വത്തിക്കാന്‍ സിറ്റി: ഒരേവര്ഗക്കാരായ ദമ്പതിമാരും അനിയത സാഹചര്യങ്ങളില്‍ ഒന്നിച്ചുജീവിക്കുന്ന പങ്കാളികളും ദൈവകൃപ യാചിച്ചുകൊണ്ട് ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ‘അജപാലനപരമായ’ രീതിയില്‍ ആശീര്‍വാദം നല്കാന് വൈദികര്‍ക്കു തടസമില്ലെന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രഖ്യാപിച്ചു. ‘ഫിദുച്ചിയ സുപ്ലിക്കാന്സ്’ എന്ന അത്യപൂര്‍വ വിളംബരത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ അനുമതിയോടെ ഇക്കാര്യത്തില്‍ വിശ്വാസകാര്യ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ വിക്തോര്‍ മാനുവേല്‍ ഫെര്‍ണാണ്ടസ് സ്പഷ്ടീകരണം നടത്തുന്നത്.
റോമിലെ വിശ്വാസകാര്യാലയത്തില്‍ നിന്ന് ഇറക്കുന്ന പ്രബോധനപരമായ ഏറ്റവും മുന്തിയ പ്രമാണരേഖയാണ് ഈ ‘ഡിക്ളറേഷന്.’ 23 വര്‍ഷം മുന്‍പാണ് ഇതിനു മുന്‍പ് ഇത്തരം ഡിക്ലറേഷന്‍ പുറത്തിറക്കിയത് – ”യേശുക്രിസ്തുവിന്റെ അനന്യവും സാര്‍വത്രികവുമായ രക്ഷാകരത്വത്തെ സംബന്ധിച്ച” ദോമിനുസ് യേസുസ് എന്ന രണ്ടായിരാമാണ്ടിലെ പ്രഖ്യാപനം. എന്നാല്‍ പരിശുദ്ധ പിതാവിന്റെ കയ്യൊപ്പോടെ ‘ഫോര്‍മ സ്പെസിഫിക്ക’ എന്ന ഔദ്യോഗിക പ്രമാണരേഖയുടെ രൂപത്തിലല്ല ഫിദുച്ചിയ സുപ്ലിക്കാന്സ് ഡിക്ലറേഷന്‍ ഇറക്കിയിരിക്കുന്നത്.
ആരാധനക്രമത്തിന്റെ ഭാഗമായ കൗദാശിക ആശീര്‍വാദവും, ഭക്ത്യാനുഷ്ഠാനത്തിന്റെ ഭാഗമായ അജപാലനപരമായ (പാസ്റ്ററല്‍) ആശീര്‍വാദവും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചുകൊണ്ടാണ്, ക്രൈസ്തവ ധാര്‍മിക പ്രമാണങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാത്ത ജീവിതപങ്കാളികളെയും സാധാരണ രീതിയില്‍ ആശീര്‍വദിക്കാന്‍ കഴിയുമെന്ന് വിശ്വാസകാര്യ ഡികാസ്റ്ററി പ്രഖ്യാപിക്കുന്നത്. എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള അവിഭാജ്യവും അലംഘനീയവുമായ കൗദാശിക ബന്ധമാണ് വിവാഹം എന്ന സഭയുടെ പ്രബോധനത്തില്‍ ഒരു മാറ്റവുമില്ലെന്നും കൗദാശിക ആശീര്‍വാദത്തിന്റെ ഒരു റിച്വല്‍ സ്വഭാവവും ഒരേവര്ഗ ദമ്പതിമാര്‍ക്കു നല്കുന്ന ആശീര്‍വാദത്തില്‍ ഉണ്ടാകരുതെന്നും അവരുടെ ക്രമവിരുദ്ധമായ ദാമ്പത്യബന്ധത്തിനുള്ള അംഗീകാരമായി അതിനെ തെറ്റിദ്ധരിക്കാനിടവരുത്തരുതെന്നും ഇതില്‍ വ്യക്തമാക്കുന്നു.
