മലയാള പ്രഫഷണല്‍ നാടകവേദിയില്‍ പുതുമയുടെ വെളിച്ചം വീശി ഈ സീസണില്‍ എത്തിയ നാടകമാണ് ‘വാമോസ് മെസ്സി’. ലോകഫുട്ബോളിന്റെ മിശിഹയായി വാഴ്ത്തപ്പെടുന്ന അര്ജന്റീനക്കാരന് ലയണല്‍ മെസ്സിയെ കേന്ദ്രീകരിച്ചാണ് നാടകം രൂപപ്പെടുത്തിയിരിക്കുന്നത്. മധ്യകേരളത്തിലെ പണിപൂര്‍ത്തിയാകാത്ത ഒരു ഫുട്ബോള്‍ മൈതാനവും അതിനോടു ചേര്‍ന്ന ആരാധകരുടെ ക്ലബ്ബും അവരുടെ സ്വപ്നങ്ങളും മുറിവുണങ്ങാത്ത ജീവിതങ്ങളും മെസ്സിയുടെ അതിജീവന കഥകളുമായി ചേര്‍ത്തുവായിക്കുകയാണ് ‘വാമോസ് മെസ്സി’യിലൂടെ ചെയ്തിരിക്കുന്നത്. മലയാള നാടകചരിത്രത്തിന്റെ പശ്ചാത്തലവും വര്‍ത്തമാനകാല പ്രതിസന്ധികളും ചേര്‍ത്തുവായിക്കുമ്പോഴാണ് ഈ പരീക്ഷണം ഹൃദ്യവും ഹൃദയസ്പര്ശിയുമാകുന്നത്. കളിക്കളത്തിലെ ഗ്യാലറികളില്‍ നിന്നുയരുന്ന ആവേശത്തിന്റെ കൊടുങ്കാറ്റിനൊപ്പം പന്തിനു പിന്നാലെ പായുന്ന വലിയ മനുഷ്യരുടെ ചെറിയ ജീവിതങ്ങള്‍ നമ്മെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും.
യുവാക്കളെ പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്ന ഈ നാടകം രചിച്ചത് എഴുപത്തേഴിലെത്തിയ എഴുത്തുകാരനാണെന്നത് മറ്റൊരു വിസ്മയമാണ്.
തൃശൂര്‍ വസുന്ധരയുടെ ബാനറില്‍ പുറത്തിറങ്ങിയ ‘വാമോസ് മെസ്സി’ ചിട്ടപ്പെടുത്തിയത് നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായ പി.എക്സ്. സേവ്യര്‍ മാസ്റ്ററാണ്. എറണാകുളം ജില്ലയില്‍ വിശുദ്ധ അന്തോണീസിന്റെ നാമധേയത്താല്‍ പ്രസിദ്ധമായ ചെട്ടിക്കാട് ഗ്രാമത്തില്‍ പടമാട്ടുമ്മല്‍ വീട്ടിലാണ് 1947 ഏപ്രില്‍ 21ന് സേവ്യര്‍ മാസ്റ്റര്‍ ജനിച്ചത്. ആലുവ യു.സി. കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം നേടി. ബിഇഎഡ് കഴിഞ്ഞതിന് ശേഷം സര്‍ക്കാര്‍ അധ്യാപകനായി ജോലി നോക്കി. 34 വര്‍ഷം നീണ്ട അധ്യാപകവൃത്തിയില്‍നിന്ന് 2002-ല്‍ വിരമിച്ചു. മുഴുവന്‍ സമയവും പിന്നീട് നാടകത്തിനായി ഉഴിഞ്ഞുവച്ചു. 2022-ലെ നാടകത്തിനുള്ള സമഗ്രസംഭാവനയ്ക്കുള്ള ഗിരീഷ് കര്‍ണാട് ദേശീയ പുരസ്കാരം സേവ്യര്‍ മാഷിനാണു ലഭിച്ചത്.
സേവ്യര്‍ മാഷ് നാടകത്തിന്റെ ലോകത്തേക്ക് എത്തിയത് എങ്ങനെയാണ്?
