ദരിദ്രരുടെ ആഗോള ദിനം ആചരിച്ചു കൊണ്ട് വത്തിക്കാനില്‍ നവംബര്‍ 19ന് ഞായറാഴ്ച അര്‍പ്പിച്ച ദിവ്യബലിയില്‍ ഫ്രാന്‍സിസ് പാപ്പാ നടത്തിയ വചനപ്രഘോഷത്തില് ദാരിദ്ര്യം ഉതപ്പാണ്; ദൈവത്തോടു കണക്ക് പറയേണ്ടി വരുമെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.
വത്തിക്കാന്‍സിറ്റി: കര്‍ത്താവിന്റെ മാംസധാരണവും, ഉത്ഥാനവും, സ്വര്‍ഗ്ഗാരോഹണവും ഉള്‍ക്കൊള്ളുന്ന പിതാവിന്റെ പക്കലേക്കുള്ള യാത്രയും, അവസാന കാലങ്ങളില്‍ ‘കണക്ക് തീര്‍ക്കാന്‍’ തിരിച്ചു വരുന്ന കര്‍ത്താവിന്റെ യാത്രയും ബന്ധിപ്പിച്ചു കൊണ്ടാണ് പാപ്പാ സുവിശേഷത്തിലെ താലന്തുകളുടെ ഉപമയെ വിശദീകരിച്ചത്. നമ്മുടെ അനുദിന ജീവിതത്തില്‍ കര്‍ത്താവ് ഏല്‍പ്പിക്കുന്ന വ്യക്തിപരവും സാമൂഹികവും സഭാപരവുമായ ദൗത്യങ്ങള്‍ക്കായി ഈ ‘താലന്തുകള്‍” ഓരോരുത്തരുടേയും കഴിവുകള്‍ക്കനുസരിച്ചാണ് നല്‍കുന്നത് പാപ്പാ വിശദീകരിച്ചു. തനിക്ക് പിതാവിന്റെ പക്കല്‍ നിന്ന് കിട്ടിയതെല്ലാം യേശു തനിക്കു മാത്രമാക്കി സൂക്ഷിക്കാതെ നമുക്കായി നല്കി. നല്ല സമറിയക്കാരനായി നമ്മുടെ മുറിവുകളില്‍ തൈലം പുരട്ടി, നമ്മെ ധനികരാക്കാന്‍ ദരിദ്രനായി നമുക്കായി ജീവിച്ചു. ഇതായിരുന്നു യേശുവിന്റെ ഭൂമിയിലേക്കുള്ള യാത്രയുടെ ലക്ഷ്യം എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
സുവിശേഷത്തിലെ താലന്തുകളുടെ ഉപമ കണക്കു തീര്‍ക്കാന്‍ വരുന്ന യജമാനന്റെ തിരിച്ചു വരവും കാണിച്ചു തരുന്നു. അതിനാല്‍ ഏതവസ്ഥയിലായിരിക്കും അവന് നമ്മെ കണ്ടെത്തുക എന്ന് ചിന്തിക്കുക. യേശുവിന്റെ വഴിയായിരിക്കുമോ നാം സ്വീകരിക്കുന്ന വഴി? നമ്മുടെ സാധ്യതകള്‍ക്കനുസരിച്ച് നമുക്കു നല്‍കിയിട്ടുള്ള താലന്തുകള്‍ നമ്മുടെ കഴിവല്ല, കര്‍ത്താവിന്റെ സമ്മാനമാണെന്ന് നാം തിരിച്ചറിയണം. കര്‍ത്താവ് നമ്മെ ദൈവമക്കളാക്കുകയും ദൈവരാജ്യത്തിന്റെ വരവിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവന് നല്കിയ പരിശുദ്ധാത്മാവും ഉള്‍പ്പെടെ അളക്കാനാവാത്ത മൂലധനമാണ് നമ്മെ ഏല്‍പ്പിച്ചിരിക്കുന്നത്. അത് നമ്മുടെ ജീവിതത്തിന്റെ അടിത്തറയും നമ്മുടെ യാത്രയുടെ ശക്തികേന്ദ്രവുമാണ് . അതിനാല്‍ നമുക്കു നല്കിയ ”താലന്തുകളെ” നമ്മുടെ ജീവിത യാത്രയില്‍ നാം എന്തു ചെയ്യുന്നു?. ഉപമയില്‍ പറയുന്ന രണ്ട് പേര് അതിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചപ്പോള്‍ മൂന്നാമന് യജമാനനെ വിശ്വസിക്കാതെ ഭയം മൂലം സാഹസത്തിനു മുതിരാതെ തന്റെ താലന്തു കുഴിച്ചിട്ട സംഭവം നമുക്കുള്ള സാധ്യതകളെക്കുറിച്ചുള്ളതാണ്. രണ്ടു തരം സാധ്യതകളും നമ്മുടെ മുന്നിലുണ്ട്.