ഒരേലിംഗത്തില്പെട്ട വ്യക്തികളുടെ ബന്ധത്തെ ആശീര്‍വദിക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്ന് 2021-ല്‍ ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ വിശ്വാസകാര്യാലയം ‘റെസ്പോണ്‍സും’ (സംശയദൂരീകരണം) രൂപത്തില്‍ ഒരു രേഖ പുറപ്പെടുവിച്ചിരുന്നു. ഭിന്നലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട സഭയുടെ ധാര്‍മിക പ്രബോധനങ്ങളും വിശ്വാസപാരമ്പര്യങ്ങളും സംബന്ധിച്ച് എല്‍ജിബിടി വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവരുടെ ഭിന്നാഭിപ്രായങ്ങളും വിവാദങ്ങളും നിലനില്‍ക്കെ ബെല്‍ജിയം, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ മെത്രാന്മാര് ഒരേവര്ഗ ദമ്പതിമാര്‍ക്ക് പള്ളിയില്‍ ആശീര്‍വാദം നല്‍കാമോ എന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ പ്രതിവിധികള്‍ നിര്‍ദേശിച്ച പശ്ചാത്തലത്തിലായിരുന്നു വത്തിക്കാനില്‍ നിന്നുള്ള ആ വിശദീകരണം. ജര്‍മനിയിലെ മെത്രാന്മാരുടെ ദേശീയ സമിതിയും അല്മായ പ്രതിനിധികളും ഉള്‍പ്പെട്ട സിനഡല്‍ വേ, ഒരേവര്ഗ ദമ്പതിമാരെയും വിവാഹമോചനത്തിനുശേഷം സഭയ്ക്കു വെളിയില്‍ പുനര്വിവാഹിതരായവരെയും ദേവാലയത്തില്‍ വച്ച് ആശീര്വദിക്കുന്നതു സംബന്ധിച്ച് പാസാക്കിയ പ്രമേയത്തെ വത്തിക്കാന്‍ വിമര്‍ശിച്ചിരുന്നു.
സിനഡാത്മക സിനഡിന്റെ ജനറല്‍ അസംബ്ലിക്കു തൊട്ടുമുന്‍പായി, അഞ്ചു കര്‍ദിനാള്‍മാര്‍ ഉന്നയിച്ച ‘ദൂബിയ’യോട് (സംശയങ്ങള്‍) പ്രതികരിച്ചുകൊണ്ട് കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത്, വിവാഹമെന്ന കൂദാശയെക്കുറിച്ച് തെറ്റായ ധാരണയ്ക്ക് ഇടവരുത്താത്തവണ്ണം ഒരേവര്ഗ ദമ്പതിമാര്‍ക്കും മറ്റും ആശീര്‍വാദം നല്കുന്നതെങ്ങനെ എന്നതിന് അജപാലനപരമായ വിവേചനത്തോടെ തീരുമാനിക്കേണ്ടതുണ്ട് എന്നാണ്.
വിവാഹത്തെ സംബന്ധിച്ച കത്തോലിക്ക സഭയുടെ ശാശ്വതമായ പ്രമാണത്തിനു ചേരാത്ത ഏതെങ്കിലും തരത്തിലുള്ള ബന്ധം അംഗീകരിക്കുന്ന മട്ടിലുള്ള ആരാധനക്രമ രീതിയോ പ്രാര്‍ഥനകളോ പാടില്ലെന്ന് പുതിയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
പുരോഹിതന്റെ ആശീര്‍വാദം എന്നത് ഏറ്റവും വ്യാപകമായതും പരിവര്‍ത്തനവിധേയവുമായ അനുഷ്ഠാനങ്ങളില്‍ ഒന്നാണ്. ആരാധനക്രമത്തിന്റെയും വിശുദ്ധഗ്രന്ഥത്തിന്റെയും ദൈവശാസ്ത്ര-അജപാലന ദര്‍ശനത്തിന്റെയും കാഴ്ചപ്പാടില്‍ നിന്ന് ആശീര്‍വാദങ്ങളെ ദര്‍ശിക്കാവുന്നതാണ്.
ആരാധനക്രമാനുസൃത (ലിറ്റര്‍ജിക്കല്‍) ആശീര്‍വാദം സഭയുടെ പ്രബോധനങ്ങള്‍ പ്രകാരം ദൈവത്തിന്റെ ഹിതത്തിന് അനുസരിച്ചുള്ളവയ്ക്കു മാത്രം നല്‍കേണ്ട ഒന്നാണ്. സഭ അംഗീകരിക്കാത്ത ദാമ്പത്യബന്ധത്തിനും ദാമ്പത്യേതര ലൈംഗികബന്ധത്തിനും ധാര്‍മികമായ സാധുത നല്കുന്ന തരത്തിലുള്ള കൗദാശിക (ലിറ്റര്‍ജിക്കല്‍) ആശീര്‍വാദം നല്‍കരുതെന്നാണ് 2021-ലെ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിരുന്നത്.
