അന്ത്യകര്‍മ്മം മൃതരോടുള്ള ആദരമാണ്, ആത്മശാന്തിക്കായുള്ള അനുഷ്ഠാനമാണ്, മാനുഷ്യത്തിന്റെ മഹിത പ്രകരണമാണ് – സര്‍വ്വോപരി, ദുഃഖാര്‍ത്തരായ ഉറ്റവര്‍ക്ക് സാന്ത്വനവും സൗഖ്യവും പകരുന്ന ഒരു പരിസമാപ്തിയുമാണ്. യുദ്ധഭൂമിയില്‍ ശത്രുവിന്റെ മൃതദേഹമായാലും മാനവാന്തസ്സിനു ചേരുന്നവിധം കൈകാര്യം ചെയ്യണമെന്ന് രാജ്യാന്തര മാനവീയ നിയമങ്ങള്‍ അനുശാസിക്കുന്നു.
ഇന്ത്യയുടെ ആധുനിക ജനാധിപത്യ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിഷ്ഠുരവും ആസൂത്രിതവുമായ വംശഹത്യാ അതിക്രമങ്ങള്‍ സംസ്ഥാനത്തെ ഭൂരിപക്ഷ മെയ്തെയ് ഹൈന്ദവ-സനാമാഹി വിഭാഗക്കാര്‍ക്കും ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവര്‍ഗക്കാരായ കുക്കികള്‍ക്കുമിടയില്‍ അപരിഹാര്യമായ വംശീയ വിഭജനം പൂര്‍ത്തീകരിച്ചതോടെ തലസ്ഥാന നഗരമായ ഇംഫാല്‍ സമതലപ്രദേശത്ത് കുക്കികള്‍ക്കോ, തെക്കന്‍ മലമ്പ്രദേശങ്ങളില്‍ മെയ്തെയ്കള്ക്കോ കാലുകുത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. ശത്രുരാജ്യങ്ങളുടെ അതിര്‍ത്തിരേഖ പോലെ സുരക്ഷാസേനയുടെ കാവലില്‍ സൈനിക ബഫര്‍സോണുകള്‍ മെയ്തെയ്, കുക്കി മേഖലകളെ വേര്‍തിരിക്കുന്നു. കഴിഞ്ഞ മേയ് മാസം കലാപത്തിന്റെ ആദ്യദിനങ്ങളില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരില്‍ 96 പേരുടെ മൃതദേഹങ്ങളില്‍ ഏറെയും ഇംഫാല്‍ ഈസ്റ്റിലെ ജവാഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ജെഎന്‍ഐഎംഎസ്), ഇംഫാല്‍ വെസ്റ്റിലെ റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (റിംസ്) മോര്‍ച്ചറികളിലാണ്. ഭരണപക്ഷക്കാരായ കുക്കി എംഎല്‍എമാര്‍ക്കോ കുക്കി ഗോത്രക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പൊലീസ് ഓഫിസര്‍മാര്‍ക്കോ മെഡിക്കല്‍ സ്റ്റാഫിനോ പാസ്റ്റര്‍മാര്‍ക്കോ അധ്യാപകര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ പ്രാണഭയം കൂടാതെ ഇംഫാലില്‍ പ്രവേശിക്കാനാവാത്ത സാഹചര്യത്തില്‍ ബന്ധുക്കള്‍ക്ക് മൃതദേഹം കാണാനോ ഏറ്റുവാങ്ങാനോ ആവശ്യമായ സംരക്ഷണം നല്കാന് പോലും ബിജെപി ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. കുക്കി ഭാഗത്തുനിന്നുള്ള ആറു മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടുപോലുമില്ല.
കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ 169 പേരുടെ മൃതദേഹങ്ങള്‍ അടുത്ത തിങ്കളാഴ്ചയ്ക്കകം സംസ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബന്ധുക്കള്‍ക്ക് സൗകര്യം ഒരുക്കികൊടുക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിരിക്കയാണ്. മണിപ്പുരില്‍ ഭരണഘടനാ സംവിധാനം അപ്പാടെ തകര്‍ന്നിട്ടും കേന്ദ്ര ഗവണ്മെന്റ് ഇടപെടാത്ത സാഹചര്യത്തില്‍, വംശീയ അക്രമങ്ങള്‍ക്ക് ഇരകളായവര്‍ക്ക് നീതിയും നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിന് സുപ്രീം കോടതി നേരിട്ട് ഇടപെട്ട്, ദുരിതാശ്വാസകേന്ദ്രങ്ങളില്‍ അടക്കം അഭയാര്‍ഥികളായി കഴിയുന്ന 70,000 കുടുംബങ്ങള്‍ക്ക് മാനുഷിക പരിഗണനയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാനും അര്‍ഹരായവര്‍ക്ക് എക്സ്ഗ്രേഷ്യ സഹായവും നിയമസഹായവും ലഭ്യമാക്കാനും മറ്റുമായി നിയോഗിച്ച മൂന്ന് വനിതാ ജഡ്ജിമാരുടെ സമിതി സമര്‍പ്പിച്ച പതിമൂന്നാമത്തെ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് മൃതസംസ്കാര പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ പരമോന്നത കോടതി ഉത്തരവിട്ടത്.
