1963 നവംബര്‍ 21 ഭാരതം പ്രഥമറോക്കറ്റ് വിക്ഷേപണത്തിന് തയ്യാറായ ദിനം. ലോകം ഉറ്റുനോക്കിയ സംഭവം. തിരുവനന്തപുരം തുമ്പ കടലോരത്ത് സൂര്യനുകീഴെകടലലകള് തിളങ്ങി. അകലെയായി കൂട്ടം കൂടി നിന്നിരുന്ന ജനക്കൂട്ടം പിരിമുറുക്കത്തിലായി. നിരവധി പരിശ്രമങ്ങള്‍ക്കും പാളിച്ചകള്‍ക്കും ശേഷമാണ് ഈ ദിനം വന്നു ചേര്‍ന്നിരിക്കുന്നത്. രാവിലെ മുതല്‍ റോക്കറ്റിന്റേയും അനുബന്ധ ഉപകരണങ്ങളുടേയും അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പലതും ജീവനക്കാരുടെ കൈകൊണ്ടു തന്നെ. ഒടുവില്‍ വൈകുന്നേരമായപ്പോള്‍ ഒരു ട്രക്കില്‍ കയറ്റി റോക്കറ്റ് വിക്ഷേപണസ്ഥലത്തെത്തിച്ചു. മാനത്ത് ഇരുള്മൂടിക്കൊണ്ടിരിക്കുകയായിരുന്നു. കൃത്യം ആറ് ഇരുപത്തിയഞ്ചിന് റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. മിനിറ്റുകള്‍ക്കു ശേഷം അസ്തമനസൂര്യന്റെ കിരണങ്ങളേറ്റ് ഓറഞ്ച് നിറത്തില്‍ തിളങ്ങുന്ന സുവര്ണമേഘം ദൃശ്യമായി. ഭാരതം ചരിത്രമെഴുതി.
നിരവധി സഥലങ്ങള്‍ പരിഗണിച്ച ശേഷമാണ് തിരുവനന്തപുരം തുമ്പയിലെ മത്സ്യത്തൊഴിലാളി മേഖല ഐഎസ്ആര്‍ഒക്കായി വിക്രം സാരാഭായി തിരഞ്ഞെടുത്തത്. അതിനു മുമ്പ് കൊല്ലത്തെ വെള്ളനാതുരുത്തും പരിഗണിച്ചിരുന്നു. തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒയ്ക്ക് സ്ഥലം ലഭിച്ചതിന്റെ പിന്നാമ്പുറം ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ട ഒന്നാണ്. ലോകപ്രശസ്ത ശാസ്ത്രജ്ഞനും പില്ക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രപതിയുമായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഈ സംഭവം തന്റെ പ്രസംഗങ്ങളില്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രപതിയായിരിക്കുമ്പോള്‍ 2005 ജൂലൈയില്‍ കേരള നിയമസഭയില്‍ ഡോ. കലാം നടത്തിയ പ്രസംഗത്തില്‍ തിരുവനന്തപുരം ബിഷപ്പായിരുന്ന ഡോ. പീറ്റര്‍ ബെര്‍ണാഡ് പെരേരയുടെ രാജ്യസ്നേഹവും രാഷ്ട്രപുരോഗതിക്കുവേണ്ടി അദ്ദേഹം സ്വീകരിച്ച ധീരമായ നിലപാടും എടുത്തുപറഞ്ഞിരുന്നു. പെരേര പിതാവിനോടായിരുന്നു ദേവാലയവും ബിഷപ്സ് ഹൗസും ഉള്‍പ്പെടെയുള്ള സ്ഥലം റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് നല്‍കാമോ ഡോ. വിക്രം സാരാഭായി ചോദിച്ചത്.
വിക്രം സാരാഭായ് തുമ്പ സന്ദര്‍ശിച്ചപ്പോള്‍ പ്രദേശത്ത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ടായിരുന്നു. തിരുവനന്തപുരം രൂപതയുടെ കീഴിലുള്ള സെന്റ് മേരി മാഗ്ദലിന് എന്ന ദേവാലയവും മെത്രാന്റെ മന്ദിരവും ഉണ്ടായിരുന്നു. പള്ളിത്തുറ പള്ളി എന്നാണ് അന്ന് ഈ ദേവാലയം അറിയപ്പെട്ടിരുന്നത്. വിക്രം സാരാഭായി ശാസ്ത്രഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം ലഭിക്കുന്നതിനായി നിരവധി രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കണ്ടു. അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് തിരുവനന്തപുരം ബിഷപ് പെരേരയെ സമീപിക്കുന്നത്.
