കത്തോലിക്കാ യുവജന സംഗമം നടക്കുന്ന ലിസ്ബണില്‍ ഇന്ന് (ശനിയാഴ്ച) താപനില 39 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. നമുക്കാ ചൂട് വലിയ പുത്തരിയല്ലെങ്കിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നു വന്നവര്‍ ശരിക്കും വെള്ളം കുടിക്കും! ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി എത്തിയവര്‍ക്ക് ജപമാലയോടൊപ്പം പുനരുപയോഗിക്കാവുന്ന വാട്ടര്‍ ബോട്ടിലുകളും തൊപ്പികളും അടങ്ങിയ സഞ്ചികള്‍ നല്‍കിയിട്ടുണ്ട്. തീര്‍ഥാടകരോട് ധാരാളം വെള്ളം കുടിക്കണമെന്ന് പ്രാദേശിക അധികാരികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇത്തവണ മേഖലയിലാകെ താപനില വല്ലാതെ ഉയര്‍ന്നിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്.
ഇന്ന് വൈകീട്ട് (ശനിയാഴ്ച )മധ്യപോര്ച്ചുഗലിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ ഫാത്തിമയിലേക്കു ഫ്രാന്‍സിസ് പാപ്പ പോകും. ലിസ്ബണ്‍ പ്രാന്തപ്രദേശത്തുള്ള ഒരു നദീതീര പാര്‍ക്കില്‍ ജാഗ്രതാ ചടങ്ങ് ആഘോഷിക്കും. പോര്‍ച്ചുഗലിലേക്കുള്ള തന്റെ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ലിസ്ബണില്‍ പാപ്പ ദിവ്യബലിയര്‍പ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ച ലിസ്ബണ്‍ പാര്‍ക്കില്‍ നടന്ന കുരിശിന്റെ വഴി പുനരാവിഷ്കരിക്കുന്നതിന് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കിയിരുന്നു. യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയും അനുസ്മരിക്കുന്ന ചടങ്ങ് ലോക യുവജനദിന ആഘോഷങ്ങളുടെ ഹൈലൈറ്റുകളിലൊന്നാണ്. വളരെ വൈകാരികമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. എന്നും മനസില്‍ തങ്ങിനില്ക്കുന്ന ഒരനുഭവമായിരുന്നു ആ കുരിശിന്റെ വഴി. യേശുവിലേക്ക് യുവജനങ്ങളെ അടുപ്പിക്കുന്ന ഒരു യാത്രയായിരുന്നു അത്. യുവജനങ്ങള്‍ പല വേദികളിലായി ഈ കുരിശിന്റെ വഴിയില്‍ പങ്കെടുക്കുമ്പോള്‍ വ്യത്യസ്തമായ കാഴ്ചകളാണ് കാണാന്‍ സാധിച്ചത്. കൂട്ടമായും തനിച്ചും എല്ലാവരും പരിശുദ്ധാരൂപിയെ തങ്ങളുടെ ഹൃദയങ്ങളിലേക്കു ക്ഷണിച്ചുവരുത്തിയ നിമിഷങ്ങള്‍. അതില്‍ നിന്നുണ്ടാകുന്ന ആനന്ദത്തില്‍ നിന്ന് അവരുടെ കണ്ണുകളില്‍ നിന്ന് പൊടിയുന്ന കണ്ണീര്. അത് സ്നേഹത്തിന്റെ, വിശ്വാസത്തിന്റെ ആഴങ്ങളില്‍ നിന്നുള്ളതായിട്ടാണ് എനിക്കു കാണാന്‍ സാധിച്ചത്.
