തിരുവനന്തപുരം: തിരുവന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘർഷം. പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മാറ്റാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്
ഉച്ചക്ക് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ ആറിലധികം തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായി. കമ്പുകളും ചെരുപ്പുകളും എറിഞ്ഞു. തുടര്‍ന്ന് കണ്ണീര് വാതകം പ്രയോഗിക്കുമന്നെ് പൊലീസ് മുന്നറിപ്പ് നല്കി. സെക്രട്ടറിയേറ്റ് ഉള്ളിലേക്ക് ചെരുപ്പും മുളവടിയും എറിഞ്ഞു. പൊലീസുകാരെ മുളവടി കൊണ്ട് അടിക്കാനും ചില പ്രവർത്തകർ മുതിർന്നു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ കയറി.
സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലപൊട്ടി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ മുഹമ്മദ് ഹാഷിം എന്ന പ്രവര്‍ത്തകനാണ് പരിക്കേറ്റത്. പൊലീസ് ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടിയതാണ് പരിക്കിന് കാരണമെന്നാണ് ആരോപണം. പരിക്കേറ്റ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.