ഡോ. പീറ്റര്‍ ബെര്‍ണാഡ് പെരേരയെ കാണാന്‍ ഒരു ശനിയാഴ്ചയാണ് ഡോ. വിക്രം സാരാഭായി ചെന്നത്. അടുത്ത ദിവസം ചെല്ലാന്‍ അദ്ദേഹം പുഞ്ചിരിയോടെ ആവശ്യപ്പെട്ടു. പ്രഭാത കുര്‍ബാനയില്‍ ബിഷപ് വിശ്വാസികളോട് പറഞ്ഞു:
”എന്റെ മക്കളേ, നമ്മുടെ പള്ളിയും ഞാന്‍ താമസിക്കുന്ന സ്ഥലവും ആഗ്രഹിക്കുന്ന ഒരു പ്രശസ്ത ശാസ്ത്രജ്ഞന് എന്റെ കൂടെയുണ്ട്. ബഹിരാകാശ ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് ദൈവത്തിന്റെ വാസസ്ഥലം വിട്ടുനല്‍കാമോ?”
‘ആമേന്‍’ എന്ന ഒറ്റസ്വരത്തില്‍ വിശ്വാസികള്‍ പ്രത്യുത്തരിച്ചു.
1962-ലെ ഈ മഹാസംഭവം തുമ്പയിലെ പള്ളിത്തുറയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന് കാരണമായി. ദേവാലയവും ബിഷപ്ഹൗസും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും പൂര്‍ണമനസോടെ ബിഷപ് വിട്ടുകൊടുത്തു. ആ വര്‍ഷം തന്നെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം അവിടെ കമ്മീഷന് ചെയ്തു. ദേവാലയത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഡിസൈന്‍ കേന്ദ്രമാണ്. പിന്നീട് തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന് സ്ഥാപിക്കുകയും രാജ്യത്തുടനീളം ബഹിരാകാശകേന്ദ്രങ്ങള് സ്ഥാപിക്കുന്നതിന് കാരണമാകുകയും ചെയ്തു.
പുനരധിവാസം
കടപ്പുറത്ത് ഒഴിവാക്കപ്പെട്ടപ്പെവര്ക്ക് സര്‍ക്കാരിരിന്റെ തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിച്ചത്. എന്നാല്‍ ദീര്‍ഘവീക്ഷണമുള്ള ബിഷപ് പെരേര അതിന് വഴി കണ്ടിട്ടുണ്ടായിരുന്നു. നേരത്തെ തന്നെ പള്ളിത്തുറയില്‍ 18 ഏക്കര്‍ സ്ഥലം വാങ്ങി ഭവനങ്ങള്‍ നിര്‍മിച്ച് തെങ്ങിന്‍തൈകള്‍ നട്ട് സജ്ജമാക്കിയശേഷം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. മര്യനാടും ഇതുപോലെ മത്സ്യത്തൊഴിലാളി ഗ്രാമം ഉണ്ടാക്കി. നിരവധി പേരെ പുനരധിവസിപ്പിച്ചു. ഇതില്‍ പലര്‍ക്കും താമസിക്കുവാന്‍ വാസയോഗ്യമായ ഭവനങ്ങളോ തൊഴിലോ ഇല്ലാത്തവരായിരുന്നു. പുനരധിവസിക്കപ്പെട്ടവരുടെ സമഗ്ര പുരോഗതിക്കുവേണ്ടി ഡിസ്പെന്‍സറി, പൊതുജനാരോഗ്യപരിപാടി, തയ്യല്‍ക്ലാസ്, നഴ്സിങ്ങ് സ്കൂള്‍, കലാ-സാംസ്കാരിക സമിതി, സ്പോര്‍ട്സ് ആന്റ് ഗെയിംസ് ക്ലബ്, മാതൃശിശു പരിചരണം, പോഷകാഹാര വിതരണം, സാമൂഹിക പരിശീലനകേന്ദ്രം (യുവതികള്‍ക്ക് നല്ല കുടുംബിനികളും അമ്മമാരുമാകാനുള്ള പരിശീലനം), സ്റ്റഡി ക്ലാസ്, ലഘുനിക്ഷേപ വായ്പാ പദ്ധതികള്‍ (ക്രെഡിറ്റ് യൂണിയന്), മത്സ്യക്കച്ചവട സ്ത്രീഫോറം, അവരുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് ബേബി ക്ലഷ് എന്നിങ്ങനെ വിവിധ ജനക്ഷേമപദ്ധതികളിലൂടെ ജനപങ്കാളിത്തം ഉറപ്പാക്കി. മത്സ്യ ഉത്പാദക സഹകരണസംഘം തുടങ്ങുകയും അന്ന് ലഭ്യമായ നൂതന മത്സ്യബന്ധന ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. ഇത് ഗ്രാമവാസികളെ പുരോഗതിയിലേക്ക് നയിച്ചു.
