കത്തുകളുടെ കാലത്തു നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്കുള്ള പ്രയാണത്തില്‍ പ്രധാന്യം കുറഞ്ഞുപോയെങ്കിലും ഒട്ടും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത അറിവിന്റെ വാതായനങ്ങളാണ് സ്റ്റാമ്പുകള്‍. സ്റ്റാമ്പുകള്‍ വെറുമൊരു കുഞ്ഞന്ചിത്രമല്ല, ചരിത്രമാണ്. വിനോദത്തില്‍നിന്ന് വിജ്ഞാനത്തിലേക്കുള്ള സഞ്ചാരപാതകള്‍ തുറന്നിടുന്ന ചരിത്രവീഥി. പഴയ നോട്ടു പുസ്തകങ്ങളുടെ താളുകളില്‍ സ്റ്റാമ്പുകള്‍ ഒട്ടിച്ചുവച്ചിരുന്ന പഴയൊരു കുട്ടിക്കാലം മിക്കവാറും എല്ലാവര്‍ക്കുമുണ്ടാകും. നോട്ടുപുസ്തകങ്ങള്‍ പിന്നീട് പലരും ഉപേക്ഷിക്കുകയോ കൈമാറുകയോ ചെയ്തിട്ടുണ്ടാകും. അപൂര്‍വം പേര് മാത്രം ശാസ്ത്രീയമായി സ്റ്റാമ്പുകള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും പ്രദര്ശിപ്പിക്കുകയുമൊക്കെ ഉണ്ടാകും.
സ്റ്റാമ്പുകള്‍ ശേഖരിച്ച് ആധികാരികമായി പഠിക്കുന്നവരാണ് ‘ഫിലാറ്റലിസ്റ്റു’കള്‍. ‘സ്റ്റാമ്പ് ശേഖരണം’. ‘ഫിലോസ് ‘(സ്നേഹമുള്ളത്), ‘അറ്റാലിയ’ (നികുതിയില്ലാത്തത്) എന്നീ രണ്ട് ഗ്രീക്ക് പദങ്ങള്‍ ചേര്‍ന്നാണ് ‘ഫിലാറ്റലി’എന്ന വാക്കിന്റെ ജനനം. പേരില്‍ തന്നെയുണ്ടല്ലോ ഒരു സ്നേഹവും ആദരവും.
പ്രത്യേക വിഷയത്തെക്കുറിച്ചുള്ള സ്റ്റാമ്പുകള്‍ ശേഖരത്തിന്റെ ഭാഗമാക്കലാണ് ഈ ഹോബിയുടെ ഏറ്റവും ആകര്‍ഷകവും വെല്ലുവിളി നിറഞ്ഞതുമായ ഭാഗം. കായികം, രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം എന്നിങ്ങനെ ഏതു വിഷയത്തെകുറിച്ചുമുള്ള സ്റ്റാമ്പുകളും ശേഖരിക്കപ്പെടും. വിഷയത്തിന്റെ അപൂര്വതയനുസരിച്ച് സ്റ്റാമ്പുകളുടെ എണ്ണം കുറയുകയും വെല്ലുവിളി വര്‍ദ്ധിക്കുകയും ചെയ്യും. അത്തരത്തില്‍ ഏറെ അപൂര്‍വതയുള്ള ഒരു സ്റ്റാമ്പ് ശേഖരത്തിന്റെ വിവരങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
സ്റ്റാമ്പുകളിലെ അമ്മയും കുഞ്ഞും
ലോകരാജ്യങ്ങളില്‍ ഏതാണ്ടെല്ലാ രാജ്യങ്ങളും മറ്റു രാജ്യങ്ങളുടെ കോളനികളും ക്രിസ്മസ് പ്രത്യേക സ്റ്റാമ്പുകള്‍ ഇറക്കിയിട്ടുണ്ട്. ഇപ്പോഴും എല്ലാ ക്രിസ്മസിനും സ്റ്റാമ്പുകള്‍ ഇറക്കുന്ന പതിവ് പല രാജ്യങ്ങള്‍ക്കുമുണ്ട്. ജെയിംസ് അഗസ്റ്റിന്റെ വിപുലമായ സ്റ്റാമ്പ് ശേഖരത്തിലെ അത്യപൂര്വവിഷയമാണ് ക്രിസ്മസ് കാലത്തെ അമ്മയും കുഞ്ഞും(പരിശുദ്ധ മറിയവും ഉണ്ണിയേശുവും). ആയിരത്തോളം സ്റ്റാമ്പുകളാണ് ഈ വിഷയത്തില്‍ ജെയിംസിന്റെ കളക്ഷനിലുള്ളത്. തപാല്‍ സ്റ്റാമ്പുകളില്‍ ഏറ്റവും കൂടുതല്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം പരിശുദ്ധ മറിയത്തിന്റെയും ഉണ്ണിയേശുവിന്റെയുമാണ്. ചുരുക്കം രാജ്യങ്ങള്‍ ഒഴികെ മറിയത്തിന്റെയും ഉണ്ണീശോയുടെയും ചിത്രങ്ങള്‍ മറ്റെല്ലാ രാജ്യങ്ങളും സ്റ്റാമ്പുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. ചില സ്റ്റാമ്പുകളില്‍ വിഖ്യാതനായ ചിത്രകാരന്മാര് വരച്ച പെയിന്റിങ്ങുകളും ചേര്‍ത്തിട്ടുണ്ട്. ചിത്രകാരന്മാരുടെ പേരും വരച്ച വര്‍ഷവും ചേര്‍ത്തിട്ടുള്ളതായും കാണാം. റാഫേല്‍ (റഫെല്ലിയോ സാന്‍സിയോ ഉര്‍ബിനോ), ബെല്ലീനി (ജിയോവാനോ ബെല്ലീനി) തുടങ്ങിയ മഹാരഥന്മാരായ ചിത്രകാരന്മാരുടെ മറിയവും ഉണ്ണിയേശുവും എന്ന പെയിന്റിങ്ങുകള്‍ സ്റ്റാമ്പുകളില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞന്‍ രാജ്യങ്ങളായ ഗില്‍ബെര്‍ട് ഐലന്‍ഡ്, നിയു, ചാഡ്, ക്രിസ്മസ് ഐലന്‍ഡ്, സെന്റ്. വിന്‍സെന്റ്, സെന്റ്. ലൂസിയ എന്നിവയുടെയും ഇപ്പോള്‍ നിലവിലില്ലാത്ത രാജ്യങ്ങളുടെയും സ്റ്റാമ്പുകള്‍ കളക്ഷനിലുണ്ട്. വിവിധ രാജ്യങ്ങള്‍ ഈ വിഷയത്തില്‍ ഇറക്കിയിട്ടുള്ള സ്റ്റാമ്പുകളുടെ ശേഖരത്തെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ക്രിസ്മസ് വിഷയമായി വരുന്ന പാട്ടുകള്‍ ശേഖരിക്കുന്നതിലും എറണാകുളം പെരുമാനൂര്‍ സ്വദേശിയായ ജെയിംസ് അഗസ്റ്റിന് തല്പരനാണ്. 700 ഓളം ക്രിസ്മസ് ആല്‍ബങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ട്.
ഡൊമനിക്കന്‍ റിപ്പബ്ലിക്
വിഖ്യാത സാഹിത്യകാരന് ചാള്‍സ് ഡിക്കന്‍സിന്റെ ദി ക്രിസ്മസ് കാരള്‍ എന്ന പ്രശസ്ത കഥയിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി കരീബിയന്‍ പ്രദേശത്തെ രാജ്യവും യൂറോപ്യരുടെ ആദ്യത്തെ സ്ഥിരമായ അമേരിക്കന്‍ കോളനിയുമായ ഡൊമനിക്കന്‍ റിപ്പബ്ലിക് 1969ല്‍ ഇറക്കിയ നാലു സ്റ്റാമ്പുകള്‍.
റാസല്‍ ഖൈമ
യുണൈറ്റഡ് അറബ് എമിറേറ്റ്സ് എമിറേറ്റിന്റെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ഒരുകാലത്ത് സ്വതന്ത്ര ഇസ്ലാമിക രാജ്യവുമായിരുന്ന റാസല്‍ ഖൈമയില്‍ നിന്ന് ഇറക്കിയിട്ടുള്ള സ്റ്റാമ്പുകള്‍. റാസല്‍ ഖൈമ 1972 ഫെബ്രുവരി 10ന് യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ ചേര്‍ന്നു.
ഫിജി
തെക്കന്‍ ശാന്തസമുദ്രത്തിലെ 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹ രാജ്യമാണ് ഫിജി (റിപ്പബ്ലിക് ഓഫ് ഫിജി ഐലന്‍ഡ്സ്). മതസൗഹാര്‍ദത്തെ സൂചിപ്പിക്കുന്ന മൂന്നു സ്റ്റാമ്പുകളാണ് ഫിജിയുടേതായി ഈ ശേഖരത്തിലുള്ളത്. ക്രിസ്മസ് സ്റ്റാമ്പില്‍ മാതാവിനും ഉണ്ണിയേശുവിനും പുറമേ ഔസേപ്പിതാവിനേയും കാണാം. ഇത്-ഉള്-ഫിതറിന്റേയും ഭാരതീയ ഉത്സവമായ ദീപാവലിയുടേയും സ്റ്റാമ്പുകള്‍ കാണാം. ആദ്യ രണ്ടു സ്റ്റാമ്പുകളിലും ബ്രിട്ടീഷ് രാജ്ഞിയുടെ മുഖവുമുണ്ട്.
സെനെഗല്‍
ആഫ്രിക്കന്‍ രാജ്യമായ സെനെഗല്‍ (റിപ്പബ്ലിക്ക് ഓഫ് സെനെഗല്‍) പുറത്തിറക്കിയ സ്റ്റാമ്പുകളാണ് ഇവ. ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാന്‍ പൊന്നും മൂറും കുന്തിരിക്കവുമായി ബേത്ലഹേമിലെ പുല്ത്തൊഴുത്തിലെത്തിയ മൂന്നു പൂജ്യരാജാക്കന്മാരുടെ ചിത്രങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു. മെല്‍ച്ചിയോര്‍, ബല്‍ത്താസര്‍, ഗാസ്പര്‍ എന്നിങ്ങനെ അവരുടെ പേരുകളും സ്റ്റാമ്പുകളില്‍ രേഖപ്പെടുത്തിയെന്ന അപൂര്‍വതയുമുണ്ട്.
ഗില്‍ബര്‍ട്ട് ഐലന്‍ഡ്സ്
പസഫിക് സമുദ്രത്തിലെ പവിഴദ്വീപുകളുടെ ശൃംഖലയില്‍ പെട്ട ദ്വീപ് രാജ്യമാണ് ഗില്‍ബര്‍ട്ട് ഐലന്‍ഡ്സ്. 1820ല്‍, ദ്വീപുകള്‍ക്ക് ഗില്‍ബര്‍ട്ട് ദ്വീപുകള്‍ അല്ലെങ്കില്‍ ഇലെസ് ഗില്‍ബെര്‍ട്ട് (ഫ്രഞ്ച് ഭാഷയില്‍) എന്ന് പേരിട്ടത് 1788-ല്‍ ദ്വീപസമൂഹം കടന്ന ബ്രിട്ടീഷ് ക്യാപ്റ്റന്‍ തോമസ് ഗില്‍ബെര്‍ട്ടിന്റെ പേരിലാണ്. ഇവിടെ ചേര്‍ത്തിട്ടുള്ള സ്റ്റാമ്പുകളില്‍ ഗില്‍ബര്‍ട്ട് ഇലെസ് എന്നു കാണാം. 1969ലും 1972ലും പുറത്തിറക്കിയ ഈ സ്റ്റാമ്പുകളില്‍ തദ്ദേശവാസികളുടെ രൂപത്തിലാണ് മാതാവിനേയും ഉണ്ണിയേശുവിനേയും അവതരിപ്പിച്ചിരിക്കുന്നത്.
