2014 മാര്‍ച്ച് 24ന് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പത്രക്കാരെ കണ്ടപ്പോള്‍ അവരില്‍ ഒരാള്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ്സിനോട് ചോദിച്ചു: ”എന്തുകൊണ്ടാണ് ഇടതുപക്ഷത്തു നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചത്?”
”ജനസേവനത്തിന് പക്ഷമില്ല,” അദ്ദേഹം മറുപടി പറഞ്ഞു.
ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഒരിക്കലും തന്റെ ഔദ്യോഗിക ജീവിതത്തിലോ സേവന മേഖലയിലോ പക്ഷഭേദം കാട്ടിയിരുന്നില്ല. നീതിക്കും നിയമത്തിനും മുന്നില്‍ തുല്യത എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത മുദ്രാവാക്യം തന്നെ. സൗഹൃദങ്ങള്‍ പൊലിയാതെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രതിബന്ധങ്ങളെ ഭയപ്പെട്ടിരുന്നില്ല. എറണാകുളം പോലെയുള്ള ഒരു ലോക്സഭാമണ്ഡലം യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുക അത്ര എളുപ്പമല്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. പ്രത്യേകിച്ച് തോമസ് മാഷിനെ പോലെ ശക്തനായ ഒരാളിനെതിരായി മത്സരിക്കുമ്പോള്‍. പക്ഷേ അദ്ദേഹം ആ വെല്ലുവിളി ഏറ്റെടുത്തു സധൈര്യം മത്സരിച്ചു. തികച്ചും മാതൃകാപരവും ആരോഗ്യകരവുമായ മത്സരം കാഴ്ചവച്ചു. മത്സരം കഴിഞ്ഞതിനു ശേഷവും തോമസ് മാഷുമായുള്ള സൗഹൃദത്തിന് പോറലേല്‍ക്കാതെ കാത്തുസൂക്ഷിച്ചു. പ്രതിപക്ഷ ബഹുമാനത്തോടു മാത്രം പെരുമാറുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രവര്ത്തകനപ്പുറം നല്ലൊരു മനുഷ്യസ്നേഹി ആയിരുന്നു അദ്ദേഹം. ഇടതുകൈ അറിയാതെ വലതുകൈകൊണ്ട് ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു. പണമായി മാത്രമല്ല സൗജന്യ സേവനമായും അദ്ദേഹം തന്റെ സേവനം തുടര്‍ന്നിരുന്നു.
കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ സൗജന്യമായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ അതിന്റെ മുന്നില്‍ നിന്നത് അദ്ദേഹമായിരുന്നു. തന്റെ മാതൃവിദ്യാലയത്തിന് കൃതജ്ഞതാപൂര്‍വ്വം എന്നാണ് തന്റെ പ്രവൃത്തിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
ഫാത്തിമ കോളജില്‍ മാത്രമല്ല, കേരളത്തിലുടനീളം പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ദേഹം തന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. സിവില്‍ സര്‍വീസ് പരിശീലനത്തിനായി അദ്ദേഹം സ്ഥാപിച്ച ട്രിയൂണ്‍ ഐഎഎസ് അക്കാദമിയില്‍ പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു.
തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്. നീതിയിലും സ്നേഹത്തിലും നിലകൊള്ളാന്‍ അദ്ദേഹത്തിന്റെ ദൈവവിശ്വാസം അദ്ദേഹത്തെ സഹായിച്ചിരുന്നെന്ന് ഏറ്റുപറയാന്‍ അദ്ദേഹം ഒരിക്കലും മടികാണിച്ചിരുന്നില്ല. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് കൈമുതലായുള്ള ആത്മാര്‍ത്ഥതയും കളങ്കമില്ലാത്ത ഭക്തിയും പെരുമാറ്റ നൈപുണ്യവും ശുചിത്വവും ബഹുഭാഷാ സ്വാധീനവുമൊക്കെ അദ്ദേഹത്തില്‍ തിളങ്ങിനിന്നിരുന്നു. ജപമാലഭക്തനായിരുന്നു അദ്ദേഹം. തികഞ്ഞ ക്രിസ്തുമതവിശ്വാസി ആയിരിക്കുമ്പോള്‍ തന്നെ ഇതരമതസ്ഥരെ ബഹുമാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഔദ്യോഗിക ജീവിതത്തില്‍ കഴിവുള്ള കറപുരളാത്ത വ്യക്തി എന്ന ഖ്യാതി സമ്പാദിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആ മേല്‍വിലാസമാണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണ കൃത്യതയ്ക്കൊപ്പം അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഓഫീസില്‍ എത്തിച്ചത്. ആര്‍ക്കും വളയ്ക്കാനോ ഒടിക്കാനോ കഴിയുന്ന ആളായിരുന്നില്ല അദ്ദേഹം. പക്ഷേ ആരെയും ദ്രോഹിച്ചിരുന്നില്ല. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന അതിഥിസല്‍ക്കാരപ്രിയനായ ഉദ്യോഗസ്ഥ പ്രമുഖനായിരുന്നു അദ്ദേഹം. കോപിക്കാതെ തന്നെ സഗൗരവം പെരുമാറാനുള്ള അദ്ദേഹത്തിന്റെ ശേഷി എടുത്തുപറയേണ്ട ഒന്നാണ്.
74-ാമത്തെ വയസ്സില്‍ 2023 ഡിസംബര്‍ 4 ന് അദ്ദേഹം വിടപറയുമ്പോള്‍ അനുകരണീയമായ അദ്ദേഹത്തിന്റെ ജീവിതവഴികള്‍ നമുക്കുമുന്നിലുണ്ട്. 2007 മുതല്‍ 2012 ജൂലൈ മാസത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ അഞ്ചു വര്‍ഷക്കാലം ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ അത്യുന്നതി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതിലേക്കുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക സഞ്ചാരം കഠിനാദ്ധ്വാനത്തിന്റേതായിരുന്നു. ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചില്‍ (സിഎസ്ഐആര്‍) ഗവേഷണ ഫെലോ ആയിരിക്കെയാണ് സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചത്. ഐഎഎസ് 1973 ബാച്ചില്‍ ഗുജറാത്ത് കേഡറിലായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ജുനഗഢില്‍ ഖേഡയില്‍ ജില്ലാ വികസന ഓഫിസറായിട്ടായിരുന്നു ആദ്യനിയമനം. തുടര്‍ന്ന് അവിടെ കലക്ടറായി.
ഗുജറാത്തില്‍ ഫിഷറീസ് ഡവലപ്മെന്റ് കമ്മിഷണര്‍, എക്സ്പോര്ട് ക്രെഡിറ്റ് ഗാരന്റി കോര്പറേഷന് സിഎംഡി, നഗരവികസന പ്രിന്‍സിപ്പല്‍ സെക്രട്ടറി, ടൂറിസം റവന്യു സെക്രട്ടറി, ഗുജറാത്തിന്റെ റസിഡന്റ് കമ്മിഷണര്‍, കേന്ദ്ര കൃഷി, പെട്രോളിയം മന്ത്രാലയങ്ങളില്‍ ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറി എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു. രാജ്യത്ത് ഏറ്റവുമധികം മത്സ്യം ഉല്പാദിപ്പിച്ചതിനുള്ള പുരസ്കാരം ഫിഷറീസ് കമ്മിഷണറായിരിക്കെ കരസ്ഥമാക്കിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
കയര്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കെ കയര്‍ത്തൊഴിലാളി ഇന്‍ഷുറന്‍സ്, യുഎന്‍ഡിപി പദ്ധതി പ്രകാരം ക്ലസ്റ്റര്‍ സംവിധാനം, റാട്ടുകളുടെ യന്ത്രവല്‍ക്കരണം, ചെറുകിട സംരംഭകരെ കയറ്റുമതിക്കാരാക്കാനുള്ള പദ്ധതികള്‍ എന്നിവ ആവിഷ്കരിച്ചതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. രാഷ്ട്രപതിയുടെ സെക്രട്ടറിയായിരിക്കെ കൊല്ലം ബൈപാസിനു പണം അനുവദിക്കുന്നതിനു നിര്‍ണായക സമ്മര്‍ദം ചെലുത്താനും അദ്ദേഹത്തിനു കഴിഞ്ഞു. ബൈപാസ് നിര്‍മാണത്തെക്കുറിച്ച് ആലോചിക്കാന്‍ അദ്ദേഹം മുന്‍കയ്യെടുത്തു കൊല്ലത്തു കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷന്, ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (എസ്ഡിബിഐ) ചെയര്‍മാനായാണ് ഏറ്റവുമൊടുവില്‍ ഔദ്യോഗികമായി സേവനം ചെയ്തത്. സംസ്ഥാനത്തെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ പിണറായി വിജയന് ഗവണ്മെന്റ് നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷനില്‍ അംഗമായിരുന്നു അദ്ദേഹം.
