കോട്ടപ്പുറം: റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും 2023 നവംബര്‍ 30ന് നടന്നു. കോട്ടപ്പുറം ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാപ്പയുടെ ഉത്തരവ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല വായിച്ചു.
ചെട്ടിക്കാട് സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി 2023 മെയ് ഒന്നിന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന അധിക ചുമതല കൂടി നിര്‍വ്വഹിച്ചു വരികയായിരുന്നു.
നിയുക്ത മെത്രാന് റവ. ഡോ. അംബ്രോസ് ആലുവ കാര്‍മല്‍ഗിരി സെമിനാരി വൈസ് റെക്ടര്‍, പ്രൊഫസര്‍, രൂപത ആലോചന സമിതി അംഗം, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി, കുറ്റിക്കാട് സെന്റ് ആന്റണീസ് മൈനര്‍ സെമിനാരി റെക്ടര്‍, മണലിക്കാട് സെന്റ് ഫ്രാന്‍സിസ് അസീസി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ സെക്രട്ടറി, മണലിക്കാട് നിത്യസഹായ മാതാപള്ളി പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്, ചാത്തനാട് സെന്റ് വിന്‍സന്റ് ഫെറര്‍ പള്ളി സബ്സ്റ്റിറ്റിയൂട്ട് വികാരി, പറവൂര്‍ ഡോണ്‍ബോസ്കോ പള്ളി സഹവികാരി, പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സഹവികാരി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
ഓസ്ട്രിയയിലെ ഇന്സ്ബ്രുക്കിലെ ലിയോപോള്‍ഡ് ഫ്രാന്‍സന്‍സ് സര്‍വ്വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ലൈസന്‍ഷ്യേറ്റും, മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ (മിസിയോളജി) ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ പഠനം നടത്തിയത്. പിന്നീട് എറണാകുളം സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ 1979 ല്‍ പ്രവേശിച്ച അദ്ദേഹം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്ക്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കളമശ്ശേരി സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ താമസിച്ച് കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ പ്രീഡിഗ്രി പഠനം നടത്തി . തത്വശാസ്ത്ര പഠനവും ബിരുദ പഠനവും ബംഗലൂരു സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു . തുടര്‍ന്ന് ഓസ്ട്രിയയിലെ കനീസിയാനും സെമിനാരിയില്‍ ദൈവശാസ്ത്ര രൂപീകരണം പൂര്‍ത്തിയാക്കി.
കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയില്‍ പരേതരായ പുത്തന്‍വീട്ടില്‍ റോക്കിയുടെയും മറിയത്തിന്റെയും മകനാണ്. ഏലിയാസ് ജോപ്പന്, മേരി, ട്രീസ, അല്‍ഫോന്‍സ എന്നിവരാണ് സഹോദരങ്ങള്‍. 1967 ആഗസ്റ്റ് 21 നായിരുന്നു ജനനം. ഓസ്ട്രിയയിലെ ബ്രേഗന്‍സില്‍ 1995 ജൂണ്‍ 11ന് വൈദീകപട്ടം സ്വീകരിച്ചു.
വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ കുരിശുമാല അണിയിച്ചു. കെആര്‍എല്‍സിബിസി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിയുക്തമെത്രാനെ അരപ്പെട്ട് അണിയിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മോതിരണമണിയിച്ചു. ബിഷപ് എമരത്തിയൂസ് ഡോ. ജോസഫ് കാരിക്കശേരി ചെമപ്പ് തൊപ്പി അണിയിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുല്ലപ്പൂമാല അണിയിച്ച് അഭിനന്ദിച്ചു. സുല്‍ത്താന്‍പേട്ട് മെത്രാന് ഡോ. അബീര്‍ അന്തോണി സ്വാമി ബൊക്കെ സമ്മാനിച്ചു.
വരാപ്പുഴ അതിരൂപതയുടെ വടക്കന്‍ പ്രദേശങ്ങള്‍ ഉള്‍ച്ചേര്‍ത്ത് 1987 ജൂലൈ മൂന്നിന് ‘ക്വേ ആപ്തിയൂസ്’ എന്ന പേപ്പല്‍ ബൂള വഴിയാണ് കോട്ടപ്പുറം രൂപത നിലവില്‍ വന്നത്. 1987 ഓഗസ്റ്റ് ഒന്നിന് ഔദ്യോഗിക പ്രഖ്യാപനം നടന്നു. മോണ്‍. ഫ്രാന്‍സിസ് കല്ലറക്കല്‍ 1987 ജൂലൈ മൂന്നിലെ ‘റൊമാനി എത്ത് പൊന്തിഫിച്ചിസ്’ എന്ന അപ്പസ്തോലിക എഴുത്തുവഴി പുതിയ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും പുതിയ മെത്രാന്റെ അഭിഷേകവും 1987 ഒക്ടോബര്‍ നാലിന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനത്തില്‍ കോട്ടപ്പുറത്ത് നടന്നു. ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ 2010 ഫെബ്രുവരി 20 ന് വരാപ്പുഴ മെട്രോപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പായി ബനഡിക്ട് പതിനാറാമന്‍ പാപ്പയാല്‍ നിയമിതനായി. 2010 ഏപ്രില്‍ 11 ന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും ആര്‍ച്ച്ബിഷപ് ഡോ. കല്ലറക്കല്‍ നിയമിക്കപ്പെട്ടു. തുടര്‍ന്ന് 2010 ഡിസംബര്‍ 18ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയെ കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാനായി ബനഡിക്ട്് പതിനാറാമന്‍ പാപ്പ നിയമിച്ചു. 2011 ഫെബ്രുവരി 13ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റു. എഴുപത്തിയഞ്ച് വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് പരിശുദ്ധ സിംഹാസനത്തിന് രാജിക്കത്ത് നല്‍കിയെങ്കിലും പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതുവരെ തുടരാനുള്ള പാപ്പായുടെ കല്‍പ്പന സ്വീകരിച്ച് രൂപത ഭരണം നടത്തിക്കൊണ്ടിരിക്കെ 2023 മെയ് ഒന്നിന് ഫ്രാന്‍സിസ് പാപ്പ ബിഷപ്പ് ഡോ. കാരിക്കശേരിയുടെ രാജി സ്വീകരിക്കുകയും കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയുമായിരുന്നു.
കോട്ടപ്പുറം രൂപത എറണാകുളം, തൃശ്ശൂര്‍ ,മലപ്പുറം, പാലക്കാട് ജില്ലകളിലായി 3300 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു. നിലവില്‍ കോട്ടപ്പുറം രൂപതയില്‍ 24221 കുടുംബങ്ങളും 94576 വിശ്വാസികളുമാണുള്ളത്. 46 ഇടവകകളും ഇടവകയല്ലെങ്കിലും വൈദികര്‍ സ്ഥിരതാമസമുള്ള 5 പള്ളികളും 27 കുരിശു പള്ളികളുമുണ്ട്. രൂപത വൈദികര്‍ 116 പേരുണ്ട്. സന്ന്യസ്തരുടെ 10 ആശ്രമങ്ങളും 42 കോണ്‍വെന്റുകളും രൂപതയില്‍ പ്രവര്‍ത്തിക്കുന്നു.