ജിബ്രാള്‍ട്ടര്‍
ഐബീരിയന്‍ പെനിന്‍സുലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജിബ്രാള്‍ട്ടര്‍. ഏകദേശം 50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിബ്രാള്‍ട്ടറില്‍ നിയാണ്ടര്‍ത്തല്‍ ആവാസ വ്യവസ്ഥ ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ ഗോര്ഹാംസ് ഗുഹയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കല്ലുപകരണങ്ങള്‍, പുരാതന അടുപ്പുകള്‍, മൃഗങ്ങളുടെ അസ്ഥികള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഗര്‍ഭിണിയായ മറിയത്തെ കഴുതപ്പുറത്തിരുത്തി ജോസഫ് ബേത്ലഹേമിലേക്ക് യാത്ര ചെയ്യുന്നതാണ് സ്റ്റാമ്പിന്റെ ഇതിവൃത്തം.
വത്തിക്കാന്‍ നഗരം
ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍ നഗരം (സ്റ്റേറ്റ് ഓഫ് ദ വത്തിക്കാന്‍ സിറ്റി). കത്തോലിക്കാ സഭയുടെ ആസ്ഥാനവുമാണ് വത്തിക്കാന്‍ നഗരം. 44 ഹെക്ടര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമായ വത്തിക്കാന്‍ 1929 ഓഗസ്റ്റ് 1 മുതല്‍ നഗരത്തിലെ തപാല്‍ ഓഫീസ് വഴി സ്വന്തം സ്റ്റാമ്പുകള്‍ വില്‍ക്കുന്നുണ്ട്. 19-ആം നൂറ്റാണ്ടിന്റെ പകുതി മുതല്‍ വത്തിക്കാന്‍ ഇത്തരത്തിലുള്ള സ്റ്റാമ്പ് ഷീറ്റുകള്‍ പുറത്തിറക്കുന്നുണ്ട്.
ആദ്യകാല സ്റ്റാമ്പുകളില്‍ പലതും പാപ്പമാരുടെ അധികാരത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളുന്നു. ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന സ്റ്റാമ്പുകളും വത്തിക്കാന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സ്റ്റാമ്പുകളില്‍ നേറ്റിവിറ്റിയുടെ മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിലെന്നാണ് ഈ ശേഖരത്തിലുള്ളത്.
ബ്രിട്ടീഷ് ഹോണ്ടുറാസ്
1783 മുതല്‍ 1964 വരെ മധ്യഅമേരിക്കയുടെ കിഴക്കന്‍ തീരത്ത്, മെക്സിക്കോയുടെ തെക്ക് ഭാഗത്തുള്ള ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു ബ്രിട്ടീഷ് ഹോണ്ടുറാസ്. പിന്നീട് ഒരു സ്വയംഭരണ കോളനിയായി. 1973 ജൂണില്‍ ബെലീസ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1981 സെപ്തംബറില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നേടി. പഴയ ബ്രിട്ടീഷ് ഹോണ്ടുറാസിലെ ക്രിസ്മസ് സ്റ്റാമ്പ് പരിചയപ്പെടാം.