കുക്കി ഭൂരിപക്ഷ പ്രദേശമായ ലമ്കാ എന്ന ചുരാചാന്ദ്പുരിലെ തുയിബോങ് സമാധാന മൈതാനത്ത് ‘അനുസ്മരണ മതില്’ ഉയര്‍ത്തി, കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി-സോ ഗോത്രവംശജരുടെ ചിത്രങ്ങള്‍ക്കു താഴെ 108 ശവപ്പെട്ടികള്‍ നിരത്തി രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുവരുന്ന മലമേഖലയിലെ ജനവിഭാഗങ്ങളുടെ നേതാക്കളായ തദ്ദേശീയ ഗോത്ര മൂപ്പന്മാരുടെ ഫോറം (ഐടിഎല്‍എഫ്) കഴിഞ്ഞ ഓഗസ്റ്റില്‍, ചുരാചാന്ദ്പുര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് 35 കുക്കികളുടെ മൃതദേഹങ്ങള്‍ ചുരാചാന്ദ്പുരിലെ ടോര്‍ബങ് ബംഗ്ലായില്‍, ദേശീയപാതയോരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഒരുമിച്ചു സംസ്കരിക്കാന്‍ നടത്തിയ നീക്കം തടയാന്‍ മണിപ്പുര്‍ ഹൈക്കോടതി പുലര്‍ച്ചെ പ്രത്യേക സിറ്റിങ് നടത്തുകയും സ്ത്രീകൂട്ടായ്മക്കാര് അടക്കം മെയ്തെയ് ജനക്കൂട്ടം സുരക്ഷാസേനയെ മറികടന്ന് നിര്‍ദിഷ്ട ശ്മശാനത്തിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. കൂട്ടസംസ്കാരചടങ്ങ് അഞ്ചു ദിവസത്തേക്കു മാറ്റിവയ്ക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്ന് കുക്കി ഗോത്രവര്‍ഗ മൂപ്പന്മാരോട് ആവശ്യപ്പെട്ടത്.
ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ വെട്ടും കുത്തുമേറ്റും അംഗഭംഗം വന്നും വെടിയേറ്റും തിരിച്ചറിയാന്‍ പറ്റാത്തവണ്ണം മുഖങ്ങള്‍ ഇടിച്ചുതകര്‍ത്തും ഭീകരമായ ബലാത്കാരത്തിന് ഇരകളായും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പേരിന് എംബാം ചെയ്ത് പോളിത്തീന്‍ ഷീറ്റുകളില്‍ പൊതിഞ്ഞ് മരപ്പെട്ടികളിലാക്കി മോര്‍ച്ചറികളില്‍ അടുക്കിവച്ചിരിക്കയായിരുന്നു.
ജെഎന്ഐഎംസിലെ രണ്ടു ഫ്രീസറുകളില്‍ ഒരെണ്ണം മാത്രമേ ഉപയോഗയോഗ്യമായുള്ളൂ. റിംസിലും ഒരണ്ണമേയുള്ളൂ. ഒരു ഫ്രീസറില്‍ വയ്ക്കാവുന്നത് ആറു ജഡങ്ങളാണ്. എയര്‍കണ്ടീഷനിങ് സംവിധാനമില്ലാത്ത, ഒരു എക്സോസ്റ്റ് ഫാന്‍ മാത്രമുള്ള മോര്‍ച്ചറിയില്‍ സാധാരണ ശവപ്പെട്ടികളിലാക്കി അടുക്കിവച്ച മൃതദേഹങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്നത് ആശുപത്രി സമുച്ചയത്തിന്റെ ആരോഗ്യസുരക്ഷ അപകടത്തിലാക്കുമെന്ന് ജില്ലാ ഭരണാധികാരികള്‍ക്കും പൊലീസിനും സംസ്ഥാന ഭരണനേതൃത്വത്തിനും രണ്ട് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും നിരന്തരം കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. ജെഎന്ഐഎംഎസില് മൂന്നു മാസം കൊണ്ടാണ് 61 പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിംസില്‍ 56 പോസ്റ്റ്മോര്‍ട്ടം നടത്തി. ഇതിനിടെ ജഡങ്ങള്‍ ജീര്‍ണിച്ച് ചില പെട്ടികളില്‍ അസ്ഥികള്‍ മാത്രമായെന്ന് മെഡിക്കല്‍ സ്റ്റാഫ് പറയുന്നു.