കരുനാഗപ്പള്ളി ക്ലാപ്പനയില്‍ ഇത്താന്തറയില് ലിയോണ്‍ ഫെര്‍ണാണ്ടസിന്റെയും കുന്നുംതറ വിക്ടോറിയ ഫെര്‍ണാണ്ടസിന്റെയും മകനായി 1949 ജൂണ്‍ 26നാണ് ഡോ. ഫെര്‍ണാണ്ടസ് ജനിച്ചത്. ഒരു വയസ്സുള്ളപ്പോള്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. അമ്മ സ്നേഹത്തോടെയും കരുതലോടെയുമാണ് അദ്ദേഹത്തെ വളര്‍ത്തിയത്. സെന്റ് ജോസഫ്സ് എല്‍പിഎസിലും ക്രിസ്തുരാജ് ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. കൊല്ലം ഫാത്തിമ കോളജില്‍ നിന്ന് ഉപരിപഠനത്തിനായി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ ചേര്‍ന്ന് ബിരുദവും ബിരുദാനന്തരബിരുദവും പഠിച്ച് കേരള സര്‍വകലാശാലയില്‍ ഒന്നാം റാങ്ക് നേടി. പിതാവിന്റെ സഹോദരി ഡെയ്സി ഫെര്‍ണാണ്ടസായിരുന്നു ഡോ. ഫെര്‍ണാണ്ടസ്സിന്റെ മെന്റര്‍ എന്നുപറയാം. അദ്ദേഹത്തിന്റെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിലും പഠനത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിലും അവര്‍ നിര്‍ണായക പങ്ക് വഹിച്ചു.
ദേശീയ കേഡറ്റ് കോറിലെ സേവനവേള അദ്ദേഹത്തിന്റെ സേവന അഭിരുചിയും രാജ്യത്തോടുള്ള സ്നേഹവും കൂടുതല്‍ ഊട്ടിയുറപ്പിച്ചു, 1973-ല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെ അവര്‍ അദ്ദേഹത്തോടൊപ്പം നടന്നു. മറ്റ് കുടുംബാംഗങ്ങളും ഭാര്യയും അദ്ദേഹത്തിന് താങ്ങും തണലുമായി നിന്നു.
ഡല്‍ഹി മൗണ്ട് സെന്റ് മേരീസ് ഹൈസ്കൂള്‍ അധ്യാപികയായിരുന്ന പൊന്‍കുന്നം കരിക്കാട്ടുകുന്നേല്‍ ചാച്ചിയമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. മകള്‍ ലിയോണ ക്രിസ്റ്റി യുഎസ്സിലെ കാറ്റലിസ്റ്റ് എഡ്ന്യൂ ഓര്‍ലിയന്‍സ് ഫൗണ്ടര്‍ സിഇഒ ആണ്. മകന് ജോസഫ് യുഎസ്സിലെ തന്നെ ബോസ്റ്റണില്‍ ഫിഡിലിറ്റി ഇന്വെസ്റ്റ്മെന്റ്സില് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. മരുമക്കളായ നിഷാദ് കപാഡിയായും ഡോ. ലിലിയ ബ്രൂണോയും യുഎസ്സില്‍ തന്നെ ജോലി ചെയ്യുന്നു. മയാ, ജേക്കബ് എന്നിവര്‍ പേരക്കുട്ടികളാണ്.