ന്യൂഡല്‍ഹി: പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ച 49 എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തു. ശശി തരൂര്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന് അടക്കമുള്ള എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്.
ഈ സമ്മേളനകാലാവധി അവസാനിക്കുന്നതുവരെയാണ് സസ്പെൻഷൻ. സഭയില്‍ അച്ചടക്കലംഘനം നടത്തി, പോസ്റ്ററുകളേന്തി പ്രതിഷേധിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എംപിമാർക്കെതിരേ നടപടിയെടുത്തത്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയെയും സസ്പെൻഷനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ തിങ്കളാഴ്ച കൂട്ടത്തോടെ സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്. കെ സി വേണുഗോപാൽ, വി ശിവദാസൻ, ജോസ് കെ മാണി എന്നിവരെയടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.