കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന് മോണ്‍. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ജനുവരി 20 ന് നടക്കുന്ന മെത്രാഭിഷേകത്തിനുള്ള ഗായകസംഘത്തെ പ്രശസ്ത സംഗീതജ്ഞരായ ജെറി അമല്‍ദേവും ഫാ. വില്യം നെല്ലിക്കലും നയിക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി നൂറിലധികം പേരടങ്ങുന്ന ഗായകസംഘമാണ് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ആരാധനക്രമത്തില്‍ ജനങ്ങളുടെ സജീവപങ്കാളിത്തം യാഥാര്‍ത്ഥ്യമാക്കാന്‍ രൂപതയില്‍ നിലവില്‍ ഉപയോഗത്തിലുള്ളതും റോമന്‍ ലത്തീന്‍ പാരമ്പര്യമുള്ക്കൊള്ളുന്നതുമായ ആരാധനക്രമ ഗീതങ്ങളാണ് പ്രധാനമായും മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഒരു ഗായക സംഘത്തിന്റെ വിജയം അവരോട് ചേര്‍ന്ന് വിശ്വാസീ സമൂഹവും പാടുമ്പോഴാണെന്ന് ജെറി അമല്‍ദേവ് വ്യക്തമാക്കി. സെബി തുരുത്തിപ്പുറം, ഫ്രാന്‍സിസ് കൂട്ടുകാട്, റെല്‍സ് കോട്ടപ്പുറം, സ്റ്റൈന്‍ കുട്ടനല്ലൂര്‍, ജെറോമിയ ഡേവിഡ് തുടങ്ങി രൂപതയില്‍ നിന്നുള്ള നിരവധി ഗായകരും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഗായകസംഘത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. കോട്ടപ്പുറം രൂപത ലിറ്റര്‍ജി കമ്മീഷന് ചെയര്മാന് ഫാ. വിന് കുരിശിങ്കല്‍, കമ്മിറ്റി അംഗം ഫാ. സിജോ വേലിക്കകത്തോട്ട്, കത്തീഡ്രല്‍ വികാരി ഫാ. ജാക്സന് വലിയപറമ്പില്‍, സിസ്റ്റര്‍ ബിന്ദു ഓകാം, സിസ്റ്റര്‍ ഫ്ളാവിയ സിടിസി എന്നിവരാണ് പരിശീലന പരിപാടികള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്. ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലുമായി ജെറി അമല്‍ദേവിന്റെയും ഫാ.വില്യം നെല്ലിക്കലിന്റെയും നേത്യത്വത്തില്‍ കോട്ടപ്പുറത്ത് പരിശീലനം നടത്തുന്നുണ്ട്.
തിരുക്കര്‍മ്മങ്ങളുടെ ആമുഖഗീതിയായ പരമ്പരാഗത ലത്തീന്‍ ഗാനം എച്ചേ സാച്ചേര്ദോസ് ‘- ‘ഇതാ മഹാപുരോഹിതന്’ എന്നു തുടങ്ങുന്ന ഗാനമായിരിക്കും ആദ്യം ആലപിക്കുക. ഫാ. ജോസഫ് മനക്കില് രചിച്ച് ജെറി അമല്‍ദേവ് ഈണം നല്കിയ ‘വരുന്നു ഞാന്‍ പിതാവേ നിന് തിരുവുള്ളം നിറവേറ്റാന്‍’ എന്ന ഗാനമാണ് പ്രവേശന ഗാനം. ‘കാല്വരിക്കുന്നിന് നിഴലില്‍ കത്തും ദീപ സന്നിധില്‍ ‘എന്നു തുടങ്ങുന്ന ഫാ. മൈക്കിള്‍ പനച്ചിക്കല്‍ എഴുതി ജെറി അമല്‍ദേവ് ചിട്ടപ്പെടുത്തിയ ഗാനമാണ് കാഴ്ചവയ്പ്പു ഗാനം. കോട്ടപ്പുറത്തിന്റെ പുത്രന് യശഃശരീരനായ ഫാ. ജേക്കബ് കല്ലറക്കല്‍ രചിച്ച് ഈണം പകര്‍ന്ന ‘വാവ യേശുനാഥ വാവ സ്നേഹനാഥ’എന്ന ഗാനവും ‘ ദിവ്യസക്രാരിയില്‍ കൂദാശയില്‍’ എന്നാരംഭിക്കുന്ന ഫാ. ജോസഫ് മനക്കില് രചിച്ച് ഫ്രാന്‍സിസ് മനക്കില് ഈണം നല്കിയ ഗാനവുമാണ് ദിവ്യകാരുണ്യഗീതങ്ങള്.
