കൈതോലപ്പായയില്‍ പൊതിഞ്ഞുകെട്ടി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്നോവ കാറില്‍ 2.35 കോടി രൂപ കടത്തിയതും തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ജനറലിന്റെ വസതിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സ്വര്‍ണക്കട്ടിയുടെ കനമുള്ള ബിരിയാണിച്ചെമ്പ് കടത്തിയതുമൊക്കെ ‘മിത്തിക്കല്‍’ പരിവേഷമുള്ള ക്ലാസിക്കല്‍ ആരോപണമാണെങ്കില്‍, കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനി ഒരു സേവനവും ലഭിക്കാതെതന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ തായ്ക്കണ്ടി വീണയുടെ ബെംഗളൂരു വിലാസത്തിലുള്ള എക്സാലോജിക് സൊലൂഷന്‍സ് എന്ന ഒറ്റയാള്‍ കമ്പനിക്ക് 2017 മുതല്‍ 2020 വരെ മൂന്നു വര്‍ഷം 1.72 കോടി രൂപ സമ്മാനിച്ചു എന്നത് കേന്ദ്ര ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ന്യൂഡല്‍ഹി ബെഞ്ചിന്റെ അപ്പീലില്ലാത്ത തീര്‍പ്പില്‍ ഉദാഹരിക്കുന്ന നിയമവിരുദ്ധ ഇടപാടാണ്.
സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കേരള വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി) 13.41% ഓഹരിപങ്കാളിത്തമുള്ള സിഎംആര്‍എല്‍ പിണറായി വിജയന് അടക്കമുള്ള പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയന് നേതാക്കള്‍ക്കും പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും കോഴയായി 96 കോടി രൂപ ഈ കാലയളവില്‍ കൈമാറിയതിന്റെ രേഖകള്‍ ആദായനികുതി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി കൊച്ചിയില്‍ നിന്നു സമാഹരിച്ച് കൈതോലപ്പായയില്‍ കൊണ്ടുപോയ കോടികളില്‍ ഏറ്റവും വലിയ പൊതിക്കെട്ട് കരിമണല്‍ കമ്പനിയുടേതായിരുന്നുവെന്ന് ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി. ശക്തിധരന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുഖ്യമന്ത്രി പിണറായിയുടെ മകള്‍ക്ക് കണ്‍സള്‍ട്ടന്‍സി ഫീ എന്ന പേരില്‍ അഞ്ചു ലക്ഷം രൂപയും സോഫ്റ്റ് വെയര്‍, മാര്‍ക്കറ്റിംഗ് സര്‍വീസസിന്റെ പേരില്‍ മൂന്നു ലക്ഷം രൂപയും ‘മാസപ്പടിയായി’ സിഎംആര്‍എല്‍ നല്‍കിയെന്ന് ജുഡീഷ്യല്‍ സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരള നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്നാടന് ഭൂമി പതിവ് ഭേദഗതി ബില്ലിന്റെ അടിയന്തര പ്രമേയത്തില്‍, വീണയെ സംബന്ധിച്ച സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പിലെ പ്രസക്തഭാഗം ഉദ്ധരിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ അത് രേഖയില്‍ നിന്ന് നീക്കുകയും മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ടു ചെയ്യരുതെന്ന് കല്പിക്കുകയും ചെയ്തു. എന്നാല്‍ സഭയില്‍ നിന്നിറങ്ങി കുഴല്നാടന് വീണയുടെ എക്സാലോജിക്കിന് ”ഉന്നത രാഷ്ട്രീയ ബന്ധത്തിന്റെ പേരില്‍ ലഭിച്ച പൊളിറ്റിക്കല്‍ ഫണ്ടിംഗിന്റെ” കണക്കുകള്‍ എടുത്തുപറഞ്ഞു. എക്സാലോജിക് കമ്പനിയോ ടി. വീണയോ ഇതിനെക്കുറിച്ച് എന്തെങ്കിലും വിശദീകരണക്കുറിപ്പ് ഇറക്കാനോ, വീണയുടെ അച്ഛനായ മുഖ്യമന്ത്രിയോ ഭര്‍ത്താവായ പൊതുമരാമത്ത്-ടൂറിസം മന്ത്രിയോ വിഷയത്തില്‍ പ്രതികരിക്കാനോ മുതിര്‍ന്നില്ലെങ്കിലും, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതിരോധതന്ത്രങ്ങളുമായി ചാടിയിറങ്ങി. രണ്ടു കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ബാങ്ക് മുഖേന പണം നല്‍കിയതിനെ ‘മാസപ്പടിയായി’ എങ്ങനെ ചിത്രീകരിക്കാനാകും എന്നായിരുന്നു ഗോവിന്ദന്റെ തടസവാദം. കരാര്‍ പ്രകാരമുള്ള യാതൊരു സേവനവും ലഭിക്കാതെയാണ് പ്രതിമാസം എട്ടുലക്ഷം രൂപ വീണയ്ക്കും എക്സാലോജിക്കിനും നല്കിക്കൊണ്ടിരുന്നതെന്ന സിഎംആര്‍എലിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി മറച്ചുവച്ചുകൊണ്ടാണ് ഈ നിരര്‍ഥക വാചാടോപം.