പഴയ നിയമത്തിലും പുതിയ നിയമത്തിലും ആശീര്‍വാദം ദൈവത്തില്‍ നിന്നു വരുന്നുവെന്നും അത് കൃപയും സംരക്ഷണവും നന്മയുമായി താഴേക്ക് ഇറങ്ങുന്നുവെന്നുമാണ് സൂചിപ്പിക്കുന്നത്. ക്രിസ്തുവിലൂടെ ദൈവം വെളിപ്പെടുത്തുന്ന സ്നേഹത്തിന്റെ രഹസ്യത്തില്‍ മനുഷ്യര്‍ക്കു നല്കുന്ന ആശീര്‍വാദത്തിലൂടെ അത് ‘ഉള്‍ച്ചേര്‍ക്കലും ഐക്യദാര്‍ഢ്യവും അനുരഞ്ജനവും’ ആയി രൂപാന്തരപ്പെടുന്നു. അജപാലനപരമായ കാഴ്ചപ്പാടില്‍ ദിവ്യകാരുണ്യം, കൂദാശകള്‍ എന്നിവയുടെ പരികര്‍മത്തില്‍ നിന്നു വേറിട്ട അനുഷ്ഠാനപരമായ ഒരു രൂപം ആശീര്വാദത്തിനുണ്ട്. ആളുകള്‍ ആശീര്‍വാദത്തിന് ആവശ്യപ്പെടുമ്പോള്‍, സമഗ്രമായ ധാര്‍മിക വിശകലനങ്ങള്‍ നടത്തണമെന്ന മുന്‍ ഉപാധിയോടെയല്ല അതു നിര്‍വഹിക്കേണ്ടത്. ധാര്‍മികമായി പൂര്ണതയുണ്ടായാലേ ആശീര്‍വാദം തേടാവൂ എന്നില്ല.
എന്നാല്‍ അജപാലനപരമായ കരുതലിന്റെ ഭാഗമായി നല്കാവുന്ന ആശീര്‍വാദത്തിന് പ്രത്യേക ‘നടപടിക്രമങ്ങളും ആരാധനക്രമ രൂപഭാവവും’ സൃഷ്ടിക്കരുതെന്നാണ് കഴിഞ്ഞ ജൂലൈയില്‍ പരിശുദ്ധ പിതാവ് നിര്‍ദേശിച്ചത്.
അനിയതമായ ബന്ധങ്ങളില്‍ കഴിയുന്ന പങ്കാളികളെയും ഒരേവര്ഗ ദമ്പതികളെയും ആശീര്‍വദിക്കാനുള്ള സാധ്യത മുന്നോട്ടുവയ്ക്കുന്ന പുതിയ രേഖയില്‍, സഭാധികാരികള്‍ ഇതിനായി നിശ്ചിത ലിറ്റര്‍ജിക്കല്‍ രൂപഘടന സൃഷ്ടിക്കരുതെന്ന് വ്യക്തമാക്കുന്നു. വിവാഹ കൂദാശയുടെ ആശീര്‍വാദവുമായി ഇതിനെ ഒരുതരത്തിലും കൂട്ടിക്കുഴയ്ക്കാന്‍ ഇടവരുത്തരുതെന്ന് ഇതില്‍ പ്രത്യേകം നിര്‍ദേശിക്കുന്നു.
ദൈവത്തിന്റെ കൃപയും സഹായവും തേടുന്നവര്‍ തങ്ങളുടെ ജീവിതത്തിലെയും ബന്ധങ്ങളിലെയും മാനുഷികമായി സാധുവായ സത്യത്തെയും നന്മയെയും മുന്‍നിര്‍ത്തി അതിനെ പരിപോഷിപ്പിക്കാനും സൗഖ്യമാക്കാനും പരിശുദ്ധാത്മാവിന്റെ സന്നിവേശത്താല്‍ ശ്രേഷ്ഠമാക്കാനും ആഗ്രഹിക്കുമ്പോള്‍ അവരുടെമേല്‍ ആശീര്‍വാദം ചൊരിയണമേയെന്ന് ദൈവത്തോട് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. ‘അനുഷ്ഠാനപരമല്ലാത്ത’ ഇത്തരം ആശീര്‍വാദം സ്വയംപ്രചോദിതമാകണമെന്നാണ് പരിശുദ്ധ പിതാവ് നിര്‍ദേശിക്കുന്നത്.
ഇതിന് നിയമതായ ആചാരക്രമം ആവശ്യമില്ല. ദൈവവിശ്വാസം വര്‍ധിപ്പിക്കുന്നതിനു സഹായകമായ അടയാളമായി വേണം അത്തരം ആശീര്‍വാദം നല്‍കേണ്ടത്.
ക്രമവിരുദ്ധമായ സാഹചര്യത്തില്‍ കഴിയുന്നവരെ ആശീര്‍വദിക്കുന്ന റിച്വല്‍ നല്‍കാനോ അതു പ്രോത്സാഹിപ്പിക്കാനോ ശ്രമിക്കരുതെന്നും എന്നാല്‍ ദൈവത്തിന്റെ കൃപ തേടുന്നവര്‍ക്ക് ‘സാധാരണ അശീര്‍വാദം’ നല്‍കുന്നത് തടയാനോ നിരോധിക്കാനോ പാടില്ലെന്നും പുതിയ ഡിക്ലറേഷനില്‍ പറയുന്നു.
