തിരുവനന്തപുരം : പിന്നാക്ക വിഭാഗമായ ലത്തീൻ കത്തോലിക്കർക്ക് സാമൂഹിക നീതിയും, സാമാന്യ നീതിയും നിഷേധിക്കപ്പെടുന്ന നിരവധി അനുഭവങ്ങൾ സമീപകാലത്തു നേരിട്ടുവരുന്നു എന്ന് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ പ്രസ്താവിച്ചു.
സമുദായത്തിന്റെ നിരവധിയായ ജീവൽപ്രശനങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കും തുടർനടപടികൾക്കായും സമർപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അഹർഹിക്കുന്ന ഗൗരവത്തോടെ നിലവിലെ സർക്കാർ പരിഗണിക്കുന്നില്ല . തീരത്തും തീരക്കടലിലുമായി കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നീല സമ്പത്ത് വ്യവസ്ഥാ നയവുമായി ബന്ധപ്പെട്ട നടപടികൾ, തീര നിയന്ത്രണങ്ങൾ, ധാതുലവണങ്ങളുടെ ഖനനനാനുമതി, സാഗർമാല പദ്ധതി തുടങ്ങി കേന്ദ്ര ഗോവർണ്മെന്റ് നടപ്പിലാക്കുന്ന പദ്ധതികൾ ആശങ്കയോടെയാണ് തീരജനത നോക്കികാണുന്നത്.
സംസ്ഥാന സർക്കാരാകട്ടെ തീരത്തെ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന തരത്തിൽ തീര ശോഷണം, തീര ദേശ ഹൈവേ നിർമാണം,മുതലപൊഴി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം, എന്നിവയിലൂടെ ജനങ്ങൾക്ക് ജീവിക്കാനും, തൊഴിലെടുക്കുവാനുമുള്ള അവകാശങ്ങൾക്കു നേരെ ഗുരുതരമായ ഭീഷണി ഉയർത്തുന്നു. കർഷകർക്കും, ദളിത് ക്രൈസ്തവർക്കും, ആംഗ്ലോ ഇന്ത്യർക്കും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും തുല്യമായ അവസരങ്ങൾ ഒരുക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നു.
കേരത്തിലെ 12 ലത്തീൻ കാത്തോലിക്ക രൂപതകൾ ഒരുമിച്ചു ചേർന്ന് നടത്തിയ ജനജാഗരം ബോധന പരിപാടിയുടെ സമാപനം വലിയവേളി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. യോഗത്തിൽ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. KRLCC ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ ആമുഖ സന്ദേശവും,KLCA സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണവും, ഡോ ജോൺസൻ ജാമെൻറ്, ഫാ ആഷ്ലിൻ ജോസ് എന്നിവർ വിഷയാവതരണവും നടത്തി.
ഡോ ലോറൻസ് കുലാസ്, പാട്രിക് മൈക്കൾ, ജോളി പത്രോസ്, ഗ്ളാവിയസ്, ഫാ ഹൈസന്ത് നായകം, ഫാ ലെനിൻ ഫെര്ണാണ്ടഡ്സ്, പ്രീതി എഫ്, ഇഗ്നേഷ്യസ് തോമസ് എന്നിവർ പ്രസംഗിച്ചു. ജനകീയ പഠന സമിതി നടത്തിയ വിഴിഞ്ഞം തുറമുഖ ആഘതാ പഠന റിപ്പോർട്ട് അടങ്ങിയ വെബ്സൈറ്റ് മോൺ. യൂജിൻ. എച്. പെരേര സദസിനു പരിചയപെടുത്തി. ആർച്ച് ബിഷപ്പ് തോമസ് നെറ്റോ വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചു.