‘കൊച്ചിയുടെ അടിപ്പടവില്‍ മലം നിറച്ച പാട്ടയുമായി അയാള്‍ നിന്നു.’
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവി ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയ തോട്ടി എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. ഗാന്ധിയും നാരായണ ഗുരുവും കടന്നു വരുന്ന, ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഈ കവിതയില്‍ എറണാകുളം തട്ടകമാക്കി പ്രവര്‍ത്തിച്ച സഖാവ് എം എം ലോറന്‍സ് സവിശേഷ പ്രാധാന്യത്തോടെ തിളങ്ങിനില്‍ക്കുന്നുണ്ട്. ലോറന്‍സിനെ കവി വരച്ചിട്ടിരിക്കുന്നത് വളരെ കുറഞ്ഞ വാക്കുകളിലാണെങ്കിലും അത്യധികം ഗംഭീരമായിട്ടാണ്.
‘പൊക്കിളില്‍ നിന്ന് ചെങ്കൊടി
വലിച്ചൂരിയെടുത്തുയര്‍ത്തിപ്പിടിച്ച്
ഭൂമിയുടെ പടവുകളിറങ്ങിച്ചെന്ന്
കുപ്പയാണ്ടിയുടെ തോളില്‍ കൈവെച്ച്
ലോറന്സ്ചേട്ടന് വിളിച്ചു :
സഖാവേ.. ‘
ആ വിളികേട്ട് കുപ്പയാണ്ടി താന്‍ നില്ക്കുന്ന മലം നിറഞ്ഞ പാതാളക്കുഴിയില്‍ നിന്നും കണ്ണുകള്‍ ഉയര്‍ത്തുന്നത് അപാര പ്രകാശമുള്ള ഒരു ലോകത്തേക്കാണ്.
‘മലത്തില്‍നിന്ന് അയാള്‍ മാനത്തേക്കു നോക്കി. സൂര്യന് അയാളുടെ കണ്ണുകള്‍ക്ക് തീയിട്ടു. കുപ്പയാണ്ടിയുടെ പരമ്പര
ഇപ്പോഴും കൊച്ചിയിലുണ്ട്.
കോര്‍പ്പറേഷനില്‍ മാലിന്യം നീക്കുന്നു’
ലോറന്സുചേട്ടന് തൊണ്ണൂറു കഴിഞ്ഞു.
ആണിക്കിടക്കയില്‍
മരണകാലം കാത്തു കിടക്കുന്നു.’
പോയ ദിനങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഇക്കവിത വിതയ്ക്കുന്നത് ഒറ്റവായനയില്‍ ഉള്‍ക്കൊള്ളുന്നതിനപ്പുറം ഒട്ടേറെ വിഷയങ്ങള്‍ ആണ്.
പതിവ് പോലെ ഇടത് പ്രൊഫൈലുകള്‍ ഇന്ത്യയിലെ ആദ്യത്തെ തോട്ടിത്തൊഴിലാളി യൂണിയന് സംഘാടകനായ എം എം ലോറന്‍സ് എന്ന കമ്യൂണിസ്റ്റിനുള്ള ആദരമായി ഇക്കവിത വല്ലാതെ ആഘോഷിക്കുന്നുണ്ട്.
എന്നാല്‍,
കവിതയുടെ അവസാന ഭാഗത്ത് എത്തുമ്പോള്‍
കാലങ്ങള്‍ കടന്നുപോയിട്ടും തോട്ടിത്തൊഴിലാളികളുടെ രക്ഷകരാകാന്‍ അവതരിച്ചവര്ക്കും അവരുടെ സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പറയാനാണ് ചുള്ളിക്കാടിന്റെ കവിത ശ്രമിക്കുന്നതെന്ന് വിലയിരുത്താനാവും.
കൊച്ചിയുടെ അടിപ്പടവില്‍ മലം നിറച്ച തൊട്ടിയുമായി നിന്ന ഒരു കുപ്പയാണ്ടി ചരിത്രത്തിന്റെ ഭാഗമാണ്. ആചരിത്രം തമസ്കരിക്കപ്പെട്ട ഒരു ചരിത്രവും ആണ്. ചുള്ളിക്കാട് തന്റെ ക വിതയിലേക്ക് നാരായണഗുരുവിനെയും ഗാന്ധിജിയെയും കൂട്ടിക്കൊണ്ടുവരുന്നുണ്ട്. തോട്ടി ബ്രഹ്മമാണോ എന്ന വേലായുധന്റെ സംശയം തീര്‍ക്കാന്‍ ഗുരു പറഞ്ഞു. തോട്ടിയും ബ്രഹ്മം, മലവും ബ്രഹ്മം.
ഗാന്ധിജി ഓര്‍മ്മിപ്പിച്ചു: തോട്ടിയില്‍നിന്നു വമിക്കുന്ന ദുര്‍ഗന്ധം അയാളുടെ മലത്തിന്റേതല്ല. നിങ്ങളുടെ മലത്തിന്റേതാണ്.
ചെങ്കൊടിയുമായി വന്ന ലോറന്‍സ് കൈനീട്ടി വിളിച്ച സഖാവ് കുപ്പയാണ്ടിയുടെ തലമുറ വര്‍ത്തമാനത്തിലും കൊച്ചിയിലെ മാലിന്യം നീക്കുകയാണ്.കൊച്ചി ഇപ്പോള്‍ പഴയ കൊച്ചിയല്ല, കൊച്ചിയില്‍ നിന്നും മാലിന്യം കൊണ്ടുപോകുന്ന കരാറുകാരും ലോറിയുടമകളും ഇതിനിടയില്‍ കളിക്കുന്ന രാഷ്ട്രീയക്കാരും മുതലാളിമാരായിട്ടുണ്ട്. മാലിന്യം നീക്കുന്ന കുപ്പയാണ്ടിയുടെ സന്തതി പരമ്പരകള്‍ക്കു മാത്രം മാറ്റമില്ല. ചെങ്കൊടി പിടിച്ചു കരകയറിയ പുത്തങ്കൂറ്റുകാര്‍ ലോറന്‍സിനെയും തള്ളി മുതലാളിത്തത്തിന്റെ ചങ്ങാത്തം പിടിച്ചു പറ്റി അധികാരികളും പ്രഭുക്കളുമായി മാറി. ലോറന്സടക്കമുള്ള പഴയകാല നേതാക്കള്‍ എടുക്കാച്ചരക്കായി.
അതിനിടെ ഇന്ത്യയില്‍ ആദ്യമായി തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചത് എം എം ലോറന്‍സ് അല്ല എന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രഭാവതി ദാസ് ഗുപ്ത എന്ന ധീരവനിത 1928 ലാണ് തോട്ടിത്തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കുന്നതെന്ന് ചരിത്രം പറയുന്നു. 1929ല്‍ ഇതേ പ്രഭാവതി ദാസ് ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു ചണം തൊഴിലാളികളുടെ സമരവും നടന്നത്.
കേരളത്തിലാവട്ടെ ജുബ്ബ രാമകൃഷ്ണപിള്ളയാണ് കേരളത്തില്‍ തോട്ടി തൊഴിലാളികളെ ആദ്യമായി സംഘടിപ്പിച്ചതെന്നാണ് ഉയരുന്ന മറ്റൊരു വാദം. 1946ലാണ് രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഈ മുന്നേറ്റം നടക്കുന്നത്.
ലോറന്‍സിന് അന്ന് 17 വയസാണ് പ്രായം. 18-ാം വയസിലാണ് ലോറന്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. തോട്ടിത്തൊഴിലാളി രംഗത്തെ ആദ്യ ട്രേഡ് യൂണിയന് സംഘ ടിപ്പിച്ചതും റേഷന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നേടിക്കൊടുത്തതും രാമകൃഷ്ണപിള്ളയാണെന്നും ഒരുവിഭാഗം ചേര്‍ത്തു വയ്ക്കുന്നു.
ലോറന്‍സിന് മുന്‍പ് തന്നെ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചത് അന്തരിച്ച മുന്‍ എം പിയും എം എല്‍ എയുമായ കെ അനിരുദ്ധനാണെന്നും വാദമുണ്ട്. ഇതിനൊക്കെ ശേഷമാണ് കൊച്ചിയില്‍ ലോറന്‍സിന്റെ നേതൃത്വത്തില്‍ തോട്ടിത്തൊഴിലാളികള്‍ സംഘടിക്കുന്നതെന്നു മാണ് ചുള്ളിക്കാടിനെ വിമര്‍ശകര്‍ ഓര്‍മിപ്പിക്കുന്നത്.
ചുരുക്കത്തില്‍ കവിതയുടെ കാമ്പല്ല, കവിതയ്ക്ക് ആമുഖമായി ‘ഇന്ത്യയില്‍ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയന് സംഘടിപ്പിച്ച സഖാവ് എം എം ലോറന്‍സിന് ‘ ചുള്ളിക്കാട് കവിത സമര്പ്പിച്ചതാണിപ്പോള് വിവാദത്തിനു കാരണമായിരിക്കുന്നത്.
വിവാദത്തിനിടെ സൂത്രത്തില്‍ രക്ഷപ്പെടുന്നത് ആണിക്കിടക്കയില്‍ മരണം കാത്തു കിടക്കുന്നവരാക്കി പാര്‍ട്ടിയെ കെട്ടിപ്പടുത്തവരെ വഴിയില്‍ ഉപേക്ഷിച്ച പുതു നേതൃത്വമാണ്. അവര്‍ക്ക് തോട്ടി തൊഴിലാളികള്‍ വിഷയമേ അല്ല. അവര്‍ക്ക് പാര്‍ക്കാന്‍ സഹകരണ ബാങ്കുകള്‍, ഉള്‍പ്പെടെയുള്ള ഒരുപാടൊരുപാട് മുന്തിരി ത്തോപ്പുകളുണ്ട്.