ജമ്മു-കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ശാലിനി പി. ജോഷി, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആശാ മേനോന് എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, തിരിച്ചറിഞ്ഞ 169 മൃതദേഹങ്ങളില്‍ 81 എണ്ണം സംസ്കരിക്കാന്‍ കുടുംബക്കാര് ഒരുക്കമാണെങ്കിലും, 88 മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിമുഖത കാട്ടുന്നതായി പറയുന്നു. ചില പൗരസംഘടനകള്‍ തങ്ങളുടെ താല്പര്യങ്ങള് മുന്‍നിര്‍ത്തി കുടുംബാംഗങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ജസ്റ്റിസ് മിത്തല്‍ കോടതിയില്‍ ബോധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനും ശവദാഹത്തിനുമായി ഒന്‍പത് ഇടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവയില്‍ എവിടെ വേണമെങ്കിലും അന്ത്യകര്‍മ്മം നടത്താന്‍ കുടുംബാംഗങ്ങളെ അനുവദിക്കും. ഇക്കാര്യത്തില്‍ മൂന്നാമതൊരു കക്ഷിക്കും നിയമപരമായി ഇടപെടാന്‍ ഒരു അവകാശവുമില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍, തിരിച്ചറിയപ്പെടാത്ത ആറ് മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 94 കുക്കി ഗോത്രവര്‍ഗക്കാരുടെ മൃതദേഹങ്ങളുമായി ബന്ധപ്പെട്ട വക്കാലത്ത് തനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സീനിയര്‍ അഭിഭാഷകന് കോളിന് ഗൊണ്‍സാല്‍വസ്, എക്സ് അല്ലെങ്കില്‍ വൈ എന്ന ഏതെങ്കിലും വ്യക്തി എന്ന നിലയിലല്ല, കുക്കി ഗോത്രവര്‍ഗക്കാര്‍ എന്ന നിലയില്‍ ഉന്മൂലനം ചെയ്യപ്പെട്ടവരുടെ അന്തിമ സംസ്കാരം കുക്കി ആചാരാനുഷ്ഠാനങ്ങള്‍ പ്രകാരം ഒരുമിച്ചുതന്നെ നടത്തേണ്ടതുണ്ടെന്ന് മണിപ്പുര്‍ ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിനുവേണ്ടി ബോധിപ്പിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളി.
തങ്ങളുടെ കുടുംബാംഗങ്ങളുടെ മൃതദേഹം എവിടെ, എങ്ങനെ സംസ്കരിക്കണം എന്നു തീരുമാനിക്കേണ്ടത് ബന്ധുക്കളാണ്, പൗരസംഘടനകളല്ല. മോര്‍ച്ചറികളിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഫോട്ടോയും അടയാളങ്ങളും സഹിതം വിജ്ഞാപനം ചെയ്ത് ബന്ധുക്കളെ വിവരം അറിയിക്കണം. ഓരോരുത്തരുടെയും മതവിശ്വാസം അനുസരിച്ചുള്ള അനുഷ്ഠാനവിധികള് പ്രകാരം മൃതസംസ്കാരം നടത്തുന്നതിന് നിശ്ചിത ശ്മശാനത്തില്‍ സര്‍ക്കാര്‍ സൗകര്യവും സുരക്ഷയും ഒരുക്കികൊടുക്കണം. ഇംഫാലില്‍ നിന്ന് കുക്കി ഗോത്രവിഭാഗക്കാരുടെ മൃതദേഹങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്ക് കൈമാറാന്‍ ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും നടപടികള്‍ സ്വീകരിക്കണം. വിജ്ഞാപനം ചെയ്തിട്ടും ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങുന്നില്ലെങ്കില്, അനാഥപ്രേതങ്ങള് സംസ്കരിക്കാന്‍ 1994-ലെ മണിപ്പുര്‍ മുനിസിപ്പാലിറ്റീസ് ആക്ട് വ്യവസ്ഥകള്‍ പ്രകാരം ചട്ടങ്ങള്‍ പാലിച്ചുകൊണ്ടും മതാചാരപ്രകാരവും സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങളും 1973-ലെ ക്രിമിനല്‍ നടപടിക്രമങ്ങളിലെ വ്യവസ്ഥകളും അനുസരിച്ച് അനാഥപ്രേതങ്ങള് മറവു ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓരോരുത്തരും കൊല്ലപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാന്‍ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. ‘കുക്കി രക്തസാക്ഷികളുടെ’ മൃതദേഹങ്ങള്‍ മതപരമായ അനുഷ്ഠാനങ്ങളോടെ ഒരുമിച്ച് ഒരിടത്ത് സംസ്കരിച്ച് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി വലിയ സ്മാരകം പണിയാനാണ് ഗോത്രവര്‍ഗക്കാര്‍ ശ്രമിക്കുന്നതെന്ന് മെയ്തെയ് പക്ഷവും അവരെ പിന്തുണയ്ക്കുന്ന സംസ്ഥാന ഭരണകൂടവും നേരത്തെതന്നെ കുറ്റപ്പെടുത്തിയിരുന്നു.