അധികാരമുഷ്ക്കിന്റെയും ധാര്‍ഷ്ട്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും പര്യായമായി മാറിയിരിക്കുന്ന കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ‘പ്രഥമ കുടുംബത്തെ’ തൊട്ടുകളിച്ചാല്‍ തിരിച്ചടി എത്ര രൂക്ഷമാകും എന്നു വിളിച്ചുപറയാനും അവര്‍ മറന്നില്ല.
ദുബായ്, ബെംഗളൂരു, ഗുവാഹത്തി, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ ലീഗല്‍ സ്ഥാപനങ്ങളുള്ള അഭിഭാഷകന് കൂടിയായ കുഴല്നാടന് വരവില്‍ കവിഞ്ഞ ഭീമമായ സ്വത്തു സമ്പാദിച്ചു, അഭിഭാഷകനായി എന്‍ റോള്‍ ചെയ്താല്‍ മറ്റു ബിസിനസൊന്നും ചെയ്യാന്‍ പാടില്ലെന്ന ബാര്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ച് ചിന്നക്കനാലില്‍ റിസോര്‍ട്ട് നടത്തുന്നു, ഭൂപതിവ് ചട്ടങ്ങള്‍ ലംഘിച്ചും റവന്യൂ വകുപ്പിന്റെ എന്ഒസിയില്ലാതെയും പാര്‍പ്പിട ആവശ്യത്തിനു നിര്‍മിച്ച കെട്ടിടവും കപ്പിത്താന്‍സ് ഡെയ്ല്‍ എന്ന റിസോര്‍ട്ടിന്റെ ഭാഗമാക്കി, ആറു കോടി രൂപ വിലമതിക്കുന്ന ഭൂമിയും റിസോര്‍ട്ടും നികുതിവെട്ടിപ്പിലൂടെ സ്വന്തമാക്കി തുടങ്ങിയ കുറ്റാരോപണങ്ങളുമായി എറണാകുളത്തും ഇടുക്കിയിലും പാര്‍ട്ടി ജില്ലാ സെക്രട്ടറിമാര്‍ രംഗത്തിറങ്ങുകയും ഡിവൈഎഫ്ഐ മൂവാറ്റുപുഴയിലെ എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തതിനു സമാന്തരമായി വിജിലന്‍സ് വകുപ്പ് അന്വേഷണ ഭീഷണി മുഴക്കുകയും റവന്യു വകുപ്പ് അടിയന്തരമായി കോതമംഗലം കടവൂര്‍ വില്ലേജിലെ കുഴല്‍നാടന്റെ കുടുംബവീട്ടിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ റീസര്വേയ്ക്കിറങ്ങുകയും ചെയ്തു. റോഡിനുവേണ്ടി വീടിന്റെ വിശാലമായ മുറ്റം വിട്ടുകൊടുത്തപ്പോള്‍ കാര്‍ കയറ്റാന്‍ ഇടമില്ലാതായ അവസ്ഥയില്‍ വീടിനു പിന്നില്‍ കാര്‍ഷെഡിനായി ഒരു സെന്റ് സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയതിന്റെ പേരിലാണ് നിലം നികത്തല്‍ ആരോപണമുയര്‍ത്തി സര്‍വേ സംഘത്തെ നിയോഗിച്ചത്.
ഇടുക്കിയിലെ ശാന്തന്‍പാറയിലും ബൈസണ്‍വാലിയിലും ഉടുമ്പന്‍ചോലയിലും കെട്ടിടനിര്‍മാണ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സിപിഎം പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിടുന്ന സാഹചര്യത്തിലാണ് മാത്യു കുഴല്‍നാടന്റെ ഭൂമി റീസര്‍വേയ്ക്ക് സത്വര നടപടിക്ക് സമ്മര്‍ദമേറുന്നത്.
വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം ഇല്ലാതെയും ശാന്തന്പാറയിയില് നാലുനില ഏരിയ കമ്മിറ്റി ഓഫിസ് പണിയുന്നത് ഹൈക്കോടതി വിലക്കിയിട്ടും, നാട്ടില്‍ കിട്ടാവുന്ന പണിക്കാരെയെല്ലാം വിളിച്ചുവരുത്തി ഒറ്റരാത്രി കൊണ്ട് പാര്‍ട്ടി ആ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി കോടതിയലക്ഷ്യത്തിന്റെ ഏറ്റവും പുതിയ ഭരണകൂട മാതൃക വെളിപ്പെടുത്തി.
കോടതി ഉത്തരവിന്റെ കോപ്പി കൈയില്‍ കിട്ടിയില്ല എന്നതിന്റെ പേരില്‍ ജില്ലാ കലക്ടര്‍ ആ നിയമവിരുദ്ധ നിര്‍മാണത്തിന് കൂട്ടുനിന്നു. ബൈസണ്‍വാലിയില്‍ ഇരുപതേക്കറില്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കുന്നത് സര്‍ക്കാര്‍ പുറമ്പോക്കിലാണ്. ആനച്ചാലില്‍ ലോക്കല്‍ കമ്മിറ്റി ബഹുനില കെട്ടിടം നിര്‍മിക്കുന്നതും ചട്ടങ്ങളൊന്നും നോക്കാതെയാണ്.
തന്റെ ലീഗല്‍ കാര്യാലയത്തിന്റെയും വരുമാനത്തിന്റെയും നികുതികളുടെയും ചിന്നക്കനാലിലെ വസ്തുവിന്റെയും തറവാട്ടുസ്വത്തിന്റെയും രേഖകളും കണക്കുകളുമെല്ലാം പൊതുമണ്ഡലത്തില്‍ പരസ്യമാക്കിയ കുഴല്നാടന്, വീണയുടെയും കമ്പനിയുടെയും സാമ്പത്തിക ഇടപാടുകളുടെ കണക്കും ഐജിഎസ്ടി രേഖകളും വെളിപ്പെടുത്താന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിനെ വെല്ലുവിളിച്ചു. ഏതാനും ദിവസം കാത്തിരുന്നിട്ടും തൃപ്തികരമായ ഒരു വിശദീകരണവും ലഭിക്കാതെ വന്നപ്പോള്‍, കുഴല്നാടന് വീണ്ടും പത്രസമ്മേളനം വിളിച്ചുകൂട്ടി, കള്ളപ്പണം വെളുപ്പിക്കുന്ന ഷെല്‍ കമ്പനിയാണ് വീണയുടേതെന്നും, സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പറയുന്ന 1.72 കോടിയല്ല, അതിന്റെ ഇരട്ടിത്തുക സിഎംആര്‍എലില്‍ നിന്ന് വീണ കൈപ്പറ്റിയിട്ടുണ്ടെന്നും, ഇത്തരത്തില്‍ മറ്റു പല കമ്പനികളില്‍ നിന്നും പൊളിറ്റിക്കല്‍ ഫണ്ടിംഗ് ഇനത്തില്‍ കോടികള്‍ കൈമാറിയിട്ടുണ്ടെന്നും ആരോപിച്ചു. 81.48 ലക്ഷം രൂപ കൂടി വീണയ്ക്ക് കരിമണല്‍ കമ്പനിയില്‍ നിന്നു ലഭിച്ചു. സിഎംആര്‍എലില്‍ നിന്ന് 42.48 ലക്ഷം രൂപ നേരിട്ടു കിട്ടിയതിന് 6.48 ലക്ഷം രൂപ ഐജിഎസ്ടി അടച്ചിട്ടുണ്ട്. 39 ലക്ഷം രൂപ സിഎംആര്‍എല്‍ കമ്പനി ഉടമയുടെ ഭാര്യയുടെ പേരിലുള്ള എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് കമ്പനിയില്‍ നിന്നു വായ്പയായും കൈമാറിയിരുന്നു. ആസൂത്രിതമായ കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കുഴല്നാടന് പറയുന്നു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വീണയുടെ ഒറ്റയാള്‍ കമ്പനി സിഎംആര്‍എലിനു പുറമെ അഞ്ചു സ്ഥാപനങ്ങള്‍ക്കു കൂടി സേവനം നല്‍കിയതായി ജിഎസ്ടി രേഖകളില്‍ കാണാം. മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു ആരോഗ്യവിദ്യാഭ്യാസ സ്ഥാപനവും ഒരു മതസ്ഥാപനവുമായി ബന്ധപ്പെട്ട് നാലു കോടി രൂപയുടെ ഇടപാട് നടന്ന ഇനത്തില്‍ 72 ലക്ഷം രൂപ ജിഎസ്ടിയായി കമ്പനി അടയ്ക്കേണ്ടിയിരുന്നു. വിദ്യാഭ്യാസ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതായി അവകാശപ്പെടുന്ന എക്സാലോജിക്കിന് കരിമണല്‍ കമ്പനിക്കായി എന്തു പണിയാണ് ചെയ്യാനാവുക എന്ന ചോദ്യത്തിന് മറുപടിയില്ല.
