ടെല്‍ അവീവ്: പ്രധാനമന്ത്രിയായി ബിന്യമിന് നെതന്യാഹു തുടരണമെന്ന് ആഗ്രഹിക്കുന്നത് വെറും 15 ശതമാനം ഇസ്രയേലികള്‍ മാത്രമെന്ന് അഭിപ്രായ സര്‍വേ ഫലം . ഇസ്രയേൽ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച സര്‍വേ നടത്തിയത്. ഹമാസിനെ ഇല്ലാതാക്കണമെന്ന നെത്യനാഹുവിന്റെ നയത്തെ ഒരു വിഭാഗം പിന്തുണക്കുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ വലിയ തോതില്‍ ഇടിഞ്ഞെന്നാണ് സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്.
2023ഒക്ടോബര്‍ ഏഴിന് ഇസ്റാഈലില്‍ 1200 പേര് കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കപ്പെടുകയും ചെയ്ത ഹമാസ് മിന്നലാക്രമണത്തിന് പിന്നാലെ ഹമാസിനെ തകര്‍ക്കുമെന്ന് നെതന്യാഹു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൂന്നു മാസത്തിന്റെ ഭൂരിഭാഗവും അവര്‍ ഗസ്സയില്‍ പാഴാക്കി. ബാക്കിയുള്ള ബന്ദികളെ വിട്ടുകിട്ടാന്‍ രൂക്ഷമായ ആക്രണം ആവശ്യമാണെന്നാണ് ഇപ്പോഴും നെതന്യാഹു പറയുന്നത്.
എന്നാല്‍ ബന്ദികളെ വിട്ടുകിട്ടാന്‍ സൈനിക നടപടി തുടരുന്നതിനെ 56 ശതമാനം പേര് ചോദ്യം ചെയ്യുന്നു. ഇസ്റാഈല്‍ ജയിലുകളില്‍ നിന്നും ഫലസ്തീനികളെ മോചിപ്പിച്ച് ബന്ദികളെ തിരിച്ചെത്തിക്കുകയാണ് ഏറ്റവും നല്ല പോംവഴിയെന്നാണ് 24 ശതമാനം പേരും കരുതുന്നത്.