കുക്ക് ഐലന്‍ഡ്സ്
പതിനഞ്ചു ചെറുദ്വീപുകളായി കിടക്കുന്ന ഒരു ദ്വീപ് സമൂഹം. അവാറുവയാണ് കുക്ക് ഐലന്‍ഡ്സ് അഥവാ കുക്ക് ദ്വീപുകളുടെ തലസ്ഥാനം. ന്യൂസിലന്‍ഡുമായി സ്വതന്ത്ര കൂട്ടുകെട്ട് ഉണ്ടെങ്കിലും കുക്ക് ദ്വീപുകള്‍ ഒരു സ്വയംഭരണ പ്രദേശമാണ്. വീസ ഇല്ലാതെ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളില്‍ ഒന്നാണ് കുക്ക് ദ്വീപ് സമൂഹം. ലോകത്തിലെ ഏത് രാജ്യക്കാര്‍ക്കും 31 ദിവസം വരെ കുക്ക് ദ്വീപുകളില്‍ വീസ ഇല്ലാതെ സന്ദര്‍ശനം നടത്തുകയും താമസിക്കുകയും ചെയ്യാം. കുക്ക് ഐലന്‍ഡ്സില്‍ നിന്നുള്ള 1974ലെ സ്റ്റാമ്പ് ഇവിടെ കാണാം.
മോണ്ട സെറാറ്റ്
മോണ്ട സെറാറ്റ് കരീബിയന്‍ ദ്വീപിലെ ഒരു ബിട്ടീഷ് കോളനി രാജ്യമാണ്. വെസ്റ്റ് ഇന്‍ഡീസിലെ ലെസ്സര്‍ ആന്റിലീസ് ശൃംഖലയുടെ വടക്കന്‍ ഭാഗമായ ലീവാര്‍ഡ് ദ്വീപുകളുടെ ഭാഗമാണിത്. മോണ്ട സെറാറ്റിന് ഏകദേശം 16 കി.മീ നീളവും 11 കി.മീ വീതിയും ഉണ്ട്. വലിയ തീരപ്രദേശമുണ്ട്. തീരദേശ അയര്‍ലണ്ടിനോട് സാമ്യമുള്ളതിനാലും അതിലെ പല നിവാസികളുടെയും ഐറിഷ് വംശപരമ്പരയായതിനാലും ഇതിനെ ‘കരീബിയന്‍ ദ്വീപിലെ എമറാള്‍ഡ് ഐല്‍’ എന്ന് വിളിപ്പേരുണ്ട്. 1971 ലെ രണ്ടു ക്രിസ്മസ് സ്റ്റാമ്പുകളാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്. ഒന്നില്‍ തിരുകുടുംബത്തേയും രണ്ടാമത്തേതില്‍ മാലാഖവൃന്ദത്തേയും ചിത്രീകരിച്ചിരിക്കുന്നു.
നോര്‍ഫോക്ക് ദ്വീപ്
ന്യൂസിലാന്‍ഡിനും ന്യൂ കാലിഡോണിയയ്ക്കും ഇടയില്‍ പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നു. 1,417 കിലോമീറ്റര്‍ വിസ്തൃതി. അയല്‍രാജ്യങ്ങളായ ഫിലിപ്പ് ദ്വീപും നേപ്പിയന്‍ ദ്വീപും നോര്‍ഫോക്ക് ദ്വീപും ചേര്‍ന്നുള്ള പ്രദേശത്തെ മൊത്തെ നോര്‍ഫോക്ക് ദ്വീപ് എന്നും പറയുന്നു. തലസ്ഥാനം കിംഗ്സ്റ്റണ്‍ ആണ്. 1968ല്‍ പുറത്തിറക്കിയ ഭൂമിയില്‍ സമാധാനം എന്നു ലേഖനം ചെയ്തിട്ടുള്ള സ്റ്റാമ്പില്‍ പൂക്കള്‍ക്കിടയില്‍ വിരാജിക്കുന്ന നക്ഷത്രത്തെ ചിത്രീകരിച്ചിരിക്കുന്നു.