യുഎഇ കോണ്‍സുലേറ്റിലേക്ക് ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സ്വര്‍ണകള്ളക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട 2020-ലെ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ്, കൊവിഡ് ക്വാറന്റൈന് കാലത്ത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡേറ്റ യുഎസിലെ സ്പ്രിക്ലര്‍ കമ്പനിക്ക് അനധികൃതമായി കൈമാറുന്നതില്‍ വീണയ്ക്കു പങ്കുണ്ടായിരുന്നുവെന്ന് ആരോപിച്ചിരുന്നു. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഐടി വകുപ്പിന്റെ സ്പെയ്സ് പാര്‍ക്കില്‍ ഉന്നത ഗ്രേഡില്‍ നിയമിക്കാന്‍ ഐടി വകുപ്പ് സെക്രട്ടറിയും പിണറായിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേര്‍സ് എന്ന ഇന്റര്‍നാഷണല്‍ കള്‍സള്‍ട്ടന്‍സി സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്. കേരള സര്‍ക്കാരിന്റെ പല പദ്ധതികളുടെയും കണ്‍സള്‍ട്ടന്റുമാരായ ഈ ഏജന്‍സിയുടെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ തന്റെ മെന്റര്‍ ആണെന്ന് വീണ എക്സാലോജിക് കമ്പനി വെബ്സൈറ്റില്‍ അവകാശപ്പെട്ടിരുന്ന കാര്യം നിയമസഭയില്‍ പരാമര്‍ശിച്ചതിന് മുഖ്യമന്ത്രി കുഴല്‍നാടനെതിരെ കലിതുള്ളിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ 20 കോടി രൂപയുടെ യുഎഇ സഹായത്തില്‍ തിരിമറി നടത്തിയതു സംബന്ധിച്ച ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍, മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് യുഎഇ കോണ്‍സല്‍ ജനറല്‍, എം. ശിവശങ്കര്‍, സ്വപ്ന എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി പറയുന്നുണ്ടെന്ന് കുഴല്നാടന് പിന്നീടൊരിക്കല്‍ നിയമസഭയില്‍ സൂചിപ്പിച്ചപ്പോള്‍, പച്ചക്കള്ളം എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രി ആ പ്രതിപക്ഷ അംഗത്തെ കടന്നാക്രമിക്കുകയുണ്ടായി.
പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണം മുറുകുമ്പോഴും, പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഏറ്റം വലിയ ദൃഷ്ടാന്തമായി അവതരിപ്പിക്കാവുന്ന കോടികളുടെ വെട്ടിപ്പിനെക്കുറിച്ച് യുഡിഎഫിലെ പ്രമുഖരോ ബിജെപിക്കാരോ സംസാരിക്കാന്‍ വിമുഖത കാട്ടുന്നത് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. പി.വി, എ.ജി, ഒ.സി, കെ.കെ, ഐ.കെ. ആര്.സി തുടങ്ങിയ ചുരുക്കപ്പേരുകള്‍ കുറിച്ച താളുകള്‍ കെഎംആര്‍എലില്‍ നിന്ന് ആദായ നികുതി പിടിച്ചെടുത്തത്, രാഷ്ട്രീയ കക്ഷിഭേദമെന്യേ പ്രമുഖ നേതാക്കള്‍ക്കെല്ലാം 134 കോടി രൂപയുടെ അധികച്ചെലവു വിഹിതം പങ്കുവയ്ക്കപ്പെട്ടതിന്റെ തെളിവായി.