എന്റെ പിതാവ് പി.സി. സേവ്യര്‍ നാടകത്തില്‍ തല്പരനായിരുന്നു. അന്നത്തെ ഗ്രാമീണ നാടകങ്ങളില്‍ സംവിധായകനായും അഭിനേതാവായും അദ്ദേഹം തിളങ്ങിയിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ വലിയ ഒരു ആരാധകനായിരുന്നു അദ്ദേഹം. ഞങ്ങളുടെ ഗ്രാമത്തിലും പുറത്തും അദ്ദേഹം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇത് എനിക്ക് പ്രചോദനമായിരുന്നു. പള്ളി നാടകങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നു ലഭിച്ച കലാഭിരുചി എന്നിലെ നടനെ വിളിച്ചുണര്‍ത്തി. കോളജിലും സ്കൂള്‍ തലത്തിലും നിരവധി നാടകങ്ങളും ഏകാങ്കനാടകങ്ങളും എഴുതി അഭിനയിച്ചു.
ഒരു കാലഘട്ടത്തില്‍ യുവജനോത്സവങ്ങളില്‍ അവതരിപ്പിച്ച മത്സരനാടകങ്ങള്‍ പലതും എന്റേതായിരുന്നു എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഗവണ്മെന്റ് സര്‍വീസിലിരിക്കെ പ്രത്യേക അനുമതിയോടെ പ്രഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു. ആലപ്പി തീയേറ്റേഴ്സ്, കൊച്ചിന് നാടകവേദി, തിരുവനന്തപുരം കേളി, കഴിമ്പ്രം തിയേറ്റേഴ്സ്, വള്ളുവനാട് ബ്രഹ്മ തുടങ്ങിയ പ്രഗത്ഭ സമിതികളില്‍ അഭിനയിച്ചു. ചാള്‍സ് ഡിക്കന്‍സിന്റെ ‘ക്രിസ്തുമസ്സ് കരോള്‍’ എന്ന നോവലിനെ ആസ്പദമാക്കി ഞാന്‍ രചിച്ച ‘പിശുക്കന് രാജാവ്’ രണ്ടു വര്‍ഷത്തോളം കേരള നാടകവേദിയില്‍ അവതരിപ്പിച്ചു.
വലിയ വിജയം നേടിയ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,’ ‘കാണാപ്പൊന്ന്,’ ‘വിഷക്കുരു’ തുടങ്ങിയ നാടകങ്ങളും എന്റെ രചനയില്‍ പെട്ടവയാണ്. എന്റെ സ്വന്തം നാടകസമിതിയായ തൃശൂര്‍ വസുന്ധര അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘വാമോസ് മെസ്സി’ എന്ന നാടകം പ്രശസ്ത ഫുട്ബോളര് മെസ്സിയുടെ അതിജീവനത്തിന്റെ ഏടുകളാണ്. 2022-ലെ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ നാടകം പ്രേക്ഷകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഒരു ഫുട്ബോളറുടെ ജീവിതം പ്രമേയമാക്കി നാടകം അവതരിപ്പിക്കുന്നത് കേരള നാടകചരിത്രത്തില്തന്നെ ആദ്യമാണ്.
ജീവിതപശ്ചാത്തലം എന്തായായിരുന്നു?
ഞങ്ങളുടെ വീട്ടില്‍ മിക്കവാറും എല്ലാവരും തന്നെ അധ്യാപകരാണ്. നാടക കലയോട് എല്ലാവര്ക്കും താല്പര്യമുണ്ടായിരുന്നു. നാടകവും അധ്യാപനവും എല്ലാവരും ആസ്വദിച്ചു.
നാടക രചനയിലും സംവിധാനത്തിലും ഗുരുക്കന്മാരുണ്ടോ?
ഗുരു എന്റെ പിതാവ് പി.സി. സേവ്യര്‍ തന്നെയാണ്.
പ്രചോദനമായിട്ടുള്ളവര് ആരൊക്കെയാണ്?
പറവൂര്‍ ജോര്‍ജ്, സി.എല്‍. ജോസ്, കഴിമ്പ്രം വിജയന്, കുയിലന്‍ എന്നിവര്‍ എനിക്ക് പ്രചോദനമായിരുന്നു. അവരുടെ നാടകരചനകളും സംവിധാന രീതികളും എന്നെ വളരെ ആകര്‍ഷിച്ചിട്ടുണ്ട്.
നാടകം ജനങ്ങളോട് സംവദിക്കാനുള്ള മാധ്യമമാണെന്നു കരുതുന്നുണ്ടോ?
