തെഹ്റാൻ: ഇറാനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. പരിക്കേറ്റവരുടെ എണ്ണം 141 ആയതായി കെർമാൻ എമർജൻസി സർവീസ് മേധാവി മുഹമ്മദ് സ്വബരി സ്ഥിരീകരിച്ചു.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം.
കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയപ്പോഴാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.
സ്ഫോടത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണർ വ്യക്തമാക്കി.