ഇല്മിനൈറ്റില് നിന്ന് സിന്തെറ്റിക് റൂട്ടൈല്‍സ് ഉത്പാദിപ്പിക്കുന്ന സിഎംആര്‍എല്‍ 1991 മുതല്‍ ഖനനവും ധാതുവിശ്ലേഷണവും നടത്തിവരുന്നത് കൊല്ലം, ആലപ്പുഴ തീരത്തെ ധാതുമണല്‍ നിക്ഷേപത്തില്‍ കണ്ണുവച്ചുകൊണ്ടാണ്. ഖനികളുടെയും ധാതുക്കളുടെയും വികസനവും നിയന്ത്രണവും സംബന്ധിച്ച 2019-ലെ നിയമത്തിലൂടെ കടലോര മണല്‍ഖനനത്തില്‍ സ്വകാര്യ മേഖലയ്ക്ക് വിലക്കുണ്ടായെങ്കിലും കേരള റെയര്‍ എര്‍ത്ത്സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ് എന്ന പുതിയ സംരംഭത്തിലൂടെ കരിമണല്‍ ഖനനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിവരികയാണ് സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍ ശശിധരന് കര്‍ത്തായും കൂട്ടരും.
തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, പുറക്കാട്, ആറാട്ടുവഴി, ആലപ്പാട്, ചവറ തീരത്ത് അശാസ്ത്രീയവും അനിയന്ത്രിതവുമായ ധാതുമണല്‍ ഖനനം മൂലം 6,000 മത്സ്യത്തൊഴിലാളികളും മറ്റു തീരദേശവാസികളും പാരിസ്ഥിതിക അഭയാര്‍ഥികളായി മാറി. കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തില്‍ 22.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ധാതുമണല്‍ തീരത്ത് തുടര്‍ച്ചയായ ഡ്രെജിംഗിന്റയും തീരശോഷണത്തിന്റെയും ഫലമായി വ്യാപകമായ പരിസ്ഥിതിനാശമുണ്ടായി. 87.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന കരഭൂമി 8.7 ചതുരശ്ര കിലോമീറ്ററായി ക്ഷയിച്ചു. ആലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ സ്പില്‍വേ നിര്‍മാണത്തിന്റെ പേരില്‍ ആരംഭിച്ച ധാതുമണല്‍ ഖനനം കുട്ടനാട്ടിലേക്ക് ഓരുവെള്ളം കയറാന്‍ ഇടയാക്കി; 456 വീടുകള്‍ നശിച്ചു. കരമണല്‍ കടത്തിനെതിരെ 800 ദിവസത്തിലേറെ നീണ്ട ജനകീയ സത്യഗ്രഹത്തിന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കാത്തതിന് കാരണം കര്‍ത്തായുടെ കമ്പനിയുടെ മാസപ്പടി കുറിപ്പില്‍ നിന്നു വ്യക്തമാകും.
കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ വ്യാജവായ്പാ നിക്ഷേപ തട്ടിപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വെട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എ.സി മൊയ്തീനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുകയാണ്.
മുഖ്യമന്ത്രിക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന വിജിലന്‍സിന് സിഎംആര്‍എലിന്റെ ആദായനികുതി രേഖകള്‍ തന്നെ ധാരാളമാണ്. ലോകായുക്തയും വിജിലന്‍സും മാത്രമല്ല, കേന്ദ്ര ഏജന്‍സികളായ സിബിഐയും ഇഡിയും ചില രാഷ്ട്രീയ അന്തര്‍ധാരകളുടെ സമ്മര്‍ദത്താല്‍ പിണറായിയെ തൊടാനാകാതെ പതുങ്ങുകയാണ്. കുഴല്‍നാടനെ പോലുള്ള ഒറ്റയാള്‍ പോരാളികള്‍ ഒളിച്ചുകളിക്കാരെ കണ്ടെത്തി ഒച്ചവയ്ക്കുമ്പോള്‍, ഓനാരെടാ കാരണഭൂതനെ വെല്ലുവിളിക്കാന്‍ എന്ന ധാര്‍ഷ്ട്യം നിറഞ്ഞ ആക്രോശത്തോടെ രാഷ്ട്രീയ വേട്ടനായ്ക്കള്‍ അവരെ വളയുന്നു. ജനങ്ങള്‍ വേണം അവയെ ആട്ടിപ്പായിക്കാന്‍.