നമ്മുടെ ജീവിതത്തില്‍ വിശ്വാസത്തിന്റെ ശക്തിയാല്‍ സാഹസത്തിന് നാം തയ്യാറാകാറുണ്ടോ എന്ന് സ്വയം ചോദിക്കണം.
ദരിദ്രര്‍ക്കായുള്ള ആഗോള ദിനത്തില്‍ താലന്തുകളുടെ ഉപമ നമ്മുടെ ജീവിതയാത്ര നാം എങ്ങനെ അഭിമൂഖീകരിക്കുന്നു എന്നതിനുള്ള ഒരു വിളിയാണ്. കര്‍ത്താവിന്റെ സ്നേഹ സമ്മാനം സ്വീകരിച്ച നാം മറ്റുള്ളവര്‍ക്ക് സമ്മാനമാകാനാണ് വിളിക്കപ്പെട്ടിട്ടുള്ളത്. നമുക്ക് നല്കപ്പെട്ടിട്ടുള്ള താലന്തുകളെ നന്നായി ഉപയോഗിച്ചില്ലെങ്കില്‍ മരിച്ചു കഴിഞ്ഞവരെ പോലെ നമ്മുടെ ജീവിതം ഭൂമിയില്‍ കുഴിച്ചുമൂടപ്പെടും, നമുക്ക് ചുറ്റും നമ്മുടെ സ്നേഹം പരത്തിയില്ലങ്കില് നമ്മുടെ ജീവിതം ഇരുളിലേക്ക് പിന്‍വാങ്ങും എന്നതാണ് ഉപമകളിലെ മാതൃകകളിലെ വാചാലത.
ഉന്മത്തമായ സമൂഹത്തിന്റെ പൊതുവായ നിസ്സംഗത കേള്‍ക്കാതെ പോകുന്ന നമ്മുടെ ലോകത്തിലെ ഭൗതീകവും സാംസ്കാരികവും ആത്മീകവുമായ എല്ലാത്തരം ദാരിദ്ര്യങ്ങളെയും ദരിദ്രരുടെ നിലവിളിയേയും കുറിച്ച് എടുത്തു പറഞ്ഞ ഫ്രാന്‍സിസ് പാപ്പാ, ദാരിദ്ര്യം സ്വയം മറഞിരിക്കാന്‍ കഴിവുള്ളതാണെന്ന് സൂചിപ്പിച്ചു. അതിനാല്‍ ധൈര്യപൂര്‍വ്വം നടന്ന് അതിനെ കണ്ടു പിടിക്കണം. എല്ലാ അടിച്ചമര്‍ത്തപ്പെട്ടവരേയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും, യുദ്ധത്തിന്റെ ഇരകളേയും, പലായനം ചെയ്യാന്‍ നിര്ബ്ബന്ധിതരായവരേയും, പട്ടിണിയില്‍ കഴിയുന്നവരേയും, തൊഴില്‍ രഹിതരേയും, പ്രതീക്ഷ നഷ്ടപ്പെട്ടവരേയും ഓര്‍മ്മിക്കണം. കര്‍ത്താവിന്റെ മൂലധനം കുഴിച്ചിടാതിരിക്കാനും ഉപവിയും സ്നേഹവും വര്‍ദ്ധിപ്പിച്ച് പങ്കുവയ്ക്കാനും സുവിശേഷം താലന്തുകളുടെ ഉപമയിലൂടെ ആവശ്യപ്പെടുകയാണ് എന്ന് ആഹ്വാനം ചെയ്തു. ദാരിദ്ര്യം ഒരു ഉതപ്പാണെന്നു ഊന്നിപ്പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ വചനപ്രഘോഷണം അവസാനിപ്പിച്ചത്.