നാടിന്റെ വികസനം ജനങ്ങളെ വഴിയാധാരമാക്കില്ല എന്നുറപ്പാക്കിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നു പറയാം.
തിരുവനന്തപുരത്തിന്റെ വളര്‍ച്ചയുടെ കാരണക്കാരന്‍
1955-ലാണ് പീറ്റര്‍ ബോര്ണാഡിനെ തിരുവനന്തപുരം രൂപതയുടെ സഹായമെത്രാനായി പാപ്പ നിയമിച്ചത്. ഇന്നത്തെ തിരുവനന്തപുരം അതിരൂപതയുടെയും തിരുവനന്തപുരത്തിന്റെ മൊത്തം വളര്‍ച്ചയ്ക്കും അടിസ്ഥാനമിട്ടത് ബിഷപ് പീറ്റര്‍ പെരേയായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ നാടിന്റെ അഭിമാനസ്തംഭങ്ങളായി തല ഉയര്‍ത്തി നില്ക്കുന്ന നിരവധി കലാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സ്ഥലങ്ങള്‍ വാങ്ങിയത് അക്കാലത്തായിരുന്നു. 1959-ല്‍ നടന്ന വിമോചനസമരത്തിന് തിരുവനന്തപുരം ജില്ലയില്‍ നേതൃത്വം നല്‍കിയത് ബിഷപ് പീറ്റര്‍ ബെര്‍ണാഡ് പെരേരയായിരുന്നു.
1961 ജൂലൈയില്‍ അദ്ദേഹം പിന്തുടര്ച്ചാവകാശമുള്ള ബിഷപ്പായി നിയമിതനായി. 1966 ഒക്ടോബര്‍ 24-ന് പൂര്‍ണ ചുമതലയുള്ള മെത്രാനായി ചുമതലയേല്‍ക്കുകയും ചെയ്തു. അങ്ങനെ തിരുവനന്തപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന് എന്ന സ്ഥാനത്തിനും അര്‍ഹനായി. അദ്ദേഹം അധികാരമേല്‍ക്കുമ്പോള്‍ രൂപത സാമ്പത്തികമായി വളരെ പിന്നാക്കമായിരുന്നു. വിദേശത്തുനിന്നും ധനസമാഹരണം നടത്തി കാരമൂട്, കഠിനംകുളം, ശാസ്തവട്ടം, വെട്ടുതുറ, മേനംകുളം, കഴക്കൂട്ടം, കോട്ടൂര്‍, പാലോട്, അഗസ്ത്യാര്‍കുടം എന്നിവിടങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങി. മേനംകുളത്താണ് രൂപതയുടെ ഇന്നത്തെ അഭിമാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ മരിയന്‍ എന്‍ജിനീയറിങ്ങ് കോളജ്, ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിംഗ് കോളജ്, സെന്റ് ജേക്കബ്സ് ട്രെയിനിങ്ങ് (ബിഎഡ്) കോളജ്, ടിടിസി കോളജ്, ആര്‍ട്സ് കോളജ് എന്നിവ സ്ഥിതിചെയ്യുന്നത്.
