കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്തു . അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് രണ്ട് മാസത്തേക്ക് സ്ഥലം മാറ്റം സ്റ്റേ ചെയ്തത്. വിശദീകരണം ചോദിക്കാതെ സ്ഥലം മാറ്റിയതിനെതിരെ ബെറ്റി ആന്റണി ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
ഇവരോടൊപ്പം സ്ഥലം മാറ്റ നടപടി നേരിട്ട ചീഫ് നഴ്സിങ് ഓഫീസര്‍ വി പി സുമതിയും കഴിഞ്ഞ ദിവസം ട്രൈബ്യുണലില്‍ നിന്നും സ്റ്റേ നേടിയിരുന്നു. ബെറ്റി ആന്റണിയെ കോന്നി മെഡിക്കല്‍ കോളേജിലേക്കും വി പി സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്.കേസില്‍ സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി ബി അനിതയെ നവംബര്‍ 28ന് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയതും ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു.
മാര്‍ച്ച് 28 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് സംഭവത്തിലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ചികിത്സയില്‍ കഴിയുന്ന അതിജീവിതയെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കിയത് ചീഫ് നഴ്സിങ് ഓഫീസര്‍, നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍ എന്നവരുടെ നിരുത്തരവാദപരമായ സമീപനം കാരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.