കൃതജ്ഞതാഗീതം (തെദേവും) മലയാളത്തില്‍ ആയിരിക്കും ആലപിക്കുക. പരമ്പരാഗത പരിശുദ്ധാത്മ ഗീതമായ ‘വേനി ക്രിയാത്തോര് സ്പിരിത്തു’ എന്നു തുടങ്ങുന്ന ലത്തീന്‍ ഗാനവും ആലപിക്കും. വിശുദ്ധ ബര്‍ണാര്‍ഡിന്റെ ‘എത്രയും ദയയുള്ള മാതാവേ ‘ എന്ന പ്രാര്‍ത്ഥനയുടെ ഗാനരൂപമായ ഫാ. ജോസഫ് മനക്കില് രചിച്ച് ജെറി അമല്‍ദേവ് ചിട്ടപ്പെടുത്തിയ ഗാനമാണ് മരിയ ഗീതിയായി ആലപിക്കുക.
ജനുവരി 20 ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ വൈകീട്ട് 3 മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ ആരംഭിക്കും . വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ മെത്രാഭിഷേക കര്‍മ്മങ്ങളുടെ മുഖ്യകാര്‍മികനാകും. ആര്‍ച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യ സഹകാര്‍മ്മികരായിരിക്കും. കെആര്‍എല്‍സിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലെ നിരവധി മെത്രാന്മാരും വൈദീകരും സഹകാര്‍മികരാകും.
ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. എറണാകുളം – അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ അനുഗ്രഹപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശന് മുഖ്യാതിഥിയായിരിക്കും. ബെന്നി ബഹനാന് എംപി, ഹൈബി ഈഡന് എംപി, അഡ്വ. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ, ഇ.ടി. ടൈസന് മാസ്റ്റര്‍ എംഎല്‍എ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കോട്ടപ്പുറം രൂപത വൈദിക പ്രതിനിധി ഫാ. ജോഷി കല്ലറക്കല്‍, സന്ന്യസ്ത പ്രതിനിധി സിസ്റ്റര്‍ ജിജി പുല്ലയില്‍, കെആര്‍എല്‍സിസി സെക്രട്ടറി പി.ജെ. തോമസ്, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ജനറല്‍ കണ്‍വീനര്‍ മോണ്‍. ഡോ. ആന്റണി കുരിശിങ്കല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഫാ.നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി എന്നിവര്‍ പ്രസംഗിക്കും. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മറുപടി പ്രസംഗം നടത്തും. കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.കെ. ഗീത, കൗണ്‍സിലര്‍മാരായ എല്‍സി പോള്‍, വി.എം ജോണി, ഫ്രാന്‍സിസ് ബേക്കണ്‍, കെഎല്‍സിഎ രൂപത പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍, സിഎസ്എസ് പ്രസിഡന്റ് ജിസ്മോന് ഫ്രാന്‍സിസ്, കെസിവൈഎം പ്രസിഡന്റ് പോള്‍ ജോസ് ,കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് റാണി പ്രദീപ്, കെഎല്‍എം പ്രസിഡന്റ് വിന്‍സന്റ് ചിറയത്ത് എന്നിവരുടെ സാന്നിധ്യം ഉണ്ടാകും. തുടര്‍ന്ന് കലാപരിപാടികള്‍.