തീര്‍ച്ചയായും. കലകളിലൂടെ വിപ്ലവം വിതച്ചിട്ടുള്ള നാടാണല്ലോ കേരളം. ഉദാഹരണത്തിന് തോപ്പില്‍ ഭാസിയുടെ ‘അശ്വമേധം’ നാടകം. അന്ധവിശ്വാസത്തിനെതിരെയുള്ള അശ്വമേധ യാഗമായിരുന്നു അത്. മന്ത്രം കൊണ്ടല്ല, മരുന്നുകൊണ്ടേ രോഗം ഭേദമാക്കാനാകൂ എന്ന് ഉറക്കെ പ്രഖ്യാപിച്ച നാടകമാണത്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, വിശ്വാസ രംഗങ്ങളിലെല്ലാം നാടകത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തിലാണ് തമിഴ് പശ്ചാത്തലമുള്ള സംഗീത നാടകങ്ങളില്‍ നിന്നു വ്യത്യസ്തമായി, മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തില്‍ പിറവികൊള്ളുന്നത്. ലോകമെമ്പാടും സംഭവിച്ച സാമൂഹികപരിണാമങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും അതിന് പ്രചോദനമായിട്ടുണ്ട്. വി.ടി. ഭട്ടതിരിപ്പാട് രചിച്ച ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന സാമൂഹിക നാടകം ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ആ നാടകം മലയാള നാടകവേദിക്ക് പുതിയൊരു സാമൂഹ്യദര്‍ശനം പകര്ന്നുനല്കി. എം.ആര്.ബിയുടെ ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം,’ പ്രേംജിയുടെ ‘ഋതുമതി’ (1938) എന്നീ നാടകങ്ങളും പരിവര്‍ത്തനസ്വഭാവം കൊണ്ട് മികച്ചുനിന്നവയാണ്.
1960-70കളിലെ നാടകങ്ങള്‍ രാഷ്ട്രീയ-സാമൂഹിക നിലപാടുകള്‍ വ്യക്തമാക്കുന്നവയായിരുന്നു. തോപ്പില്‍ ഭാസി, എന്‍.എന്‍. പിള്ള, കെ.ടി. മുഹമ്മദ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവര്‍ സിനിമകളുടെ മായാലോകകാലത്തും നാടകരംഗത്തെ ചലനാത്മകവും ആസ്വാദ്യകരവുമാക്കി നിലനിര്‍ത്തിയെന്നത് ജനങ്ങളുമായി സംവദിക്കാനുള്ള അവരുടെ സവിശേഷ കഴിവു വ്യക്തമാക്കുന്നതാണല്ലോ.
പ്രഫഷണല്‍ നാടകവേദിയുടെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ എന്തെല്ലാമാണ്?
നാടകം എന്നും പ്രതിസന്ധിയിലാണ്. പകലുറക്കവും രാത്രി ജോലിയുമാണല്ലൊ – നടീനടന്മാര്ക്ക് പ്രതിസന്ധികള്‍ അവിടെ തുടങ്ങുന്നു. സാധാരണ ജീവിതശൈലിയില്‍ നിന്ന് വ്യത്യസ്ത ദിനചര്യകളാണ് അവരുടേത്. പലര്‍ക്കും കുടുംബജീവിതം വലിയ പ്രശ്നമാണ്. അടുത്ത കാര്യം സാമ്പത്തികമാണ്. വര്‍ഷത്തില്‍ ആറു മാസക്കാലം മാത്രമേ നാടകമുള്ളൂ. ബാക്കി കാലങ്ങളില്‍ വേറെ ജോലി കണ്ടെത്തണം. ടിവി സീരിയലുകള്‍ വന്നതില്പിന്നെ പുതിയ നടീനടന്മാര് നാടകത്തിലേക്ക് വരുന്നില്ല. സീരിയലിന് കിട്ടുന്ന പോപ്പുലാരിറ്റിയും വീട്ടമ്മമാര്‍ക്ക് വീട്ടില്‍ ഒതുങ്ങിക്കൂടാമെന്ന പ്രത്യേകതയും സീരിയലിനെ നാടകത്തില്‍നിന്നു വ്യത്യസ്തമാക്കുന്നു. സ്ഥിരം ഫോര്‍മുലയില്‍ നാടകം കുടുങ്ങികിടക്കുകയാണെന്നുള്ളതാണ് നാടകത്തിന് സംഭവിച്ച ഏറ്റവും വലിയ അപചയം. പുതിയ നാടകങ്ങള്‍ പരീക്ഷിക്കാന്‍ വേദികളും കിട്ടുന്നില്ല. ഓരോ അവതരണവും സജീവമായി നിലനിര്ത്തണമെന്നതുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങളും സാങ്കേതിക ബുദ്ധിമുട്ടുകളും വളരെയാണ്. ഒരു നാടക സമിതി നടത്തിക്കൊണ്ടുപോകുക ഇക്കാലത്ത് വലിയ പ്രയാസമാണ്.
