന പരമ്പരാഗത പ്രതിരോധ ശൈലി വിട്ട് സ്വതന്ത്രരായി കളിക്കുന്നവരാണ് സ്വീപ്പര്‍മാര്‍. സ്വന്തം ഗോള്‍മുഖം അപകടത്തിലാകാത്ത വിധം മൈതാനത്തുടനീളം സഞ്ചരിക്കേണ്ടവര്‍. അക്കാലത്ത് ബെക്കന്‍ബോവറെ ഇതിഹാസതാരമായി ഉയര്‍ത്തുന്നതും ഈ പൊസിഷനില്‍ അദ്ദേഹം പുറത്തെടുത്ത കൃത്യതയും മികവുമാണ്.
1964ല്‍ ബയേണ്‍ മ്യൂണിക്കിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം 1965 മുതല്‍ 1977 വരെ ജര്‍മനിയുടെ പ്രതിരോധക്കോട്ട കാത്തു. 1970ലെ ലോകകപ്പ് സെമിഫൈനലില്‍ തോളെല്ലിനേറ്റ പരുക്കുമായി മത്സരം പൂര്‍ത്തിയാക്കി. 4-3 ന് ഇറ്റലിയോട് തോറ്റെങ്കിലും ഹീറോ കൈസര്‍ തന്നെയായിരുന്നു.
പിന്നീട് ജര്‍മനിയുടെ ക്യാപ്റ്റനായ അദ്ദേഹം 1972-ല്‍ യൂറോ കപ്പ് കിരീടം നേടി. പിന്നാലെ 1974-ല്‍ ടോട്ടല്‍ ഫുട്ബോളിന്റെ സൗന്ദര്യവുമായെത്തിയ ഡച്ച് ടീമിനെ പിടിച്ചുകെട്ടി ബോവര്‍ ജര്‍മനിക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തു. ഡച്ച് ഇതിഹാസം യൊഹാന്‍ ക്രൈഫിനെ അനങ്ങാന്‍ സമ്മതിക്കാതിരുന്ന ബോവറിന്റെ മാര്‍ക്കിങ് തന്ത്രം അന്ന് ഡച്ച് ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് കടിഞ്ഞാണിടുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് അന്തരിച്ച ബ്രസീലിന്റെ മരിയോ സഗല്ലോ, ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്സ് എന്നിവരോടൊപ്പം കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് നേടിയ മൂന്ന് പേരില്‍ ഒരാളായിരുന്നു ബെക്കന്‍ ബോവര്‍. ദേശീയ ടീമിലെ വിജയത്തിന് പുറമെ, ബയേണ്‍ മ്യൂണിക്കിനായി തുടര്‍ച്ചയായ മൂന്ന് യൂറോപ്യന്‍ കപ്പുകളും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹം നേടി. കളിക്കും പരിശീലനത്തിനും ശേഷം, ബെക്കന്‍ബോവര്‍ ഫുട്ബോള്‍ ഭരണത്തിലേക്കും മാറി.
ഞായറാഴ്ച 74-ാം വയസില്‍ ബെക്കന്‍ ബോവര്‍ ജീവിത കളമൊഴിയുമ്പോള്‍ മൈതാനങ്ങള്‍ വാഴ്ത്തിപ്പാടി, കൈസര്‍ നീണാള്‍ വാഴ്ക!