താഴേത്തട്ടില്‍ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുള്ള അന്വേഷണത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞതാണ് ടിഎസ്എസ്എസ് (തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി) എന്ന മഹത്തായ ആശയം. ഭാരതത്തില്‍ ഇത്തരം ഒരു സ്വകാര്യ സംരംഭം ആദ്യമായിട്ടായിരുന്നു. സാമൂഹ്യസേവനത്തിന് പുത്തന്‍ മാനദണ്ഡങ്ങള്‍ കണ്ടെത്താനുള്ള ബിഷപ്പിന്റെ ശ്രമങ്ങളാണ് ടിഎസ്എസ്എസിന്റെ രൂപീകരണത്തിനുള്ള മറ്റൊരു കാരണം. 1960-ല്‍ ടിഎസ്എസ്എസ് രജിസ്റ്റര്‍ ചെയ്ത്.
തിരുവനന്തപുരം രൂപതയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് കഠിനംകുളത്ത് വാങ്ങിയ സ്ഥലത്തിന് ദൈവമാതാവിനോടുള്ള ബഹുമാന സൂചകമായി മര്യനാട് എന്ന പേരിടുകയും മര്യനാട് കമ്യൂണിറ്റി ഡവലപ്മെന്റ് പ്രൊജക്ട് എന്ന പദ്ധതി ആരംഭിക്കുകയും ചെയ്തു. ഭവനനിര്‍മാണത്തിനുവേണ്ടി ഒരു ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും രൂപീകരിച്ചു (ഇത്തരം സ്വകാര്യ പദ്ധതികള്‍ അക്കാലത്ത് ഭാരതത്തില്‍ വളരെ വിരളമായിരുന്നു).
ഇറ്റലിയിലെ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സിസ്റ്റര്‍ ലൊറേറ്റോ, ബാംഗളൂരുവില്നിന്നും സോഷ്യല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചിരുന്ന നളിനി നായക്, സാമൂഹ്യ പ്രവര്‍ത്തകനായ യൂജിന്‍ കുലാസ് ഇവരുടെ കഴിവുകള്‍ ഫലപ്രദമായി വിനിയോഗിക്കുവാനും പാവപ്പെട്ടവരുടെ പുരോഗതിക്കുവേണ്ടി ആ കഴിവുകള്‍ പ്രയോജനപ്പെടുത്തുവാനും പെരേരാ പിതാവിന് കഴിഞ്ഞു. സിആര്‍എസിന്റെ സഹായത്തോടുകൂടി പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടി ‘ഫുഡ് ഫോര്‍ വര്‍ക്ക്’ പ്രോഗ്രാം തുടങ്ങി. ഇത് തീരദേശങ്ങളിലും കിഴക്കന്‍ പ്രദേശങ്ങളിലുമുള്ള ദരിദ്രജനങ്ങള്‍ക്ക് ഒരുപോലെ പ്രയോജനപ്പെട്ടു.
പ്രശ്നങ്ങളില്‍ ഇടപെട്ട് അതിവേഗം നിഷ്പക്ഷവും ന്യായവുമായ തീരുമാനങ്ങള്‍ എടുക്കുന്നതും അതില്‍ ഉറച്ചുനില്‍ക്കുന്നതും പെരേര പിതാവിന്റെ സവിശേഷതയായിരുന്നു. അസാധാരണമായ ആജ്ഞാതശക്തിയുടെ ഉടമയായിരുന്ന അദ്ദേഹം രാഷ്ട്രീയ-മത-സാംസ്കാരിക മേഖലയില്‍ ഉള്ളവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
ഓരോ ഇടവകയിലും പേരുചൊല്ലി വിളിക്കാന്‍ പാകത്തില്‍ ഏറ്റവും കുറഞ്ഞത് പത്തുപേരെങ്കിലും കാണുമായിരുന്നു.
ജനങ്ങള്‍ അദ്ദേഹത്തെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിനും ജനങ്ങളോടും ആ സ്നേഹവാത്സല്യങ്ങള്‍ ഉണ്ടായിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പിതാവിനെ ആദ്യം കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും പിന്നീട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 1978 ജൂണ്‍ 13-ന് വൈകുന്നേരം 7.10-ന് മസ്തിഷ്കത്തിലെ രക്തസ്രാവംമൂലം അദ്ദേഹം അന്തരിച്ചു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ സംസ്കാരം നടത്തി.