കുക്കി-സോ ഗോത്രവിഭാഗക്കാര്‍ പ്രത്യേക ഭരണസംവിധാനത്തിനായി 12 സംസ്ഥാനങ്ങളില്‍ ദേശീയ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ, മൃതസംസ്കാരത്തിനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പ്രത്യാഘാതം എന്താകുമെന്ന് ഇനിയും വ്യക്തമല്ല. കേന്ദ്രം അംഗീകരിച്ചാലും ഇല്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്കകം കുക്കി-സോ ഭൂരിപക്ഷ ജില്ലകളില്‍ സ്വയംഭരണ സംവിധാനം നിലവില്‍ വരുമെന്ന് ഐടിഎല്‍എഫ് ജനറല്‍ സെക്രട്ടറി മുവന്‍ ടൊബിങ് നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി. സ്വയംഭരണ പ്രഖ്യാപനം നടത്തി ക്രമസമാധാന സ്ഥിതി വഷളാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് സംസ്ഥാന നിയമ മന്ത്രി കൂടിയായ വിദ്യാഭ്യാസ മന്ത്രി ബസന്ത കുമാര്‍ തൗനവോജം താക്കീതു നല്കി.
ഇതിനിടെ, വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും സജീവ വിഘടവാദ പ്രസ്ഥാനവും ഇംഫാല്‍ താഴ് വരയിലെ മെയ്തെയ്കളുമായി ബന്ധപ്പെട്ട പ്രഥമ സായുധകലാപകാരികളുമായ യൂണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ പാംബേയി ഗ്രൂപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സമാധാന ഉടമ്പടി ഒപ്പുവച്ചതായി മുഖ്യമന്ത്രി ബിരേന്‍ സിങ്ങും കേന്ദ്രമന്ത്രി അമിത് ഷായും വെളിപ്പെടുത്തിയത് കലാപകലുഷിതമായ മണിപ്പുരിലെ സായുധ പോരാട്ടങ്ങളുടെ ബലാബലത്തില്‍ എന്തു പ്രത്യാഘാതമാണുണ്ടാക്കുക എന്ന് വ്യക്തമല്ല. മണിപ്പുര്‍ രാജാവ് മഹാരാജ ബോധചന്ദ്ര 1949-ല്‍ ഇന്ത്യ ഗവണ്മെന്റുമായി ലയന കരാര്‍ ഒപ്പുവച്ചതിനെതിരെ ആദ്യം രംഗത്തുവന്ന സായുധസംഘമാണ് യുഎന്‍എല്‍എഫ്.
