കേരളം കണ്ട പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന് വിട.തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.എതിര് എന്ന ആത്മകഥ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു .എം എ ഒന്നാം റാങ്ക് കിട്ടിയപ്പോൾ സർക്കാർ സമ്മാനിച്ച സ്വർണ്ണ മെഡൽ പട്ടിണി കാരണം വിൽക്കേണ്ടിവന്നതടക്കമുള്ള ഒരുപാട് ദുരനുഭവങ്ങൾ അനുഭവകഥയിലൂടെയാണ് ലോകമറിഞ്ഞത് .
കഞ്ഞി കുടിക്കാനല്ല സ്കൂളിൽ പോകുന്നതെന്ന് അമ്മ നൽകിയ തിരിച്ചറിവാണ് കുഞ്ഞാമനെ ലോകമറിയുന്ന നിലയിലേക്കുയർത്തിയത്. കെആർ നാരായണന് ശേഷം കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ എം എ ജയിച്ച ദളിത് വിദ്യാർത്ഥി.
കേരള സർവ്വകലാശാലയിലെ ലക്ചറർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ ഒന്നാം റാങ്ക് നേടിയിട്ടും ജോലിക്കും തടസ്സമായി ജാതി. പിന്നീട് ഇതേ സർവ്വകലാശാലയിൽ 27 വർഷം അധ്യാപകൻ. പ്രമുഖരായ ശിഷ്യർ നിരവധിയായിരുന്നു .കാര്യവട്ടത്ത് നിന്നും മുംബെയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രൊഫസറായി. സാമ്പത്തിക ശാസ്ത്രത്തിലെ വികസനോന്മുഖ കാഴ്ചപ്പാടായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്. ഇടതിനോട് ആഭിമുഖ്യമുള്ളപ്പോഴും വിയോജിപ്പുകൾ തുറന്നുപറയാനും ഒട്ടും മടിച്ചില്ല. കേരളത്തിലെ ദളിത് പോരാട്ടങ്ങളിലെല്ലാം പിന്തുണയുമായി അദ്ദേഹം നിലകൊണ്ട് .ജീവചരിത്രത്തിന് കഴിഞ്ഞ വർഷം കേരള സാഹിത്യ അക്കാദമി അവാഡ് കിട്ടിയെങ്കിലും അവാർഡ് നിരസിച്ചത് വാർത്തയായിരുന്നു