80കള്‍ കേരളത്തിലെ പ്രഫഷണല്‍ നാടകവേദിയുടെ സുവര്‍ണകാലമായിരുന്നു എന്നു പറയാറുണ്ട്. നാടകങ്ങള്‍ ഇപ്പോഴും സജീവമായി ഉണ്ടെങ്കിലും ജനങ്ങള്‍ പൊതുവേ നാടകത്തോട് വിമുഖത പ്രകടിപ്പിക്കുന്നതായി കാണുന്നുണ്ട്. സാങ്കേതിക മുന്നേറ്റങ്ങള്‍ നാടക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നു കരുതുന്നുണ്ടോ?
ഒരു കാലത്ത് ഒരു നാടകം കാണാന്‍ കിലോമീറ്ററുകള്‍ നടക്കാനും സൈക്കിള്‍ ചവിട്ടാനും ആര്‍ക്കും മടിയില്ലായിരുന്നു. നാടകാവതരണ വേദികള്‍ ജനസമുദ്രങ്ങളായിരുന്ന കാലമായിരുന്നു അത്. ഇപ്പോള്‍ അതില്‍ നിന്ന് വളരെ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ജനം നാടകത്തില്‍ നിന്ന് സാവധാനം അകലുകയാണെന്നുതന്നെ പറയണം. ടിവിയും മൊബൈല്‍ഫോണും പോലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ മാത്രമല്ല അതിനു കാരണം. പഴയ കാലത്ത് നാടകം പോലുള്ള കലകളെ പ്രോത്സാഹിപ്പിച്ചിരുന്നത് യുവജനങ്ങളായിരുന്നു. ഇപ്പോള്‍ യുവജനങ്ങള്‍ക്ക് ഒന്നിനോടും പ്രത്യേകിച്ച് താല്പര്യമില്ല. കലാവാസനയുള്ളവര്‍ തന്നെ ടിവി പ്രോഗ്രാമുകളിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. പെട്ടെന്നുള്ള പ്രശസ്തിയാണ് അത്തരക്കാര്‍ ആഗ്രഹിക്കുന്നത്. മൊബൈല്‍ഫോണുകളുടെ ഉപയോഗത്തില്‍ വന്ന വളര്‍ച്ച മറ്റൊരു പ്രധാന കാരണമാണ്. രണ്ടു മണിക്കൂര്‍ നാടകം കാണാന്‍ ഇരിക്കാനുള്ള ക്ഷമയില്ലായ്മയും മറ്റൊരു കാരണമാണ്.
സാങ്കേതികവിദ്യകള്‍ വളരെ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും പ്രഫഷണല്‍ നാടകവേദികളില്‍ വലിയൊരു മാറ്റം ഇപ്പോഴും സംഭവിച്ചതായി കാണുന്നില്ല. ഡ്രാമാസ്കോപ്പ് നാടകങ്ങള്‍ പോലും ഇല്ലാതായി. വെളിച്ചം, ശബ്ദം തുടങ്ങിയവയില്‍ പോലും വലിയ രീതിയില്‍ പരീക്ഷണങ്ങള്‍ നടക്കുന്നില്ല. എന്നാല്‍ വിദേശ നാടകവേദികളില്‍ ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ടുതാനും.
മുന്‍കാലങ്ങളില്‍ കലാനിലയവും കുയിലന്റെ നാടകട്രൂപ്പുമെല്ലാം അവതരിപ്പിച്ചിരുന്ന ഡ്രാമാസ്കോപ്പ് നാടകങ്ങള്‍ സാങ്കേതികമായി വലിയൊരു വിസ്മയമായിരുന്നു. ഞാന്‍ കുയിലന്റെ നാടകട്രൂപ്പില് അഭിനയിച്ചിരുന്ന ആളാണ്. നാടകത്തെ നെഞ്ചിലേറ്റിയ ആയിരക്കണക്കിന് ജനങ്ങളുടെ മുന്നില്‍ നാടകം കളിക്കുമ്പോഴുള്ള അനുഭവം വ്യത്യസ്തമാണ്. നാടകത്തില്‍ പരീക്ഷണങ്ങള്‍ നടത്തണമെങ്കില്‍ മൂന്നുവശം മറച്ച സ്റ്റേജില്‍നിന്ന് ഓപ്പണ്‍ സ്റ്റേജിലേക്ക് നാടകങ്ങള്‍ മാറണം. സ്ഥിരം നാടകവേദികള്‍ ഉണ്ടാകണം. ജനത്തിനെ ആവേശഭരിതമാക്കാന്‍ നാടകത്തിന് കഴിയണം.