നൈജര്‍
റിപ്പബ്ലിക് ഓഫ് നൈജര്‍ പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമാണ്. വടക്കുകിഴക്ക് ലിബിയ, കിഴക്ക് ചാഡ്, തെക്ക് നൈജീരിയ, തെക്ക് പടിഞ്ഞാറ് ബെനിന്‍, ബുര്‍ക്കിന ഫാസോ, പടിഞ്ഞാറ് മാലി, വടക്ക് പടിഞ്ഞാറ് അള്‍ജീരിയ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. അതിന്റെ ഭൂപ്രദേശത്തിന്റെ 80 ശതമാനത്തിലധികം സഹാറയിലാണ്. ഏകദേശം 25 ദശലക്ഷത്തോളം വരുന്ന മുസ്ലീം ജനസംഖ്യയാണ് ഇവിടെയുള്ളത്. 1971ല്‍ പുറത്തിറക്കിയ, പൂജ്യരാജാക്കന്മാര് ഉണ്ണിയേശുവിനെ സന്ദര്‍ശിക്കുന്ന ചിത്രമുള്ള സ്റ്റാമ്പാണ് നൈജറിന്റേതായി ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
മഗ്യാര്‍
ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫിന്നോ-ഉഗ്രിക് ജനതയായ മഗ്യാറുകള്‍ ഡാന്യൂബ് നദിയുടെ മധ്യതടം കൈവശപ്പെടുത്തി ഹംഗറി സ്ഥാപിച്ചു എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. മഗ്യാര്‍ എന്നു രേഖപ്പെടുത്തിയിട്ടുള്ള മാതാവിന്റേയും ഉണ്ണിയേശുവിന്റേയും ചിത്രമുള്ള സ്റ്റാമ്പാണിത്.
മാള്‍ട്ട
റിപ്പബ്ലിക് ഓഫ് മാള്‍ട്ട തെക്കന്‍ യൂറോപ്പില്‍ മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്നു. ഇറ്റലിക്കും ലിബിയയ്ക്കും ഇടയിലുള്ള ഒരു ദ്വീപസമൂഹമാണിത്. 1967ലെ സ്റ്റാമ്പുകളാണ് ശേഖരത്തിലുള്ളത്. തിരുപ്പിറവി, മാലാഖമാര്‍, തിരുകുടുംബം എന്നിങ്ങനെ ചിത്രീകരിച്ചിരിക്കുന്നു. കംപ്യൂട്ടര്‍ ഇല്ലാതിരുന്ന കാലത്ത് കംപ്യൂട്ടര്‍ ഗ്രാഫിക്സിനോട് സാമ്യമുള്ള വരയാണ് പ്രത്യേകത.
ക്രിസ്മസ് ഐലന്‍ഡ്സ്
വിശാലമായ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്ക്കുന്നു ക്രിസ്മസ് ഐലന്‍ഡസ് എന്ന കൊച്ചുരാജ്യം. ആകാശനീല വെള്ളത്താല്‍ ചുറ്റപ്പെട്ട, ഒരു പ്രകൃതിദത്ത അദ്ഭുതമായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. 1600-കളുടെ തുടക്കം മുതല്‍ ഇംഗ്ലീഷ്, ഡച്ച് കപ്പലോട്ടക്കാരുടെ കണ്ണുകളില്‍ ക്രിസ്മസ് ദ്വീപ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നെങ്കിലും 1643ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ക്യാപ്റ്റന്‍ വില്യം മൈനോര്സ് ക്രിസ്മസ് ദിനത്തില്‍ ദ്വീപ് കണ്ടതിനാല്‍ ദ്വീപിന് ക്രിസ്മസ് ഐലന്‍ഡ്സ് എന്നു പേരിട്ടു. 1972ല്‍ പുറത്തിറക്കിയ പരസ്പര പൂരകമായ രണ്ടു സ്റ്റാമ്പുകളാണ് ശേഖരത്തിലുള്ളത്. ഒന്നില്‍ സമാധാനമെന്നും മറ്റതില്‍ സന്തോഷമെന്നും വലിയ തലക്കെട്ട് നല്കിയിരിക്കുന്നു. നീലനിറത്തലെ പശ്ചാത്തലത്തില്‍ വെള്ളയുടുപ്പിട്ട മാലാഖമാര്‍ കൈകൂപ്പിയും ആഹ്ളാദത്തോടെയും നില്ക്കുന്നു.