എഡ്വാര്‍ഡോ ഏഴാമന് പാര്‍ക്കില്‍ സജ്ജീകരിച്ച സ്റ്റേജിലേക്ക് പാപ്പാ പതുക്കെ തന്റെ പോപ്പ്മൊബൈലില്‍ കടന്നുപോയി. പാപ്പ മഞ്ഞുപോലെ വെണ്മയാര്ന്ന കാസോക്കാണ് ധരിച്ചിരുന്നത്. പലരും കൈക്കുഞ്ഞുങ്ങളെ പാപ്പയ്ക്കു നേരെ നീട്ടുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങളെ തന്റെ അടുക്കല്‍ കൊണ്ടുവരാന്‍ പലതവണ പാപ്പ വാഹനം നിര്‍ത്തിച്ചു. പരിശുദ്ധ പിതാവ് കുഞ്ഞുങ്ങളുടെ ശിരസില്‍ ചുംബിച്ച് ആശീര്‍വദിച്ചു. അവര്‍ എത്ര ഭാഗ്യവാന്മാരാണെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. കുരിശിന്റെ വഴിക്ക് എട്ടുലക്ഷത്തോളം പേരാണ് പങ്കെടുത്തത്. മഹാജനക്കൂട്ടം തന്നെ. ഞാനടക്കമുള്ളവര്‍ ദേശീയ പതാകകളും കുരിശുകളും കൈകളിലേന്തിയിരുന്നു.
സ്നേഹത്തെ ഭയപ്പെടരുതെന്നാണ് ആമുഖ പ്രഭാഷണത്തില്‍ പാപ്പ അഭ്യര്ഥിച്ചത്്. ‘സ്നേഹിക്കുന്നത് അപകടകരമാണ്, നിങ്ങള്‍ സ്നേഹിക്കുന്നതിന്റെ റിസ്ക് എടുക്കണം. ഇത് ഒരു അപകടമാണ്, പക്ഷേ അത് എടുക്കേണ്ടതാണ്,’ അദ്ദേഹം പറഞ്ഞു. 20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 50 യുവാക്കളുടെ സംഘം ഒരു വലിയ കുരിശും വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ അവസാന നിമിഷങ്ങളുടെ ഓരോ ഘട്ടത്തെയും പ്രതിനിധീകരിക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യം അവതരിപ്പിച്ചത് എല്ലാവരും ഭക്തിയോടെയും കൗതുകത്തോടെയുമാണ് വീക്ഷിച്ചത്. കേരളത്തിലെ സംഘത്തോടൊപ്പമുണ്ടായിരുന്ന ഫാ. മെല്റ്റസും ഫാ. തോമസ് ചാലക്കരയും ഉടനീളം ഞങ്ങളോടൊപ്പം പങ്കു ചേര്‍ന്നത് വലിയ സന്തോഷത്തിന് ഇടയാക്കി.
പോര്‍ച്ചുഗലിലെത്തിയ ദിവസം പാപ്പ മൂന്നു പേരെ കുമ്പസാരിപ്പിച്ചിരുന്നു. ഇറ്റലി, സ്പെയിന്, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേരില്‍ നിന്ന് കുമ്പസാരം കേട്ടാണ് തന്റെ സന്ദര്‍ശനം പരിശുദ്ധ പിതാവ് ആരംഭിച്ചത്. ഗ്വാട്ടിമാലയില്‍ നിന്നുള്ള 27കാരനായ പെഡ്രോ പുവാക് ആ അനുഭവം പങ്കുവച്ചിരുന്നു. ‘പരിശുദ്ധ പിതാവിനോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ആവേശകരമാണ്. നമ്മുടെ വിശ്വാസം നിലനിര്‍ത്താന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു,’
തെക്കന്‍ സ്പെയിനിലെ കോര്‍ഡോബയില്‍ നിന്നുള്ള ഫ്രാന്‍സിസ്കോ വാല്‍വെര്‍ഡെ (21) പറഞ്ഞത്, അദ്ദേഹത്തോടു മനസുതുറക്കാന്‍ എനിക്ക് ഒരു തരത്തിലുള്ള നാണക്കേടും സമ്മര്‍ദ്ദവും തോന്നിയില്ലെന്നാണ.് ഏത് ഇടവകയിലെയും ഒരു സാധാരണ പുരോഹിതനെപ്പോലെയാണ് പാപ്പ തന്നെ കുമ്പസാരിപ്പിച്ചതെന്നും അവന് പറഞ്ഞു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മഹാപുരോഹിതനൊത്താണ് ഈ യുവജന കൂട്ടായ്മയില്‍ പങ്കെടുത്തതെന്ന് നിറഞ്ഞ അഭിമാനത്തോടെ എന്നും ഞാനോര്‍ക്കും; സാധാരണക്കാരാണല്ലോ എന്നും ചരിത്രം മാറ്റിയെഴുതിയിട്ടുള്ളത്!