സ്വന്തമായി ഒരു നാടക അക്കാദമി തന്നെയുള്ള സംസ്ഥാനമാണ് കേരളം. സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്തേണ്ടതല്ലേ?
കേരള സംഗീത നാടക അക്കാദമി വളരെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ അവിടെയും കക്ഷിരാഷ്ട്രീയം കടന്നുവന്ന് അലങ്കോലപ്പെടുത്തുന്നുണ്ട് എന്നുള്ള പരാതികള്‍ക്ക് അറുതിയില്ല. കലാസാംസ്കാരിക രംഗത്തെ രാഷ്ട്രീയവിമുക്തമാക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുകയും വേണം.
കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് നാടകവേദിയടക്കമുള്ളവര് കടന്നുപോയത്. ഈ കാലത്തെ എങ്ങനെ കാണുന്നു?
കൊവിഡ് മൂലം ലോക്ഡൗണ്‍ വന്നപ്പോള്‍ രണ്ടു വര്‍ഷത്തോളം നാടകമടക്കമുള്ള രംഗവേദികളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയി. ഭാവി എന്താകുമെന്നറിയാതെ കലാകാരന്മാര് വലിയ മനോവിഷമത്തിലാഴ്ന്നു. ഭാവിയെപ്പറ്റിയുള്ള ആശങ്ക ജീവിതത്തിലെ എല്ലാ തുറകളിലും ബാധിച്ചു. നാടകവും മോചിതമായിരുന്നില്ല. അതേസമയം കൊവിഡ് കാലം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഒരു കലാകാരന് എന്ന നിലയില്‍ എനിക്ക് സാധിച്ചില്ല എന്നതില്‍ ദുഃഖമുണ്ട്. മുന്നൊരുക്കങ്ങള്‍ ചെയ്യാന്‍ പറ്റിയ കാലമായിരുന്നു അത്.
അഭിനയിച്ച വേഷങ്ങളിലും അവതരിപ്പിച്ച നാടകങ്ങളിലും സംതൃപ്തി നല്കിയ കഥാപാത്രങ്ങളും നാടകങ്ങളും ഏതായിരുന്നു?
സുരാസുവിന്റെ ‘വിശ്വരൂപം’ നാടകത്തിലെ ബാലഗോപാലന് എന്റെ നാടകജീവിതത്തിലെ വഴിത്തിരിവായിരുന്നു. ‘സര്‍ച്ച് ലൈറ്റ്’ നാടകത്തിലെ കരടി പാച്ചന് ഇന്നും എന്നെ പിന്തുടരുന്നുണ്ട്.
സ്വന്തമായി ഒരു ട്രൂപ്പ് (തൃശൂര്‍ വസുന്ധര) തുടങ്ങാന്‍ എന്തായിരുന്നു പ്രേരണ?
അതൊരു ജീവിതാഭിലാഷമായിരുന്നു. എക്കാലത്തും ഞാനത് ആഗ്രഹിച്ചിരുന്നു. വെല്ലുവിളികളുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അതു വലിയൊരു ആഗ്രഹമായിരുന്നു. ട്രൂപ്പ് ഉള്ളതുകൊണ്ട് നാടകം കഴിഞ്ഞാല്‍ വീട്ടില്‍ വരാന്‍ സാധിക്കുന്നുണ്ട്.
വീട്ടിലെ അംഗങ്ങള്‍ മാഷിന്റെ നാടകജീവിതത്തെ എങ്ങനെ കാണുന്നു?
എനിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മക്കളാരും ഇപ്പോള്‍ സ്ഥലത്തില്ല. എന്റെ ഭാര്യയാണ് നാടകത്തിന്റെ പ്രചോദനവും ശക്തിയും. എനിക്കിപ്പോള്‍ 77 വയസ്സാകുന്നു. നാടകമില്ലായിരുന്നുവെങ്കില് ഞാന്‍ ‘വൃദ്ധ’നായി പോകുമായിരുന്നു.