അനുഷ്ഠാനപരമല്ലാതെ സ്വയംപ്രേരിതമായി നല്കുന്ന ആശീര്‍വാദത്തിനു മുന്‍പായി വൈദികന് ആ വ്യക്തികള്‍ക്ക് സമാധാനവും ആരോഗ്യവും ക്ഷമയുടെയും സംവാദത്തിന്റെയും പരസ്പരസഹായത്തിന്റെയും അരൂപിയുമുണ്ടാകാനായി ഹ്രസ്വമായി പാര്ഥിക്കാം. ദൈവത്തിന്റെ ഹിതം പൂര്‍ണമായി നിറവേറ്റാനുള്ള വെളിച്ചവും ശക്തിയും അവര്‍ക്കു നല്കേണമേ എന്ന രീതിയിലാകണം അതെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
സിവില്‍ വിവാഹ ചടങ്ങിനോടൊപ്പം ഒരു കാരണവശാലും വൈദികന് ഇത്തരം ആശീര്‍വാദം നല്കാന് പാടില്ല. വിവാഹകൂദാശയുമായി ഇതിനെ ബന്ധപ്പെടുത്തുന്ന ആശയക്കുഴപ്പവും ഉതപ്പും തീര്‍ത്തും ഒഴിവാക്കേണ്ടതുണ്ട്. അതിനാല്‍ വിവാഹകൂദാശ പരികര്‍മത്തിന് ഉപയോഗിക്കുന്ന വസ്ത്രം, അടയാളങ്ങള്‍, വാക്കുകള്‍ എന്നിവ ഇത്തരം ആശീര്‍വാദങ്ങളില്‍ ഒഴിവാക്കേണ്ടതാണ്. വൈദികനുമായി കൂടിക്കാഴ്ച നടത്തുമ്പോഴോ ആരാധനാലയത്തിലെത്തുമ്പോഴോ ഒരു പ്രാര്ഥനാസമ്മേളനത്തിലോ തീര്ഥാടനവേളയിലോ ഇത്തരം ആശീര്‍വാദം നല്‍കാവുന്നതാണ്.
വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡികാസ്റ്ററിയില്‍ വിശ്വാസപ്രമാണങ്ങളുടെ വിഭാഗത്തിന്റെ സെക്രട്ടറി മോണ്‍. അര്‍മാന്തോ മത്തെയോ ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഡിസംബര്‍ 18ന് ഫിദുച്ചിയ സുപ്ലിക്കാന്സ് ഡിക്ലറേഷന്‍ പുറത്തിറക്കിയത്.
വിശ്വാസകാര്യ പ്രീഫെക്ട് കര്‍ദിനാള്‍ ഫെര്‍ണാണ്ടസിന്റെ ആമുഖത്തോടു കൂടെ ആരംഭിക്കുന്ന 5,000 വാക്കുകളുള്ള ഫിദുച്ചിയ സുപ്ലിക്കാന്സ് രേഖയില്‍ നാലു ഭാഗങ്ങളായി തിരിച്ച് അക്കമിട്ട 45 ഖണ്ഡികകളും 31 അടിക്കുറിപ്പുകളുമുണ്ട്. വിവാഹ കൂദാശയിലെ ആശീര്‍വാദം, വിവിധ ആശീര്‍വാദങ്ങളുടെ അര്‍ഥം, അനിയത സാഹചര്യങ്ങളില്‍ കഴിയുന്ന ദമ്പതിമാരെയും ഒരേവര്ഗ ദമ്പതിമാരെയും ആശീര്‍വദിക്കല്‍, ദൈവത്തിന്റെ അനന്ത സ്നേഹത്തിന്റെ കൂദാശയാണ് സഭ എന്നിവയാണ് പ്രധാന ഉപശീര്‍ഷകങ്ങള്‍.
ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തിന് പാപം മൂലം മങ്ങലേറ്റിരിക്കുമ്പോഴും ദൈവത്തിന്റെ അനുഗ്രഹത്തിനായി കരങ്ങള്‍ നീട്ടാന്‍ അവനു കഴിയണം, ഏതൊരു സാഹചര്യത്തിലും നന്മ കൈവരിക്കാന്‍ ആശീര്‍വാദം സഹായകമാകുമെന്ന് സമാപനത്തില്‍ പറയുന്നു.
”സഭയില്‍ തങ്ങള്‍ തീര്‍ഥാടകരാണെന്നും എന്നും യാചകരാണെന്നും എന്നും സ്നേഹിക്കപ്പെടുന്നവരാണെന്നും എന്തൊക്കെയായാലും അനുഗൃഹീതരാണെന്നും ഓരോ സഹോദരനും സഹോദരിക്കും തോന്നാന്‍ ഇടവരുത്തുംവണ്ണം ആശീര്‍വാദം നല്‍കണം.”