വത്തിക്കാൻ :ദേവാലയഗീതങ്ങൾ ആലപിക്കുന്ന കുഞ്ഞു ഗായകരുടെ സംഘമായ “പുവെരി കന്തോരെസിൻറെ” (International Federation of Pueri Cantores) മൂവായിരത്തി അഞ്ഞൂറിലേറെ അംഗങ്ങളെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് അഭിസംബോധന ചെയ്തു .
ഗാനങ്ങൾ സംഘമായി ആലപിക്കുമ്പോൾ അത് ആനന്ദമായി ഭവിക്കുന്നുവെന്നും, ആ സന്തോഷം ഗാനരചയിതാക്കളിലും ,സംഗീത സംവിധായകരിലും അത് പഠിപ്പിച്ചവരിലും അത് കൈമാറുന്നവരിലും നിന്ന് ലഭിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. ഉത്സാഹത്തോടെ ഗാനം ആലപിക്കുമ്പോൾ ഗായകർ ശ്രോതാക്കൾക്ക് മഹത്തായ ഒരു സമ്മാനമാണ് നല്കുന്നത് . സന്തോഷത്തോടെ നല്കുന്നവരെ ദൈവം സ്നേഹിക്കുന്നു (2 കോറിന്തോസ്9,7) എന്ന വിശുദ്ധഗ്രന്ഥ വാക്യവും പാപ്പാ അനുസ്മരിച്ചു.
ദേവാലയഗായകരായ കുഞ്ഞുങ്ങൾ ഗാനരൂപത്തിലുള്ള പ്രാർത്ഥന വഴി മറ്റുള്ളവരെ പ്രാർത്ഥിക്കാൻ സഹായിക്കുകയാണെന്ന് പാപ്പാ ശ്ലാഘിച്ചു. ആലാപനം സ്നേഹത്തിൻറെ ഒരു പ്രവർത്തിയാണെന്ന് പാപ്പാ “പാടുകയെന്നത് സ്നേഹിക്കുന്നവൻറെ സവിശേഷതയാണെന്ന” വിശുദ്ധ അഗസ്റ്റിൻറെ ഉദ്ബോധനം അനുസ്മരിച്ചുകൊണ്ട് പ്രസ്താവിച്ചു.