എറണാകുളം: അന്തരിച്ച മുന്‍ ഐഎഎസ് ഓഫീസറും ഇന്ത്യാ ഗവണ്മെന്റ് സെക്രട്ടറിയും ഇന്ത്യന്‍ പ്രസിഡന്റിന്റെ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ (73) മൃതദേഹം നാളെ കൊച്ചി പൊറ്റകുഴിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വൈകിട്ട് കൊല്ലം ക്ലാപനയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. ഡിസംബര്‍ ആറിന് രാവിലെ 11 മണിക്ക് ക്ലാപ്പന സെന്റ് ജോര്‍ജ് പള്ളിയിലാണ് സംസ്കാരം. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ അനുശോചിച്ചു.
പാര്ശ്വവല്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേര്‍ന്ന വ്യക്തിത്വമായിരുന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റേതെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സുപ്രധാനമായ വിവിധ തസ്തികകളില്‍ ഔദ്യോഗിക സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം സമൂഹത്തോട് എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തി ആയിരുന്നു. അസംഘടിത തൊഴിലാളികളുടെ വിഷയങ്ങളില്‍ ഇടപെടുകയും പ്രളയകാലത്ത് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ വിഭവസമാഹരണ കേന്ദ്രം തുറന്ന് അതിലൂടെ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് മുന്‍കൈയെടുത്ത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം എന്ന് ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു.
സിവില്‍ സര്‍വീസ് രംഗത്ത് മാനുഷികമായ മൂല്യങ്ങള്‍ കൊണ്ട് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ വിയോഗം ലത്തീന്‍ സമുദായത്തിന് തീരാനഷ്ടമാണെന്ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. ക്രൈസ്തവ ന്യുനപക്ഷ വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷനിലെ അംഗം എന്ന നിലയില്‍ തന്റെ കണ്ടെത്തലുകളും അഭിപ്രായങ്ങളും മറ്റുള്ളവര്‍ക്ക് വേണ്ടി വ്യക്തമായും ശക്തമായും രേഖപെടുത്താന്‍ അദ്ദേഹം കാണിച്ച ശ്രമങ്ങളെ ബിഷപ്പ് കരിയില്‍ നന്ദിയോടെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളെ ബിഷപ് വ്യക്തിപരമായി ആശ്വസിപ്പിക്കുകയും പ്രാര്ഥാനാനുശോചനങ്ങള് അറിയിക്കുകയും ക്രിസ്റ്റി ഫെര്‍ണാണ്ടസിന് ആത്മശാന്തി നേരുകയും ചെയ്തു.
ബിഷപ് ഡോ. അലക്സ് വടക്കുംതല, ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെആര്‍എല്‍സിസി മുന്‍ വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ് എന്നിവരും ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ചു.