ഇക്കഴിഞ്ഞ നവംബര്‍ 13ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒന്‍പത് മെയ്തെയ് തീവ്രവാദ സംഘടനകളെ ‘നിയമവിരുദ്ധ സംഘടനകള്‍’ ആയി പ്രഖ്യാപിച്ചതില്‍ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും അതിന്റെ സായുധ വിഭാഗമായ മണിപ്പുര്‍ പീപ്പിള്‍സ് ആര്‍മിയും ഉള്‍പ്പെട്ടിരുന്നു! അപ്പോള്‍ ഇത്ര നാടകീയമായി അവരുമായി സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നത് ബിരേന്‍ സിങ്ങിന്റെ അദ്ഭുതതന്ത്രം തന്നെയെന്ന് അനുമാനിക്കാം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, അതിന്റെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷണറി പീപ്പള്‍സ് ഫ്രണ്ട്, പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി ഓഫ് കാങ്ലേയിപാക്, അതിന്റെ സായുധ വിഭാഗമായ റെഡ് ആര്‍മി, കാങ്ലേയിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി, അതിന്റെ സായുധ വിഭാഗമായ റെഡ് ആര്‍മി, കാങ്ലേയി യാവോല്‍ കന്‍ബ ലുപ്, കോഓര്‍ഡിനേഷന്‍ കമ്മിറ്റി, അലയന്‍സ് ഫോര്‍ സോഷ്യലിസ്റ്റ് യൂണിറ്റി കാങ്ലേയിപാക് എന്നിവയുടെ എല്ലാ വിഭാഗങ്ങളും വിമത വിഭാഗങ്ങളും മുന്‍നിര സംഘടനകളും യുഎന്എല്എഫിനൊപ്പം അഞ്ചുവര്‍ഷത്തേക്കു കൂടി ഇക്കൂട്ടത്തില്‍ നിരോധിക്കപ്പെട്ടതാണ്.
അസോള്‍ട്ട് റൈഫിള്‍, ലോങ്-റേഞ്ച് തോക്കുകള്‍, 51 എംഎം മോര്‍ട്ടാറുകള്‍ എന്നിവ അടക്കം 4,000 അത്യാധുനിക ആയുധങ്ങളും അഞ്ചുലക്ഷം വെടിയുണ്ടകളും മെയ്തെയ് ജനക്കൂട്ടത്തിന് പൊലീസിന്റെ ആയുധപ്പുരകളില്‍ നിന്ന് ലഭ്യമാക്കിയവര്‍ യുഎന്‍എല്‍എഫ് അടിയറ വയ്ക്കുന്ന കുറെ ആയുധശേഖരങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നത് കുക്കി സായുധസംഘങ്ങളെയാകുമോ? സായുധസേന പ്രത്യേക അധികാര നിയമം (അഫ്സ്പാ) ഇംഫാല്‍ താഴ് വാരത്തു നിന്നു പിന്‍വലിച്ച് കുക്കികളുടെ മലകളില്‍ അതു നിലനിര്‍ത്തിയിട്ടുണ്ട് ബിരേന്‍ സിങ്.
രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്ത്, മ്യാന്മറിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള ചിന് സംസ്ഥാനത്ത് സൈനികഭരണകൂടത്തിന്റെ താവളങ്ങള്‍ ചിന് നാഷണല്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിമത സായുധ സംഘങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍, മ്യാന്മറിലെ സഗായിങ് മേഖലയില്‍ മണിപ്പുരില്‍ നിന്നുള്ള മെയ്തെയ് സായുധ വിഭാഗങ്ങള്‍ സൈനിക ഹുണ്ടയെ പിന്തുണയ്ക്കുന്നു. മ്യാന്മറിലെ ചിന് വിഭാഗക്കാര്‍ക്ക് മണിപ്പുരിലെ കുക്കികളും മിസോറമിലെ മിസോകളുമായി ഗോത്രവര്‍ഗ ബന്ധമുണ്ട്. അതിനാലാണ് മ്യാന്മര് സൈന്യം ചിന് മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് വ്യോമാക്രമണം നടത്തുമ്പോള്‍ പാലം കടന്ന് 5,000 ചിന് അഭയാര്‍ഥികള്‍ ഒരു ബയോമെട്രിക് പരിശോധനയും കൂടാതെ വന്ന് മിസോറമില്‍ സമാധാനത്തോടെ അന്തിയുറങ്ങുന്നത്. എന്നാല്‍ തൊട്ടയല്പക്കത്തെ മണിപ്പുരിലെ ഗോത്രവര്‍ഗ വിരോധം മ്യാന്മറിലെ അവരുടെ ചാര്ച്ചക്കാരോടും തീര്‍ക്കാന്‍ മെയ്തെയ് കലാപകാരികള്‍ക്ക് ഇംഫാലില്‍ നിന്ന് സര്‍ക്കാര്‍ വക ആയുധങ്ങളും മലമടക്കുകളിലെ പോപ്പി തോട്ടങ്ങളില്‍ നിന്ന് കറുപ്പും എത്തിക്കുന്നവര്‍ മോദിയുടെ ‘ആക്ട് ഈസ്റ്റ്’ മന്ത്രവുമായി അതിര്‍ത്തികടക്കുമ്പോള്‍ അവിടെ ‘തട്മഡോ’ ക്യാമ്പില്‍ ചിന് വംശജരുടെ കൊടിക്കൂറയാവും ഇനി കാണാനാവുക.